ഇഷ്ടമുളള വസ്ത്രം ധരിക്കാൻ സത്രീകൾ ആരെയാണ് പേടിക്കേണ്ടത്?

എത്രയോ പെൺകുട്ടികൾ അവരാഗ്രഹിക്കുന്ന, അവർക്കിഷ്ടമുളള വസ്ത്രം ധരിക്കാൻ കഴിയാതെ സങ്കടപ്പെടുന്നു. ആരാണ് സ്ത്രീകളുടെ ആഗ്രഹങ്ങൾക്ക് അതിരുകൾ നിശ്ചയിക്കുന്നത്? അവൾ അങ്ങനയേ ചെയ്യാവൂ, ഇങ്ങനെയേ നടക്കാവൂ, അങ്ങനെയേ ഇരിക്കാവൂ തുടങ്ങിയ നൂറു നൂറു നിബന്ധനകളും ചട്ടങ്ങളും അവൾക്ക് കൽപ്പിച്ച് നൽകുന്നതാരാണ്?

പുരുഷ കേന്ദ്രീകൃത പൊതുബോധത്തിന്റെ, പുരുഷാധിപത്യ ചിന്തകളുടെ വക്താക്കളായി പലപ്പോഴും സ്ത്രീകളെ തന്നെ കാണാനാകും. ഒരു അടിമയും അറിയുന്നില്ല അടിമത്തത്തിന്റെ ചങ്ങലകളുടെ വേദന, ആ ചങ്ങലകൾ അഴിച്ചുമാറ്റിയാൽ, പൊട്ടിച്ചെറിഞ്ഞാൽ അവൾക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തെ കുറിച്ച് പലരും ചിന്തിച്ചിട്ട് കൂടിയുണ്ടാകില്ല.

സൃഷ്ടിക്കപ്പെടുന്ന മതിലുകളും മറകളും കൊണ്ടുള്ള ലോകം കാരാഗൃഹത്തിന് സമമാണ് എന്ന് തിരിച്ചറിയപ്പെടുന്നത് വരെയേ ഏതൊരു അടിമയും അടിമത്തത്തിൽ തുടരുകയുള്ളൂ. ആ തിരിച്ചറിവിൽ നിന്നും ലഭിക്കുന്ന സ്വാതന്ത്ര്യ ചിന്തകൾക്കായി, ആദ്യം സ്വതന്ത്രമായി ചിന്തിക്കാൻ സ്ത്രീകൾ ശീലിക്കേണ്ടിയിരിക്കുന്നു. സ്വതന്ത്ര ചിന്തകളുടെ പരിധികളോ അതിരുകളോ ആരാലും കൽപിച്ച് നൽകപ്പെടേണ്ട ഒന്നല്ല. മറിച്ച് ചിന്തകൾ സ്വതന്ത്രമായി സഞ്ചരിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന അറിവുകളിൽ നിന്നും തന്നെയാണ് നമ്മുടെ സ്വതന്ത്ര ചിന്തകൾ രൂപപ്പെടേണ്ടത്. സ്വതന്ത്ര ചിന്തകളിൽ നിന്നും നമ്മുടെ നിലപാടുകളും രൂപപ്പെട്ടുവരും..

ഒരു വ്യക്തി ആ വ്യക്തിയായി ജീവിക്കുകയും ഇടപെടുകയും ചെയ്യുന്നതിനുമപ്പുറം എന്ത് സ്വാതന്ത്ര്യമാണ് നമുക്ക് വേണ്ടത്. വ്യക്തിസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന സ്ത്രീകളുൾപ്പെടുന്ന സമൂഹത്തെയാണ് സാക്ഷരകേരളമെന്നും, ഗോഡ്സ് ഓൺ കണ്ട്രിയെന്നും, നമ്പർ വൺ കേരളമെന്നും നമ്മൾ വിശേഷിപ്പിക്കുന്നത്. ഈ വിശേഷണങ്ങൾ മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നങ്ങൾ മാത്രമാണ്..

നബി – സ്ത്രീകൾ തന്റെ അടിമകളെന്ന് ധരിക്കുന്ന പുരുഷമേൽക്കോയ്മ തകർന്നുവീഴാൻ അധികകാലം വേണ്ടിവരില്ല

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.