Narmam
ഇന്റര്‍വ്യൂ – ചോദ്യങ്ങളും ഉത്തരങ്ങളും, നര്‍മ്മത്തില്‍ ചാലിച്ചത്
ഇന്റര്‍വ്യൂ എന്താണെന്നും എങ്ങനെയാണെന്നും അറിയാത്തവരായി ആരും ഉണ്ടാവില്ല. ആയതിനാല്‍ അതെക്കുറിച്ച് ഒരു വിവരണം എഴുതി ആരുടെയും ക്ഷമ പരീക്ഷിക്കുന്നില്ല. അത് കൊണ്ട് നേരെ ചോദ്യോത്തരങ്ങളിലേക്ക് കടക്കാം.
214 total views, 1 views today
ഇന്റര്‍വ്യൂ എന്താണെന്നും എങ്ങനെയാണെന്നും അറിയാത്തവരായി ആരും ഉണ്ടാവില്ല. ആയതിനാല്‍ അതെക്കുറിച്ച് ഒരു വിവരണം എഴുതി ആരുടെയും ക്ഷമ പരീക്ഷിക്കുന്നില്ല. അത് കൊണ്ട് നേരെ ചോദ്യോത്തരങ്ങളിലേക്ക് കടക്കാം.
1) താങ്കളെക്കുറിച്ച് പറയൂ എന്നതായിരിക്കാം മിക്കവാറും ആദ്യത്തെയോ രണ്ടാമത്തെയോ ചോദ്യം
താങ്കളെക്കുറിച്ച് മാത്രം ഉത്തരം പറഞ്ഞാല്‍ മതി. അല്ലാതെ, പാടത്തു പണിയെടുക്കാന്‍ വരുന്ന കോത, കുറുമ്പ, കാളി എന്നിവരെക്കുറിച്ച് വാചാലനാവേണ്ടതില്ല. പിന്നെ, പണ്ട് മാവേല് വലിഞ്ഞു കയറിയതും പുളിയനുറുമ്പ് കടിച്ച് മാവേല് നിന്നും വീണു കൈയൊടിഞ്ഞതും, കുളത്തില്‍ ചാടി മറിഞ്ഞതിന് സര്‍ട്ടിഫിക്കറ്റ് കിട്ടിയതടക്കമുള്ള വീരകഥകളൊന്നും ഇവിടെ വിളമ്പാതിരിക്കാന്‍ ശ്രദ്ധിക്കുക.
എന്റെ മുഴുവന്‍ പേര് ഇതാണ്. ഇന്ന സ്ഥലത്ത് നിന്ന് വരുന്നു. ഇത്ര വരെ പഠിച്ചു. ഇത്ര മാര്‍ക്കോടെ പാസ്സായി. ഇത്ര വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ട് എന്ന് തുടങ്ങി പ്രധാനവും പ്രസക്തവും ഇന്റെര്‍വ്യൂ ബോര്‍ഡിനെ ഇമ്പ്രെസ്സ് ചെയ്യിക്കാവുന്നതുമായ കാര്യങ്ങള്‍ മാത്രം പറയുക.
2) ഇനിയുള്ള പ്രസക്തമായ ചോദ്യം താങ്കള്‍ എന്തുകൊണ്ട് പഴയ കമ്പനി വിടുന്നു എന്നതാവും.
അപ്പോള്‍ തന്നെ ചാടിക്കേറി ആ പൊട്ട കമ്പനിയില്‍ ആരെങ്കിലും വര്‍ക്ക് ചെയ്യോ. എന്റെ പട്ടിക്ക് വേണം അവന്റമ്മേടെ ജോലി. അത് വെറുമൊരു പീറക്കമ്പനി. അവനെന്താ എന്നെപ്പറ്റി വിചാരിച്ചത്?! ഞാന്‍ മാസ്റ്റര്‍ ഡിഗ്രിയും കൊണ്ടാ നടക്കുന്നത്. ഹാ……എനിക്കാ ജോലി തീരെ ഇഷ്ടല്ലായിരുന്നു. പിന്നെ പാവങ്ങളല്ലേ എന്റെ ബുദ്ധി കൊണ്ട് ഒന്ന് സഹായിക്കാം എന്ന് വെച്ചപ്പോ അവന്റെയൊരു……..
അടങ്ങ് അടങ്ങ്…….
ഇതല്ല മുന്നിലിരിക്കുന്നവരോട് പറയേണ്ടത്.
പകരം ഇങ്ങനെ പറയണം. വളരെ നല്ല കമ്പനിയാണത് എനിക്കാ കമ്പനി വിടാന്‍ ഒട്ടും താല്പര്യമില്ല. (പറയാന്‍ വിഷമം തോന്നുന്നുണ്ടല്ലേ? അങ്ങ് പറയൂന്നേയ്…ഒരു നല്ല കാര്യത്തിനല്ലേ..). പിന്നെ നിങ്ങള്‍ വിളിച്ചപ്പോള്‍ എല്ലാ പ്രോഫെഷനല്സിനെയും പോലെ, കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഉള്ള, കൂടുതല്‍ സാധ്യതകള്‍ ഉള്ള ഒരു മേഖല എന്ന നിലക്കും, നിങ്ങളുടെ കമ്പനിയില്‍ ചേര്‍ന്നാല്‍ വളരെ നല്ല ഒരു ഭാവി ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നത് കൊണ്ടുമാണ് ആ കമ്പനി വിടാന്‍ തയാറാവുന്നത്.
3) മറ്റൊരു പ്രസക്തമായ ചോദ്യം ആ കമ്പനിയില്‍ എന്തായിരുന്നു ചെയ്തിരുന്നത് എന്നായിരിക്കും?
ആ കമ്പനിയില്‍ ഞാന്‍ ഉറങ്ങുകയായിരുന്നു, സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ ചര്ച്ചയിട്ടവരെയൊക്കെ തെറി എഴുതിപ്പിടിപ്പിക്കുകയായിരുന്നു എന്നൊക്കെയായിരിക്കും നിങ്ങള്‍ നിഷ്കളങ്കതയോടെ പറയാന്‍ പോകുന്നത്. അത് വേണ്ട, സത്യം പറയാം. പക്ഷെ അങ്ങനെ നേരെ ചൊവ്വേയൊന്നും സത്യം പറയണ്ട.
പകരം ഇങ്ങനെ പറയണം – വളരെ ഗൌരവമേറിയ പല ഉത്തരവാദിത്തങ്ങള്‍ തന്റെ ചുമലിലായിരുന്നുവെന്നും അതെല്ലാം പേറി തന്റെ ചുമല് ഒടിഞ്ഞു പോയി എന്നുമൊക്കെ….
അതെങ്ങനെ പറയും?.
സിമ്പിള്‍!!
മിക്കവാറും ഞാന്‍ ഞങ്ങളുടെ ചര്‍ച്ചകളില്‍ പങ്കെടുക്കും (ഇപ്പൊ സോഷ്യല്‍ നെറ്റ് വര്‍ക്ക് ചര്‍ച്ച വന്നു). പിന്നെ വളരെ തന്ത്രപ്രധാന നയങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിക്കും (അതെ തന്ത്രപ്രധാന തെറികള്‍). പിന്നീട് അത് നടപ്പിലാക്കും (അതെ അത് തന്നെ – ഡിസ്കഷന് പൂട്ടിക്കും).
പിന്നെ മറ്റുള്ളവരെ എല്ലാം സൂപ്പര്‍വൈസ് ചെയ്യും. പക്ഷെ, ഞാന്‍ മിക്കവാറും എന്റെ അസിസ്റ്റന്റിനെയാണ് വിടാറുള്ളത്. ഞാന്‍ എന്റെ ഓഫീസ് റൂമില്‍ ഇരുന്ന് ഭാവി പരിപാടികള്‍ പ്ലാന്‍ ചെയ്യും (ഓഫിസ് റൂമില്‍ ഉറങ്ങുമ്പോള്‍ സ്വപ്നം കാണാറുള്ളത് എത്ര ഭംഗിയായി അവതരിപ്പിച്ചു).
4) ഇനിയുള്ള പ്രധാന ചോദ്യം മറ്റൊന്നുമല്ല….. നിങ്ങള്‍ക്കെന്തെങ്കിലും ചോദിക്കാനുണ്ടോ എന്നതായിരിക്കും?
എടുത്തു ചാടി ഇവിടെ ഉച്ചക്ക് എത്ര മണിക്കൂര്‍ ലഞ്ച് ടൈം ഉണ്ട്? അടുത്തെവിടെയെങ്കിലും ബിരിയാണി കിട്ടുന്ന ഹോട്ടല്‍ ഉണ്ടോ? കമ്പ്യൂട്ടറില്‍ ഇന്റര്‍നെറ്റ് കണക്ഷന് ഉണ്ടല്ലോ അല്ലെ?. ഫേസ്ബുക്കും യൂ ടുബും, മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ബ്ലോക്ക് ചെയ്തിട്ടില്ലല്ലോ അല്ലെ? എന്നൊന്നും ചോദിക്കാന്‍ നില്‍ക്കണ്ട.
എന്തായിരിക്കും എന്റെ ഇവിടുത്തെ റോള്‍. താന്‍ ആര്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്യുക. ആരാണ് തന്റെ തൊട്ടു മേലെ. എങ്ങനെയാണ് കമ്പനിയുടെ ഹൈറാര്‍ക്കി എന്നൊക്കെ ചോദിക്കാം. കമ്പനിയുടെ വെബ്സൈറ്റ് താന്‍ വിസിറ്റ് ചെയ്തതില്‍ നിന്നും ഒരു പാട് മനസ്സിലാക്കിയിട്ടുണ്ടെന്നും അത് കൊണ്ട് കൂടുതല്‍ ഒന്നും (കാര്യമായി ഒന്നും ചോദിക്കാനില്ലെങ്കില്‍) ചോദിക്കുന്നില്ലെന്നും പറയണം.
5) ഇനിയുള്ള ചോദ്യമാണ് നിങ്ങളെ ശരിക്കും കുഴക്കുക – എന്താണ് നിങ്ങള്‍ ശമ്പളമായി പ്രതീക്ഷിക്കുന്നത്?
ഈ ചോദ്യം കേട്ട പാടെ പടച്ചോനെ ഇയാള്‍ എന്തും തരാന്‍ തയാറാണല്ലോ എന്ന് തോന്നിയേക്കാം. അത് തോന്നല്‍ മാത്രമാണ്. വെറുതെ വായ വല്ലാതെ പൊളിച്ചു കാണിക്കണ്ട. അയാള്‍ നിങ്ങളെ പൊക്കിയിടാന്‍ പോവുകയാണ്. കസേരയില്‍ ശരിക്കും പിടിച്ചിരുന്നോണം. എന്നിട്ട് പറഞ്ഞു തുടങ്ങണം. മാര്‍ക്കറ്റ് സാലറി അനുസരിച്ച്- എന്റെ എക്സ്പീരിയന്‍സും(അതെ പണ്ട് പോലീസ് ഓടിച്ചപ്പോള്‍ മതില് ചാടി ഓടിയ എക്സ്പീരിയന്‍സ്) ക്വാളിഫിക്കേഷനും അനുസരിച്ച് ഞാന്‍ ഏകദേശം ഒരു അമ്പത് ശതമാനം ഹൈക് പ്രതീക്ഷിക്കുന്നു.
ഈ ഹൈക് അയാളെ ഷൈക്ക് ചെയ്തേക്കാം. നെവര്‍ മൈന്‍ഡ്!!
ഇനി അയാള്‍ പറഞ്ഞു തുടങ്ങും. താങ്കളുടെ പ്രതീക്ഷ സ്ഥാനത്താണോ അസ്ഥാനത്താണോ എന്നാണ് ഇനി താങ്കള്‍ കേള്‍ക്കാന്‍ പോകുന്നത്. അതും കേട്ടിരുന്നോ…….അയാള്‍ അമ്പത് ശതമാനത്തിന് നൂറു ശതമാനം ഡിസ്ക്കൌണ്ട് ചോദിച്ചാല്‍ പിന്നെ അവിടെ ഇരുന്നേക്കരുത്?
മെല്ലെ എഴുന്നേറ്റ് അയാളുടെ കൈയൊക്കെ ഒന്ന് കുലുക്കിക്കൊടുത്ത് സ്ലോ മോഷനില്‍ പടിയിറങ്ങിക്കോണം. അതല്ല, അവിടെയെങ്ങാന്‍ ഇരുന്നാല്‍ എന്റെ മോനെ നീ ഒരിക്കലും തിരിച്ചു കിട്ടാത്ത രണ്ടു കാര്യങ്ങള്‍ കൊണ്ടാണ് കളിക്കാന്‍ പോകുന്നത് എന്ന് മനസ്സിലാക്കുക.
ഒന്ന് സമയം.
മറ്റൊന്ന് അന്നത്തെ അസ്തമയം (അതെ നീ നേരം ഇരുട്ടുന്നത് വരെ ഉരുണ്ടാലും അയാള്‍ ഉണരാന്‍ പോകുന്നില്ല).
*********************
വാല്‍ക്കഷ്ണം
ലോകത്തിന്റെ ഏതെങ്കിലും കോണില്‍ നിങ്ങള്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ പോവുകയാണെങ്കില്‍ ശ്രദ്ധിക്കേണ്ട ഒരേ ഒരു കാര്യം എന്റെ അനുഭവം വെച്ച് ഞാന്‍ നിങ്ങളോട് പറയാം…
ആ ഇന്റര്‍വ്യൂ ഒരു കാരണവശാലും താഴെപറയുന്ന രണ്ടു കൂട്ടരുമായിട്ടാവരുത്.
ഒന്ന് പഞ്ചാബികള്‍ ( അതെ മ്മടെ സിക്കുക്കാര്‍ തന്നെ)
മറ്റൊന്ന് ബോറികള്‍ ( മുംബൈയിലും മറ്റു ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കാണപ്പെടുന്ന ഒരു കൂട്ടം ഷിയാ മുസ്ലിംകള്)
രണ്ടു കൂട്ടരേയും തിരിച്ചറിയാനും എളുപ്പമാണ്. ബോറികള്ക്ക് തലയില്‍ തൊപ്പി കാണും. സിക്കുകാരുടെ തലയില്‍ എന്താണുള്ളതെന്ന് എല്ലാവര്ക്കും അറിയാവുന്നതാണല്ലോ! ബല്ലേ ബല്ലേ…
ഇവരുമായി ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാം – നിങ്ങള്‍ നിലവിലെ ശമ്പളത്തിന്റെ പകുതി ശമ്പളത്തിന് ജോലി ചെയ്യാന്‍ തയാറാണെങ്കില്‍.!! നിങ്ങള്‍ തയാറല്ലെങ്കില്‍ അവര്‍ പറയുന്ന ഒരു വാചകമുണ്ട് (പയങ്കര ഭുത്തി പ്രയോഗിക്കുകയാണ്). “ഞങ്ങള്‍ക്ക് ഒരു കഴുതയെയാണ് വേണ്ടത്, ജന്മം കൊണ്ട് നിങ്ങള്‍ ഒരു കുതിരയാണ്. ഇനിയിപ്പോ എന്ത് ചെയ്യും. കഴുതക്ക് കൊടുക്കുന്ന ശമ്പളമേ തരാന്‍ പറ്റൂ..”
അപ്പോള്‍ നിങ്ങള്‍ ചിന്തിച്ചേക്കാം. ഞാന്‍ കുതിരയാണെന്ന് അറിഞ്ഞിട്ട് പിന്നെന്തിനാണ് ഈ കഴുത എന്നെ ഇന്റര്‍വ്യൂവിനു വിളിച്ചത്? ഉത്തരം കിട്ടാത്ത ചോദ്യമാണിത്. ചോദിച്ചു കൊണ്ടെയിരിക്കുക….എന്നെങ്കിലും ഉത്തരം കിട്ടുമെന്ന പ്രതീക്ഷയോടെ…
എല്ലാവര്ക്കും വിജയാശംസകള്‍ നേരുന്നു..
-ശുഭം-
215 total views, 2 views today