ഇസ്ലാമിസ്റ്റുകളുടെയും അവരുടെ പ്രചാരണത്തിന് വശംവദരായവരുടെയും ഒരു മുഖ്യ മുദ്രാവാക്യമാണ് ‘ഇസ്ലാമിക് ബാങ്കിംഗ്’. ഇന്ന് നിലവിലുള്ള ബാങ്കിംഗ് സംവിധാനം പലിശയിലും ചൂഷണത്തിലും അധിഷ്ഠിതമാണെന്നും ഇസ്ലാം മുമ്പോട്ട് വെക്കുന്ന ബാങ്കിംഗ് സമ്പ്രദായം ലോകത്തിന്റെ സാമ്പത്തികപ്രശ്‌നങ്ങള്‍ക്കെല്ലാം ഒരു ഒറ്റമൂലിയാണെന്നും അവര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ ബാങ്കിംഗ് പോലെ തികച്ചും ഭൗതികമായ വിഷയത്തില്‍ ഇസ്ലാം എന്തെങ്കിലും വ്യവസ്ഥ മുമ്പോട്ട് വെക്കുന്നുണ്ടോ? ‘ഇസ്ലാമിക് ബാങ്കിംഗ്’ എന്ന സംജ്ഞ തന്നെ സാധുവാണോ? ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

‘പലിശ രഹിത വ്യവസ്ഥ’ യാണ് ‘ഇസ്ലാമിക് ബാങ്കിംഗി’ന്റെ അടിത്തറയായി വിശേഷിപ്പിക്കുന്നത്. എന്നാല്‍ പലിശ എന്താണെന്നതിനെ കുറിച്ച് മുസ്ലിം ജനസാമാന്യം ആശയക്കുഴപ്പത്തിലാണെന്നതാണ് സത്യം. ഉദാഹരണത്തിന് interest എന്ന് വിശേഷിപ്പിക്കപ്പെടുന്നതെല്ലാം ഖുര്‍ആന്‍ നിരോധിച്ച പലിശയാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ service charge, fine തുടങ്ങിയ കാര്യങ്ങളും interest തന്നെയാണ് വിശേഷിപ്പിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

ഇസ്ലാം പലിശക്ക് സാങ്കേതികമായ ഒരു നിര്‍വ്വചനം പോലും നല്‍കിയിട്ടുണ്ടെന്ന് തോന്നുന്നില്ല. ആധുനിക കാലഘട്ടത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പഴയ നിര്‍വ്വചനങ്ങളെ അപ്രസക്തമാക്കുന്നു. ഉദാഹരണത്തിന് ഇന്ന് 10000 രൂപ കടം കൊടുത്തവന് 10 കൊല്ലം കഴിഞ്ഞ് 10000 തന്നെ തിരിച്ച് കൊടുക്കുന്നത് നീതിയാണോ? അതിനാല്‍ paper currency, വിലക്കയറ്റം തുടങ്ങിയ വസ്തുതകള്‍ കണക്കിലെടുക്കേണ്ടതുണ്ട്. അതിനാല്‍ ‘ചൂഷണത്തിലധിഷ്ഠിതമായ പണം കടം കൊടുപ്പാണ് പലിശ’ എന്ന മൂല്യാധിഷ്ഠിത വിശേഷണം മാത്രമേ നമുക്ക് ഇസ്ലാമിന്റേതായി കാണാന്‍ കഴിയൂ.

ഉദാഹരണത്തിന് ബ്ലേഡ് പലിശയിലൂന്നിയ ഇടപാടുകള്‍ ചൂഷണത്തിലധിഷ്ഠിതമാണെന്നതില്‍ സംശയമില്ല. അതില്‍ പലിശ കൂടുതല്‍ കിട്ടും എന്നതല്ല അതിനാധാരം. മറിച്ച് അവിടെ നിക്ഷേപിക്കപ്പെടുന്ന മേഖലകള്‍ പലപ്പോഴും അധാര്‍മ്മികമാണെന്നതാണ് എന്നതാണ്. പിന്നത്തെ ചോദ്യം സാമ്പ്രദായിക ബാങ്കിംഗ് ചൂഷണത്തിലൂന്നിയതാണോ? ഏത് മേഖലയിലുമെന്നത് പോലെ ഒരളവ് വരെ ചൂഷണം അവിടെയുമുണ്ടാകാം. എന്നാല്‍ ഇന്നത്തെ ബാങ്കിംഗ്, ഇന്‍ഷുറസ്, പെന്‍ഷന്‍ ഫണ്ട്, ബോണ്ടുകള്‍ തുടങ്ങിയവ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നതും ജനോപകാര പരിപാടികളെ കേന്ദ്രീകരിക്കുന്നതുമാണ്. അത് കൊണ്ട് തന്നെ അവയില്‍ നിന്നുള്ള വരുമാനം തുച്ഛവും വിലക്കയറ്റത്തെ മറികടക്കാന്‍ പോലും പര്യാപ്തമല്ലാത്തതുമാണെന്ന് കാണാന്‍ കഴിയും. പിന്നെങ്ങനെയാണ് അത് മുഴുവന്‍ ചൂഷണമാകുന്നത്?

ഇസ്ലാമിക് ബാങ്കിംഗിലും പണം കടമെടുക്കുന്നവരില്‍ നിന്ന് service charge ഈടാക്കാറുണ്ട്. എന്നാല്‍ അത് ‘കുറവാ’ണെന്നതാണ് ഇസ്ലാമിക് ബാങ്കിംഗ് വക്താക്കളുടെ അവകാശ വാദം. service charge കുറയുന്നതും കൂടുന്നതും ഡിമാന്റ് ഉള്‍പ്പെടെയുള്ള ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഡിമാന്റിനെ സപ്ലൈയുമായി ബാലന്‍സ് ചെയ്യാനുള്ള പ്രകൃതിയുടെ സംവിധാനമാണ് ഒരു ഉല്‍പ്പന്നത്തിന്റെ വില നിശ്ചയിക്കുന്നത്. അതിനാല്‍ service charge സാങ്കേതികമായി bank interestല്‍ നിന്ന് വ്യത്യസ്തമല്ല. പലിശരഹിത നിക്ഷേപം, സഹായ പദ്ധതികള്‍ തുടങ്ങിയവ ആളുകളുടെ ഉദാരമനസ്‌ക്കതയെ ആശ്രയിച്ചിരിക്കുന്ന കാര്യങ്ങളാണ്. അതിനെ ബാങ്കിംഗായി കണക്കാക്കാന്‍ കഴിയില്ല. ഒരു അത്യാവശ്യക്കാരന് തന്റെ അടിയന്തിരവും വ്യക്തിപരവുമായ ആവശ്യങ്ങള്‍ക്ക് ഉടനടി ആശ്രയിക്കാവുന്ന കാര്യങ്ങളല്ല അവയൊന്നും. അതിന് മാര്‍ക്കറ്റ് വ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള സംവിധാനം തന്നെ വേണം.

അതിനാല്‍ ബ്ലേഡുകാരുടെ കയ്യില്‍ നിന്ന് പൊതുജനങ്ങളെ രക്ഷിക്കുകയും ആരുടെയും മുമ്പില്‍ കൈ നീട്ടാതെ creditന്റെ ലഭ്യത ജനകീയമാക്കുകയും ചെയ്യുകയെന്ന സദ്ക്കര്‍മ്മമാണ് ബാങ്കുകള്‍ ചെയ്യുന്നതെന്ന് കാണാം. ബാങ്കുകള്‍ നഷ്ടത്തില്‍ പങ്കാളികളാകാറില്ലെന്നതും മുതല്‍ മുടക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കാറില്ലെന്നതും തെറ്റിദ്ധാരണയാണ്. അമേരിക്കയില്‍ പോലും ഈ സാമ്പത്തിക മാന്ദ്യത്തില്‍ നിരവധി ബാങ്കുകള്‍ അടച്ചു പൂട്ടി നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെട്ടിരുന്നു. ബാങ്കില്‍ നിക്ഷേപിച്ചാലും നഷ്ടം വരാമെന്ന് ഇത് കാണിക്കുന്നു. അതിനാല്‍ അക്കാര്യത്തില്‍ ബാങ്കുകള്‍ ശ്രദ്ധ ചെലുത്താറുണ്ട്. എന്ത് കൊണ്ട് ഇന്ത്യയില്‍ ബാങ്കുകളെ സാമ്പത്തിക മാന്ദ്യം ബാധിച്ചില്ല? അതിനാല്‍ അവിടെ പ്രസക്തം മികച്ച നടത്തിപ്പാണ്.

ഇന്നത്തെ ബാങ്കിംഗ് സംവിധാനത്തിലെ പോരായ്മകളും ചൂഷണങ്ങളും തിരുത്തണമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാല്‍ അത്തരം മൂല്യാധിഷ്ഠിത പരിവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രം ബാങ്കിംഗിന്റെ സാങ്കേതിക സ്വഭാവം മാറുന്നില്ല. സാങ്കേതികമായ ഒരു സംഭാവനയും ഇസ്ലാം ബാങ്കിംഗ് പോലുള്ള ഭൗതിക കാര്യങ്ങളില്‍ ഉദ്ദേശിച്ചിട്ടില്ലെന്നിരിക്കെ എന്ത് കൊണ്ട് പലിശ രഹിത ബാങ്കിംഗിനെ ‘ഇസ്ലാമിക് ബാങ്കിംഗ്’ എന്ന് വിളിക്കണം? (ബാങ്കിംഗിന്റെ സാങ്കേതിക കാര്യങ്ങളില്‍ ഭൂരിഭാഗവും പാശ്ചാത്യ സംഭാവനയാണെന്നത് വേറെ കാര്യം). അതിനാല്‍ ‘ഇസ്ലാമിക് ബാങ്കിംഗ്’ എന്ന പ്രയോഗം ശരിയായതായി തോന്നുന്നില്ല.

ഉദാഹരണത്തിന് കടകളും വീടുകളും വാടകക്ക് കൊടുക്കുന്ന കാര്യം തന്നെ എടുക്കുക. അവ മദ്യക്കച്ചവടം, ബ്ലേഡ് കച്ചവടം, അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്ക് വാടകക്ക് കൊടുക്കാന്‍ പാടില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. എന്നാല്‍ ആ രീതിയിലുള്ള മൂല്യാധിഷ്ഠിതമായ വാടകക്ക് കൊടുക്കലിനെ അവതരിപ്പിച്ച് കൊണ്ട് അതിനെ ‘ഇസ്ലാമിക് റെന്റിംഗ്’ എന്ന് വിളിക്കാന്‍ പറ്റുമോ? ഇത്തരം മൂല്യങ്ങള്‍ മുസ്ലിങ്ങള്‍ക്ക് മാത്രം ബാധകമായതല്ലെന്നിരിക്കെ ഇത്തരം പ്രചാരണങ്ങള്‍ സങ്കുചിതത്വമായി മാത്രമേ കണക്കാക്കാന്‍ കഴിയൂ. പലിശക്കെതിരായ നിലപാടും എല്ലാ മതങ്ങളുടെയും പൊതുവായതാണെന്ന് ഇസ്ലാമിക് ബാങ്കിംഗുകാരും അംഗീകരിക്കുന്നു. അതിനാല്‍ അതിനെ സ്വന്തം മതത്തോട് ബന്ധപ്പെടുത്തി വിശേഷിപ്പിക്കുന്നത് അവരുദ്ദേശിക്കുന്ന മൂല്യാധിഷ്ഠിത ബാങ്കിംഗിന്റെ സ്വീകാര്യത കുറക്കാനാണ് ഉതകുക എന്ന് തിരിച്ചറിയേണ്ടതുണ്ട്.

ആധുനിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ബാങ്കിംഗ്. സാമ്പത്തിക വ്യവസ്ഥയുടെ ജീവനാഢിയും പൊതുജനങ്ങള്‍ (മുസ്ലിങ്ങളിലെ ബഹുഭൂരിപക്ഷമുള്‍പ്പെടെ) ഏറ്റവും അധികം തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ആശ്രയിക്കുന്നതുമാണ് സാമ്പ്രദായിക ബാങ്കിംഗ് സംവിധാനം. അതിനെ സാങ്കേതികമായി മൗലികമായ ഒരു വ്യത്യാസവുമില്ലാതെ സ്വീകരിക്കുകയാണ് ഇസ്ലാമിക് ബാങ്കിംഗുകാര്‍ ചെയ്തിട്ടുള്ളത്. എന്നിട്ട് മുസ്ലിം ഉപഭോക്താക്കളെയും എണ്ണ സമ്പന്ന മുസ്ലിം രാജ്യങ്ങളെയും ആകര്‍ഷിക്കാന്‍ അതിന് മതകീയ പരിവേഷം നല്‍കുകയും സാമ്പ്രദായിക ബാങ്കിംഗിനെതിരെ കുപ്രചാരണം അഴിച്ച് വിടുകയാണ് അവര്‍ ചെയ്യുന്നത്. ആധുനിക ബാങ്കിംഗ് സംവിധാനത്തിന്റെ സംഭാവനകളും അവിടെ പ്രവര്‍ത്തിക്കുന്നവരെല്ലാം കൊള്ളക്കാരും പലിശ വ്യാപാരികളുമല്ലെന്നും ഇസ്ലാമിക് ബാങ്കിംഗുകാര്‍ അംഗീകരിച്ചേ പറ്റൂ.

You May Also Like

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള കുടുംബങ്ങളിലൊന്നായ അംബാനി കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യത

വ്യവസായ പ്രമുഖനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള അംബാനി കുടുംബം ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ളതും സമ്പന്നവുമായ കുടുംബങ്ങളിലൊന്നാണ്.…

വിദ്യാഭാസം അല്ല സാമ്പത്തിക അച്ചടക്കമാണ് ജീവിതവിജയത്തിന് വേണ്ടത് , ഒരു ഉദാഹരണകഥ

സുഹൃത്തുക്കളും സഹപാഠികളും ആയ രണ്ട് പേർ. അതിൽ ഒന്നാമൻ പത്താം ക്ലാസിനും, പ്ലസ്‌ടുവിനും ഒക്കെ ഒരുപാട് മാർക്ക് വാങ്ങി വിജയിച്ചു. തുടർന്ന് ഇഷ്ടവിഷയമായ കണക്കിൽ

ഫ്രാഞ്ചൈസി – അവസരങ്ങള്‍ തേടാനും അറിയാനും..

കേരളത്തിലെ കോഴിക്കോട് ,കൊച്ചി ,തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ franchiseindia.com എല്ലാ വര്‍ഷവും എക്ഷിബിഷന്‍സ് നടത്താറുണ്ട്,അവിടെ വച്ച് പ്രശസ്തമായ ബ്രാന്‍ഡുകളുടെ പ്രധിനിധികളുമായി നേരിട്ട് സംവദിക്കാവുന്നതാണ്.

സാംസങ് എന്നാൽ നിങ്ങൾ കരുതുന്നത് മാത്രമല്ല ….

1938-ൽ കൊറിയയിലെ (ഇപ്പോൾ ദക്ഷിണ കൊറിയയിൽ) ദേഗു എന്ന നഗരത്തിൽ ബ്യൂങ്-ചുൽ ലീ ആരംഭിച്ച സംരംഭം. ആദ്യകാല പേർ സാംസങ് സാംഘോ എന്നായിരുന്നു.ഒരു ചെറിയ സൂപ്പർ മാർക്കറ്റും നൂഡിൽസ് ഉണ്ടാകൂന്ന