Share The Article

ad_139964980-e1417532630889

രാജുവെന്ന ആ കരിവീരനെ ഓര്‍മയില്ലേ ? 50 വര്‍ഷത്തെ ദുരിതങ്ങള്‍ക്കൊടുവില്‍ മോചനം അടുത്തെത്തിയപ്പോള്‍ പൊട്ടിക്കരഞ്ഞ ആന. ആദ്യം ആ കഥയിലേക്ക് തന്നെ പോകാം

അമ്പതു വര്‍ഷത്തെ ജീവിതത്തില്‍ രാജുവിനെ നിഴല്‍ പോലെ പിന്തുടര്‍ന്ന വേദനകള്‍. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വൈല്‍ഡ് ലൈഫ് എസ്.ഒ.എസ് എന്ന സംഘടനയിലെ ഒരു സംഘം സന്നദ്ധ പ്രവര്‍ത്തകര്‍ അവന്റെ മോചനത്തിനു വേണ്ടി പ്രയത്‌നിച്ചു. വേണ്ടത്ര ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതവും വേദനയും നിറഞ്ഞ ഇന്നലെകളുടെ ചങ്ങലക്കെട്ടുകളില്‍ നിന്നും മോചിതനായപ്പോള്‍ രാജുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

ഉത്തര്‍പ്രദേശിലെ വിവിധ ഇടങ്ങളിലായിട്ടാണ് രാജു ജീവിച്ചു പോന്നത്. അമ്പതു വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഉടമകള്‍ പലതവണ മാറിയെങ്കിലും രാജുവിന്റെ ദുരിതത്തിനു യാതൊരു കുറവുമുണ്ടായില്ല. കൂപ്പില്‍ പണിയെടുത്തും ടൂറിസ്റ്റുകളെ രസിപ്പിച്ചും ഭിക്ഷയെടുത്തും മറ്റും അവന്റെ ആരോഗ്യം നശിച്ചു. ഏതാണ്ട് ഇരുപത്തേഴോളം ഉടമകളുടെ കൈകളിലൂടെ രാജു കടന്നു പോയിട്ടുണ്ട്. പൊതുവില്‍ ശാന്ത സ്വഭാവമാണ് രാജുവിനെങ്കിലും ഉടമകള്‍ അത് വക വെച്ചു കൊടുത്തില്ല.

ചങ്ങല കൂടാതെ കൂര്‍ത്ത ആണികള്‍ വച്ച് പ്രത്യേകം തയ്യാറാക്കിയ ‘ബ്രേക്കുകള്‍’ അവന്റെ കാലുകളില്‍ അവര്‍ സ്ഥാപിച്ചു.നന്നായി ഒന്നനങ്ങിയാല്‍ ഈ ആണികള്‍ അവന്റെ തൊലി തുളച്ച് മാംസത്തില്‍ ആഴ്ന്നിറങ്ങും. ഇത് ഉണ്ടാക്കുന്ന മുറിവുകളില്‍ നിന്നും ചോരയും ചെലവും ഒഴുകിക്കൊണ്ടിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട സംഘടനയാണ് ഇവനെ രക്ഷിക്കുവാന്‍ മുന്നിട്ടിറങ്ങിയത്. എന്നാല്‍ പ്രബലനായ ഉടമയില്‍ നിന്നും ആനയെ വിട്ടുകിട്ടുക പ്രയാസമേറിയ കാര്യമായിരുന്നു.

കഴിഞ്ഞജൂലൈയില്‍ ഒരു സംഘം മൃഗഡോക്ടര്‍മാരും, പോലീസുകാരും വൈല്‍ഡ് ലൈഫ് എസ്.ഒ.എസ്സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്നാണ് രാജുവിനെ മോചിപ്പിച്ചത്. പഴങ്ങളും മറ്റുമായെത്തിയ സംഘം അവനെ ചങ്ങലക്കെട്ടുകളില്‍ നിന്നും മോചിപ്പിച്ചു. സ്‌നേഹത്തിന്റേയും സ്വാതന്ത്രത്തിന്റെയും സന്തോഷം കൊണ്ട് ആനയുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാരയായി ഒഴുകുന്ന കാഴ്ച അന്ന്! എല്ലാവരെയും പിടിച്ചുലച്ചിരുന്നു.

ഇനി രണ്ടാം ഭാഗം

അങ്ങനെയൊന്നും രാജുവിനെ വെറു6തെ വിടാന്‍ ആ ഉടമകള്‍ തയ്യാറായില്ല. സന്നദ്ധ പ്രവര്‍ത്തകരില്‍ നിന്നും രാജുവിനെ വീണ്ടു കിട്ടുന്നതിന് അവര്‍ കോടതിയെ സമീപിച്ചു. രണ്ട് മാസമായി നടക്കുന്ന നിയമയുദ്ധത്തിന്റെ വിധി ഇന്നലെ വന്നു. ഇത്രകാലം രാജു അനുഭവിച്ച വേദന തന്നെ അധികമാണെന്നും സന്നദ്ധ പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ തന്നെ തുടരട്ടെയെന്നും, കോടതി വിധിച്ചു.

‘ഇത് വളരെ വലിയൊരു വിജയമാണ്. രജുവിന് മാത്രമല്ല, മറിച്ച് നിശ്ബദരായി വേദന്‍ തിന്നുന്ന ഒരോ ആനകളുടേതമാണ്’ വൈല്‍ഡ് ലൈഫ് എസ്.ഓ.എസ് സ്ഥാപകന്‍ കാര്‍ത്തിക് സത്യനാരായണന്‍ പറയുന്നു.

ഇന്ത്യന്‍ നിയമമാണ് യഥാര്‍ത്ഥത്തില്‍ രാജുവിന് തുണയായത്. നിയമ പ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നല്കുന്ന ഉടമസ്ഥാവകാശ ലൈസന്‍സ് ഇല്ലാത്ത ഇന്ത്യയിലെ ആനകളെല്ലാം രാജ്യത്തിന്റെ സ്വത്താണ്. ഭാഗ്യവശാല്‍ ഇത്തരത്തിലൊരു ലൈസന്‍സ് ഹാജരാക്കാന്‍ രാജുവിന്റെ ഉടമകള്‍ പരാജയപ്പെട്ടു.

ഇനി വേദനകളും, ചങ്ങല്ക്കുരുക്കുമില്ലാത്ത ലോകത്ത് രാജുവെന്ന കരിവീരന് സൈ്വര്യവിഹാരം നടത്താം