Cricket
ഇന്ത്യയുടെ സ്വന്തം വന്‍ മതില്
കാണുന്നത് സ്വപ്നമാണോ എന്ന് സംശയിച്ചു പോയി .ജയ്പൂരിന്റെ ജേഴ്സിയില്‍ ബാറ്റ് ചെയ്യുന്ന ആ കളിക്കാരനെ കണ്ടപ്പോള്‍ .ക്രീസില്‍ നിന്നും ചാടിയിറങ്ങി പൂനെയുടെ സ്പിന്നറെ ഗാലറിയിലേക്ക് പായിക്കുന്ന ആ മനുഷ്യന് ഇന്ത്യയുടെ ജേഴ്സിയില്‍ വര്‍ഷങ്ങളോളം നിറഞ്ഞു നിന്ന അതെ കളിക്കാരന് തന്നെ ആയിരുന്നു
135 total views

കാണുന്നത് സ്വപ്നമാണോ എന്ന് സംശയിച്ചു പോയി .ജയ്പൂരിന്റെ ജേഴ്സിയില്‍ ബാറ്റ് ചെയ്യുന്ന ആ കളിക്കാരനെ കണ്ടപ്പോള്‍ .ക്രീസില്‍ നിന്നും ചാടിയിറങ്ങി പൂനെയുടെ സ്പിന്നറെ ഗാലറിയിലേക്ക് പായിക്കുന്ന ആ മനുഷ്യന് ഇന്ത്യയുടെ ജേഴ്സിയില്‍ വര്‍ഷങ്ങളോളം നിറഞ്ഞു നിന്ന അതെ കളിക്കാരന് തന്നെ ആയിരുന്നു .ഇന്ത്യയുടെ സ്വന്തം വന്‍ മതില് .ട്വെന്റി ട്വെന്റി എന്ന കുട്ടിക്രിക്കറ്റിന്റെ വേഗവുമായി അയാള്‍ സമരസപ്പെട്ടു കഴിഞ്ഞിരിക്കുന്നു .ഈ നാല്പതാം വയസ്സിലും അദ്ദേഹം ക്രിക്കറ്റ് എന്ന തന്നെ താനാക്കിയ ഗെയിമിനോടുള്ള ആവേശം നില നിര്‍ത്തുന്നു. രാഹുല്‍ ശരത് ദ്രാവിഡ് എന്ന പേരു ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു പക്ഷേ സചിന് ടെണ്ടുല്‍ക്കര്‍ എന്ന പേരിനെക്കാള്‍ ഉയരത്തില്‍ രേഖപ്പെടുത്തേടേണ്ടതാണു.എന്ത് കൊണ്ടാണു അങ്ങനെ സംഭവിക്കാത്തത് എന്ന് ചോദിച്ചാല്‍ എന്റെ പക്കല്‍ ക്യ്രത്യമായ ഒരു ഉത്തരമുണ്ട് .ദ്രാവിഡ് ഇത്രയും നാള് ചെയ്ത് കൊണ്ടിരുന്നത് നന്ദി കെട്ട ഒരു പണി ആയിരുന്നു. വിറകുവെട്ടികളുടെയും വെള്ളംകൊരികളുടെയും സ്ഥാനം എന്നും പടിക്ക് പുറത്താണ് .സൂപ്പര്‍ താരങ്ങളെ ആരാധിക്കുന്ന ആരാധകര്‍ ഒരു കൂട്ടം യഥാര്‍ത്ഥ പ്രതിഭകളെ തിരിച്ചറിയാതെ പോകുന്നു എന്നത് പച്ചയായ യാഥാര്‍ധ്യം മാത്രം. ക്രിക്കറ്റിന്റെ റെകോര്‍ഡ് പുസ്തകകങ്ങളില്‍ സ്ഥാനമില്ലെങ്കിലും കളി അറിഞ്ഞു കളി കാണുന്നവരുടെ മനസില്‍ അവര്‍ ക്ക് ഒരിക്ക്ലും മരണമില്ല.1996ല്‍ ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ അരങ്ങേറ്റം കുറിച്ച അന്നു മുതല്‍ ഓസ്ട്രേലിയയില്‍ വച്ചു തന്റെ അവസാനത്തെ ടെസ്റ്റ് കഴിച്ച് പാഡ് അഴിക്കുന്ന വരെ അയാള്‍ തികഞ്ഞ ടീം മാന്‍ ആയിരുന്നു.സ്വന്തം താല്പര്യങ്ങളെ ടീമിനു വേണ്ടി മാറ്റി വച്ച കളിക്കാരന് .എകദിന ടീമിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സൌരവ് ഗാംഗുലി എന്ന ക്യാപ്റ്റന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം എറ്റെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു മടിയും കൂടാതെ അയാള്‍ അതും ചെയ്തു.
രാഹുല്‍ ദ്രാവിഡ് , ഒരിക്കലും ക്രിക്കറ്റ് കമ്പക്കാര്‍ക്ക് രോമാഞ്ചം പകരുന്ന ഒരു പേരല്ല അതു.അയാള്‍ ക്രീസിലേക്കു നടന്നടുക്കുമ്പോള്‍ തന്നെ ബോറടിച്ചു തുടങ്ങുന്നവരാണു സാധാരണ ക്രിക്കറ്റ് പ്രേമികളിലധികവും . സച്ചിന് പുറത്താകുമ്പോള്‍ ടെലിവിഷന്‍ സെറ്റുകള്‍ ഓഫ് ചെയ്തിരുന്നവരുടെ എണ്ണം വളരെ കൂടുതലായിരുന്നു എങ്കില്‍ ദ്രാവിഡ് ക്രീസിലെത്തിയാല്‍ ചാനല്‍ മാറ്റുന്നവരുടെ എണ്ണം ഒട്ടും കുറവായിരുന്നില്ല . ഒന്നാന്തരം സ്ട്രോക്ക് പ്ളയേഴ്സ് അണിനിരന്നിരുന്ന ഇന്ത്യന്‍ ബാറ്റിംഗ് ലൈന്‍ അപ്പില്‍ ദ്രാവിഡിനു ആരാധകര്‍ കുറഞ്ഞതിനു അതിശയപ്പെടാനാവില്ലല്ലോ.അയാള്‍ ടെണ്ടുല്‍ക്കറിനെ പോലെ ഒരു ജീനിയസ് അല്ല,സെവാഗിനെ പോലെ അമാനുഷനല്ല,വി.വി.എസ് ലക്ഷ്മണിനെപോലെ റിസ്റ്റ് മാന്ത്രികന് അല്ല.പക്ഷേ അയാളില്ലാതെ ആ ലോകോത്തര ബാറ്റിംഗ് നിര പൂര്ണമായിരുന്നുമില്ല . എന്തായിരുന്നു രാഹുല്‍ ദ്രാവിഡ്.ഒരു ശരാശരി ക്രിക്കറ്റ് പ്രേമിക്ക് അയാളുടെ ബാറ്റിംഗ് ഒരു മനോഹരമായ കാഴ്ച ഒന്നുമല്ല.ടി-20 കത്തി നില്ക്കുന്ന ഈ കാലഘട്ടത്തില്‍ തികച്ചും ബോറിങ്ങ് എന്നു വിശേഷിക്കാവുന്ന ബാറ്റിംഗ്.ക്രിക്കറ്റ് ലോകം ഇന്നു വരെ കണ്ടിട്ടുള്ളതില്‍ വച്ച് എറ്റവും മികച്ച ടെക്നീഷ്യന് ആയിരുന്നു ഈ ബാംഗളൂര്കാരന് എന്നു കേള്‍ക്കുമ്പോള്‍ ചിലരുടെ നെറ്റി ചുളിഞ്ഞേക്കാം.അതായിരുന്നു ദ്രാവിഡ്.കിറുക്യ്രത്യമായ ഫുട് വര്‍ക്ക്,പന്തിന്റെ ലെങ്ങ്ത് പെട്ടെന്നു നിര്‍ണയിക്കാനുള്ള കഴിവ്,നല്ല ബോഡി ബാലന്‍സ്,വിദേശത്തുള്ള ബൌണ്‍സി ട്രാക്കുകളില്‍ സ്വിങ്ങിനേയും പേസിനേയും നേരിടാനുള്ള സാങ്കേതിക മികവ്,എല്ലാം തികഞ്ഞ കറകളഞ്ഞ ടെക്നീഷ്യന് ആയിരുന്നു അയാള്‍ .പെര്‍ഫെക്റ്റ് എന്ന ഒന്നു ലോകത്തില്‍ കാണാന്‍ സാധിക്കില്ല എങ്കിലും ദ്രാവിഡ് പൂര്ണതയൊട് വളരെ അടുത്തു നിന്നു.സാധാരണ ക്രിക്കറ്റ് പ്രേമികളെ ബോറടിപ്പിക്കുന്ന ആ മുട്ടലും തട്ടലും യഥാര്‍ത്ഥത്തില്‍ കളിയെ ഗൌരവമായി വിലയിരുത്തുന്ന ഒരാള്‍ക്ക് സാങ്കേതിക തികവിന്റെ പൂര്‍ണതയാണു. .1999 ഇല് ലോര്‍ഡ്സിലെ സ്വപ്നതുല്യമായ അരങ്ങേറ്റമാണു അദ്ദേഹത്തെ ശ്രദ്ധയില്‍ കൊണ്ട് വരുന്നതു.പിന്നീടയാള്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലായി മാറുന്ന കാഴ്ച്ചയാണു ലോകം കണ്ടത്.തന്റെ കുറവുകളെക്കുറിച്ച് അയാള്‍ പൂര്‍ണമായും ബോധവാനായിരുന്നു എന്നതാണു ദ്രാവിഡിന്റെ വിജയ രഹസ്യം .തന്റെ സ്വാഭാവിക പ്രതിഭയുടെ കുറവിനെ അയാള്‍ നിരന്തരമായ അധ്വാനം കൊണ്ട് മറികടന്നു.തനിക്കൊപ്പം ബാറ്റ് ചെയ്യുന്ന സ്ട്രോക്ക് പ്ളയേഴ്സിനെ കൂട്ടിയിണക്കുന്ന ഒരു കണ്ണിയായി അയാള്‍ മാറി.
വിദേശ പിച്ചുകളില്‍ മുട്ടിടിക്കുന്ന സാധാരണ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരില് നിന്നും വ്യത്യസ്തനായിരുന്നു ദ്രാവിഡ്.അയാളുടെ ഒന്നാന്തരം ബാക്ക് ഫുട്ട് ടെക്നിക് പെര്ത്തിലേയും ഡര് ബനിലെയും ബൌണ്‍സും ലോഡ്സിലെ സ്വിംഗും ഗലെയിലെ ടേണും മനോഹരമായി കൌണ്ടര്‍ ചെയ്യാന്‍ സഹായിച്ചു.പ്രതിരോധത്തിലൂന്നിയ ബാറ്റിംഗ് ശൈലി ആയിരുന്നു എന്നതു കൊണ്ട് മാത്രമല്ല,തകര്‍ച്ചകളില്‍ നിന്നു ടീമിന്റെ കരകയറ്റുന്ന പ്രകടനങ്ങങള് കൊണ്ടുകൂടിയാണു അദ്ദേഹത്തിനു ‘ദ വാള് ‘ എന്ന വിളിപ്പേരു കിട്ടിയതു.മിക്ക ലോകൊത്തര ബാറ്റ്സ്മാന്മാര്ക്കും ഒരു ട്രേഡ് മാര്‍ക്ക് ഷോട്ട് ഉണ്ടായിരിക്കും .ടെണ്ടുല്‍ക്കറിന്റെ കണിശതയുള്ള സ്ട്രൈയിറ്റ് ഡ്രൈവ്,സെവാഗിന്റെ അപ്പര്‍ കട്ട്,ഗാംഗുലിയുടെ മനോഹരമായ കവര്‍ ഡ്രൈവ്,ലക്ഷ്മണിന്റെ സൌന്ദര്യം വഴിഞ്ഞൊഴുകുന്ന ഓണ്‍ സൈഡ് ഫ്ളിക് ,റിക്കി പോണ്ടിങ്ങിന്റെ തകര്‍പ്പന്‍ പുള്‍ ഷോട്ട്,എന്നിങ്ങനെ അനവധി ഉദാഹരണങ്ങള്‍ .എന്നാല്‍ ദ്രാവിഡിനു ഒരു ട്രേഡ് മാര്‍ക് ഷോട്ട് ഉണ്ടായിരുന്നില്ല.സ്ക്വയര്‍ കട്ടുകളും കവര്‍ ഡ്രൈവുകളും ഒക്കെ അദ്ദേഹം നന്നായി കളിച്ചിരുന്നു എന്നു മാത്രം .വിദേശപര്യടനങ്ങളില്‍ വിജയിച്ചു തുടങ്ങിയ ഒരു ഇന്ത്യന്‍ ടീമിനെ വളര് ത്തിയെടുക്കുന്നതില് ഗാംഗുലിയോടോപ്പം തന്നെ ദ്രാവിഡും മുഖ്യ പങ്ക് വഹിച്ചു.2001 ഇല് കൊല്കത്തയില് ഇന്ത്യന്‍ ക്രിക്കറ്റിലെ എറ്റവും മഹത്തായ ഇതിഹാസം രചിച്ച കൂട്ടുകെട്ടിലെ പങ്കാളിത്തം ദ്രാവിഡിനെ ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ മുന്നണിപോരാളിയാക്കി മാറ്റി.തന്റെ പ്രിയപ്പെട്ട വണ്‍ ഡൌണ്‍ പൊസിഷന്‍ ലക്ഷ്മണു ഒഴിഞ്ഞു കൊടുത്ത ദ്രാവിഡ് ഒരറ്റം ഭദ്രമായി കാത്തു.ദ്രാവിഡ് സാക്ഷ്യം വഹിച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എറ്റവും മികച്ച ഒരിന്നിങ്സിനായിരുന്നു. വി.വി.എസ് ലക്ഷ്മണ് പിന്നീടു പറഞ്ഞു ,”ദ്രാവിഡില്ലായിരുന്നു എങ്കില്‍ ഈഡനിലെ ഇതിഹാസം സാധ്യമാകുമായിരുന്നില്ല”. എന്നിട്ടും എന്നും അവഗണനയായിരുന്നു ദ്രാവിഡിനു കിട്ടിയ പ്രതിഫലം .ലെജന്‍ഡ് എന്ന വിശേഷണം കല്പിച്ചു കൊടുക്കാന്‍ കളിയെഴുത്തുകാര്‍ക്കും വല്ലാത്ത മടി.പക്ഷേ ദ്രാവിഡ് തന്റെ അസാധാരണമായ ഇച്ഛാശക്തിയുടെ ബലത്തില്‍ മുന്നോട്ട് പോയി.വിദേശ പര്യടനങ്ങങ്ങളിലെ സ്ഥിരമായ മികച്ച പ്രകടനങ്ങള്‍ അയാളെ പതുക്കെ ടെണ്ടുല് ക്കറിന്റെ നിഴലില്‍ നിന്നും പുറത്തു കടത്തി.എകദിന മത്സരങ്ങളില്‍ ദ്രാവിഡിന്റെ മെല്ലെപോക്ക് തുടക്കത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു എങ്കിലും ദ്രാവിഡ് അതിനെയും അതിജീവിച്ചു. ലെജന്‍ഡ് എന്ന വിശേഷണം ഇന്നയാള് നേടിയെടുത്തിരിക്കുന്നു ,സ്വന്തം കഠിന പരിശ്രമത്തിന്റെ പിന്‍ബലം ഒന്ന് കൊണ്ട് മാത്രം .
ടെസ്റ്റില്‍ ഒന്നാം റാങ്ക് പദവി നേടിയ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു അയാള്‍ .2011 ഇല് ഇംഗ്ളണ്ട് പര്യടനത്തിനു പോയ ഇന്ത്യന്‍ ടീം 4 ടെസ്റ്റും തോറ്റ് തലകുനിച്ച് മടങ്ങി.അവിടെ 3 സെഞ്ച്വറിയുമായി ദ്രാവിഡ് തല ഉയര്‍ത്തിപ്പിടിച്ച് നിന്നു.ഇംഗ്ളീഷ് സാഹചര്യങ്ങളില്‍ സ്വിംഗ് ചെയ്യുന്ന പുതിയ പന്തിനെ നേരിടാന്‍ ഇന്ത്യയുടെ ഒരു കളിക്കാരനും ആയില്ല.ഒരു കളിക്കാരന്റെ ഫുട് വര്‍ക്ക് എറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുന്ന ഇംഗ്ളണ്ടിലെ ട്രാക്കുകളില്‍ സചിനും ലക്ഷ്മണും ഉള്‍പ്പെട്ട ലോകോത്തര ബാറ്റിംഗ് നിര വീണപ്പോള്‍ പരിശീലനം കൊണ്ട് മിനുക്കിയെടുത്ത തന്റെ സാങ്കേതിക മികവ് ദ്രാവിഡിനു അനുഗ്രഹമായി.ഇംഗ്ളണ്ട് പര്യടനം ഇന്ത്യയുടെ സുവര്‍ണ തലമുറയിലെ അവശേഷിക്കുന്ന 3 പേരുടെയും പടിയിറക്കത്തിന്റെ തുടക്കമാകുകയായിരുന്നു.2012 ഇല് ഓസ്ട്രേലിയന്‍ പര്യടനത്തില്‍ വീണ്ടും കഥ ആവര്‍ത്തിചു ,ഇത്തവണ അദ്ഭുതകരമാം വിധം ദ്രാവിഡും വീണു.പ്രായം തന്റെ റിഫ്ളക്സുകളെ തളര്‍ത്തി എന്നു തോന്നിപ്പിക്കുന്ന വിധം അയാള്‍ മിക്ക തവണയും ബൌള്‍ഡ് ആകുകയായിരുന്നു.എല്ലാവരും ഒരേ പോലെ പരാജയപ്പെട്ടെങ്കിലും വാള് മുന നീണ്ടതു ദ്രാവിഡിന്റെയും ലക്ഷ്മണിന്റെയും നേരെയായിരുന്നു.മുംബെയ് ലോബിയുടെ ശക്തമായ പിന്തുണ ഉള്ള സച്ചിനു നേരെ അധികം വിമര്‍ശനങ്ങള്‍ ഉയര്‍ന്നില്ല.ലക്ഷ്മണിന്റെതായിരിക്കും ആദ്യം ഉരുളുന്ന തല എന്ന് കരുതിയവരെ അദ്ഭുതപ്പെടുത്തി കൊണ്ട്ട് രാഹുല്‍ ദ്രാവിഡ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു. .കളിക്കളത്തിലും ജീവിതത്തിലും അടിമുടി മാന്യനായിരുന്നു രാഹുല്‍ ദ്രാവിഡ്.യുവതാരങ്ങള്‍ക്ക് മാത്ര്യകയാക്കാന്‍ പറ്റിയ ഒരു കരിയര്‍ വേറെ ഉണ്ടോ എന്നത് സംശയമാണു.വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്ക്കാന് എന്നും അദ്ദേഹം ശ്രദ്ധിച്ചിരുന്നു .
ദ്രാവിഡിന്റെ മികച്ച ഇന്നിംഗ്സുകള്‍ ഒരുപാട് ഉണ്ടെങ്കിലും പെട്ടെന്ന് ഓര്‍മയില്‍ ഓടിയെത്തുന്നത് ദക്ഷിണാഫ്രിക്കയിലെ ഒരു ടെസ്റ്റ് പരമ്പരയാണ് . കൊല്‍ക്കത്തയിലെ നിശബ്ദ സേവനത്തിനു മുന്നേ ദ്രാവിഡ് തന്റെ പ്രതിഭ തെളിയിച്ചിരുന്നു . 1997ല്‍ ജോഹന്നാസ് ബര്‍ഗിലെ ബൌണ്‍സി ട്രാക്കില്‍ അലന് ഡോണാള്‍ഡ് ,ഷോണ്‍ പൊള്ളോക്ക് ,ലാന്‍സ് ക്ളൂസ്നര്‍ ,മക് മില്ലന് എന്നിവരടങ്ങിയ ശക്തമായ പേസ് അറ്റാക്കിനെ നേരിട്ട് നേടിയ തകര്‍പ്പന്‍ സെഞ്ച്വറി സാങ്കേതിക തികവിന്റെ പ്രതിരൂപമായിരുന്നു .പന്ത് ലീവ് ചെയ്യുക എന്നതും ഒരു കലയാണെന്ന് ദ്രാവിഡ് നമ്മെ പഠിപ്പിച്ചു .ഫാസ്റ്റ് ബൌളിംഗിനെ വേഗതയുള്ള പിച്ചുകളില്‍ നേരിടാനുള്ള ചങ്കൂറ്റം അയാള്‍ അന്ന് കാണിച്ചു . ഡോണ്‍ ബ്രാഡ്മാന് ഒറേഷനെ അഭിസംബോധന ചെയ്യുന്ന ഓസ്ട്രേലിയക്കാരന് അല്ലാത്ത ആദ്യത്തെ വ്യക്തിയാണ് രാഹുല്‍ ദ്രാവിഡ് .
http://www.youtube.com/watch?feature=player_detailpage&v=mI1dTrpbTGc
ടെലിവിഷനില്‍ രാജസ്ഥാന് റോയല്‍സ് പൂനെയെ നേരിടുന്നു .ദ്രാവിഡ് മാറിയിരിക്കുന്നു കുറെയൊക്കെ .പണ്ടത്തെ സാങ്കേതിക മികവു ട്വെന്റി ട്വേന്റിക്ക് വേണ്ടി ബലി കഴിച്ച പോലെ .ടെസ്റ്റ് ക്രിക്കറ്റില്‍ തിളങ്ങി നിന്ന കാലത്ത് ഒരിക്കലും അയാളുടെ ബാറ്റില്‍ നിന്നും വരാതിരുന്ന ഷോട്ടുകള്‍ ഇപ്പോള്‍ സുലഭമാണ് .ഭംഗിയെക്കുറിചോന്നും ദ്രാവിഡ് ഇപ്പോള്‍ വേവലാതിപ്പെടുന്നില്ല . കാണികളുടെ ആരവം വീണ്ടും ടെലിവിഷനിലേക്ക് തന്നെ ശ്രദ്ധ എത്തിച്ചു .പന്ത് ബൌണ്ടറി കടക്കുകയാണ് .ആരാണ് ബാറ്റ് ചെയ്യുന്നത് എന്നറിയാന്‍ റീപ്ളെക്ക് കാത്തിരുന്നു .അശോക് ഡിന്‍ഡയുടെ ഓവര്‍ പിച്ച് ചെയ്ത പന്ത് ഫ്രണ്ട് ഫുട്ടില്‍ മനോഹരമായൊരു ഓഫ് ഡ്രൈവിലൂടെ അതിര്‍ത്തി കടത്തുന്നതു മറ്റാരുമല്ല ,രാഹുല്‍ ശരദ് ദ്രാവിഡ് .അയാള്‍ ഓര്‍മിപ്പിക്കുകയായിരുന്നോ ഒരു നിമിഷം .ക്ളാസ് എന്നും സ്ഥിരമായിരിക്കും ,ഫോം താല്ക്കാലികവും .
136 total views, 1 views today