ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ പദ്ധതി (മംഗള്യാന്) വിജയിച്ചതിനെകുറിച്ച് അമേരിക്കന്‍ പത്രമായ ദ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ വിവാദമാകുന്നു. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ചൊവ്വാ പര്യവേക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ ഇന്ത്യയെ വംശീയമായി അധിക്ഷേപിക്കുന്ന കാര്‍ട്ടൂണ്‍ പത്രം പ്രസിദ്ധീകരിച്ചതെന്നാണ് ആരോപണം. മംഗള്യാന് പകര്‍ത്തിയ ചൊവ്വയുടെ ചിത്രം ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐ.എസ്.ആര്.ഒ പുറത്തുവിട്ടതിന് പിന്നാലെയാണ് ന്യൂയോര്‍ക്ക് ടൈംസ് വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്.
കാര്‍ട്ടൂണ്‍ തങ്ങളുടെഎഫ്ബി പേജില്‍ ഇട്ടതിന് തൊട്ടു പിന്നാലെ പേജിലേക്ക് “തെറി” ഒഴുകാന്‍ തുടങ്ങി. ഇത്തവണയും “തെറി” മുന്നില്‍ നിന്ന് നയിച്ചത് മലയാളികള്‍ തന്നെ. പണ്ട് സച്ചിനെ അറിഞ്ഞുകൂടായെന്ന് ഷറപ്പോവ പറഞ്ഞപ്പോള്‍ ഇന്ത്യക്കാര്‍ ഷറപ്പോവയുടെ ഫേസ്ബുക്ക് പേജ് വലിച്ച് കീറിയിരുന്നു. ഇത്തവണ ന്യൂയോര്‍ക്ക് ടൈംസിനാണ് ലോട്ടറി അടിച്ചിരിക്കുന്നത്. മലയാളികള്‍ നയിക്കുന്ന ഇന്ത്യന്‍ സംഘം ഇപ്പോള്‍ അവര്‍ ഇടുന്ന ഓരോ പോസ്റ്റിനടിയിലും ചെന്ന് തെറി പറയുകയാണ്. (“ഷിഫ്റ്റ്” വച്ച് തെറി പറയുന്ന ടീംസ് വരെ രംഗത്ത് ഉണ്ട് എന്നും വാര്‍ത്തയുണ്ട്!!!)
തലപ്പാവ് ധരിച്ച ദരിദ്രകര്ഷകന് പശുവിനൊപ്പം എലീറ്റ് സ്പേസ് ക്ലബ്ബിന്റെ വാതിലില്‍ മുട്ടുന്ന കാര്‍ട്ടൂണ്‍ ആണ് ടൈംസ് പ്രസിദ്ധികരിച്ചത്. ക്ലബ്ബിനുള്ളിലുള്ളവര്‍ ഇന്ത്യയുടെ വിജയകരമായ ചൊവ്വാദൗത്യത്തെക്കുറിച്ചുള്ള വാര്ത്തവായിക്കുകയാണ്. അവരുടെ മുഖത്ത് ഇന്ത്യക്കാരന് വാതിലില്‍മുട്ടുന്നതിന്റെ അതൃപ്തി നിഴലിക്കുന്നുണ്ട്.ഇന്ത്യക്കാരന് പശുവിനെമേച്ചു നടക്കുന്ന അപരിഷ്കൃതനാണെന്ന പാശ്ചാത്യരുടെ പൊതുധാരണയാണ് കാര്‍ട്ടൂണിലുള്ളതെന്നാണ് വിമര്‍ശം. ഇന്ത്യപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദര്‍ശനവേളയിലാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കപ്പെട്ടതെന്നും ശ്രദ്ധേയമാണ്.
ലോകം മുഴുവന്‍ പ്രശംസിച്ച ഒരു ചൊവ്വാ ദൌത്യത്തെ അധിക്ഷേപിക്കുക മാത്രമല്ല, അതിലൂടെ മുഴുവന്‍ ഇന്ത്യാക്കാരെയുമാണ് അധിക്ഷേപിച്ചിരിക്കുന്നതെന്ന വാദം സോഷ്യല്‍ മീഡിയകളിലും മറ്റും പരക്കുന്നുണ്ട്.അതിന്റെ കൂടെ ഇപ്പോള്‍ തെറിയഭിഷേകവും തുടങ്ങി കഴിഞ്ഞു.
ഷറപ്പോവ മലയാളം മാത്രമേ പഠിച്ചുവെങ്കില്‍ ഇന്ത്യയിലെ മുഴുവന്‍ ഭാഷയും സ്വായത്തമാക്കാനുള്ള അപൂര്‍വ അവസരമാണ് ഈ വാര്‍ത്തയിലൂടെ ടൈംസ് നേടിയെടുത്തിരിക്കുന്നത് . ടൈംസ് നോക്കിയാല്‍ ഇന്ത്യയുടെ വിവിധ ഭാഗത്ത് ഉപയോഗിച്ച് പോരുന്ന വെറൈറ്റി തെറികള്‍ നമ്മുക്ക് പഠിക്കാം.