1950 ജനുവരി 26 ന് ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആയിത്തീര്‍ന്നു എന്ന് പണ്ട് സ്കൂളില്‍ പഠിച്ചതാണ്. ആ പരമാധികാരവും സോഷ്യലിസവും വാസ്തവമാണ് എന്ന ഉത്തമ വിശ്വാസത്തില്‍ തന്നെയാണ് ഇത്ര നാള്! ജീവിച്ചതും. ഓരോ വര്‍ഷവും ജനുവരി 26 ന്റെ പ്രൗഡഗംഭീരമായ പരേഡ് കാണുമ്പോള്‍ ഞരമ്പുകളില്‍ ഊര്‍ജ്ജം പകര്‍ന്ന ദേശാഭിമാനവും ആത്മ ബോധവും ഇപ്പോഴും അതേ പോലെ നിലനില്ക്കുകയും ചെയ്യുന്നു.
എന്നാല്‍ അത്യധികം ഖേദത്തോടെ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന കാഴ്ചകള്‍ മനപൂര്‍വം വേണ്ടെന്നു വക്കുകയാണ്. ബരാക് ഒബാമക്ക് വേണ്ടി ഡല്‍ഹിയിലെ സാധാരണ മനുഷ്യര്‍ക്ക് ദിവസങ്ങളോളം പ്രവേശനം നിഷേധിക്കുകയാണ് രാജ് പഥിലും ഇന്ത്യാ ഗേറ്റിലുമൊക്കെ. ഡല്‍ഹിയിലെ ചേരികളിലും സാധാരണ മനുഷ്യരുടെ താമസ സ്ഥലങ്ങളിലുമൊക്കെ പോലീസും പട്ടാളവും കയറി നിരങ്ങുകയാണ്. പോലീസിന്റെയും ഭരണകൂടത്തിന്റെയും കണ്ണി ല്‍ ഡല്‍ഹിയില്‍ എല്ലാവരും ഭീകരന്മാരാണ്.
ഭാരതത്തില്‍ നിന്ന് ഭാരതീയന് നിഷ്കാസനം ചെയ്യപ്പെടുകയും മുതലാളിത്തത്തിന്റെ കുഴലൂത്തായി മാറുകയും ചെയ്യുന്ന കേവലം വ്യര്ത്ഥതമായ ഒരാഘോഷം കാണുക വയ്യ. ഒരു പക്ഷേ ഇതൊരു മണ്ടന്‍ കാഴ്ചപ്പാടായിരിക്കാം. എന്നാലും ഇങ്ങനെയെങ്കിലും ചെയ്യാതെ വയ്യ. എത്ര സുഗന്ധം പൂശിയാലും അമേരിക്കന്‍ പ്രസിഡന്റിന്റെ സാന്നിദ്ധ്യം പ്രസരിപ്പിക്കുന്ന രക്തത്തിന്റെ രൂക്ഷ ഗന്ധം നാസാരന്ധ്രങ്ങളില്‍ നിന്ന് വിട്ടു പോകുന്നില്ലല്ലോ,.. വ്യവസ്ഥിതികളോട് കലഹിച്ച് ആത്മഹത്യ ചെയ്തവരുടേത് കൂടിയാണല്ലോ നമ്മുടെ നാട്…