ഇതാണ് മോനേ നുമ്മ പറഞ്ഞ വിന്‍ഡോസ് 10

192

Untitled-1

വിടപറഞ്ഞകന്ന വിപണി പിടിക്കാന്‍ ലക്ഷ്യമിട്ട് വിന്‍ഡോസ് എട്ടിന് ശേഷം വിന്‍ഡോസ് പത്തുമായി മൈക്രോസോഫ്റ്റ് രംഗത്തത്തെി. വേണ്ടത്ര സ്വീകാര്യത ലഭിക്കാത്ത വിന്‍ഡോസ് എട്ടിനു ശേഷമാണ് ‘ത്രഷോള്‍ഡ്’ എന്ന രഹസ്യപ്പേരില്‍ ഇതുവരെ അറിയപ്പെട്ട ‘വിന്‍ഡോസ് 10’ മായാണ് കമ്പനിയുടെ വരവ്. വേര്‍ഷന്‍ 9 ഒഴിവാക്കി എത്തുന്ന വിന്‍ഡോസ് 10ല്‍ എട്ടില്‍ ഒഴിവാക്കിയ സ്റ്റാര്‍ട്ട് മെനു തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങിലാണ് വിന്‍ഡോസ് 10ന്റെ സവിശേഷതകള്‍ മൈക്രോസോഫ്റ്റ് വെളിപ്പെടുത്തിയത്. 2015ലായിരിക്കും ഔദ്യോഗമായി വിപണിയില്‍ എത്തുക. വിലയെക്കുറിച്ച് സുചനകളില്ല.

എല്ലാത്തിനും ഒന്ന്

ഡെസ്‌ക്ടോപ്, ലാപ്‌ടോപ്, ടാബ്ലറ്റ്, ഫാബ്ലറ്റ്, സ്മാര്‍ട്ട്‌ഫോണ്‍, ഗെയിമിനുള്ള എക്‌സ്‌ബോക്‌സ് തുടങ്ങിയവയിലെല്ലാം ഒരേപോലെ ഉപയോഗിക്കാവുന്നതാണ് പുതിയ ഓപറേറ്റിങ് സിസ്റ്റം. ആന്‍ഡ്രോയിഡിലെ ഗൂഗിള്‍ പ്‌ളേ സ്റ്റോറിലെന്ന പോലെ ആപ്‌ളിക്കേഷനുകള്‍ വിന്‍ഡോസ് സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും സാധിക്കും. ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന വിന്‍ഡോസ് ഫോണ്‍ എന്ന ഓപറേറ്റിങ് സിസ്റ്റത്തിന് പകരവും വിന്‍ഡോസ് പത്താകും ഉപയോഗിക്കുക. വിന്‍ഡോസ് എട്ടിലെ ടൈല്‍സ് മെനു പുതിയ വേര്‍ഷനില്‍ സ്റ്റാര്‍ട്ട് മെനുവിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഫുള്‍സ്‌ക്രീനും വിര്‍ച്വല്‍ ഡെസ്‌ക്ടോപും

ടൈല്‍ മാതൃകയിലുള്ള മെട്രോ സമ്പര്‍ക്കമുഖം ഫുള്‍ സ്‌ക്രീന്‍ അനുഭവം പ്രദാനം ചെയ്യുന്നു. ഒരേസമയം പല ആപ്‌ളിക്കേഷനുകള്‍ ഡെസ്‌ക്ടോപില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ വിര്‍ച്വല്‍ ഡെസ്‌ക്ടോപ് സംവിധാനമുണ്ട്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ നോട്ടിഫിക്കേഷനുകള്‍ എഴുതിക്കാട്ടുന്നപോലെ ഇമെയിലുകള്‍ , ഫേസ്ബുക്ക് പോസ്റ്റുകള്‍, കാലാവസ്ഥ എന്നിവ എളുപ്പം കാണാവുന്ന നോട്ടിഫിക്കേഷനുകളായി ലഭിക്കും.

പരിചിതമായ രൂപകല്‍പന

നിലവില്‍ വിന്‍ഡോസ് എട്ടിലെപ്പോലെ ഡെസ്‌ക്ടോപ്, ടൈല്‍ മോഡുകളിലേക്ക് മാറാതെ ഓരോ ഉപകരണത്തിനും അനുസൃതമായ സവിശേഷതകളായിരിക്കും പത്ത് കാട്ടുക. വിന്‍ഡോസ് ഏഴ് ഉപയോഗിച്ചവര്‍ക്ക് അത്ര പെട്ടെന്ന് എട്ടിനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. ഈ പോരായ്മ പരിഹരിച്ച് ഏഴിലും എട്ടിലും പരിചയമുള്ളവര്‍ക്ക് ഇഷ്ടപ്പെടുന്ന വിധമാണ് പത്തിന്റെ രൂപകല്‍പന. ടച്ച്‌സ്‌ക്രീനും കീബോര്‍ഡും മൗസും വേണ്ടപ്പോള്‍ ഒത്തിണങ്ങി പ്രവര്‍ത്തിക്കാനുള്ള സംവിധാനവുമുണ്ട്. ഈ സവിശേഷത എട്ടിനുണ്ടായിരുന്നില്ല. ഇതും എട്ടിനെ ആളുകളില്‍നിന്ന് അകറ്റാന്‍ കാരണമായി.

വിന്‍ഡോസ് എട്ട് വെറും 13.4 ശതമാനം മാത്രം

ഗൂഗ്‌ളിന്റെ ആന്‍ഡ്രോയ്ഡ് ഒ.എസിലുള്ള സ്മാര്‍ട്ട് ഉപകരണങ്ങള്‍ നിറഞ്ഞതോടെ ഓപറേറ്റിങ് സിസ്റ്റം വിപണിയില്‍ മൈക്രോസോഫ്റ്റ് പിന്തള്ളപ്പെട്ടു. 10 വര്‍ഷം മുമ്പുള്ള പേഴ്‌സനല്‍ കമ്പ്യൂട്ടിങ്ങിലെ കുത്തക തകര്‍ന്ന മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് എട്ട്, അല്‌ളെങ്കില്‍ 8.1 ഇപ്പോള്‍ 13.4 ശതമാനം ഉപകരണങ്ങളില്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്നാണ് നിരീക്ഷണം. 51 ശതമാനം ഉപകരണങ്ങളിലും വിന്‍ഡോസ് ഏഴ് ആണ് ഒ.എസ്. ടച്ച്‌സ്‌ക്രീന്‍ ഉപകരണങ്ങളെ ലക്ഷ്യമിട്ടുള്ള ചതുരക്കളങ്ങളുമായി വിന്‍ഡോസ് എട്ട് 2012 ഒക്ടോബറിലാണ് പുറത്തിറങ്ങിയത്. പുതിയ രൂപവും ഭാവും വളരെക്കാലമായി വിന്‍ഡോസ് ഉപയോഗിക്കുന്നവരെ അകറ്റാനെ ഉപകരിച്ചുള്ളൂ. പിന്നീട് സ്റ്റാര്‍ട്ട് ബട്ടണ്‍ കൂട്ടിച്ചേര്‍ത്ത് വിന്‍ഡോസ് 8.1 അപ്‌ഡേറ്റ് പുറത്തിറക്കിയെങ്കിലും കൈവിട്ട വിപണി പിടിക്കാന്‍ കഴിഞ്ഞില്ല.