ഈശ്വരനെ വിചാരിച്ച് പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങിക്കൊടുക്കരുതെന്ന് !

221

01

പ്രിയപ്പെട്ട അമ്മമാരെ, ഒരൊറ്റ മിസ്ഡ് കോള്‍ മതി നിങ്ങളുടെ പെണ്മക്കളെ നിങ്ങള്‍ക്ക് നഷ്ടമാകുവാന്‍.. അത് കൊണ്ട് ഈശ്വരനെ വിചാരിച്ച് പെണ്‍കുട്ടികള്‍ക്ക് നിങ്ങള്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കരുതേ.. ഇങ്ങനെ പറഞ്ഞത് ഏതെങ്കിലും മത പണ്ഡിതനോ ഒന്നുമല്ല. മറിച്ച് നമ്മുടെ സ്വന്തം സുഗതകുമാരി ടീച്ചറാണ് അമ്മമാര്‍ക്ക് ഈ ഉപദേശം നല്‍കുന്നത്. കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന പൂര്‍വ്വ അദ്ധ്യാപക വിദ്യാര്‍ത്ഥി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു സുഗതകുമാരി ടീച്ചര്‍. ടീച്ചര്‍ ഇങ്ങനെ പറഞ്ഞതോടെ ഈ വാക്കുകള്‍ക്ക് അനുകൂലമായും പ്രതികൂലമായും സോഷ്യല്‍ മീഡിയയില്‍ പ്രതികരണം വന്നു കൊണ്ടിരിക്കുകയാണ്.

തീയിലേക്ക് വീഴാന്‍ പോകുന്ന ശലഭം പോലെയാണ് പെണ്‍കുട്ടികള്‍ എന്ന് സുഗതകുമാരി ടീച്ചര്‍ പറയുന്നു. സ്കൂളില്‍ നിന്നും കോളേജില്‍ നിന്നുമൊക്കെ പെണ്‍മക്കള്‍ വഴി തെറ്റിപ്പോകുന്നതിന് പ്രധാന കാരണം മൊബൈല്‍ ഫോണാണ്. ഇങ്ങന വഴിതെറ്റി പോകുന്നവര്‍ പിന്നീട് ഇടംവലം പൊലീസുമായി വരുന്നത് താന്‍ ദിവസവും കാണുന്നതായി സുഗതകുമാരി അനുഭവം പങ്കു വെച്ചു. അടുത്ത കാലത്ത് തിരുവനന്തപുരത്തെ പ്രധാന സ്കൂളില്‍ നിന്ന് പ്‌ളസ് ടു പരീക്ഷ കഴിഞ്ഞ് ഒരു പെണ്‍കുട്ടി ഒളിച്ചോടിയത് 18 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരു ഗുണ്ടയ്‌ക്കൊപ്പം ആണെന്നത് നമ്മെ ഞെട്ടിപ്പിക്കുന്ന കാര്യമാണെന്ന് ടീച്ചര്‍ പറഞ്ഞതോടെ ആദ്യമൊക്കെ അത്ര കാര്യമാക്കി എടുക്കാതിരുന്ന അമ്മമാര്‍ ടീച്ചറുടെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പൊലീസ് ആ പെണ്‍കുട്ടിയെ കണ്ടെത്തി കൊണ്ടു വരുമ്പോള്‍ വല്ലാത്ത ധിക്കാര മനോഭാവത്തോടെ നില്‍ക്കുകയാണ് പെണ്‍കുട്ടി എന്നും ടീച്ചര്‍ പറഞ്ഞു. ടീച്ചറുടെ വാക്കുകള്‍ ഭീതിയോടെയാണ് വീട്ടില്‍ പെണ്മക്കളുള്ള ഓരോ അമ്മയും കേട്ടത്.

02

ഇങ്ങനെ ഗുണ്ടയോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടി പറഞ്ഞത് തനിക്ക് അയാള്‍ക്കൊപ്പം ജീവിച്ചാല്‍ മതിയെന്നായിരുന്നു. ആ പെണ്‍കുട്ടിയുടെ പിതാവ് എന്റെ മുന്നില്‍ മേശപ്പുറത്ത് തലതല്ലി കരയുന്നു. സുന്ദരിയാണ് ആ പെണ്‍കുട്ടി. ഒരു ശലഭം തീയില്‍ വീഴാന്‍ തീരുമാനിച്ചാല്‍ അതിന്റെ ചിറുകുകള്‍ കരിഞ്ഞു പോകുന്നത് കണ്ട് നില്‍ക്കാനല്ലേ പറ്റൂ. ഇതൊന്നുമല്ല പ്രേമമെന്ന് പെണ്‍കുട്ടികള്‍ തിരിച്ചറിയണം. പെണ്‍കുട്ടികള്‍ക്ക് അഭിമാനബോധം ഉണ്ടായിരിക്കണം. അതുണ്ടായാല്‍ ഇതൊന്നം സംഭവിക്കില്ല. സുഗതകുമാരി നെടുവീര്‍പ്പോടെ സദസ്സിനോടായി പറഞ്ഞു.

പെണ്‍കുട്ടികള്‍ ഇപ്പോള്‍ ഒരു മായാലോകത്തിലാണ് ജീവിക്കുന്നത്. അവര്‍ കാണുന്നത് ടിവി പരസ്യങ്ങളും ആണും പെണ്ണും പരസ്പരം കെട്ടിപ്പിടിച്ചു നൃത്തം ചെയ്യുന്ന രംഗങ്ങളും ആണ്. ഇതെല്ലാം കണ്ടുകൊണ്ടു ഇതെല്ലാമാണ് യഥാര്‍ത്ഥ ജീവിതമെന്ന് പെണ്‍കുട്ടികള്‍ തെറ്റിദ്ധരിക്കുന്നു. കഴിഞ്ഞ കുറച്ചുനാളുകള്‍ക്കുള്ളില്‍ വഴി തെറ്റിപോയ 783 പെണ്‍കുട്ടികളെയാണ് പൊലീസ് കണ്ടെത്തിയത്. സ്വന്തം മക്കള്‍, കൊച്ചുമക്കള്‍ എന്നതിലേക്കു മാത്രം ചുരുങ്ങാതെ ലോകത്ത് എന്തു നടക്കുന്നു എന്നു കൂടി അമ്മമാര്‍ അറിയണം. എണ്‍പതായിട്ടും വീട്ടില്‍ ഇരുന്നുകൂടേ എന്നും എന്നോടു ചിലരൊക്കെ ചോദിക്കുന്നുണ്ട്. നമ്മുടെ നാട്, നമ്മുടെ പ്രകൃതി, നമ്മുടെ പെണ്ണുങ്ങള്‍ ഇതൊക്കെ ചിന്തിക്കുമ്പോള്‍ മനസ്സ് അസ്വസ്ഥമായിപ്പോകുന്നുവെന്ന് സുഗതകുമാരി പറയുന്നു.

എന്തായാലും സുഗതകുമാരി ടീച്ചറുടെ വാക്കുകള്‍ നമ്മള്‍ എത്ര വിമര്‍ശിക്കുവാന്‍ നിന്നാലും എത്ര ഫോര്‍വേര്‍ഡ്‌ ആയി ചിന്തിക്കാന്‍ നിന്നാലും നമ്മുടെ മക്കള്‍ക്ക് ആണ് ഇങ്ങനെ ഒരു ദുരന്തം സംഭവിക്കുന്നതെങ്കില്‍ നമ്മളും മാറി എന്നതില്‍ യാതൊരു സംശയവും വേണ്ട തന്നെ. രക്ഷിതാക്കള്‍ ജാഗ്രതൈ..

വാല്‍കഷ്ണം: മക്കളുടെ ഫോണുകള്‍ ആര്‍ക്കും പരിശോധിക്കാവുന്ന തരത്തിലേക്ക് എത്തിയാല്‍ ഇങ്ങനെ ഒന്നും സംഭവിക്കില്ലെന്ന് ഒരാള്‍ ഫേസ്ബുക്കില്‍ എഴുതിക്കണ്ടു. അതും പരിഗണിക്കാവുന്നതാണ്.

Advertisements