പെണ്ണുകാണാന്‍ പോയപ്പോള്‍ താന്‍ ഒരു ബ്ലോഗറും എഴുത്തുകാരനും ആണെന്ന് അവളെ ബോധ്യപ്പെടുത്താന്‍ അല്പം ആലങ്കാരികമായ ഭാഷയില്‍ അയാള്‍ അവളോട് പറഞ്ഞു
‘എനിക്ക് ചെറുതായി എഴുത്തിന്റെ അസുഖമുണ്ട് ‘
അതുകേട്ട് അവള് ചോദിച്ചു
‘എത്രനാളായി തുടങ്ങിയിട്ട്…?’
‘ഒരു അഞ്ചാറു വര്‍ഷമായി ‘
‘ഡോക്ടര്‍മാരെ ഒന്നും കാണിച്ചില്ലേ…?
തന്റെ ഭാവി വധുവും ആലങ്കാരികമായി സംസാരിക്കുന്നത് കേട്ട് അയാള്‍ക്ക് സന്തോഷമായി
‘ഡോക്ടറെ കാണിച്ചിട്ട് കാര്യമില്ല. ഇതിനു മരുന്നൊന്നും ഇല്ല’
അടുത്ത ദിവസം രാവിലെ ബ്രോക്കര്‍ വാസു അച്ഛനോട് എന്തോ പറയുന്നത് കേട്ടാണ് എഴുത്തുകാരന് ഉണര്‍ന്നത്
‘ചെക്കനു അഞ്ചാറു വര്‍ഷമായി ചികിത്സിച്ചു മാറാത്ത എന്തോ ദീനം ഉണ്ടത്രേ. അതുകൊണ്ട് അവര്‍ ഈ ആലോചനയില്‍ നിന്ന് പിന്മാറുന്നു എന്ന്.’
ഇത് കേട്ട് ഒരു കോട്ടുവാ ഇട്ടുകൊണ്ട് തന്റെ ലാപ്ടോപ് തുറന്നു അടുത്ത ബ്ലോഗ് പോസ്റ്റിലേക്ക് അയാള്‍ കടന്നു
ആലങ്കാരികമായി തന്നെ വീണ്ടും എഴുതാന്‍…!!