ഇവിടെനിന്ന് എന്റെ നാടിനെ നോക്കുമ്പോൾ മനസ് പൊള്ളുന്നു

0
790

അമേരിക്കയിൽ നിന്നും സിന്ധു നായർ (Sindhu Nair)എഴുതുന്നു

പുറത്തു പോകുമ്പോൾ എല്ലാം എന്റെ മകൾ മീര സഞ്ചരിക്കുന്നത് അവളുടെ വീൽച്ചെയറിൽ ആണ്. ഈ വീൽച്ചെയറോടെ അകത്തു കയറി അതിൽ തന്നെ ഇരുന്ന് സഞ്ചരിക്കാവുന്ന handicapped accessible കാറിലും വാനിലും ഒക്കെയാണ് അവൾ സ്ക്കൂളിലും പുറത്തെവിടെയും യാത്ര ചെയ്യുന്നത്. ഏകദേശം ഇരുന്നൂറു കിലോ ഭാരമുണ്ട് അവളുടെ വീൽച്ചെയറിന്. ചെറിയ അനക്കങ്ങൾ ഒന്നും ഈ ഭീമാകാരനെ ബാധിക്കാറില്ല. എങ്കിൽ പോലും യാത്രാസുരക്ഷ ഉറപ്പു വരുത്താൻ ഈ വാഹനങ്ങളിൽ വീൽച്ചെയറിന്റെ നാലു ചക്രങ്ങൾക്കരികിലും ഓരോ ബെൽറ്റ് ഘടിപ്പിച്ചു അതിനെ വാഹനവുമായി ബന്ധിപ്പിക്കും. പെട്ടെന്നൊരു ആവശ്യത്തിന് ഒന്ന് കടയിൽ പോകണമെങ്കിൽ കുട്ടികൾ ഒപ്പമുണ്ടേൽ ഈ ബെൽറ്റ് മൊത്തം ഊരി മീരയെ വണ്ടിയിൽ നിന്നും ഇറക്കി അവരെയും കൂട്ടിവേണം പോകാൻ. ഒന്നോ രണ്ടോ സാധനം പെട്ടെന്നെടുത്തു തിരിച്ചു വരാനാണേൽ പോലും ഈ പ്രക്രിയ ചെയ്തേ പറ്റൂ. അഞ്ചു മിനിറ്റിൽ പോയി വരാവുന്ന സാഹചര്യമാണേൽ പോലും കുറഞ്ഞത് അര മണിക്കൂർ എടുക്കും അവളെ കയറ്റി ഇറക്കി വീണ്ടും കയറ്റി ബെൽറ്റ് ഒക്കെ ഇട്ട് പോകുമ്പോൾ എന്ന് ചുരുക്കം. കടയ്ക്കു തൊട്ടു ചേർന്നുള്ള പാർക്കിംഗ് ലോട്ടിൽ കാർ പാർക്ക് ചെയ്താൽ പോലും കുട്ടികളെ വാഹനത്തിൽ ഒറ്റയ്ക്കിരുത്തി ഒരു സാധനം വാങ്ങാൻ കടയിലേക്കൊന്നോടി പോയി വരാൻ ഇവിടുത്തെ നിയമം അനുവദിക്കുന്നില്ല. കാറിൽ മാത്രമല്ല, അമേരിക്ക പോലുള്ള രാജ്യങ്ങളിൽ പതിമൂന്നു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ വീട്ടിൽ, ഒറ്റയ്ക്കാക്കി മാതാപിതാക്കൾ പകൽ പോലും പുറത്തു പോകുന്നത് കുറ്റകരമാണ്. അത്ര മാത്രം കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന രാജ്യമാണിത്.

അങ്ങനെയുള്ള രാജ്യത്തിരുന്ന് എന്റെ കുഞ്ഞുങ്ങളെ ചേർത്തുപിടിക്കുമ്പോഴും മനസ്സ് പൊള്ളിപ്പോകുന്നുണ്ട്. അങ്ങ് ദൂരെ എന്റെ നാട്ടിൽ, പാതിരാത്രിയിൽ ഏഴും നാലും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങൾ തനിച്ചായിപ്പോയ ഒരു ഭീകരരാത്രിയെ ഓർത്ത്. അവരെ ഒറ്റയ്ക്കാക്കി പോയ അവരുടെ അമ്മയെ ഓർത്ത്, നമ്മുടെ നാട്ടിലെ ദുർബലമായ നിയമങ്ങളെ ഓർത്ത് .നേരിട്ടറിഞ്ഞിട്ടില്ലെങ്കിൽ പോലും ആ കുഞ്ഞിന്റെ ഓമനത്തമുള്ള പുഞ്ചിരി മനസ്സിൽ നിന്നും മായുന്നതേയില്ല. ഒന്നുമറിയാതെ ഉറങ്ങിക്കിടന്ന അവനെ തൊഴിച്ചുണർത്തിയ ആസുരഭാവത്തിനെ ശപിക്കാതിരിക്കാൻ എനിക്ക് കഴിയുന്നില്ല. ഉറക്കത്തിൽ ചെയ്ത തെറ്റ് എന്തെന്ന് മനസ്സിലാവുക പോലും ചെയ്യാതെ തൊഴിയേറ്റു തെറിച്ചു വീണ അവന്റെ ആർത്തനാദം നെഞ്ചിൽ കൊളുത്തുന്ന വിങ്ങലാവുകയാണ് ഓരോ നിമിഷവും.. പലപ്പോഴും ഇതു പോലുള്ള ന്യൂസുകളിൽ ഞാൻ പൊള്ളാറുണ്ട്. കുറച്ചു കഴിഞ്ഞ് തിരികെ ജീവിതത്തിലേക്ക് പോകാറുമുണ്ട്. പക്ഷേ ഇത്തവണ കണ്ടിട്ട് പോലുമില്ലാത്ത ആ കുഞ്ഞിന്റെ ചിരിക്കുന്ന മുഖം എല്ലാം കണ്ടുനിന്ന അവന്റെ അനിയന്റെ മനസ്സിനേറ്റ നൊമ്പരം ഇതൊക്കെ ആലോചിക്കുന്തോറും സഹിക്കാൻ കഴിയുന്നില്ല.
ഇത്ര വലിയ കുറ്റം ചെയ്തിട്ടും മാനസികവിഭ്രാന്തിയുടെ പുതിയ നിഴലിൽ ഒളിച്ചിരിക്കുന്ന ‘അമ്മ എന്ന പേരിനു പോലും അർഹയല്ലാത്ത ഒരു സ്ത്രീയെ എങ്ങനെയാണ് നിയമത്തിന് വെറും സാക്ഷി എന്ന ലേബലിൽ മാറ്റിനിർത്താൻ പറ്റുക? ലഹരിയുടെ, മദ്യത്തിന്റെ അതിപ്രസരത്തിൽ ഒരു രാക്ഷസജന്മം കാട്ടിക്കൂട്ടിയ നെറികേടുകൾക്ക് മൗനമായി അനുവാദം കൊടുത്ത അവൾ നിസ്സഹായ എന്ന ന്യായീകരണവുമായി പല പോസ്റ്റുകളും കണ്ടു. ഒന്നു ചോദിച്ചോട്ടെ, എത്ര നിസ്സഹായ ആയാലും ആരുമില്ലാത്തവൾ ആയിരുന്നോ അവൾ? അവനെ മയക്കി കിടത്തിയെങ്കിലും ആ കുഞ്ഞുങ്ങളെ രക്ഷിക്കായിരുന്നില്ലേ അവൾക്ക്? മയക്കുമരുന്ന് കുത്തി വെച്ച് അവൻ അടിമയാക്കിയതോ, അവനെ ഭയന്ന് ഒതുങ്ങിക്കൂടിയതോ എന്തും ആകാം. പക്ഷേ ഹോസ്പിറ്റലിൽ എത്തിയ അവൾക്ക് കള്ളം പറഞ്ഞ് അവനെ ന്യായീകരിക്കാൻ ഉള്ള ബോധം എങ്ങനെ ഉണ്ടായി? കുഞ്ഞുങ്ങൾക്ക് ഒരു പനി വന്നാൽ കൂടി സമാധാനമായി ഉറങ്ങാൻ പോലും പറ്റാത്ത, ആശുപത്രികളും എമർജൻസി റൂമുകളും ജീവിതത്തിന്റെ ഭാഗമായി തീർന്ന ഒരമ്മ എന്ന നിലയിൽ ചോദിക്കുകയാണ്, മരിക്കാൻ കിടക്കുന്ന ആ കുഞ്ഞിനെ തിരിച്ച് പിടിക്കാൻ ശ്രമിക്കാതെ ആ രാത്രി ആർക്കാണ് അവൾ ഫോൺ ചെയ്തത്? ചോരയിൽ കുളിച്ചു കിടന്ന ആ കുഞ്ഞിന്റെ മുന്നിൽ നിസ്സംഗയായി നിന്ന, ആശുപത്രി ജീവനക്കാരോട് കയർത്തു സംസാരിച്ച ആ സ്ത്രീയെ, ഇപ്പോഴും ഈ കൃത്യത്തിൽ കൂട്ടു പ്രതിയാക്കാത്തത്‌ എന്താണ്? ഒരുമിച്ചു ചെയ്ത ക്രൂരതകളിൽ അവൾ സാക്ഷി മാത്രം ആകുന്നതെങ്ങനെ ആണ്? ആരുടെ സ്വാധീനമാണതിനു പിന്നിലുള്ളത്? അവൾ ഹോസ്പിറ്റലിൽ കാണിച്ച നാടകങ്ങൾ മാത്രം പോരെ അവളെ പ്രതിയാക്കാൻ? ഏഴു കേസിൽ പ്രതിയായ ഒരു കൊലപാതകിക്ക് സ്വസ്ഥമായി കുടുംബജീവിതം നയിക്കാൻ ഉള്ള ഭീകരമായ സാമൂഹ്യ വ്യവസ്ഥ ഓർത്തു ലജ്ജയും ഭയവും പുച്ഛവും രോഷവും തോന്നുന്നു, ഒരു അപ്പാർട്ട്മെന്റ് വാടകയ്‌ക്കെടുക്കാൻ പോലും ക്രിമിനൽ background ചെക്ക് നടത്തി സ്ഥിരീകരിച്ചതിനു ശേഷം മാത്രം നൽകുന്ന ഒരു രാജ്യത്ത് കഴിഞ്ഞ പത്തൊമ്പത് കൊല്ലമായി ജീവിക്കുന്നതിനാലാവാം സ്വാധീനമുള്ളവന്റെ മുന്നിൽ നടുവ് വളയുന്ന ദുർബലമായ നമ്മുടെ നിയമങ്ങളെ ഓർത്ത് അമർഷം തോന്നിപ്പോകുന്നത്. ശിക്ഷ കിട്ടേണ്ടവന് അത് കിട്ടിയേ തീരൂ. ചെറുപ്പത്തിൽ അവനെ ശിക്ഷിച്ചു നേരെയാക്കാൻ ശ്രമിച്ചിരുന്നോ മാതാപിതാക്കൾ എന്നറിയില്ല. എങ്കിലും ഒരു കുട്ടിയെ വളർത്തുമ്പോൾ തെറ്റ് പറഞ്ഞു കൊടുത്തും ശിക്ഷിച്ചും തന്നെ ആവണം വളർത്തേണ്ടത്. അല്ലെങ്കിൽ വീടിനു മാത്രമല്ല വളർന്നു വരുമ്പോൾ സമൂഹത്തിനുതന്നെ അവൻ എത്ര വലിയ വിപത്താകും എന്ന് ചരിത്രം കാട്ടിത്തരുന്നു.

ഈ തെരഞ്ഞെടുപ്പ് കാലത്ത് വോട്ടു തേടി മുന്നിലെത്തുന്ന ഓരോ സ്ഥാനാർത്ഥിയോടും, അവരുടെ പ്രകടനപത്രികയിൽ ഒരു കാര്യം എഴുതിച്ചേർക്കാൻ, ഓരോ മലയാളിയും ആവശ്യപ്പെടേണ്ടതുണ്ട്. ആരോഗ്യവും ജീവനും മാനവും നഷ്ടപ്പെടാതെ ജീവിക്കുവാൻ, പുറത്തിറങ്ങി നടക്കുവാൻ ഉള്ള സ്വാതന്ത്ര്യം. ലഹരിയും മദ്യവും കൊടി കുത്തി വാഴാത്ത ഒരു സമൂഹത്തിൽ നമുക്കും നമ്മുടെ കുഞ്ഞുങ്ങൾക്കും ജീവനിൽ പേടിയില്ലാതെ കഴിയുവാൻ ഉള്ള സാഹചര്യം നമ്മുടെ അവകാശമാണ്. ഡിജിറ്റൽ ഇന്ത്യയെക്കാളും വനിതാ മതിലിനേക്കാളും നമ്മൾ വിലമതിക്കുന്നത് സ്വന്തം ജീവനും മാനത്തിനും ആണെന്ന്, ആ സുരക്ഷ ഉറപ്പ് നൽകുന്ന അവന്/അവൾക്ക് മാത്രമേ വോട്ടുള്ളൂ എന്ന് ഓരോ സ്ഥാനാർത്ഥിയുടെയും മുഖത്ത് നോക്കി പറയാൻ നമുക്ക് കഴിയണം. . മതത്തിന്റെയും ജാതിയുടെയും പാർട്ടിയുടെയും പേരിൽ മാസങ്ങളോളം ഹർത്താലുകൾ നടത്തുന്ന ഒരു സംസ്ഥാനത്ത് സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും എതിരെയുള്ള അക്രമങ്ങൾക്കെതിരെ ഒരു പാർട്ടിയും സംസാരിക്കുന്നില്ല, ഒരു സമരമുറയും ഒരു വനിതാ വിമോചകരും അവർക്ക് നീതി വാങ്ങി കൊടുക്കുന്നുമില്ല. കഴിഞ്ഞ ഒരു മാസത്തിനിടയിൽ നൂറോളം സ്ത്രീകൾ ആക്രമിക്കപ്പെട്ടു, പ്രണയഭംഗത്തിന്റെ പേരിൽ സ്വന്തം വീടുകളിൽ വെച്ചു പോലും പെൺകുട്ടികൾ ചുട്ടുകരിക്കപ്പെട്ടു. നാലായിരത്തോളം കുഞ്ഞുങ്ങളാണ് ചുരുങ്ങിയ കാലയളവിൽ സംസ്ഥാനത്തു ക്രൂരകൃത്യങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്. തൊടുപുഴയിലെ കുഞ്ഞിന്റെ ദാരുണ അന്ത്യത്തിന് പുറകെ നാടോടിയായ കുഞ്ഞിന്റെ തല തല്ലിപ്പൊട്ടിച്ച കഥ ആണ് കേൾക്കാൻ ഇടയായത്. ഒന്നിന് പുറകെ ഒന്നായി സമാനസ്വാഭാവമുള്ള ക്രൂരകൃത്യങ്ങളുടെ വർദ്ധനവ് ചൂണ്ടികാണിക്കുന്നത് ഒന്ന് മാത്രമാണ്, ഒട്ടും ശക്തമല്ലാത്ത,സ്വാധീനമുള്ള ആർക്കും വളരെ എളുപ്പം ഊരിപ്പോകാവുന്ന ഒരു നിയമത്തിന്റെ നിറസാന്നിദ്ധ്യം. ലഹരിയുടെ, മദ്യത്തിന്റെ, മയക്കുമരുന്നിന്റെ നിയന്ത്രണവിധേയമല്ലാത്ത ഒരു ഇരുണ്ട സമൂഹം. ചുട്ടു കൊല്ലുന്നവനെയും, പീഢിപ്പിക്കുന്നവനെയും എന്ന് വേണ്ട ഏതു തെറ്റിനെയും, ന്യായീകരിക്കുന്ന, മറ്റുള്ളവരുടെ വേദനകൾ വെറും ആഘോഷങ്ങളാക്കി മാത്രം മാറ്റുന്ന ഒരു സമൂഹത്തിന്റെ ഭയാനകമായ വളർച്ച. മദ്യവും മയക്കുമരുന്നുകളും നിയന്ത്രിച്ചാൽ തന്നെ നാട്ടിലെ ഈ അരാജകത്വത്തിന് ഒരു നിയന്ത്രണമായേനെ.
ഇനിയും ഇത് പോലെയുള്ള ദാരുണമായ വാർത്തകൾ കേൾക്കാനിടയാകരുതേ എന്ന് ഉള്ളുരുകി പ്രാർത്ഥിക്കുകയാണ്.കുഞ്ഞേ അടർന്നു വീണ നിന്റെ കണ്ണുനീർതുള്ളികളുടെ ചൂടിൽ പൊള്ളുന്നുണ്ടെനിക്ക് ഞാൻ നിന്റെ ആരുമല്ലാഞ്ഞിട്ടും.നിന്റെ ആത്മാവിനെങ്കിലും നീതി ലഭിക്കണേയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയാണ് ഞാനടക്കം ഓരോ അമ്മമാരും, ഞങ്ങൾ നിന്നിൽ കാണുന്നത് സ്വന്തം മക്കളെത്തന്നെയാണ്. അവർക്ക് വേദനിച്ചത് പോലെ നിന്റെ വേദനയിൽ ഞങ്ങൾക്ക് നോവുന്നു. നോവിന്റെ ചൂടിൽ പൊള്ളിയടർന്നു വീഴുന്ന കണ്ണുനീരിൽ നനഞ്ഞു തളർന്നും മെഴുകുതിരി പോലെ ഉരുകിയും ഞങ്ങൾ ദൈവത്തോടപേക്ഷിക്കുന്നു, നീ തനിച്ചാക്കിപ്പോയ നിന്റെ അനിയനെയെങ്കിലും രക്ഷിക്കാൻ ഇവിടുത്തെ നിയമത്തിനും നീതിയ്ക്കും കഴിയണേ എന്ന് . നീ അറിഞ്ഞ വേദന നിന്നെ വേദനിപ്പിച്ചവരും അറിയണേയെന്ന്. ഒരായിരം മാതൃഹൃദയങ്ങൾ പ്രാർത്ഥനയിൽ കൊരുത്ത മാപ്പ് എന്ന രണ്ടക്ഷരം നിന്റെ കാൽച്ചുവട്ടിൽ വെയ്ക്കുന്നു. വേദനയോടെ അമർഷത്തോടെ അതിലേറെ നിസ്സഹായതയോടെ