ഇസ്ലാമിക സാഹോദര്യത്തിന്റെ രാഷ്ട്രീയം

275

01

രാഷ്ട്രീയ മത വീക്ഷണങ്ങള്‍ ഉള്ള ലേഖനങ്ങള്‍ അതാത് ലേഖകരുടെ മാത്രം അഭിപ്രായമാണ്: എഡിറ്റര്‍

മനുഷ്യന്റെ സ്വഭാവ സംസ്‌ക്കരണത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നവയാണ് മതങ്ങള്‍. അതിനാല്‍ മാനവകുലത്തിന്റെ നിലനില്‍പിന് മതത്തിനുള്ള പങ്ക് നിസ്തര്‍ക്കമാണ്. എന്നാല്‍ ഇവിടെ നിരവധി മതങ്ങള്‍ നിലനില്‍ക്കുന്നതിനാലും ഒരേ മതത്തിനുള്ളില്‍ പോലും വീക്ഷണ വ്യത്യാസങ്ങള്‍ക്ക് പഴുതുള്ളതിനാലും സര്‍വ്വോപരി മതങ്ങള്‍ ഏതെങ്കിലും ഭൗതിക വ്യവസ്ഥകള്‍ മുമ്പോട്ട് വെക്കാത്തതിനാലും വിശ്വാസ സ്വാതന്ത്ര്യത്തിന്റെ പേരിലും പ്രായോഗികപരിഗണന വെച്ച് കൊണ്ടും നാം മതം മനുഷ്യന്റെ സ്വകാര്യ കാര്യമാണെന്ന് പറയാറുണ്ട്.

മതത്തിന്റെ പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള സാഹോദര്യത്തിന് പ്രസക്തിയില്ലെന്ന് പറഞ്ഞ് കൂടാ. കാരണം ഒരു മതം നിലനില്‍ക്കുന്നത് അതിന്റെ അംഗങ്ങളുടെ ഇടയിലുള്ള പ്രസ്തുത സാഹോദര്യത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ആ സാഹോദര്യത്തിന് രാഷ്ട്രീയ മാനം കൊടുക്കുന്നത് ശരിയല്ല, കാരണം രാഷ്ട്രാതിര്‍ത്തിയെ അടിസ്ഥാനപ്പെടുത്തിയുള്ള കൂട്ടായ്മകള്‍ക്ക് ഉദാഹരണത്തിന് രാഷ്ട്രീയപാര്‍ടികള്‍ക്ക് മാത്രമേ രാഷ്ടീയ പ്രാധാന്യമുള്ളൂ. നമ്മുടെ വ്യക്തിപരമായ വിശ്വാസങ്ങളേക്കാള്‍ സ്വന്തം നാടിനും നാട്ടാര്‍ക്കും മുന്‍ഗണന കൊടുക്കേണ്ട ബാധ്യത നമുക്കുണ്ട്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ ‘ഇസ്ലാമിക സാഹോദര്യ’ത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്ന ഒരു അനാരോഗ്യ പ്രവണത നിലനില്‍ക്കുന്നു. ഇത് എത്രത്തോളം ആശാസ്യകരമാണെന്ന് നാം വിലയിരുത്തേണ്ടതുണ്ട്.

പറഞ്ഞു വരുന്നത് നമ്മുടെ നാട്ടില്‍ ഇറാഖ്, ഫലസ്തീന്‍, ചെച്‌നിയ, ദാഗിസ്താന്‍, ബര്‍മ്മ തുടങ്ങിയ മുസ്ലിം രാജ്യങ്ങളുടെ രാഷ്ട്രീയ പ്രശ്‌നങ്ങളെ നെഞ്ചിലേറ്റി അവ പരിഹരിക്കാനും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പോലും വിഷയമാക്കാനും ഒരുമ്പെട്ടിറങ്ങുന്നവരെ കുറിച്ചാണ്. ഉദാഹരണത്തിന് ഫലസ്തീനില്‍ ഇസ്രായേല്‍ രണ്ട് ബോംബിട്ടാല്‍ ഉടനെ നമ്മുടെ നാട്ടില്‍ നിരവധി ഇടനെഞ്ചുകള്‍ കൂട്ടത്തോടെ തകരുകയായി. പിന്നെ വിലാപമായി, ഗദ്ഗദമായി, കവിതയായി, പടം വരയായി ആകെ ബഹളമാകും. ഉടനെ ഇസ്രായേലിലേക്ക് ഇന്ത്യ ഒരു മിസ്സൈല് വിടണമെന്ന മുറവിളിയും തുടങ്ങും. ഫലസ്തീന് ചുറ്റും കിടക്കുന്ന മുസ്ലിം രാജ്യങ്ങള്‍ക്ക് തോന്നാത്തത് നമുക്ക് തോന്നിയിട്ട് എന്ത് കാര്യം എന്ന് ആ സാധുക്കള്‍ ആലോചിക്കാറില്ല. കാരണം ലോകമുസ്ലിങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും നമ്മുടെ ചുമലിലാണല്ലോ!

‘പാന്‍ ഇസ്ലാമിസം’ എന്ന മതരാഷ്ട്രീയ സങ്കല്‍പ്പത്തിന്റെ സ്വാധീനമാണ് ഇവിടെ പ്രകടമാകുന്നത്. ‘ലോകമുസ്ലിങ്ങള്‍’ ഒറ്റ രാഷ്ട്രമാണ് എന്ന സങ്കല്‍പ്പമാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇതിന് മതപരമായ സാധുതയൊന്നുമില്ല. ‘രാഷ്ട്രം’ എന്ന സങ്കല്‍പ്പം പോലും ആധുനികമാണെന്നിരിക്കെ ഇത്തരം സങ്കല്‍പ്പക്കാരുടെ രാഷ്ട്രീയ മോഹങ്ങള്‍ മാത്രമാണ് ഇതിന് പിന്നിലുള്ളത്. അതിനാല്‍ ആ നിലപാട് സെക്കുലര്‍ വിരുദ്ധവും സാമുദായിക ചേരിതിരിവുണ്ടാക്കുന്നതും അശാസ്ത്രീയവുമാണെന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്.

സ്വാതന്ത്ര്യത്തിന് മുമ്പ് ഒരു തവണ ഇസ്ലാമിക സാഹോദര്യത്തെ രാഷ്ട്രീയവല്‍ക്കരിച്ചതിന്റെ തിക്താനുഭവം നമ്മുടെ മുമ്പിലുണ്ട്. അന്ന് തുര്‍ക്കിയുടെ കൊടി പിടിച്ച് നമ്മുടെ നാട്ടില്‍ കുറെ പേര്‍ ഇറങ്ങിയതാണ് രാജ്യത്തിന്റെ വിഭജനത്തിലേക്ക് വരെ വഴി വെച്ചത്. രണ്ടാം ലോക മഹായുദ്ധത്തില്‍ മുസ്ലിം നാടുകളില്‍ സാമ്രാജ്യത്വ അധിനിവേശമുണ്ടായപ്പോള്‍ തുര്‍ക്കിയുടെ ‘ഖിലാഫത്’ (ആഗോള മുസ്ലിം നേതൃത്വം) സംരക്ഷിക്കാന്‍ ഇന്ത്യയിലെ ചില മുസ്ലിം നേതൃത്വം മുന്‍കൈയെടുത്തതാണ് ഖിലാഫത്ത് പ്രസ്ഥാനത്തിന് വഴി വെച്ചത്. എന്നാല്‍ അനന്തരം തുര്‍ക്കിയുടെ ആധിപത്യത്തില്‍ നിന്ന് അറബ് രാഷ്ട്രങ്ങള്‍ ആവേശത്തോടെ പുറത്ത് ചാടിയതും തുര്‍ക്കി തന്നെ ഒരു അള്‍ട്രാ സെക്കുലര്‍ രാഷ്ട്രമായി മാറിയതും നമ്മുടെ നാട്ടിലെ ആഗോള മുസ്ലിം പൗരന്മാര്‍ക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു.

കേരള മുസ്ലീങ്ങള്‍ക്കിടയില്‍ ഈ ചിന്താഗതി വളര്‍ത്തിയതില്‍ ഇവിടുത്തെ മതബുദ്ധിജീവിവിഭാഗം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. വെള്ളിയാഴ്ചത്തെ ജുമുഅ പ്രഭാഷണത്തിനിടയില്‍ പോലും ഖുര്‍ആനെയും സുന്നത്തിനെയും കുറിച്ചുള്ള പരമ്പരാഗത ചര്‍ച്ചകളൊക്കെ മാറ്റി വെച്ച് ഇറാക്കും ഫലസ്തീനും ബുഷും പുടിനുമൊക്കെ വിഷയമാക്കി വിപ്ലവം സൃഷ്ടിച്ചത് അവരായിരുന്നു. സാമ്പ്രദായിക മുസ്ലിങ്ങള്‍ നബിചരിത്രവും ദിക്‌റും സലാത്തുമൊക്കയായി ‘പഴഞ്ചനായി’ തുടര്‍ന്നപ്പോള്‍ പ്രസ്തുത വിഭാഗം ആഗോള മുസ്ലിം വിഷയങ്ങളെ തങ്ങളുടെ അപാരമായ വിശകലനവിമര്‍ശനവീക്ഷണ കോണകത്തില്‍ അവതരിപ്പിച്ച് ഊറ്റം കൊണ്ടു. (ഇന്ത്യയുടെ വിദേശ നയത്തെ സ്വാധീനിക്കാന്‍ പിന്നെ ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് ഉദ്ബുദ്ധരായ കുഞ്ഞാടുകളോട് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ?)

ഇറാഖ് യുദ്ധകാലത്ത് ഇറാഖിന്റെയും കുവൈത്തിന്റെയും കൊടി പിടിച്ചവര്‍ തമ്മില്‍ കേരളത്തിന്റെ തെരുവില്‍ തമ്മില്‍ തല്ലുന്നത് വരെ നാം കണ്ടു. അതിന് ശേഷം ഇറാഖ് നേരിട്ട ഉപരോധത്തിന്റെയും രണ്ടാം ഇറാഖ് അധിനിവേശത്തിന്റെയും വേളയില്‍ ഇറാഖ് കൊടിക്കാര്‍ക്ക് ചാകരയായിരുന്നു. കേരളത്തില്‍ ഒരു മതപത്രം തടിച്ച് കൊഴുത്തത് തന്നെ ഇറാഖിനെ വിറ്റിട്ടായിരുന്നു. ഇന്ന് ഇറാഖില്‍ അമേരിക്കയില്ല. എന്നാല്‍ അവിടെ തുടര്‍ന്ന് കൊണ്ടിരിക്കുന്ന കലാപത്തിനും നരഹത്യക്കും ആരാണ് ഉത്തരവാദി? ശിയാ ഭൂരിപക്ഷമായ ഇറാഖില്‍ സദ്ദാമെന്ന ‘സുന്നി’യെ വാഴിക്കാന്‍ മറ്റ് സുന്നി അറബി രാജ്യങ്ങളും ഇറാഖിലെ സുന്നികളും ചേര്‍ന്ന് നടത്തിയ ഒത്താശയുടെയും ഇന്ന് ഇറാന്റെ സഹായത്തോടെ ഇറാഖിലെ ശിയാക്കള്‍ നടത്തുന്ന തിരിച്ചടിയുടേയും ബാക്കിപത്രമാണ് ഇറാഖ് എന്ന് ഇന്ന് വ്യക്തമായിരിക്കുകയാണ്. സുന്നിശിയാ വംശീയതയുടെ അടിസ്ഥാനത്തില്‍ ഇറാഖില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് മതകീയ പരിവേഷം നല്‍കി ഇവിടെ കേരളത്തില്‍ ഒരു രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കൊണ്ട് വരേണ്ട കാര്യമുണ്ടായിരുന്നോ? കുവൈത്ത് അധിനിവേശത്തിന്റെ ന്യായാന്യായങ്ങള്‍ പോലും പരിഗണിക്കാതെ സദ്ദാമെന്ന ‘ഇസ്ലാമിക നായക’നെ ചുമന്ന് നടക്കുന്നവര്‍ ഉത്തരം പറയേണ്ടതുണ്ട്.

ഇന്ന് നമ്മുടെ നാട്ടില്‍ ഏറെ ആരാധകരുള്ള ഒരു കൊടി ഇറാന്റേതാണ്. കാരണം പൊട്ടുമെന്നുറപ്പില്ലെങ്കിലും ഒരു ആറ്റം ബോംബ് തട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്ന അവരിലാണ് നമ്മുടെ ഏക പ്രതീക്ഷ. ‘ഇസ്ലാമിക റിപ്പബ്ലിക്കായി’ സ്വയം പ്രഖ്യാപിക്കുകയും മാത്രല്ല അമേരിക്കക്കെതിരെ വാചക മിസൈലുകള്‍ തൊടുത്തു വിട്ടു കൊണ്ടിരിക്കുന്ന ഇറാന്റെ കൊടിക്ക് പിന്നില്‍ അണി നിരക്കേണ്ടത് നമ്മുടെ നിര്‍ബന്ധ ബാധ്യതയല്യോ? ഇറാന്‍ ശിയാ രാഷ്ട്രമാണെന്നതും അവിടെ ശിയാ പൗരോഹിത്യമാണ് അധികാരത്തിലെന്നതുമൊന്നും നമുക്ക് വിഷയമല്ല. പോരാത്തതിന് ഇസ്രായേലിനെ ‘തുടച്ച് മാറ്റാനും’ ‘വടിച്ച് നീക്കാനു’മൊക്കെയുള്ള അഹ്മദി നിജാദിന്റെ ആഹ്വാനങ്ങള്‍ കൂടിയാകുമ്പോള്‍ പൂര്‍ത്തിയായി. അഹ്മദി നിജാദിന്റെ പേര് കേള്‍ക്കുമ്പോഴേ സ്വലാത്ത് ചൊല്ലുന്നവര്‍ നമ്മുടെ കൂട്ടത്തിലുണ്ട്. അന്താരാഷ്ട്ര മര്യാദകള്‍ പോലും ലംഘിച്ച് കൊണ്ട് അഹ്മദി നിജാദ് നടത്തിയ വിടുവായത്തരങ്ങള്‍ പലര്‍ക്കും അദ്ദേഹത്തെ ഒരു ഔലിയ ആക്കി മാറ്റി. എന്നാല്‍ നീണ്ട എട്ട് വര്‍ഷം അവസരം കിട്ടിയിട്ടും ഇസ്രായേലിനെ തൊട്ട് കളിക്കാന്‍ മാത്രം വിവരക്കേട് തനിക്കില്ലെന്ന് അദ്ദേഹം തെളിയിച്ചു. മറിച്ച് അദ്ദേഹം ആകെ തുടച്ച് നീക്കാന്‍ സഹായിച്ചത് സിറിയയിലെ ഒരു ലക്ഷം സുന്നികളെയായിരുന്നു. (ഇറാഖിലെ കണക്ക് വേറെ). ഒബാമക്കോ കാമറൂണിനോ ഉണ്ടായ ബേജാറ് പോലും സിറിയയുടെ ജനങ്ങളുടെ കാര്യത്തില്‍ ഇറാനിലെ നാല് മുഴം താടി നീട്ടിയ ആയത്തൊല്ലമാര്‍ക്ക് ഉണ്ടായില്ലെന്നത് പ്രസ്താവ്യമാണ്.

ഈ ചിന്താഗതിക്കാര്‍ സമുദായത്തിന് വരുത്തുന്ന ക്ഷീണം ചില്ലറയല്ല. ഇത് സമുദായത്തിന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെടാനും ഇതര സമുദായങ്ങളുമായി അകലാനും മാത്രമേ ഉതകൂ. അതല്ലാതെ ഇന്ത്യന്‍ മുസ്ലിങ്ങളുടെ നിലപാടൊന്നും ആഗോളവിഷയങ്ങളില്‍ ഒരു സ്വാധീനവും ചെലുത്തുകയുല്ലെന്ന് നാം വിനയപൂര്‍വ്വം തിരിച്ചറിയേണ്ടതുണ്ട്. രാജ്യ സ്‌നേഹം തെളിയിക്കാന്‍ ഇന്ത്യയുടെ കൊടി ബാഡ്ജ് കുത്തി നടക്കേണ്ട അവസ്ഥ പലപ്പോഴും വന്നു ചേരുന്നതും അത് കൊണ്ട് തന്നെ. ഇന്ത്യയില്‍ തന്നെ ശതകോടികള്‍ പട്ടിണി കിടക്കുകയും ദുരിതമനുഭവിക്കുകയും ചെയ്യുമ്പോള്‍ കണ്ണീരൊഴുക്കാന്‍ ഇറാക്കിലേക്കും ഫലസ്തീനിലേക്കും പോകേണ്ടതില്ല. അറബികളുടെ കാര്യം നോക്കാന്‍ അവര്‍ക്കറിയാം. നമ്മുടെ നാട്ടില്‍ പറയുന്ന അമേരിക്കന്‍ വിരോധമൊന്നും അവര്‍ക്കൊട്ടില്ല താനും. മറിച്ച് അവര്‍ യഥാര്‍ത്ഥത്തില്‍ ഭീഷണിയായി ഇറാനെയാണ്, അമേരിക്കയെയല്ല.

യഥാര്‍ത്ഥത്തില്‍ ഇറാഖിന്റെയും സിറിയയുടെയുമൊക്കെ പ്രശ്‌നം ഇന്ത്യന്‍ മുസ്ലിങ്ങളുടെ സഹായമില്ലാത്തതല്ല, മറിച്ച് രാഷ്ട്രാതിര്‍ത്തിയെ മുന്‍നിറുത്തിയുള്ള സെക്കുലരിസത്തെ അംഗീകരിക്കാത്തതാണ്. ആ സെക്കുലരിസത്തെ അംഗീകരിച്ചിരുന്നെങ്കില്‍ ഇറാഖി സുന്നികള്‍ സദ്ദാമെന്ന കിരാത ഏകാധിപതിയെ അന്ധമായി പിന്താങ്ങി ഇറാഖിനെ നാശത്തിലേക്ക് തള്ളി വിടുമായിരുന്നില്ല. സിറിയയിലെ ശിയാക്കള്‍ ഹിസ്ബുള്ളയുടെയും ഇറാന്റെയും ആയുധം വാങ്ങി സഹോദരങ്ങളായ സിറിയയിലെ സുന്നികളുടെ കഴുത്തറക്കുമായിരുന്നില്ല. മതത്തിന്റെ രാഷ്ട്രീയവല്‍ക്കരണം എപ്രകാരം വംശീയ പക്ഷപാതത്തെ പിന്താങ്ങുന്നു എന്നതിന് ദൃഷ്ടാന്തമാണ് ഇത്.

‘ഇസ്ലാമിക സാഹോദര്യ’ത്തിന് രാഷ്ട്രീയമാനം കൊടുക്കുന്നത് അസംബന്ധമാണെന്ന് ഇതെല്ലാം കാണിക്കുന്നു. നാനാത്വത്തില്‍ ഏകത്വമെന്ന നമ്മുടെ രാഷ്ട്ര വീക്ഷണത്തിനാണ് മുന്‍ഗണന കൊടുക്കേണ്ടത്. എന്നാല്‍ ഇവിടെ യഥാര്‍ത്ഥ പ്രതികള്‍ ഏതെങ്കിലും മതമോ സമുദായമോ അല്ല. മറിച്ച് മതത്തെ പ്രത്യയശാസ്ത്രവല്‍ക്കരിക്കുന്ന ഏത് സമൂഹത്തിലെയും ഒരു ചെറു ന്യൂനപക്ഷമാണ്. അവരുടെ കൊടി മാറ്റി വെച്ച് സെക്കുലരിസത്തിന്റെ പൊതുവായ കൊടിയുടെ കീഴില്‍ ഒന്നിച്ചാല്‍ എല്ലാ പ്രശ്‌നവും അതോടെ അവസാനിക്കും.