ഇസ്രയേല്‍ – പലസ്തീന്‍ : അല്പം ചരിത്രം…

ഇന്ത്യയിലെ അയോധ്യ- രാമ ജന്മ ഭൂമി പ്രശ്നം പോലെ സങ്കീര്‍ണമായ ഒരു പ്രശ്നമാണ് ഇസ്രയേല്‍ – പലസ്തിന്‍ തമ്മിലുള്ളത്… ഇത് ഒരിക്കലും അവസാനിക്കാതത്തിനു കാരണം പല നൂറ്റാണ്ടുകളിലായുള്ള അവകാശ തര്‍ക്കം തന്നെ. എന്താണിതിന്റെ ചരിത്രം?

1948 നു മുന്‍പ് ഇസ്രയേല്‍ എന്നൊരു രാജ്യം നിലവിലുണ്ടായിരുന്നില്ല എന്നതാണ് സത്യം, ഉണ്ടായിരുന്നത് പലസ്തിന്‍ മാത്രം. ഇസ്രെലിന്റെത് അനധികൃത കുടിയേറ്റമാണെന്ന് ഉള്ള വാദം ഇവിടെയാണ്‌ തുടങ്ങുന്നത്. എന്നാല്‍ വീണ്ടും AD 70 നു മുന്‍പ് പലസ്തിന്‍ എന്നൊരു രാജ്യം ഉണ്ടായിരുന്നില്ല.. ഉണ്ടായിരുന്നത് ഇസ്രേല്‍ എന്ന രാജ്യം മാത്രം. ഇവിടെയാണ്‌ കാര്യങ്ങള്‍ കുഴഞ്ഞു മറിയുന്നത്..

ജൂതന്മാര്‍ ഇസ്രയേലിനെ തങ്ങളുടെ വാഗ്ദത്ത ഭൂമിയായി കരുതി നൂറ്റാണ്ടുകളോളം താമസിച്ചു പോന്നു. AD 70 ലെ ഹദ്രിയാന്റെ ആക്രമണത്തെ തുടര്‍ന്നാണ് ജൂതന്മാരുടെ ഇസ്രായേലില്‍ നിന്നുള്ള പലായനം ആരംഭിക്കുന്നത്. ഹദ്രിയന്‍ ഇസ്രയേലിനെ ‘സിറിയ പലസ്തിന്‍’ എന്ന് നാമകരണം ചെയ്യുകയും ജൂതന്മാരെ അവിടെ നിന്ന് പുറന്തള്ളുകയും ചെയ്തു. ലോകത്തിന്റെ പല ഭാഗത്തേക്ക്‌ ചിതരപ്പെട്ട അവര്‍ നൂറ്റാണ്ടുകള്‍ക്കു ശേഷം സംഘടിച്ച് തിരിച്ചു വരാന്‍ ആരംഭിച്ചു. ഓട്ടോമന്‍ സാമ്രാജ്യത്തില്‍ നിന്നും അറബി ഭൂവുടമകളില്‍ നിന്നും ഭൂമി വാങ്ങിയാണ് യഹൂദര്‍ തിരിച്ചുവരവ് തുടങ്ങിയത്. കൈവശമാക്കിയ ഭൂമിയില്‍ കൃഷിയിറക്കിയും മറ്റും യഹൂദര്‍ മേഖലയില്‍ വാസമുറപ്പിച്ചു. 1937 ആയപ്പോഴേക്കും പലസ്തീനിലെ പകുതിയിലധികം ജനസംഖ്യ ജൂതന്മാരുടേതായി. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലറുടെ പീഡനങ്ങളില്‍ നിന്നു രക്ഷപ്പെട്ട ജൂതന്മാര്‍കൂടി ഇവിടെയെത്തി. ഇതോടെ ജൂത-അറബ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായി.

1947ല്‍ അറബികള്‍ക്കും ജൂതന്മാര്‍ക്കും പ്രത്യേക മേഖലകള്‍ സൃഷ്ടിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്ര സഭ പാസാക്കി. അറബികള്‍ ഒന്നടങ്കം ഈ നീക്കത്തെ എതിര്‍ത്തു. പലസ്തീനില്‍ ആധിപത്യം സ്ഥാപിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് ഇതോടെ തുടക്കമായി.

1948 ല്‍ ജോര്‍ദാന്‍, ഈജിപ്ത്,സിറിയ, ലെബനാന്‍, ഇറാഖ് എന്നീ രാജ്യങ്ങള്‍ ഇസ്രയേലിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. അറബ് രാജ്യങ്ങളുടെ സൈന്യം പലസ്തീനില്‍ കടന്നു. അമേരിക്ക, സോവ്യറ്റ് യൂണിയന്‍ എന്നീ രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും അറബ് രാജ്യങ്ങളുടെ നീക്കത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. എന്നാല്‍ ചൈന അറബ് അവകാശവാദത്തെ പിന്തുണച്ചു. ഏതായാലും യുദ്ധത്തില്‍ അറബികളുടെ സംയുക്ത സേനയെ ഇസ്രയേല്‍ പരാജയപ്പെടുത്തി. ഗാസ ഇതിനിടെ ഈജിപ്റ്റും വെസ്റ്റ് ബാങ്ക് ജോര്‍ദാനും അടിച്ചു മാറ്റി..

രാജ്യം രൂപവത്കരിച്ചു നാളുകളാകും മുന്‍പേ അറബ് രാജ്യങ്ങള്‍ക്കെതിരെ ഇസ്രയേല്‍ ഒറ്റയ്ക്കു നേടിയ വിജയം ലോകത്തെ അമ്പരിപ്പിച്ചു. യുദ്ധ ഉപകരണങ്ങളിലുള്ള അവരുടെ സാമര്‍ത്ഥ്യം മനസിലാക്കിയ അമേരിക്ക ഇസ്രായേലിന്റെ പുതിയ സ്‌പോണ്‍സറായി അവതരിച്ചു.. ഇന്ന് അമേരിക്കയ്ക്ക് അത്യാധുനിക യുധോപകരണങ്ങള്‍ നിര്‍മിച്ചു കൊടുക്കുന്ന രാജ്യമാണ് ഇസ്രയേല്‍ (ഇന്ത്യക്കും..)

ഇസ്ലാമിക സംസ്‌ക്കാരവും പാശ്ചാത്യ സംസ്‌ക്കാരവും തമ്മിലുള്ള പൊരുത്തക്കേടുകളാണ് അറബ് ഇസ്രയേല്‍ സംഘര്‍ഷങ്ങളുടെ കാതല്‍ എന്നു വാദിക്കുന്നവരുണ്ട്. എന്നാല്‍ സംസ്‌ക്കാരങ്ങളുടെ പൊരുത്തമില്ലായ്മകളേക്കാള്‍ മതാടിസ്ഥാനത്തിലുള്ള ഭൂമിശാസ്ത്ര വിഭജനങ്ങളാണ് യഥാര്‍ത്ഥ കാരണമെന്നു വിശ്വസിക്കുന്നവരാണധികവും. ഇന്ന് ലോകത്തെ മറ്റു വിഭാഗങ്ങളിലുള്ള ജനങ്ങള്‍ ഈ തര്‍ക്കത്തില്‍ പങ്കെടുക്കുന്നതും കൂടുതല്‍ മതപരമായ കാരണങ്ങള്‍ കൊണ്ട് തന്നെ.