ഇനി എന്ത്..?

271

Father-Son

എന്റെ മകന്റെ +2 വിലുള്ള സ്‌കൂള്‍ വിദ്യഭ്യാസം കഴിഞ്ഞതോടെ. എന്റേയും ഒരു വട്ടം കൂടിയുള്ള സ്‌കൂള്‍ വിദ്യഭ്യാസം കഴിഞ്ഞു വെന്ന് പറയാം. ഒരു പക്ഷെ എന്റെ സ്‌കൂള്‍ കാലത്തേക്കാളും കാര്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ മനസ്സിലാക്കിയ സമയം. കോളേജ് പഠനത്തിനായി അവന്‍ ഹോസ്റ്റലിലേക്ക് പോയപ്പോള്‍, കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷമായി എന്റെ നിഴല്‍ ആയോ അല്ലെങ്കില്‍ ഞാന്‍ അവന്റെ നിഴല്‍ ആയോ നടന്ന കാലങ്ങള്‍ കഴിഞ്ഞു. അങ്ങനെ ജീവിതത്തിന്റെ ഒരു ഘട്ടം കൂടി കഴിഞ്ഞിരിക്കുന്നു.

പെട്ടെന്ന് ഒറ്റക്ക് ആയതുപോലെ …….’ഇനി എന്ത് ചെയ്യും എന്ന ചിന്തയുടെ ഭാഗമായിട്ടാണ്,വായനാശീലം വളര്‍ത്തിയെടുത്താലോ എന്ന് ആലോചിച്ചത്.പലരും ഊണും ഉറക്കവുമില്ലാതെ പുസ്തകങ്ങള്‍ വായിക്കുന്നത് കണ്ടിട്ടുണ്ട് എന്നതല്ലാതെ ഒരു നോവല്‍ വായിക്കാനുള്ള ക്ഷമയൊന്നും എനിക്കില്ല . എന്നാലും ഒരു ശീലം വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തില്‍ ഞാന്‍ പുസ്തക കടയില്‍ ചെന്നു. ശ്രീ ബെന്യാമിന്റെ ‘ആടുജീവിതം’ ആണ് ആദ്യം ശ്രദ്ധയില്‍ പ്പെട്ടത്, അതിന്റെ കഥയെപ്പറ്റി ഒരു രൂപം ഉള്ളതുകൊണ്ടും പുസ്തകം വായിച്ച് വിഷമിക്കാന്‍ താല്പര്യമില്ലാത്തതു കൊണ്ടും അദ്ദേഹത്തിന്റെ തന്നെ മറ്റൊരു പുസ്തകമായ ‘പ്രവാചകന്മാരുടെ രണ്ടാം പുസ്തകം ‘തെരഞ്ഞെടുത്തത്‌പോരാത്തതിന് പേജുകളുടെ എണ്ണം കുറവും വിലക്കുറവും തെരഞ്ഞെടുക്കാനുള്ള ചില കാരണങ്ങളാണ്.

ബൈബിളിനെ അടിസ്ഥാനമാക്കിയിട്ടുള്ള കഥയാണ്. ആദ്യത്തെ അദ്ധ്യായങ്ങളില്‍ വായിച്ചപ്പോള്‍..

  1. അവര്‍ നട്ടുനനച്ച മോചനസ്വപനങ്ങളുടെ പച്ച വയലുകളില്‍ നിന്നും പ്രത്യാശയുടെ ഞാറ കൊക്കുകള്‍ എണ്ണമില്ലാതെ പറന്നുയര്‍ന്നു (p26).
  2. ഉള്‍ക്കരുത്തുള്ളൊരു ഉറവില്‍ നിന്നെന്ന പോലെ ഇടതടവില്ലാതെ പ്രവഹിച്ചു കൊണ്ടിരുന്ന യോഹാന്നന്റെ വാക്‌ധോരണി പൊടുന്നനേ ആരോ പിടിച്ചു നിറുത്തിയതുപോലെ ഉരത്തിനും കണ്ഠത്തിനും ഇടയില്‍ വെച്ച് നിലച്ചു പോയി !

ചില കാര്യങ്ങളൊക്കെ ഇങ്ങനെയും എഴുതാമെന്ന് മനസ്സിലായിയെങ്കിലും അതിനപ്പുറം വായനശീലം വളര്‍ത്തിയെടുക്കുക എന്ന കടമ നിര്‍വ്വഹിക്കുന്നത് പോലെയായിരുന്നു അതുകൊണ്ട് തന്നെ പുസ്തകം ഊണുമേശയിലും ബാല്‍ക്കണിയിലുമൊക്കെയായി ഒരനാഥപ്രേതം പോലെ അവിടെയവിടെ കിടപ്പുണ്ടായിരുന്നു. വേറെ ഒന്നും ചെയ്യാനില്ലെങ്കില്‍ വായിക്കാം എന്ന നിലപാടിലായിരുന്നു ഞാന്‍.

‘കാനാവില്‍ ഒരു കല്യാണസദ്യ’ എന്ന അദ്ധ്യായം വായിച്ചതോടെ എന്റെ അഭിപ്രായത്തില്‍ ചില വ്യത്യാസങ്ങള്‍ വരുത്തേണ്ടി വന്നു. പുസ്തകത്തിന്റെ പുറംതാളില്‍ ഗ്രന്ഥത്തെ പറ്റിയുള്ള പ്രസാധകന്റെ പ്രസ്താവനയില്‍ ‘ക്രിസ്ത്യന്‍ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളേയും സന്മൂലം ഉടച്ചു പണിയുന്ന നോവല്‍’ എന്ന് പറയുന്നുണ്ടെങ്കിലും അത് മേടിക്കാന്‍ നേരത്ത് അതൊരു തമാശയായിട്ടാണ് തോന്നിയത്. നസ്രാണിയായ ഞാന്‍ കേട്ടതും വായിച്ചതില്‍ നിന്നും നിന്നും വ്യത്യസ്തമായിട്ടായിരുന്നു ആ സംഭവം വിവരിച്ചരുന്നത്. ആ മാറ്റം പുസ്തകത്തോട് കൂടുതല്‍ അടുപ്പം തോന്നി.പിന്നീടങ്ങോട്ടുള്ള ഓരോ ഭാഗവും എങ്ങനെയാണ് മാറ്റം വരുത്തിയിരിക്കുന്നത് എന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ടായിരുന്നു. ആകാംക്ഷക്ക് ഇടയ്ക്കാലാശ്വാസം നല്‍കാനായിട്ട് അവസാനഭാഗങ്ങള്‍ വായിച്ച് നോക്കാനും തോന്നിയില്ല. ആകെ 223 പേജുകളുള്ള ആ പുസ്തകം വായിച്ചു തീര്‍ക്കാന്‍ പിന്നെയും ദിവസങ്ങള്‍ എടുത്തു. എന്നാലും എങ്ങനെയാണ് വ്യത്യസ്തകള്‍ വരുത്തിയിരിക്കുന്നത് എന്നറിയാനുള്ള കൗതുകം മനസ്സില് ഉണ്ടായിരുന്നു. ചില മാറ്റങ്ങള്‍ അംഗീകരിക്കാനായില്ല. മറ്റ് ചില ഭാഗങ്ങള്‍ ഇന്ന് നടക്കുന്ന സംഭവങ്ങളായിട്ടും തോന്നി.

നമ്മള്‍ വായിച്ചതും വിശ്വസിക്കുന്നതുമായ കാര്യങ്ങള്‍ മറ്റൊരു തലത്തിലേക്ക് മാറുമ്പോള്‍, അതിന്റേതായ മുറുമുറുപ്പുകള്‍ കൂട്ടുകാരുടെയും വീട്ടുകാരുടെയും ഇടയില്‍ ഉണ്ടായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും വ്യത്യസ്തമായ ഈ അവതരണം എനിക്കിഷ്ട്മായി അല്ലെങ്കിലും നമ്മള്‍ വളര്‍ത്തി കൊണ്ടുവന്നിട്ടുള്ള വിശ്വാസങ്ങളേയും ആചാരങ്ങളേയും ഒരു നോവല്‍ / സിനിമ കൊണ്ട് മാറ്റാവുന്നതാണോ ?

എന്തായാലും പുസ്തക വായന കഴിഞ്ഞു അതിനെപറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്നു.’ഇനി എന്ത് ‘ എന്ന ചിന്തയിലാണ് ഞാന്‍? അല്ലെങ്കില്‍ അലസമനസ്സ് പിശാചിന്റെ പണിപ്പുര എന്നല്ലേ.