വീട്ടമ്മമാരെ ഇനി മുതല്‍ നിങ്ങള്‍ അടുക്കളയില്‍ കയറേണ്ട എന്നാണു കെ എസ് ഇ ബി പറയുന്നത്. അതിരാവിലെ സ്കൂളില്‍ പോകുന്ന മക്കള്‍ക്കും ഭര്‍ത്താവിനും വേണ്ടി നേരത്തെ എണീറ്റ് പാചകം ചെയ്യുന്ന വീട്ടമ്മമാര്‍ക്കാണ് കെ എസ് ഇ ബിയുടെ വക സന്തോഷ വാര്‍ത്ത വന്നിരിക്കുന്നത്. അതായതു ഇനി മുതല്‍ രാവിലെ അഞ്ചു മുതല്‍ എട്ടു വരെയുള്ള സമയത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്താനാണ് അധികാരികളുടെ തീരുമാനം. ഇന്നലെ വന്ന ഇന്‍ഡക്ഷന്‍ കുക്കര്‍ നിരോധന വാര്‍ത്തയും അതിനു ചുവടു പിടിച്ചുള്ളതാണ്. ഇതോടെ എല്‍ പി ജി ഇല്ലെന്ന പേരില്‍ പാചകം ചെയ്യാതിരുന്ന വലിയ വീട്ടിലെ കൊച്ചമ്മമാര്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ വാങ്ങിച്ചു കൊടുത്തു പാചകം പഠിപ്പിച്ച ഭര്ത്താക്കന്മാര് വെട്ടിലായി.
ജോലിക്കു പോകുന്ന സ്ത്രീകളും കുട്ടികളെ സ്കൂളിലും കോളെജിലും അയയ്ക്കേണ്ടി വരുന്നവരും അതിവേഗത്തിലുള്ള പാചകത്തിന് ഇന്‍ഡക്ഷന്‍ കുക്കര്‍ ഒരു ഹാബിറ്റ് ആക്കിയതാണ് രാവിലെ വൈദ്യുതി ഉപയോഗം കൂടാനിടയാക്കിയത്. ഈ സാഹചര്യത്തില്‍ പുലര്‍ച്ചെ 5 മണിയോടെ ലോഡ്ഷെഡിങ് ആരംഭിച്ച് ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഉപയോഗം നിയന്ത്രിയ്ക്കാനാണ് കെഎസ്ഇബി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഇത് നടപ്പായാല്‍ അതിരാവിലെയുള്ള പാചകം ഒഴിവാക്കുകുകയോ അഞ്ച് മണിയ്ക്ക് മുമ്പേ പാചകം തീര്‍ക്കുകയോ മാത്രമാവും വീട്ടമ്മമാര്‍ക്ക് മുന്നിലുള്ള പോംവഴി.
ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുന്നവരെ എങ്ങിനെ തടയും?
ഇതൊക്കെയാണെങ്കിലും ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുന്നവരെ തടയുക എന്നത് അസംഭവ്യം ആണ്. കാരണം ഒരാള്‍ തന്റെ വീട്ടില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുന്നു എന്നത് കെ എസ് ഇ ബിക്കു എങ്ങിനെ കണ്ടു പിടിക്കുവാന്‍ സാധിക്കും? പിന്നെയുള്ളത് ബോധവല്‍ക്കരിക്കുക എന്നതാണ്. മലയാളികള്‍ക്കിടയില്‍ അത് നടക്കുമെന്നത് മറ്റു ചില സംഭവങ്ങളില്‍ നമ്മള് കണ്ടതാണല്ലോ. :)
ആരോഗ്യ പ്രശ്നങ്ങള്‍ പറഞ്ഞു ബോധവല്‍ക്കരണം നടത്തിയാല്‍ കുറച്ചെങ്കിലും കുറവുണ്ടാവാന്‍ സാധ്യതയുണ്ട്. പിന്നീടുള്ളത് ഇന്‍ഡക്ഷന്‍ കുക്കറിനു നികുതി വര്‍ധിപ്പിക്കുക എന്നതാണ്. എന്നാല്‍ അതും വിജയിക്കുവാന്‍ ചാന്‍സ് കുറവാണു. കാരണം ഇന്‍ഡക്ഷന്‍ കുക്കര്‍ പോലെയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരില്‍ ബി പി എല്‍ പരിധിക്ക് മുകളില്‍ ഉള്ളവരാണ് കൂടുതല്‍. ഇവര്‍ക്ക് ഒരു ആയിരമോ രണ്ടായിരമോ കൂടുതല്‍ കൊടുത്താലും ഒരു ചുക്കും സംഭവിക്കാന്‍ പോണില്ല. അത് കൊണ്ട് തന്നെ പവര്‍ കട്ട് മാത്രമേ നടക്കൂ.
കെ എസ് ഇ ബിയുടെ വകയായി അടുത്ത് വരാന്‍ പോകുന്ന നിരോധനം മിക്കവാറും ഇന്വേര്ട്ടര് ഉപയോഗിക്കുന്നവരുടെ തലയിലോട്ടായിരിക്കും എന്ന് കാള വാല് പൊക്കിയാല്‍ എന്തിനെന്നറിയുന്ന പോലെ അറിയാമല്ലോ. സൂക്ഷിച്ചോളൂ മക്കളെ. പണി പാര്‍സല്‍ ആയി വരാന്‍ പോവുകയാണ്. :)