രണ്ടാഴ്ചയായി മലയാള വെള്ളിത്തിരയില്‍ നല്ലൊരു സിനിമ എത്തി നോക്കിയിട്ട്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷിയാടെയാണ് ഒരു വടക്കന്‍ സെല്ഫി എന്ന നിവിന്‍ പോളി ചിത്രത്തെ കാത്തിരുന്നത്. നിവിന്‍-അജു-വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടായത് കൊണ്ട് തന്നെ പ്രതീക്ഷകളും വാനോളമായിരുന്നു. എന്നാല്‍ ഒരു ശരാശരി എന്റര്‍ടെയ്‌നര്‍ എന്നതിലപ്പുറം യാതൊരു തരത്തിലും കയ്യടി അര്‍ഹിക്കാത്ത ഒരു പുതുതലമുറ ചിത്രം.
എവിടെയോ തുടങ്ങി മറ്റെവിടെയോ അവസാനിക്കുന്ന ചിത്രത്തിന് പേരിന് പോലുമൊരു ക്ലൈമാക്‌സ് സൃഷ്ടിക്കുവാന്‍ അണിയറക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. മഞ്ജിമ എന്ന മലയാളത്തിന്റെ ബാലതാരത്തിന്റെ നായികയായുള്ള തിരിച്ചുവരവും ദയനീയം. അമിതാഭിനയത്തിന്റെ മൂര്‍ത്തിഭാവം കുടികൊണ്ട പ്രകടനമായിരുന്നു മഞ്ജിമയുടേത്.
നിവിന്‍ പോളി -അജു വര്‍ഗീസ് കൂട്ട്‌കെട്ട് വന്വിജയമാണെന്ന് വടക്കന്‍ സെല്ഫിയും തെളിയിക്കുന്നു. ഇരുവരുടെയും കിടിലന്‍ കോമഡി നിറഞ്ഞ ആദ്യ പകുതി വലിയ പ്രതീക്ഷയാണ് പ്രേക്ഷകന് നല്കുന്നത്. എന്നാല്‍ രണ്ടാം പകുതിയോടെ കാര്യങ്ങള്‍ കൈവിട്ടുപോകും. അവിടെയും ആശ്വാസമാകുന്നത് അജുവും വിനീതുമൊരുക്കുന്ന കോമഡികള്‍ തന്നെ. വിനീതിന്റെ പല സീനുകളിലും അച്ഛന്‍ ശ്രീനിവാസന്‍ ടച്ച് അനുഭവപ്പെടുന്നതും ചിത്രത്തിന്റെ പോസിറ്റീവ് വശമാണ്.
നല്ല ഗാനങ്ങളും, ലൊക്കേഷന്‍സും ഒരുപരിധി വരെ ആശ്വാസമേകുന്നുണ്ട്. ബിടെക് സ്റ്റുഡന്റ്‌സിന്റെ കഷ്ടപ്പാടും, പുതുതലമുറ ബന്ധങ്ങുടെ അപകടവും ചിത്രം പറഞ്ഞു വെക്കുന്നുണ്ട്. എന്നാല്‍കൈവിട്ടുപോയ രണ്ടാം പകുതി അവസാനം പിടിച്ചുകെട്ടാന്‍ കഴിഞ്ഞുവെന്ന് സംവിധായകനും ആശ്വസിക്കാം.
ചുരുക്കത്തില്‍ സിനിമ അത്ര നന്നല്ലെങ്കിലും ഒരിക്കല്‍ പോലും ബോറടിപ്പിക്കില്ല എന്ന വിശ്വാസത്തോടെ നിങ്ങള്ക്കും സെല്ഫിയെടുക്കാം.