ഇത് ചരിത്ര ഭേദഗതി; സൌദിയില്‍ ഇനി കൈ വെട്ടലും കല്ലെറിഞ്ഞു കൊല്ലലും നീളും !

299

01

സൗദി ചരിത്രത്തില്‍ ഒരു വന്‍ മാറ്റമായെക്കാവുന്ന ക്രിമിനല്‍ നിയമത്തിലെ പരിഷ്കരണങ്ങള്‍ക്ക് സൗദി രാജാവ് അബ്ദുള്ള രാജാവിന്റെ അംഗീകാരം. കഴിഞ്ഞ നവംബര്‍ 22 ന് രാജാവ് അംഗീകരിച്ച നടപടിക്രമങ്ങള്‍ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ്‌ രാജ്യത്ത് നടപ്പിലായി തുടങ്ങിയത്. ഇതോടെ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് സൗദി ജയിലുകളില്‍ കഴിയേണ്ടി വരുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് ഈ നിയമം ഒരു ആശ്വാസമായേക്കും.

തല വെട്ടല്‍, കല്ലെറിഞ്ഞു കൊല്ലല്‍, കൈ വെട്ടല്‍ എന്നീ ശിക്ഷകള്‍ നടപ്പാക്കുന്നതിനു മുന്‍പായി സുപ്രീം കോടതിയുടെ അംഗീകാരം വാങ്ങിയിരിക്കണം എന്നാണ് പുതിയ നിയമത്തിലെ സുപ്രധാന മാറ്റം. അംഗീകാരം ലഭിച്ചില്ലെങ്കില്‍ കേസ് പുനര്‍ വിചാരണക്കായി ഹൈക്കോടതിയിലേക്ക് തന്നെ മടക്കി അയക്കും. അന്വേഷണ ഉദ്യോഗസ്ഥരോ സുരക്ഷാ ഉദ്യോഗസ്ഥരോ തടഞ്ഞു വെച്ചതോ കസ്റ്റഡിയില്‍ എടുത്തോ ആയ വ്യക്തിയെ ശാരീകമായോ മാനസികമായോ ഉപദ്രവിക്കാന്‍ പാടില്ലന്നും അറസ്റ്റ് ചെയ്യപ്പെട്ട ആളോട് അയാള്‍ അറസ്റ്റ് ചെയ്യപ്പെടാനുള്ള കാരണവും സാഹചര്യവും അറിയിക്കണമെന്നും തന്റെ അറസ്റ്റിനെ കുറിച്ച് വേണ്ടപ്പെട്ടവരെ അറിയിക്കാനും അയാളെ അനുവദിക്കണമെന്നും പുതിയ നിയമത്തില്‍ പറയുന്നുണ്ട്.

വ്യവസ്ഥകള്‍ക്ക് അനുസൃതമായി മാത്രമേ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുന്നതിന് അനുവാദമുള്ളൂ. സംശയത്തിന്റെ പേരില്‍ ഒരു വ്യക്തിയെ കസ്റ്റഡിയില്‍ എടുത്താല്‍ അയാളെ 24 മണിക്കൂറിനുള്ളില്‍ തന്നെ ചോദ്യം ചെയ്തിരിക്കണം. ചോദ്യം ചെയ്യുന്നതിന് വേണ്ടി കൂടുതല്‍ സമയം ആവശ്യമുണ്ടെന്നു തോന്നുന്ന പക്ഷം ആ വ്യക്തിയെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിന്റെ മേധാവി കോടതി ഉദ്യോഗസ്ഥന്‍മാരില്‍ നിന്നും പ്രത്യേക അനുവാദം വാങ്ങണം. അയാള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു വ്യക്തമാകുന്ന പക്ഷം ചോദ്യം ചെയ്യല്‍ കാലാവധി 5 ദിവസം വരെ നീട്ടി നല്‍കും. ഗുരുതരമായ കേസുകളില്‍ 40 ദിവസം വരെയും അതിലും ഗുരുതര കുറ്റകൃത്യങ്ങള്‍ ആണെങ്കില്‍ 180 ദിവസം വരെ ഇത്തരത്തില്‍ അനുമതി നല്‍കാവുന്നതാണ്. ഈ സമയ പരിധിക്കുള്ളില്‍ ഒന്നുകില്‍ വിചാരണ നടത്തിയിരിക്കുകയോ അല്ലെങ്കില്‍ പിടികൂടിയ ആളെ വെറുതെ വിടുകയോ വേണമെന്നും നിയമ ഭേദഗതിയില്‍ ഉണ്ട്.

അത് പോലെ വീടുകളില്‍ കയറി പരിശോധന നടത്തുമ്പോള്‍ അത് ആ വീടിലെ ഗൃഹനാഥന്റെ സാന്നിധ്യത്തില്‍ മാത്രമായിരിക്കണം. ഗൃഹനാഥന്‍ വീട്ടിലില്ലെങ്കില്‍ അയാള്‍ പറയുന്ന വ്യക്തിയുടെ സാന്നിധ്യത്തില്‍ ആയിരിക്കണം പരിശോധന. ഇവരാരും ഇല്ലെങ്കില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വം ഉണ്ടായിരിക്കണം എന്നും നിയമത്തിലുണ്ട്

ഫോണും ഇമെയിലും നിരീക്ഷിക്കുന്നതിനും നിയന്ത്രണമുണ്ട്‌. അന്വേഷണത്തിന്റെ ഭാഗമായി മാത്രമേ അത് ചെയ്യുവാന്‍ പറ്റുകയുള്ളൂ. അതിനും കാലാവധിയും നിശച്ചയിച്ചിട്ടുണ്ട്, 10 ദിവസം.

ലോക മാധ്യമങ്ങള്‍ സൌദിയുടെ ഈ നിയമ ഭേദഗതിയെ സ്വാഗതം ചെയ്തിട്ടുണ്ട്.

Advertisements