ഇരുമ്പ് വെള്ളത്തിനോട് ചെയ്യുന്നത്:

Sujith Kumar (സോഷ്യൽ മീഡിയയിൽ എഴുതിയത് )

പണ്ട് സ്കൂൾ വിട്ട്‌ നടന്നു വരുമ്പോൾ വഴിയിലെ ഹാൻഡ് പമ്പൊക്കെയുള്ള കുഴൽ കിണറിൽ നിന്ന് വെള്ളം കുടിക്കുന്നത് ഒരു ശീലമായിരുന്നു. കുഴൽ കിണറൊന്നും അത്രയ്ക്ക് വ്യാപകമല്ലാതിരുന്ന അക്കാലത്ത് ഹാൻഡ് പമ്പിന്റെ ലിവറിന്റെ അത്രപോലും ഉയരമില്ലാത്ത ഞങ്ങൾക്ക് അതിൽ ഊഞ്ഞാലാടി വെള്ളം പമ്പ് ചെയ്തെടുത്ത് കുടിക്കുന്നതിൽ ഒരു പ്രത്യേക രസം ഉണ്ടായിരുന്നു. എത്ര കുടിച്ചാലും ദാഹം മാറാത്ത ഇരുമ്പ് ചുവയുള്ള വെള്ളം ആയിരുന്നു ആ കിണറിൽ നിന്ന് വന്നിരുന്നത്. അന്ന് എല്ലാവരും പറഞ്ഞിരുന്നത് കുഴൽ കിണറിലെ ഇരുമ്പ് കുഴൽ ആയതുകൊണ്ട് ആണ്‌ വെള്ലത്തിന്‌ ഇരുമ്പ് ചുവ എന്നാണ്‌. അത് ശരിയാണെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു. കാലങ്ങൾ മാറി ഇപ്പോൾ കുഴൽ കിണറുകൾക്കൊന്നും ഇരുമ്പ് പൈപ്പുകൾ ഉപയോഗിക്കാറില്ല. പക്ഷേ കുഴൽ കിണറിലെ വെള്ളത്തിൽ ഇരുമ്പ് ചുവ മാത്രം മാറിയിട്ടില്ല. മിക്ക കുഴൽ കിണറുകളിലെയും വെള്ളത്തിന്‌ സാധാരണ കിണറുകളിലെ വെള്ളത്തിനെ അപേക്ഷിച്ച് രുചിയിലും മണത്തിലുമെല്ലാം വ്യത്യാസം ഉണ്ടായിരിക്കും. എന്തുകൊണ്ടാണ്‌ ഇത്? ഇതിനൊരു പ്രതിവിധിയുണ്ടോ?

ഭൂമിയിൽ ഏറ്റവും സുലഭമായി കാണപ്പെടുന്ന മൂലകങ്ങളിൽ നാലാം സ്ഥാനത്തുള്ളതാണ്‌ ഇരുമ്പ്. വളരെ ക്രിയാശീലമുള്ള ലോഹങ്ങളിൽ ഒന്നായതിനാൽ ഇരുമ്പ് സ്വതന്ത്ര രൂപത്തിനപ്പുറമായി മറ്റ് മൂലകങ്ങളുമായുള്ള സംയുക്തങ്ങൾ ആയാണ്‌ കാണപ്പെടുന്നത്. വെള്ളത്തിലെ ഓക്സിജനും ഇരുമ്പും തമ്മിൽ വലരെ സ്നേഹത്തിൽ ആയതിനാൽ അവർ കൂട്ടൂകൂടി ഫെറിക് ഹൈഡ്രോക്സൈഡ്, ഫെറസ് ഹൈഡ്രോക്സൈഡ് തുടങ്ങിയ സംയുക്തങ്ങൾ ഉണ്ടാക്കുന്നു. ഇതിൽ ഫെറിക് ഹൈഡ്രോക്സൈഡ് വെള്ളത്തിൽ അലിഞ്ഞ് ചേരാത്ത ചെങ്കൽ നിറമുള്ളതായതിനാൽ ഫെറിക് ഹൈഡ്രോക്സൈഡ് കൂടുതലായുള്ള വെള്ളം കലങ്ങിയതായി കാണപ്പെടൂന്നു. പക്ഷേ ഫെറസ് ഹൈഡ്രോക്സൈഡ് അങ്ങനെയല്ല. അതിനു പ്രത്യേകിച്ച് നിറമൊന്നുമില്ലാതെ വെള്ളത്തിൽ അലിഞ്ഞ് ചേർന്ന് കാണപ്പെടുന്നു. ഇരുമ്പിനോടൊപ്പം തന്നെ പലയിടത്തും കാണപ്പെടുന്ന മറ്റൊരു ലോഹമാണ്‌ മാംഗനീസ്. മാംഗനീസും വിവിധ സംയുക്തങ്ങളുടെ രൂപത്തിലാണ്‌ വെള്ളത്തിൽ കാണപ്പെടുന്നത്. ഇത്തരത്തിലുള്ള അയേൺ – മാംഗനീസ് സംയുക്തങ്ങൾ എല്ലാ വെള്ളത്തിലും ഏറിയും കുറഞ്ഞുമൊക്കെ ഉണ്ടാകുമെങ്കിലും ഇവമൂലം സാന്ദ്രത കൂടുന്ന ജലം ഭൂഗർഭ ജലവിതാനത്തിന്റെ താഴെ തട്ടിലേക്ക് സ്വാഭാവികമായും അടിഞ്ഞ് കൂടുന്നു. അതുകൊണ്ട്‌ വളരെ ആഴത്തിലുള്ള കുഴൽ കിണറുകളിൽ നിന്നും മറ്റും ലഭിക്കുന്ന ഭൂഗർഭ ജലത്തിൽ ഇരുമ്പിന്റെയും മറ്റ് ലവണങ്ങളുടെയും അംശം കൂടുതലായിരിക്കും.

🌑ഇരുമ്പിന്റെ അംശം എങ്ങിനെ പരിശോധിക്കാം?
വെള്ളത്തിലെ ഇരുമ്പിന്റെ അംശം എത്രയാണെന്ന് കണ്ടുപിടീക്കാനൂള്ള ടെസ്റ്റ് കിറ്റുകൾ ലഭ്യമാണ്‌. ഒന്നോ രണ്ടോ തവണ പരിശോധിക്കുന്നതിനായി ഇത് വാങ്ങി വയ്ക്കുന്നത് ഗുണകരമാകില്ല. അതിനാൽ ഏതെങ്കിലും നല്ല വാട്ടർ ടെസ്റ്റിംഗ് ലബോറട്ടറികളിൽ പരിശോധനയ്ക്ക് നൽകുന്നതായിരിക്കും കൂടുതൽ നല്ലത്.

🌑 കുടീവെള്ലത്തിൽ ഇരുമ്പുള്ളതുകൊണ്ട് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ?
നമ്മുടെ ശരീരത്തിന്‌ അത്യാവശ്യമൂള്ള ഒരു മൂലകം ആണ്‌ ഇരുമ്പ്. അത് നമ്മൾ കഴിക്കുന്ന ആഹാരത്തിൽ നിന്നും വെള്ളത്തിൽ നിന്നുമൊക്കെ ആവശ്യമായ അളവിൽ ശരീരം ആഗിരണം ചെയ്യുന്നു. അതുകൊണ്ട് ഇരുമ്പ് അടങ്ങിയ വെള്ളം കുടിക്കുന്നതുകൊണ്ട് സാധാരണഗതിയിൽ പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകുന്നില്ല. വൃക്കരോഗികൾ , കരൾ രോഗികൾ തുടങ്ങിയവർക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് ഡോക്ടർമ്മാർ പറയും.

🌑 ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ പിന്നെ എന്താണ്‌ ഇരുമ്പ് വെള്ളത്തിൽ ഉള്ലതുകൊണ്ടുള്ള കുഴപ്പം?
ഇരുമ്പിന്റെ അംശം വെള്ളത്തിൽ കൂടുതലായി ഉണ്ടായാൽ പ്രത്യക്ഷത്തിൽ തന്നെ വെള്ളത്തിനു രുചിയിലും മണത്തിലും വ്യത്യാസം അനുഭവപ്പെടും. വെള്ളം വായിൽ ഒഴിക്കുമ്പോൾ തന്നെ ലോഹത്തിന്റെ രുചി അറിയാനാകും. അതുപോലെ ഇരുമ്പിന്റെ അംശം കൂടുതൽ ഉള്ള വെള്ളത്തിൽ വസ്ത്രങ്ങളും മറ്റും കഴുകുമ്പോൾ അവയുടെ നിറം മങ്ങാൻ ഇടയാകുന്നു. അതുപോലെ പൈപ്പുകൾ , ടൈലുകൾ, സാനിറ്ററി വെയേഴ്സ് തുടങ്ങിയവയിൽ ഇരുമ്പ് കറ പിടിച്ച് നിറം മങ്ങുന്നതിന്‌ ഇടയാകുന്നു. അതുപോലെ ചില പ്രത്യക തരം ബാക്റ്റീരിയകൾ വെള്ളത്തിലെ ഇരുമ്പുമായി പ്രവർത്തിച്ച് മഞ്ഞ നിറമുള്ള ഒരു കൊഴുത്ത ദ്രവപദാർത്ഥമാക്കി മാറ്റി പ്രതലങ്ങളെ അഴുക്ക് പിടിപ്പിക്കുന്നു.

🌑 വെള്ളത്തിൽ ഇരുമ്പിന്റെ അംശം എത്ര ശതമാനമാകാം?
ഇരുമ്പിന്റെ അംശം അല്പം കൂടുതലായാലും കുഴപ്പമൊന്നുമില്ല എങ്കിലും 0.3 mg/ l ൽ കൂടുതൽ ആയാൽ വസ്ത്രങ്ങളുടെ നിറം മാറ്റുകയും കറപിടിപ്പിക്കുകയുമൊക്കെ ചെയ്യും. അതുകൊണ്ട് ഈ റേറ്റിൽ കൂടുതൽ ആയാൽ അനുയോജ്യമായ ഫിൽട്ടറുകളും മറ്റും ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

🌑 വെള്ളത്തിൽ നിന്ന് ഇരുമ്പിനെ എങ്ങിനെ നീക്കം ചെയ്യാം?
പ്രധാനമായും ഫെറിക് സംയുക്തങ്ങളുടെ രൂപത്തിലും ഫെറസ് സംയുക്തങ്ങളുടെ രൂപത്തിലുമാണ്‌ ഇരുമ്പ് കണ്ടു വരുന്നതെന്ന് പറഞ്ഞല്ലോ. ഇതിൽ പ്രത്യക്ഷത്തിൽ തന്നെ വെള്ളത്തിന്റെ നിറം നോക്കി മനസ്സിലാക്കാവുന്ന ഫെറിക് രൂപത്തിലുള്ള ഇരുമ്പ് ആണ്‌ വെള്ളത്തിലുള്ളതെങ്കിൽ അതിനെ താരതമ്യേന എളുപ്പത്തിൽ നീക്കം ചെയ്യാവുന്നതാണ്‌. ലളിതമായ സാൻഡ് ഫിൽട്ടറുകൾ ഉപയോഗിച്ച് ഇത്തരത്തിലുള്ള ഇരുമ്പിന്റെ അംശം വളരെ എളുപ്പത്തിൽ നീക്കം ചെയ്യാവുന്നതാണ്‌. പക്ഷേ പൊതുവേ കുഴൽ കിണറുകളീലെല്ലാം രണ്ടാമത് പറഞ്ഞ ഫെറസ് സംയുക്തങ്ങളുടെ രൂപത്തിലായിരിക്കും ഇരുമ്പിന്റെ അംശം കൂടുതലായി കണ്ടുവരുന്നത്. അതായത് വെള്ളം കാഴ്ച്ചയിൽ നന്നായി തെളിഞ്ഞിരിക്കുകയും ടാങ്കിലോ പാത്രത്തിലോ മറ്റോ‌ എടുത്ത് വച്ചാൽ കുറച്ച് നേരം കഴിയുമ്പോഴേയ്ക്കും മഞ്ഞ നിറത്തിലുള്ള കലക്കവെള്ളം പോലെ മാറുന്നതുമായി കണ്ടാൽ അതിൽ ഇരുമ്പ് ഉള്ളത് ഫെറസ് സംയുക്തങ്ങളുടെ രൂപത്തിലാണെന്ന് കാണാം. ഫെറസ് സംയുക്തങ്ങൾ വായുവിലുള്ള ഓക്സിജനുമായി ചേർന്ന് ഫെറിക് സംയുക്തങ്ങളായി മാറുന്നതുകൊണ്ടാണ്‌ ഈ നിറവ്യത്യാസം കാണുന്നത്. ഇത്തരത്തിൽ ഫെറസ് ഹൈഡ്രോക്സൈഡും മറ്റും ഓക്സിജനുമായി പ്രവർത്തിച്ച് ഫെറിക് ഹൈഡ്രോക്സൈഡ് ആയി മാറിയാൽ പിന്നെ അതിനെ നീക്കം ചെയ്യുക വളരെ എളുപ്പമാണ്‌. നേരത്തേ‌ പറഞ്ഞ സാൻഡ് ഫിൽട്ടറുകൾ ഉപയോഗിച്ചാൽ മതി. പക്ഷേ ഈ ഫെറസ് സംയുക്തങ്ങൾ അങ്ങനെ എളുപ്പത്തിൽ ഫെറിക് സംയുക്തങ്ങൾ ആയി മാറണമെന്നില്ല. അത് വെള്ളത്തിന്റെ പി എച് വാല്യു, ഓക്സിജനുമായി ബന്ധപ്പെടാനുള്ള അവസരം എന്നിവയെയൊക്കെ ആശ്രയിച്ചിരിക്കുന്നു. ഇതനുസരിച്ച് വിവിധ ഘട്ടങ്ങളിലായി ഫെറസ് / ഫെറിക് സംയുക്തങ്ങളെ വെള്ലത്തിൽ നിന്ന് അരിച്ച് മാറ്റാം.

🌑 എയറേഷൻ : ഇതിനായി ഉപയോഗിക്കുന്ന എറ്റവും ലളിതമായ മാർഗ്ഗം ആണ്‌ ജലധാരകളുടെ രൂപത്തിൽ വെള്ളത്തെ വായുവുമായി സമ്പർക്കത്തിൽ വരുത്തുക. മറ്റൊരു മാർഗ്ഗം എയർ പമ്പുകൾ ഉപയോഗിക്കുന്നത്. ഏറ്റവും ചെലവ് കുറഞ്ഞതും ഫലപ്രദവുമായ മാർഗ്ഗം ആയതിനാൽ തട്ട് തട്ടായ പ്രതലങ്ങളിലൂടെ വെള്ളത്തെ ഒഴുക്കിക്കൊണ്ടുള്ള കാസ്കേഡ് എയറേറ്ററുകളൊക്കെയാണ്‌ വലിയ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളിൽ ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള എയറേഷൻ കൊണ്ട് ഇരുമ്പ് മാത്രമല്ല ഹൈഡ്രജൻ സൾഫൈഡ് പോലെയുള്ള വാതകങ്ങളും മറ്റും വെള്ളത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നു.

🌑 കാറ്റലിക് ഓക്സിഡേഷൻ : ഫെറസ് അയേൺ സംയുക്തങ്ങൾ ഓക്സിജനുമായി ചേർന്ന് അരിച്ച് മാറ്റാൻ എളുപ്പമായ ഫെറിക് അയേൺ സംയുക്തങ്ങൾ ആയി മാറുന്നത് ഒരു രാസപ്രവർത്തനമാണ്‌. ഈ രാസപ്രവർത്തനത്തിന്റെ വേഗത എങ്ങനെയെങ്കിലും വർദ്ധിപ്പിക്കാൻ കഴിഞ്ഞാൽ നമ്മുടെ ഫിൽട്ടറേഷന്റെ നിരക്കും അതനുസരിച്ച് കൂടുന്നു. “സ്വയം രാസമാറ്റത്തിനു വിധേയമാകാതെ ഒരു രാസപ്രവർത്തനത്തിന്റെ വേഗതയെ സ്വാധീനിക്കുന്ന വസ്തുക്കളെ ഉൾപ്രേരകങ്ങൾ അഥവാ കാറ്റലിസ്റ്റുകൾ എന്ന് വിളിക്കുന്നു” . ഇത് നമ്മൾ സ്കൂളിലെ കെമിസ്ട്രി ക്ലാസിൽ പഠിച്ചതാണല്ലോ. അങ്ങനെ ഫെറസ് അയേണിന്റെ ഓക്സിഡേഷന്റെ തോത് വർദ്ധിപ്പിക്കാനായി ഒരു ഉൾപ്രേരകം ഉപയോഗിച്ചാൽ ഫിൽട്ടറേഷൻ വളരെ വേഗത്തിലും ഫലപ്രദവുമായി നടത്താൻ കഴിയുന്നു. ഇത്തരത്തിലുള്ള പ്രധാനപ്പെട്ട ഒരു ഉൾപ്രേരകം ആണ്‌ മാംഗനീസ് ഡയഓക്സൈഡ് (MnO2). വെള്ളത്തെ മാംഗനീസ് ഡയോക്സൈഡിലൂടെ കടത്തി വിട്ടാൽ ഫെറസ് അയേൺ ഓക്സിഡൈസ് ചെയ്ത് ഫെറിക് അയേൺ ആയി മാറുന്ന പ്രവർത്തനം വളരെ വേഗത്തിൽ നടക്കുന്നു. അങ്ങനെ പിന്നീട് ഈ ഫെറിക് അയേണിനെ അരിച്ച് മാറ്റിയാൽ മതി. വിവിധ കമ്പനികൾ ഇതുപോലെ കാറ്റലിക് ഓക്സിഡേഷൻ നടത്താനായി അവരവരുടേതായ ബ്രാൻഡുകളിൽ മാംഗനീസ് ഡയോക്സൈഡ് പോലെയുള്ള കാറ്റലിസ്റ്റുകൾ മണൽ തരികളിലും മറ്റും ആവരണമായി ഉണ്ടാക്കിയും മറ്റ് ബൈൻഡിംഗ് പദാർത്ഥങ്ങളുമായി കൂട്ടിച്ചേർത്തുള്ള തരികൾ ആയുമെല്ലാം പുറത്തിറക്കിയിട്ടുണ്ട്. Katalox Light, Birm, Purolite , Pro-OX, Pyrolox, Greensand തുടങ്ങിയവയൊക്കെ ഉദാഹരണങ്ങളാണ്‌.

🌑 അയോൺ എക്സ്ചേഞ്ച് – അയണീകരിക്കപ്പെട്ട പദാർത്ഥങ്ങളിലൂടെ വെള്ളത്തെ കടത്തി വിട്ട് വെള്ളത്തിൽ അലിഞ്ഞ് ചേർന്നിട്ടുള്ള ഫെറസ് ഹൈഡ്രോക്സൈഡിലെ ഇരുമ്പിനെ മാറ്റി അവിടെ സോഡിയത്തെ പ്രതിഷ്ടിയ്ക്കുന്ന അയോൺ എക്സ്ചേഞ്ച് പ്രക്രിയയും ഇരുമ്പിനെയും മറ്റ് ലോഹങ്ങളെയുമൊക്കെ നീക്കം ചെയ്യാനായി ഉപയൊഗിക്കാം. ഇതിനായി ഉപ്പുവെള്ളത്താൽ അയണീകരിക്കപ്പെട്ട അയോൺ എക്ചേഞ്ച് റെസിൻ ഫിൽട്ടറുകൾ ഉപയോഗിക്കാം.

🌑 അയേൺ ഓക്സിഡൈസിംഗ് ബാക്റ്റീരിയ പൊതുവേ കുഴൽ കിണർ വെള്ളത്തിൽ കാണാറില്ല എങ്കിലും സാധാരണ അധികം ആഴമില്ലാത്ത കിണറ്റിലെയും കുളത്തിലെയുമൊക്കെ വെള്ളത്തിൽ കാണാവുന്നതാണ്‌. ബാക്റ്റീരിയയുടെ സാന്നിദ്ധ്യം ഷോക്ക് ക്ലോറിനേഷൻ തുടർന്നുള്ള റഗുലർ ക്ലോറിനേഷൻ മാർഗ്ഗങ്ങളിലൂടെ ഒഴിവാക്കാവുന്നതാണ്‌.

കിണർ/കുഴൽ കിണർ വെള്ളം ഫിൽട്ടർ ചെയ്യുന്നതും പ്യൂരിഫൈ ചെയ്യുന്നതും ഇന്ന് വലിയ ഒരു ബിസിനസ് ആണ്‌ നമ്മുടെ നാട്ടീൽ. സാധാരണക്കാരുടെ അജ്ഞത മുതലാക്കി ചെറിയ മുതൽ മുടക്കിലും അദ്ധ്വാനത്തിലും വലിയ ലാഭം നേടാൻ കഴിയുന്നതിനാൽ കൂടൂതൽ പേർ ഈ രംഗത്തേയ്ക്ക് കടന്നു വരുന്നുണ്ട്. ഉപഭോക്താക്കൾ എന്ന നിലയിൽ ഇക്കാര്യത്തിൽ നമ്മൾ അറീഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായി മറ്റൊരു പോസ്റ്റ് ആയി എഴുതാം.

You May Also Like

തല അറുത്തെങ്കിലും 18 മാസം ജീവിച്ച് ആ കോഴി ലോകത്തെ അത്ഭുതപ്പെടുത്തി !

മൈക് എന്ന പൂവൻ കോഴിയെ കൊല്ലാനായി തല അറുത്തെങ്കിലും ഒരു കുഴപ്പവും കൂടാതെ 18 മാസം ജീവിച്ച് അവൻ ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു.

നേരം വെളുക്കുമ്പോള്‍ പൂവൻ കോഴി കൂവുന്നത് എന്തുകൊണ്ട് ?

നേരം വെളുക്കുമ്പോള്‍ പൂവൻ കോഴി കൂവുന്നത് എന്തുകൊണ്ട് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി…

യുദ്ധം നടക്കുമ്പോൾ എതിരാളികളുടെ വാഹനങ്ങളും , ട്രക്കുകളും മുന്നിലും പിന്നിലും വശങ്ങളിലും തടികള്‍ ഉപയോഗിച്ചോ, അല്ലെങ്കിൽ ചായങ്ങൾ ഉപയോഗിച്ചോ മറയ്ക്കുന്നത് എന്തിനാണ് ?

അറിവ് തേടുന്ന പാവം പ്രവാസി യുദ്ധം നടക്കുമ്പോൾ എതിരാളികളുടെ വാഹനങ്ങളും , ട്രക്കുകളും തങ്ങളുടെ ഉടമസ്ഥതയിലുള്ളതിൽ…

ശ്രദ്ധിക്കുക, നിങ്ങളുടെ പഴയ മൊബൈലും, കമ്പ്യൂട്ടറും ഇനി സ്വര്‍ണം തരും !!!!

ഉപയോഗിച്ച് മടുത്ത പഴഞ്ചനായ മൊബൈലും കമ്പ്യൂട്ടറും കണ്ട ആക്രികച്ചവടക്കാര്‍ക്ക് തൂക്കി വില്‍ക്കാന്‍ നോക്കുകയാണോ ? എങ്കില്‍ ആ തീരുമാനം മാറ്റുക.