ഇന്ത്യന്‍ സര്‍ക്കാരിന് ജിസിസി രാജ്യങ്ങള്‍ വെറുമൊരു ചവറ്റുകുട്ടയോ..?

0
462

labours-in-GCC

ജി സി സി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ആളുകളുടെ കാര്യത്തില്‍ നമ്മുടെ കേന്ദ്ര സര്‍ക്കാരുകളുടെ കാലങ്ങളായുള്ള അവഗണനയാണ് ഇങ്ങനെ ഒരു ലേഖനം എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും നിലനില്‍പ്പ് തന്നെ ജി സി സി രാജ്യങ്ങളുടെ ഔദാര്യമാണ്. ഇങ്ങനെ കുറച്ചു രാജ്യങ്ങള്‍ ഇല്ലെങ്കില്‍ ഇവിടെയുള്ള വലിയ ഒരു വിഭാഗം ജനത പട്ടിണിയും ദാരിദ്ര്യവുമായി കഴിയേണ്ടി വന്നേനെ. കുറച്ചു പേര്‍ കള്ളന്മാരും,കൊലപാതകികളുമൊക്കെയായി മാറിയേനെ.

എന്താണു നമ്മുടെ സര്‍ക്കാരിന് ജി സി സി രാജ്യങ്ങളിലെ പ്രവാസികളോടു മാത്രം ഈ ഒരു വെറുപ്പ്. യുറോപ്പിലെയും, അമേരിക്കയിലെയും, ആഫ്രിക്കയിലെയും, ഓസ്‌ട്രേലിയയിലെയും പ്രവാസികളോടു നമ്മുടെ എല്ലാ സര്‍ക്കാരുകള്‍ക്കും അനുഭാവപൂര്‍ണ്ണമായ നിലപാടുകളാണുള്ളത്. കാരണം അവിടെയൊക്കെയുള്ളവര്‍ നല്ല ജോലി ചെയ്യുന്നു എന്നുള്ളതാണോ..?

നമ്മുടെ ഒരു എംബസ്സി ഉദ്യോഗസ്ഥന്റെ വാക്കുകള്‍ കടമെടുത്താല്‍ കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചേടത്തോളം ജി സി സി രാജ്യങ്ങള്‍ ഇവിടെയുള്ള പട്ടിണി പാവങ്ങളെ നിക്ഷേപിക്കാനുള്ള ഒരു ചവറ്റുകുട്ട മാത്രമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ നമ്മുടെ ഇന്ത്യന്‍ സര്‍ക്കാരിന് ജി സി സി രാജ്യങ്ങളില്‍ നിന്ന് പെട്രോള്‍ വാങ്ങുന്ന പൈസയുടെ നൂറിലോന്നുപോലും ഈ പറഞ്ഞ ജി സി സി രാജ്യങ്ങളിലെ തൊഴിലാളികളില്‍ നിന്നു കിട്ടുന്നില്ല. പിന്നെ ആകെയുള്ള ഒരു ഗുണം ഇവിടത്തെ കുറെ ഗുണമില്ലാത്ത ജനങ്ങള്‍ അറബി നാടുകളിലെ മരുഭൂമിയാകുന്ന ചവറ്റുകുട്ടയില്‍ തള്ളപ്പെടുന്നു. ഗുണമില്ലാത്ത ജനങ്ങളായതിനാല്‍ അവര്‍ രാജ്യത്തില്‍ നിന്നു എത്രയും കുറയുന്നോ അത്രയും ഗുണമാണ് പോലും. റേഷനും, തൊഴില്ലിലായ്മ പെന്‍ഷനുമെങ്കിലും സര്‍ക്കാരിനു ലാഭികാമല്ലോയെന്ന്!. പിന്നെ കേരളം പോലൊരു ദരിദ്ര സംസ്ഥാനത്തിനു വിദ്യാസമ്പന്നരെ പോലും താങ്ങാന്‍ പറ്റാത്തതിനാല്‍ ചവറുകളുടെ ശതമാനം വളരെ കൂടുതലാണ് പോലും. എങ്ങനെ ഇരിക്കുന്നു സുഹൃത്തുക്കളെ നമ്മുടെ സര്‍ക്കാരിന്റെ പ്രധിനിധിയുടെ വാക്കുകള്‍..?

അതെ കയ്പ്പുള്ള യാഥാര്‍ത്യങ്ങള്‍ നാം ഇനിയെങ്കിലും മനസ്സിലാക്കണം. നമ്മുടെ സര്‍ക്കാരിന് ജി സി സി പ്രവാസിയെന്ന്! പറഞ്ഞാല്‍ ഇത്രയേയുള്ളു. കുറെ ചവറുകളെ നിക്ഷേപിക്കുന്ന ഒരു ചവറ്റുകുട്ട മാത്രമാണ് ജി സി സി രാജ്യങ്ങളെന്ന്! ചുരുക്കം.