prasnam

ഈ സംശയം എന്‍റെ മാത്രം സംശയമാണെന് തോന്നുന്നില്ല. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായി അലയുന്നവരുടെ കൂട്ടത്തില്‍ ഒരാളായി ഞാനും,

ആ സംശയം ഒരു സംശയമായി മാത്രം അവശേഷിപ്പിച്ചുകൊണ്ട് കഴിഞ്ഞു കൂടാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഒരുവന്‍ എന്ന് വേണെമെങ്കിലും പറയാവുന്നതാണ്. സംശയം ഞാന്‍ ഇവിടെ അവതരിപ്പിക്കുകയാണ്, സത്യത്തില്‍ ഇപ്പോള്‍ എന്തിന് എതിരെ ആണ് ഈ ചുംബന സമരം അരങ്ങേറുന്നത്? ഇത് ചോദിക്കുന്ന ഉടനെ എന്നെ തെറിവിളിക്കാന്‍ നാക്ക്‌ ചൊറിയുന്ന വില്പവകാരികളോട് ഒരു വാക്ക്, ഞാന്‍ ഒരു സദാചാര പോലിസ് വക്താവല്ല, മുഴുവനായും വായിക്കാന്‍ ഉള്ള ക്ഷമ എങ്കിലും കാണിക്കണം.

ഫാസിസത്തിന് എതിരെ ആണ് ചുംബന സമരം നടത്തുന്നത് എന്ന് ഇപ്പോള്‍ അറിയുന്നു? ആരാണ് ഇവിടത്തെ ഫാസിസിസ്റ്റ്? അല്ലങ്കില്‍ സദാചാര വാദി എന്ന് വിളിക്കപ്പെടുന്നവര്‍ ആരാണ്? ഇത്രയും വലിയ സോഷ്യല്‍ മീഡിയ തരംഗം ഉണ്ടാക്കി ചുംബന സമരം നടത്തുന്നു, ഇത്തരം ഒരു നീക്കം ഇന്നത്തെ അത്യാവശ്യ ജീവിത സാഹചര്യങ്ങള്‍ക്ക് മേല്‍ അനീതി നടക്കുമ്പോള്‍ ഉണ്ടാകാറില്ലല്ലോ ?

പെട്രോള്‍ , ഡീസല്‍ വില വര്‍ധനവ്, പാചക വാതകത്തിന്റെ വില കുത്തനെ ഉയരുന്നത്, ഡീസല്‍ വില കുറച്ചിട്ടും ബസ്‌ ചാര്‍ജ് കുറക്കാത്തത് ഇതിനെല്ലാം ആര്‍ക്കും ഒരു വിഷമവും ഇല്ലെന്നാണ് ഈ ചുംബന സമരം പടര്‍ന്നു പിടിക്കുന്നത് കാണുമ്പോള്‍ തോന്നുന്നത്. ഫാസിസത്തിനെതിരെ ആഞ്ഞടിക്കുന്ന കമ്യൂണിസ്റ്റ് നേതാവ് പറഞ്ഞു ചുംബന സമരത്തെ അനുകൂലിക്കുന്നില്ല എന്ന്. ഈ പറഞ്ഞ നേതാവ് എന്ത് പറഞ്ഞാലും , അത് ശുദ്ധ മണ്ടത്തരം ആണെങ്കില്‍ പോലും ഏറ്റു പിടിക്കുന്ന എന്‍റെ ഫേസ്ബുക്ക്‌ സുഹൃത്തിനു പോലും അതിനെ കുറിച്ച് ഒന്നും പറയാനില്ല.

ചുംബന സമരം ഇവിടെ നടന്നാലും അത് കവര്‍ ചെയ്യാന്‍ മീഡിയ ഓടി എത്തും, അത് കണ്ടിട്ടാണോ ഇപ്പോള്‍ ചുംബന സമരം വിജയിച്ചു എന്ന് പറയുന്നത് എന്ന് ചിലപ്പോള്‍ തോന്നും, വിറ്റു കാശാക്കാന്‍ പറ്റിയ എന്ത് കിട്ടുന്ന സ്ഥലത്തും മീഡിയ എത്തും, അതിനവര്‍ ജാതിയോ മതമോ വര്‍ണ്ണമോ നോക്കാറില്ല. ഒന്ന് ചോദിക്കട്ടെ, ഇന്ത്യയില്‍, അല്ല, കേരളത്തില്‍ നടക്കുന്ന സ്ത്രീ പീഡനങ്ങള്‍ക്ക് ഈ ചുംബന സമരം മൂലം ഒരു കുറവ് വരുമോ?

പൊതു നിരത്തില്‍ നിന്നു ചുംബിക്കാനുള്ള അവകാശം കിട്ടിയാല്‍ സ്ത്രീ സുരക്ഷിതയാവുമോ?

ഈ ചുംബന സമരം സത്യത്തില്‍ ഒരു രാഷ്ട്രീയ മറ തന്നെ സൃഷ്ടിക്കുകയാണ് , ആനുകാലിക രാഷ്ട്രീയ കൊള്ളരുതായ്മകള്‍ വരെ മൂടി വക്കാന്‍ അതിനായി എന്നതാണ് എനിക്ക് തോന്നുന്ന ഒരു കാര്യം. ഹനുമാന്‍ സേനയെയോ സുലൈമാന്‍ സേനയെയോ ഞാന്‍ അനുകൂലിക്കില്ല, പക്ഷെ ഇതിലൂടെ ഉണ്ടാകുന്ന നേട്ടം ആര്‍ക്കാണ്? എന്താണ് നേടുന്നത്?

ന്യൂ ജെനരെഷന്‍ എന്ന വാക്കിനോട് കൂടെ ചുംബന സമരത്തെ ചേര്‍ത്തു പിടിക്കാനാണ് ചിലര്‍ക്ക് താല്പര്യം. ആഴിമുഖം പത്രത്തില്‍ നാസിര്‍ കെ സി എഴുതിയ വരികള്‍ ഞാന്‍ ഉദ്ധരിക്കുകയാണ് ” പുതുമയോടുള്ള ഒരു ഭയം നാം സൂക്ഷിക്കുന്നുണ്ട്, പാതി നിതംബത്തില്‍ പാന്റ്സ് ധരിച്ചതിന് , മുടി സ്പൈക് ചെയ്തതിനു എല്ലാം അവര്‍ ക്ലാസ്സ്‌ മുറിക്കകത്തും വീട്ടിലും അവര്‍ അപഹസിക്കപ്പെട്ടിട്ടുണ്ട് ” ഇത് എഴുതിയ കക്ഷിയുടെ മനോവികാരം എനിക്ക് മനസിലാകുന്നില്ല. സ്പൈക് ചെയ്തത് അവിടെ നില്‍ക്കട്ടെ , പകുതിയോളം പിന്‍ഭാഗം പുറത്തു കാട്ടി അതാണ്‌ ഫാഷന്‍ എന്ന് പറഞ്ഞാല്‍ സമ്മതിക്കാന്‍ എനിക്കല്‍പ്പം വിഷമം ഉണ്ട്. ഞാന്‍ ബസില്‍ സഞ്ചരിക്കുന്ന ഒരാളാണ് മുന്നില്‍ നില്‍ക്കുന്ന ഈ ആധുനികന്റെ പിന്‍ഭാഗം അത്ര നല്ല കാഴ്ചയായി ആസ്വദിക്കാന്‍ എനിക്ക് കഴിയാറില്ല, അത് കൊണ്ട് തന്നെ ഈ പ്രവണത പരിഹാസ്യം തന്നെയാണെന്ന് ഞാന്‍ കരുതുന്നു. പുതുമയെ ആരും ഭയക്കുന്നില്ല, എന്നാല്‍ അപകടകരമായ പുതുമയെ ഭയക്കുക തന്നെ വേണം. പ്ലാസ്റ്റിക് ഒരു പുതുമ ആയിരുന്നു. എന്നാല്‍ ഇന്ന് ആ പുതുമയെ മനുഷ്യന്‍ ഭയന്ന് തുടങ്ങിയിരിക്കുന്നു. ചുമ്മാ ഒരു ഉദാഹരണം പറഞ്ഞെന്നേയുള്ളൂ.

പുതിയ തലമുറ വളരുന്നത് നേരായ രീതിയില്‍ അല്ല എന്ന് തോന്നുമ്പോള്‍ അതിനെതിരെ ശബ്ദം ഉയര്‍ത്തുന്നതും ഫാസിസമാണോ? ദേശീയതയെ തള്ളി പറയാനും പുച്ചിക്കാനും തുടങ്ങുമ്പോള്‍ അത് പുതുമയുടെ അവകാശം മാത്രമായി കണ്ടു മിണ്ടാതിരിക്കണം എന്നാണോ?

സദാചാരവും ലൈംഗികതയും ഫാസിസത്തിന്റെ ഉപകരണങ്ങളാണ്, ഈ വാദവും പ്രതിക്രിയാ വാദവും സാമാന്യ മലയാളിക്ക് മനസിലാകാന്‍ ബുദ്ധിമുട്ടാണ് എന്ന് കരുതുന്നു.

നേരത്തെ പറഞ്ഞ ലേഖകന്‍ അവസാനിപ്പിക്കുന്നത് സഖാവിന്‍റെ കമ്യൂണിസത്തെ തന്നെ ചോദ്യം ചെയ്തു കൊണ്ടാണ്, കക്ഷി പറയുന്നത് പിണറായിക്ക് തെറ്റ് പറ്റി എന്നാണ്. മാര്‍ക്സിസ്റ്റുകള്‍ക്ക്‌ ബന്ധം അല്ല സ്നേഹമാണ് പ്രധാനം, വിവാഹം മാര്‍ക്സിയന്‍ ആശയമല്ല. അതായത് ഈ വിവാഹം എന്നത് തന്നെ ഒരു ഒരു സദാചാര സംവിധാനം ആണെന്ന് ആണ് കക്ഷി പറയുന്നത്.

ഇത്രയൊക്കെ വിശകലനം ചെയ്യണ്ട കാര്യമൊന്നുമില്ല. ചുരുക്കത്തില്‍ എനിക്ക് തോന്നുന്നത് ഇപ്പോള്‍ ഇതിലും വലിയ പ്രശ്നങ്ങള്‍ സാധാരണക്കാരന്‍ നേരിടുന്നുണ്ട്, അത് മറന്നു കൊണ്ട് പോകുന്ന ഈ പോക്ക് എങ്ങോട്ടാണെന്ന് മനസിലാവുന്നില്ല. സദാചാര പോലിസിംഗ് ഒരു വിഷയമാണ്. അതി അപലപനീയവുമാണ്. ചോദ്യം ചെയ്യേപ്പെടെണ്ടത് തന്നെ, പക്ഷെ അതിനു ഉപയോഗിക്കുന്ന രീതികള്‍ എത്ര മാത്രം നല്ലതാണെന്ന് ചിന്തിക്കേണ്ടി വരും.

പക്ഷെ ഈ ഒരു കാര്യത്തില്‍ എങ്കിലും രാഷ്ടീയം മറന്ന പലരെയും കണ്ടത്തില്‍ സന്തോഷമുണ്ട്. രാഷ്ട്രീയത്തിനു അതീതമായ ഈ കൂട്ടായ്മ മാറ്റ് സാമൂഹിക വിഷയങ്ങളില്‍ എന്തേ ആരും കാണിക്കുന്നില്ല? അങ്ങനെ ആയിരുന്നെകില്‍ എന്നെ കേരളം നന്നായേനെ? പച്ചക്കറിയുടെ വിലയും അരിയും മണ്ണെണ്ണയും മുല്ലപെരിയാരും ബാറും കോഴയും എല്ലാം ചുംബിച്ചു തീരുന്നു..

Advertisements
ടെക്നോളജിയെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നു. ആ വാര്‍ത്തകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും. കൂടുതല്‍ അറിയാനായി https://www.facebook.com/techluttappi സന്ദര്‍ശിക്കു..