ഇല്ലത്തെ കുട്ടി..

0
523
01
പാലക്കാട് ഒലവക്കോട് കഴിഞ്ഞതും വാസുദേവ് പറഞ്ഞു :
” മനയിലേയ്ക്ക് ഇനി ഒരു പതിനഞ്ചു കിലോമീറ്റര്‍ കൂടി കാണും സര്‍..
ആകെ ഒരു മുത്തശ്ശീം കൊച്ചുമോളും മാത്രമേ
അവിടെ ഉള്ളൂ.. ഷൂടിംഗിന് കൊടുക്കില്ലെന്നാണ്
പറഞ്ഞത്. അവസാനം ദിവസം ഒരു ലക്ഷം എന്ന് കേട്ടപ്പോള്‍ സമ്മതിച്ചു ..”

മറുപടി ഒന്നും കേള്‍ക്കാഞ്ഞു വാസുദേവ് പിന്‍സീറ്റിലേയ്ക്ക് നോക്കി..
സംവിധായകന്‍ബാബു ഏതോ ചിന്തയില്‍ പുറത്തേയ്ക്ക് കണ്ണും
നട്ടു ഇരിപ്പാണ്. ആള്‍ ഈ ലോകത്തല്ല എന്നുറപ്പാണ്..
പിന്നെ വാസുദേവൊന്നും മിണ്ടിയില്ല..

വൈകീട്ട് നാലുമണിയോടെ മതിലകം മനയുടെ മുന്നില് ചെന്ന്
കാര്‍ നില്‍ക്കുമ്പോള്‍ സംവിധായകന്‍ നേരിയ മയക്കത്തിലായിരുന്നു..
വാസുദേവ് അയാളെ ഉണര്‍ത്തി..
” സാര്‍, മന എത്തി..”

ബാബു കാറിലുരുന്നു തന്നെ മന ഒന്ന് നോക്കി. പിന്നെ മെല്ലെ ഡോര്‍
തുറന്നു പുറത്തേയ്ക്കിറങ്ങി..
വലിയൊരു മന. പക്ഷെ ദാരിദ്ര്യം കൊടി കുത്തി വാഴുന്നത് കുറച്ചു
പൂച്ചെടികള്‍ കൊണ്ടും ചിത്രങ്ങള്‍ കൊണ്ട് മറക്കാന്‍ ശ്രമിച്ചിരിക്കുന്നു..

” ഞാന്‍ അനുവാദം ചോദിച്ചിട്ട് വരാം..” വാസുദേവ് പുറകു വശത്തേയ്ക്ക് പോയി..

വൃത്തിയുള്ള ഒരു പെണ്‍കുട്ടി ആ വീട്ടില്‍ ഉണ്ടെന്നുള്ളതിന്റെ
തെളിവെന്നവണ്ണം കുറച്ചു പൂച്ചെടികള്‍..
ചവിട്ടുപടികള്‍ക്ക് തൊട്ടടുത്തുള്ള തൂണിന്‍ മേല്‍ ”മതിലകം മന ”
എന്ന് കൊത്തി വെച്ചിരിക്കുന്നു..

നടന്നു വന്നു കൊണ്ട് തന്നെ വാസുദേവ് പറഞ്ഞു :
” കാലു കഴുകി കയറിക്കൊള്ളാന്‍ പറഞ്ഞു….പക്ഷെ പൈപ്പ് എവിടെ ?”

വാസുദേവ് ചുറ്റും പരതവേ, ബാബു നേരെ പടവുകളുടെ മൂലയില്‍
ചെന്ന് നോക്കി. അവിടെ കിണ്ടിയില്‍ അല്പം വെള്ളം.
അരുകിലെ ചെറുപടിയില്‍ വെച്ച് കാലു കഴുകുന്ന ബാബുവെ
കണ്ടു വാസു പറഞ്ഞു..

” ഓ സാറിനപ്പോ ഈ രീതിയൊക്കെ അറിയാമായിരുന്നോ?”
ബാബു മറുപടി ഒരു ചിരിയില്‍ ഒതുക്കി. വാസുദേവ് നേരെ
കാറിനടുത്തേയ്ക്ക് പോയി.

ഇരുവശത്തും ചാരുപടികളുള്ള പൂമുഖം അല്പം നീണ്ടതായിരുന്നു.
ഒരു പഴയ ചാരുകസേര കാണാം. അതില്‍ പുതിയ ഒരു തുണി
തയ്ച്ചിട്ടിരിക്കുന്നു. ചുമരില്‍ ഒരു രാധാ കൃഷ്ണ പെയിന്റിംഗ്.
പൂമുഖത്തു നിന്നും നടുമുറ്റത്തേയ്ക്കുള്ള വാതിലില്‍ പിച്ചള
വളയങ്ങള്‍ ഉണ്ടായിരുന്നു.. വാതിലിനു മുകളിലെ
മംഗളപലകയില്‍ പലവിധ കൊത്തുപണികള്‍.
അല്‍പ നേരം അത് നോക്കി ബാബു അകത്തേയ്ക്ക് കടന്നു..

നടുമുറ്റത്ത് എത്തിയതും ഒരു മധ്യ വയസ്‌ക പ്രത്യക്ഷപ്പെട്ടു..
അത് വാസുദേവ് പറഞ്ഞ ലക്ഷ്മി അന്തര്‍ജ്ജനം
ആണെന്ന് ബാബു ഊഹിച്ചു..
അവന്‍ സ്‌നേഹപൂര്‍വ്വം പുഞ്ചിരിച്ചു.

” ഡയരക്ടറാണോ?”

” അതെ..”

” കുട്ടി ചെറുപ്പമാണല്ലോ.. ബ്രാഹ് മണനാണോ?”

” അതെ..” അല്പം ചിന്തിച്ചാണ് ബാബു അത് പറഞ്ഞത്.

”മറ്റൊന്നും കൊണ്ടല്ല.. പലവിധ ചിട്ടകള്‍ പാലിക്കുന്ന മനയാണ്..
പണം ഇല്ലാന്നേ ഉള്ളൂ.. എന്ന് വെച്ച് എല്ലാം അങ്ങ് ഒഴിവാക്കാന്‍ ആവില്ലല്ലോ..”

” അറിയാം.. നിങ്ങള്‍ക്കൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല.. ഒരു അഞ്ചു ദിവസം
ഞാന്‍ മാത്രേ കാണൂ.. പിന്നെ അഞ്ചു ദിവസം ഷൂട്ടിംഗ്. അതും വളരെ
കുറച്ചു പേര്‍ മാത്രം..”

”ഉം.. നിങ്ങള്‍ക്ക് വേണോന്നു വെച്ചാ എല്ലായിടവും കാണിച്ചു തരാം.. ”

ആ ക്ഷണം ബാബു സ്വീകരിച്ചു.. അത്യാവശ്യം നല്ല ഒരു മനയായിരുന്നു അത്.

പടിഞ്ഞാട്ടിത്തറ, വടക്കിനി , മേലടുക്കള , അടുക്കള, കലവറ,
വടക്കേ അകം, പുത്തനറ, മോരകം , കിഴക്കേ കെട്ട്, ഊട്ടുപുര , ദീന മുറി ,
സകലതും നടന്നു കണ്ടു. മുറികളെല്ലാം വൃത്തിയില്‍ സൂക്ഷിച്ചിരുന്നെങ്കിലും
പലതും കാലിയായിരുന്നു.. പുത്തനറയില്‍ മാത്രം
കുറച്ചു അച്ചാര്‍ ഭരണികളും ചില പെട്ടികളും ഉണ്ടായിരുന്നു..

”കുട്ടിക്ക് എവിടാ ഷൂട്ടിങ്ങിനു വേണ്ടേ?”

”പൂമുഖവും, നടുമുറ്റവും മതി.. പിന്നെ ഒരു മുറി..”

അത് പറയവേ ആണ് ചുമരില്‍ കുറച്ചു ഫോട്ടോകള്‍ കണ്ടത്.
കണ്ണുകളില്‍ അഗ്‌നിയുമായി നില്ക്കുന്ന ഒരു പെണ്‍കുട്ടി..
ഇരുപത്തഞ്ചു വയസ്സ് കാണും.. അവളുടെ തന്നെ പല ഫോട്ടോകള്‍..
ചിലതില്‍ കളരി അഭ്യാസിയെ പോലെ വാളു പിടിച്ചിട്ടാണ്..
പിന്നെ നര്‍ത്തകിയുടെ വേഷത്തില്‍..

”മാളുവാ.. മാളവിക.. എന്റെ കോച്ചുമോളാ..”

ബാബു പുറത്തേയ്ക്ക് നടന്നതും മാളവിക കടന്നു വന്നതും ഒരുമിച്ചായിരുന്നു..
ബാബുവിന്റെ ചിരി അവള്‍ കാണാത്ത ഭാവം നടിച്ചു.
അത് കണ്ട അന്തര്‍ജ്ജനത്തിനു വല്ലാതായി..

” സിനിമാക്കാരാ..മാളൂ..”

” ഉം”

അവള്‍ നേരെ അകത്തേയ്ക്ക് പോയി.. പൂമുഖത്തെ ചാരുകസേരയില്‍
ഇരിക്കാന്‍ ബാബുവിന് തോന്നിയില്ല.. വലിയ ആളുകള്‍ ഇരുന്നതാണവിടം..
ഇരിക്കുന്നത് മര്യാദയല്ല..
ബാബു ചാരുപടിത്തിണ്ണയില്‍ ഇരുന്നു..

വാസുദേവ് ഒരു പ്ലാസ്റ്റിക് കസേരയും, പേപ്പറു കളുമായി വന്നു..
” ആ കുളത്തിനു അടുത്ത് ഇട്ടേയ്ക്ക്.”

വാസുദേവ് പോയി.. മാളവിക അകത്തു നിന്നും വന്നു..
” നിങ്ങള്‍ ഇവിടെയാണോ താമസിക്കുക..?”

”രണ്ടു സീനുകള്‍ എഴുതാനുണ്ട്.. അതിനീ ലൊക്കേഷന്‍ വേണം..”

”പക്ഷെ അകത്തു കിടത്താന്‍ ബുദ്ധിമുട്ടുണ്ട്.. വേണമെങ്കില്‍..
കുളത്തിനടുത്തുള്ള പുറത്തെ മുറി എടുത്തോളൂ.”

”മതി..”

” പകുതി തുക അഡ്വാന്‍സ് തരണമെന്ന് പറഞ്ഞിരുന്നു..”

ബാബു വാസുദേവിനെ വിളിച്ചു. അയാളുടനെ കാറില്‍ നിന്നും പണമടങ്ങിയ
ബാഗുമായി വന്നു. അതില്‍ നിന്നും അഞ്ചു ലക്ഷം എടുത്ത് മാളുവിനു നല്കി..
അവളുടെ മുഖത്ത് ഗൗരവം മാറി അല്പം സന്തോഷം വിടര്‍ന്നത് പോലെ തോന്നി..

മാളവിക അകത്തേയ്ക്ക് പോയതും വാസുദേവ് പറഞ്ഞു.
” പെണ്ണിന് വല്യ മസിലാണല്ലോ സാറേ.. നമുക്കിത് വേണോ? ഇതിന്റെ
അഞ്ചിലൊന്നു പൈസയ്ക്ക് ഇതിലും നല്ല മന കിട്ടും..”

ബാബു മറുപടി പറയാതെ പുഞ്ചിരിച്ച് ഇരു കണ്ണുകളും അടച്ചു കാണിച്ചു.
വാസുദേവ് പിന്നൊന്നും പറഞ്ഞില്ല.. അയാള്‍ മറ്റു കാര്യങ്ങള്‍
ശരിയാക്കാന്‍ വേണ്ടി കാറുമായി പോയി.. ബാബു കുളത്തിനരുകില്‍ ചെന്നിരുന്നു..

മാന്ത്രികക്കളങ്ങളും , നിറക്കൂട്ടുകളും നിറഞ്ഞ
ഒരു കഥയുടെ ചെറുരൂപം വെറുതെ എഴുതി..
ആഭിചാര ക്രിയകളില്‍ അഗ്രകണ്യനായ ഒരാളാണ് വില്ലന്‍.
നിരവധി ഭൂത ഗണങ്ങളെ അയാള്‍ വരുതിയില്‍ നിര്‍ത്തി..
അയാളുടെ ശിഷ്യയാണ് നായിക..രഹസ്യ ശക്തിയാല്‍ മതിമറന്ന
അവരുടെ ഇടയിലേയ്ക്കു ഒരു നായകന്‍. ജീന്‍സും ടീ ഷേട്ടും ധരിച്ച
അയാളെ അവര്‍ വിലകുറച്ച് കണ്ടു. പക്ഷെ…

” Excuse Me..”
ബാബു ചിന്തകളില്‍ നിന്നും ഞെട്ടി. മുന്നില്‍ മാളവിക..

” ഈ പത്തു ദിവസോം ഇവിടെ നോണ്‍ വെജ് പാടില്ലാട്ടോ..
ചില പട്ടണ ബ്രാഹ് മിണ്‍സ് നോണ്‍ വെജ് കഴിക്കാറുണ്ടെന്നു കേട്ടിട്ടുണ്ട്..
അതോണ്ടാ പറഞ്ഞെ..”

” ഉം”

ഒന്ന് നടന്നു വീണ്ടും തിരിഞ്ഞു അവള്‍ പറഞ്ഞു..
” മദ്യവും, പുകവലീം പാടില്ലാട്ടോ .. ”

ഓരോ നേരം ഓരോന്ന് ചിന്തിച്ച് വരികയാണ് അവളെന്ന് ബാബുവിന് തോന്നി..

”ശരി..”

അവള്‍ നടന്നു പോയി.. അവളുടെ പാദങ്ങളില്‍ മൈലാഞ്ചിച്ചുവപ്പ് ഉണ്ടായിരുന്നു..
ഒരു നര്‍ത്തകിയുടെ സകല സൗന്ദര്യവും ആവാഹിച്ചുള്ള നടത്തവും..

പല ബ്രാഹ് മണ കുടുംബങ്ങളും ദാരിദ്ര്യത്താല്‍ ആത്മഹത്യയുടെ
വക്കിലാണെന്ന് എവിടെയോ വായിച്ചിരുന്നു..
അന്തസ്സും, അഭിമാനവും അല്പം കൂടുതലായതിനാല്‍ ആരും
അറിയുന്നില്ലെന്ന് മാത്രം..
ലോകത്ത് രണ്ടു വിഭാഗമേ ഉള്ളൂ.. ധനികരും ദരിദ്രരും..
ധനമുണ്ടാക്കാനുള്ള, സംരക്ഷിക്കാനുള്ള ഉപായങ്ങള്‍..
അതാകുന്നു ബാക്കിയെല്ലാം..

രാത്രി കിടക്കാന്‍ നേരം അന്തര്‍ജ്ജനം ചോദിച്ചു….
” മാളൂ . ആ കുട്ടി വല്ലോം കഴിച്ചു കാണ്വോ ?

” എന്തോ കഴിക്കുന്നത് കണ്ടു….”

” ആള് ബ്രാഹ് മണനാണ് .. ഒരു മുപ്പതു വയസ്സ് കാണും..
മുഖത്ത് ദൈവീക ചൈതന്യം ആവോളമുണ്ട്..ല്ലേ..?”
മുത്തശിയുടെ മുഖത്തൊരു തിളക്കം കണ്ടത് മാളവികയ്ക്ക് രസിച്ചില്ല.

” ന്താ ഒരു ചിന്ത..! ഇത്ര കാലോം അനുഭവിച്ചിട്ട് ഒന്നും പഠിച്ചില്ല്യാ..?
ആളുകളേ കാണണ സൗന്ദര്യൊന്നുമല്ല.. അധികം ലോഹ്യത്തിനൊന്നും
ചെല്ലേണ്ട…”

അവള്‍ കിടക്ക വിരിപ്പ് വിരിച്ചു കഴിഞ്ഞിരുന്നു..
കിടക്കുന്ന നേരം പറഞ്ഞു..
” ആ ലോണ്‍ നാളെ തന്നെ ക്ലോസ് ചെയ്യണം..
ഭഗവാനായിട്ടാ ഇങ്ങനൊരു പണം പെട്ടെന്ന് എത്തിച്ചത്..
ലോണ്‍ മൊത്തം നാല് ലക്ഷം കാണും.. ബാക്കി ആറു ലക്ഷം
കിട്ടിയാല്‍ ബാങ്കിലിടാം.. ”

ഇടയ്ക്ക് ഉറക്കം ഞെട്ടിയ മാളു മണ്‍ കൂജയില്‍
നിന്നും വെള്ളം എടുത്തു കുടിച്ചു..
മരത്തിന്റെ ജാലകത്തിലൂടെ പുറത്തേയ്ക്ക് നോക്കി..
പൂര്‍ണ്ണ നിലാവില്‍ ആ കുളക്കരയില്‍ അയാള്‍
വലതു കൈപ്പത്തിയില്‍ തല താങ്ങി വലത്തോട്ടു
ചെരിഞ്ഞു കിടക്കുന്നു..
തന്റെ അച്ഛനും ആ ശീലം ഉള്ളത് അവള്‍ ഓര്‍ത്ത് പോയി..
ആ ഒരു കാഴ്ച്ച അയാളോടുള്ള അകലം ഏറെ
കുറച്ചത് പോലെ അവള്‍ക്കു തോന്നി..
വീണ്ടും കിടന്നിട്ട് പെട്ടെന്നുറക്കം വന്നില്ല.

” മാളു ഇവിടെ അടുത്തുള്ള സ്‌കൂളില്‍ ടീച്ചറാ..
പത്തു മാസായിട്ട് ശമ്പളമൊന്നുമില്ല..
എന്നാലും ജോലിയല്ലെന്ന് കരുതി വിട്ടില്ല..”

ബാബു പൂമുഖത്ത് ഇരിപ്പാണ്.. സംസാരിക്കാന്‍ ആളെ കിട്ടിയതിന്റെ
സന്തോഷത്തിലാണ് അന്തര്‍ജ്ജനം..മാളവിക സ്‌കൂളില്‍ പോയത്
അവര്‍ക്കു സൗകര്യമായി.

”ഇവിടെ ഞങ്ങള്‍ രണ്ടു പേരെ ഉള്ളൂ.. ഞങ്ങള്‍
പണ്ട് കാഞ്ഞങ്ങാട്ട് ആയിരുന്നു..
എനിക്കൊരു ആങ്ങള ഉണ്ടാര്‍ന്നു.. ദത്തന്‍…
നാലാം വേദക്കാരായിരുന്നു ചങ്ങാതിമാരൊക്കെ..
അവനും അവരുടെ മതത്തില് ചേര്‍ന്നു.. മതിലകം ഇല്ലം
അവനു മൊയ് ലാക്കിരി ഇല്ലം ആയി.. ”

ബാബു പുഞ്ചിരിച്ചു..അന്തര്‍ജ്ജനം നിര്‍ത്താതെ തുടര്‍ന്നു..

”ഞങ്ങളൊക്കെ മാനക്കേട് കാരണം അവിടുന്ന് ഇങ്ങടെയ്ക്ക് മാറി..
ഇടയ്ക്ക് ദത്തന്‍ വന്നിരുന്നു.. അച്ഛന്‍ പടിപ്പുരയ്ക്കിപ്പുറം കയറ്റിയില്ല്യാ.
അവന്‍ പോയ ശേഷം ഒക്കെ വെള്ളം തളിച്ച് ശുദ്ധിയാക്കി..”

അന്തര്‍ജ്ജനം ഒന്ന് നെടുവീര്‍പ്പിട്ടു.. പിന്നെ തുടര്‍ന്നു..

”ഒക്കെ പോയി കുട്ട്യേ.. പണവും പ്രതാപവും.. മനകളൊക്കെ ക്ഷയിച്ചു..
കടത്തിലുമായി.. മാളൂന്റെ അച്ഛനു രോഗം വന്നു കുറെ കാശ് പോയി..
ലോണെടുത്ത് കടവുമായി.. കാഞ്ഞങ്ങാട് ഇച്ചിരി സ്ഥലമുണ്ടാര്‍ന്നു..
വല്യ കാശൊന്നും കിട്ടില്ല്യാ .ഒന്നോ രണ്ടോ ലക്ഷം ഉറുപ്പിക കിട്ട്യേക്കും..
എന്നാലും അതും പറഞ്ഞു അങ്ങോട്ട് പോകണ്ടാന്നാ മാളു പറയുന്നേ..
അവള്‍ക്കു ഇഷ്ടമല്ല ആ ബന്ധം പറയുന്നത്..”

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍, ഇടയ്‌ക്കെപ്പോഴോ മാളവിക ബാബുവോട്
അല്പം സംസാരിക്കാന്‍ തുടങ്ങി..

” എനിക്ക് വല്യമ്മാവനോട് ദേഷ്യാ.. മതോം മാറി, ഒക്കെ നശിപ്പിച്ചിട്ട്..
ആ സ്ഥലത്തിനു കേസ് കൊടുക്കണമെന്നുണ്ടായിരുന്നു..
പിന്നെ കുറെ കാശ് പോകുമെന്ന് കേട്ടപ്പോള്‍ വേണ്ടെന്നു വെച്ചതാ..
അവരെ എനിക്ക് അറപ്പാണ്.. വല്യമ്മവാന്‍ മരിച്ചെന്നു കേട്ടിട്ടും
എനിക്ക് വല്യ സങ്കടം തോന്നീല്ല്യ.. വല്യച്ഛനു വേണ്ടാത്തവരെ
ഞങ്ങള്‍ക്കും വേണ്ടാ..”

” ഈ ദേഷ്യവും, പകയുമൊക്കെ ഇയാളെ തന്നെയാണ് നശിപ്പിക്കുന്നത്.
ഒരു പക്ഷെ ഇയാള്‍ ഒറ്റയ്ക്കായിട്ടാകും.. ഒരു വിവാഹം കഴിച്ചു കൂടെ ? ”

”എന്തിനാണിപ്പോ അങ്ങനെയൊന്ന്..? ആയുസ്സുള്ളിടത്തോളം കാലം ആരോടും
യാചിക്കാതെ ജീവിക്കണം അത്രേയുള്ളൂ.. ഇനീപ്പോ ഒരാളു വന്നാല്‍ അയാളുടെ
താളത്തിനൊത്ത് ജീവിക്കേണ്ടി വരും.. എനിക്കതിനൊന്നും വയ്യ..”

” ഞാന്‍” എന്നത് വലിയ എന്തോ ആണെന്ന തോന്നലാണ് ഇയാള്‍ക്ക്.
ഒന്ന് പറഞ്ഞോട്ടെ മാളവികേ..? നിങ്ങളുടെ മുത്തശ്ശിക്ക് പോലും
നിങ്ങളുടെ സ്വഭാവം ഇഷ്ടമല്ല..”

” എനിക്കിത്തിരി മുന്‍ കോപമുണ്ട്, അത്രേ ഉള്ളൂ.. നല്ല ഭക്തിയും,
സ്‌നേഹോം ഉള്ള കുട്ട്യാന്നു മുത്തശ്ശി തന്നെ പറയാറുണ്ട്..”

” ഭക്തിയും, സ്‌നേഹവുമൊക്കെ നമ്മള്‍ പറയേണ്ടതില്ല, ആള്‍ അടുത്തു
വരുമ്പോള്‍ തന്നെ മനസ്സിലാകും..നിങ്ങള്‍ ഇല്ലാത്തപ്പോഴും, ഉള്ളപ്പോഴും
ഉള്ള മുത്തശ്ശിയുടെ സ്വഭാവങ്ങള്‍ തമ്മില്‍ നല്ല അന്തരമുണ്ട്..
കുറച്ചൊന്നു മസിലു വിടൂ.. ആ പാവം ഇത്തിരി ശ്വസിച്ചോട്ടെ..”

മാളവിക ചിരിച്ചു പോയി..

ബാബുവിന് ഒരാഴ്ചയും എഴുത്ത് തന്നെയായിരുന്നു..
അന്തര്‍ജ്ജനം ബാബുവെ ഒരു മകനെ പോലെ കൊണ്ട്
നടക്കുന്നത് കണ്ട മാളവികയ്ക്ക് അത്ഭുതമായി..
അവളെതിര്‍ത്തില്ല…മേലടുക്കളയിലും , വടക്കേ കെട്ടിലുമൊക്കെ
ഇരുത്തി ബാബുവിന് മാത്രമായി ഊണും വിളമ്പി..
മുത്തശ്ശി വളരെ പെട്ടെന്ന് സന്തോഷവതിയായത്
മാളവികയേയും സന്തോഷിപ്പിച്ചു..

രണ്ടു ദിവസം മാത്രമേ ഷൂട്ടിംഗ് ഉണ്ടായിരുന്നുള്ളൂ..
ഒരു വൃദ്ധ നടിയെ വെച്ച് കുളത്തിനരികിലും, മറ്റുമായി..
ഫ്‌ലാഷ് ബാക്ക് സീനുകള്‍..

പോകാന്‍ നേരം മന:പ്പൂര്‍വ്വം തിരക്ക് അഭിനയിച്ചു അയാള്‍ യാത്ര പറഞ്ഞിറങ്ങി..

രാത്രി കിടക്കുമ്പോള്‍ അന്തര്‍ജ്ജനം പറഞ്ഞു.
”ആ കുട്ടിക്ക് നല്ലതേ വരൂ..”

” ഉം.. എന്നിട്ടാണല്ലോ ഒറ്റപ്പോക്ക് പോയത്.. വല്യ അടുപ്പം കാണിച്ചിട്ട്..
നല്ല ഒരു യാത്ര പോലും പറയാതെ..”
മാളവിക നീരസത്തോടെ പറഞ്ഞു. അന്തര്‍ജ്ജനം അല്‍പ നേരം ഒന്നും മിണ്ടിയില്ല..

” അതോണ്ടാ ആ കുട്ടി പാവാന്നു ഞാന്‍ പറഞ്ഞത്..”

മാളു മുത്തശ്ശിയെ നോക്കി..അവള്‍ക്കൊന്നും മനസ്സിലായില്ല..
മുത്തശ്ശിയുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് കണ്ടു അവള്‍ക്കു വല്ലാതായി..

ലക്ഷ്മി അന്തര്‍ജ്ജനം തിരിഞ്ഞു കിടന്നു..
അവരുടെ മനസ്സിലപ്പോള്‍ സ്വന്തം ആങ്ങള
ദത്തന്‍ നമ്പൂതിരി ആയിരുന്നു..

അന്ന് രാത്രി ഉറക്കം വരാതെ മാളവിക ജനാലയിലൂടെ
കുളത്തിലേയ്ക്ക് നോക്കി..
അയാള്‍ അവിടെയുണ്ടോ ?

ആ ദിവസം, അല്പം മുന്‍പ്, അന്ന് വൈകീട്ട് , കാര്‍ പാലക്കാടിന്റെ
അതിര്‍ത്തി വിടുമ്പോള്‍ബാബുവിന് ഒരു ഫോണ്‍ വന്നിരുന്നു..
പെങ്ങളുടെ ഫോണ്‍

” എങ്ങനുണ്ട് ഇക്കാ മുറപ്പെണ്ണ് ? മൊഞ്ചത്തിയാണോ?”

”ഉം.. നിന്നെക്കാള്‍ മൊഞ്ചുണ്ട്..”

” അയ്യട.. എന്നിട്ടെന്തായി..? പറഞ്ഞോ മൊയ് ലാക്കിരി ഇല്ലത്തെ കൊച്ചുമോനാണെന്ന്..?”

” ഇല്ല.. പറഞ്ഞിരുന്നേല്‍ ഇറക്കി വിട്ടേനെ..പൈസ
എന്റെ മുഖത്തെറിഞ്ഞു തന്നേനെ…അത്രയ്ക്കുണ്ട് ദേഷ്യം..”

”പിന്നെങ്ങനാ അവരുടെ സ്ഥലത്തിന്റെ പൈസ കൊടുത്തത്..?”

”അതൊക്കെയുണ്ട്.. ഞാന്‍ വന്നിട്ട് പറയാം..
ഇനി ആ സ്ഥലം എന്റെ പേരില് കിടക്കട്ടെ..
ആര് വന്നാലും കൊടുക്കെണ്ടാട്ടോ..”

”എന്താ ?”

”അവരുമായി നമ്മെ ചേര്‍ത്തു നിര്‍ത്തുന്ന ഒരേ ഒരു കണ്ണിയല്ലേ അത്..
അത് ചോദിച്ചെങ്കിലും അവര്‍ അങ്ങോട്ട് വന്നെങ്കിലോ.. ഇന്നല്ലെങ്കില്‍ നാളെ..”

ഫോണ്‍ കട്ട് ചെയ്ത ഫിറോസ് ബാബു മെല്ലെ തിരിഞ്ഞു നോക്കി..
”പാലക്കാട് ജില്ലയിലേയ്ക്കു സ്വാഗതം” എന്ന ബോഡ്..
മനസ്സ് ഏതോ ബന്ധത്തിന്റെ കൊളുത്തില്‍ പിടിവിടാതെ നില്‍ക്കുന്നു..

അപ്പുറത്താണ് ആ മനയുള്ളത്..!
അവിടെയാണ് ആ വല്ല്യുപ്പീത്ത അന്തര്‍ജ്ജനം ഉള്ളത്..
അവിടെയാണ് അഗ്‌നി നിറഞ്ഞ ആ കണ്ണുകള്‍ ഉള്ളത്.. മാളവിക..!

രണ്ടു ധ്രുവങ്ങള്‍ ആകുന്നു നാം..
അങ്ങനെ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍..
ആ ധ്രുവങ്ങള്‍ ഇല്ലാതാകുന്ന ഒരു നാള്‍ ഉണ്ടെങ്കില്‍,
ഉണ്ടെങ്കില്‍ മാത്രം.. വീണ്ടും കാണാം..
അത് വരെ.., നിനക്ക് ഞാനും, എനിക്ക് നീയും..ശത്രുക്കളായിത്തന്നെ ഇരിക്കട്ടെ !