ഇനി കുടുംബം കലക്കാനും ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍; ഉളുപ്പില്ലെങ്കില്‍ ഡൌണ്‍ലോഡ് ചെയ്യാം !

234

01

ഒരു കുടുംബം കലക്കണം എന്ന അതിയായ ആഗ്രഹം നിങ്ങള്‍ക്കുണ്ടോ? അതല്ലെങ്കില്‍ നിങ്ങളുടെ ഭാര്യയെ കുറിച്ച്, ഭര്‍ത്താവിനെ കുറിച്ച്, മകളെ കുറിച്ച് നിങ്ങള്‍ക്ക് വല്ല സംശയങ്ങളും ഉണ്ടോ? എങ്കില്‍ കൂടെ കൂടെ അവരുടെ ഫോണെടുത്തു പരിശോധിക്കുകയോ അവരുടെ മെയില്‍, ഫേസ്ബുക്ക് അക്കൌണ്ട് തുടങ്ങിയവ നോക്കുകയോ ചെയ്യേണ്ട അവസ്ഥ നിങ്ങള്‍ക്കിനി ഒഴിവാക്കാം. അത്തരം ജോലികള്‍ ചെയ്തു ഭംഗിയായി ചാരപ്പണി നടത്തുവാനായി ഒരു ആപ്ലിക്കേഷന്‍ ഇതാ തയ്യാറായിരിക്കുന്നു.

ആപ്പിള്‍, ആന്‍ഡ്രോയിഡ്, ബ്ലാക്ക്‌ബെറി, വിന്‍ഡോസ് ഫോണ്‍ തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രവര്‍ത്തിക്കാവുന്ന തരത്തില്‍ തയ്യാറാക്കപ്പെട്ട mSpy ആപ്ലിക്കേഷന്‍ ആണ് അയലത്തെ വീട്ടിലെ അല്ലെങ്കില്‍ സ്വന്തം ബന്ധുക്കളുടെ വിവരങ്ങള്‍ ഭംഗിയായി നിങ്ങള്‍ക്ക് ചോര്‍ത്തി തരിക. mSpy ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ പിന്നെ അവരുടെ ഫോണിലെ വിളികള്‍ റെക്കോര്‍ഡ്‌ ചെയ്തു നിങ്ങള്‍ക്ക് അയച്ചു തരികയും മെസേജുകളും ഫേസ്ബുക്ക്, സ്കൈപ്പ് തുടങ്ങിയവയിലെ മെസേജുകളും ബ്രൗസിംഗ് ഹിസ്റ്ററിയും നിങ്ങള്‍ക്ക് അയച്ചു തരും.

ഇനി ഫ്രീയായി മറ്റുള്ളവരുടെ അല്ലെങ്കില്‍ സ്വന്തം കുടുംബം കലക്കാം എന്നൊരു വേണ്ട കേട്ടോ, പ്രതിമാസം 24.99 പൗണ്ട് അടച്ചാല്‍ മാത്രമേ mSpy പ്രവര്‍ത്തിക്കുകയുള്ളൂ. മെസ്സേജുകള്‍ ചോര്‍ത്തുന്നതോടൊപ്പം ഫോണില്‍ എത്ര ചാര്‍ജ് അവശേഷിക്കുന്നുണ്ടെന്നു പോലും ഈ ആപ്ലിക്കേഷന്‍ പറഞ്ഞുതരും. പ്രധാനമായും കുട്ടികളുടെയും തൊഴിലാളികളുടെയും നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായാണ് എംസ്‌പൈ ആപ്ലിക്കേഷന്‍ നിര്‍മിച്ചത്.

ഈ ആപ്ലിക്കേഷന്‍ ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നൊരിക്കലും ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യാന്‍ കഴിയില്ല. ഫോണ്‍ ഉപയോഗിക്കുന്നയാളുടെ ആപ്ലിക്കേഷന്‍ ലിസ്റ്റില്‍ ഈ സൂത്രക്കാരന്‍ ഉണ്ടെന്ന് കാണില്ല. ഒന്നില്‍ക്കൂടുതല്‍ ഡിവൈസുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ കൂടുതല്‍ പേരെ ട്രാക്ക് ചെയ്യാന്‍ കഴിയുമെന്ന് mSpy അവകാശപ്പെടുന്നു.

NB: ഡൌണ്‍ലോഡ് ചെയ്യും മുന്‍പ് അത്രയും ചീപ് കാര്യം ചെയ്യണോ എന്ന് രണ്ടു വട്ടം ആലോചിക്കാം.