ഈശ്വരാ… ഒരു കുരങ്ങായി ജനിച്ചിരുന്നെങ്കില്‍
മനുഷ്യനോട് ഏറ്റവും രൂപഗുണമുള്ള ജീവിയാണല്ലോ കുരങ്ങ്. മനുഷ്യന്റെ മുതുമുത്താശ്ശന്മാരുടെ വര്‍ഗ്ഗമാണ് ഈ കുരങ്ങന്മാര് എന്നാണ് ശാസ്ത്രം പറയുന്നത്. ഇടയ്ക്കൊക്കെ ഞാനും അവയെ കാണാറുണ്ട്. ഞാന്‍ കുരങ്ങുകളെ സാകൂതം, സസൂക്ഷ്മം നിരീക്ഷിച്ചു. ഈശ്വരാ ഒരു കുരങ്ങായി ജനിച്ചിരുന്നെങ്കില്‍ എന്നുതോന്നിപ്പോയി
138 total views

മനുഷ്യനോട് ഏറ്റവും രൂപഗുണമുള്ള ജീവിയാണല്ലോ കുരങ്ങ്. മനുഷ്യന്റെ മുതുമുത്താശ്ശന്മാരുടെ വര്‍ഗ്ഗമാണ് ഈ കുരങ്ങന്മാര് എന്നാണ് ശാസ്ത്രം പറയുന്നത്. ഇടയ്ക്കൊക്കെ ഞാനും അവയെ കാണാറുണ്ട്. ഞാന്‍ കുരങ്ങുകളെ സാകൂതം, സസൂക്ഷ്മം നിരീക്ഷിച്ചു. ഈശ്വരാ ഒരു കുരങ്ങായി ജനിച്ചിരുന്നെങ്കില്‍ എന്നുതോന്നിപ്പോയി
എത്രയോ സര്‍വ്വ സ്വതന്ത്രമായ സുന്ദരമായ ജീവിതമാണ് അവയുടേത്. നാളയെക്കുറിച്ച് അവയ്ക്ക് ലവലേശവും ഭാരവുമില്ല. എന്ത് തിന്നും എന്ത് ഉടുക്കും എന്ന ഒരു ആശങ്കയും അവയ്ക്കില്ല. വിതയ്ക്കുന്നില്ല കൊയ്യുന്നില്ല കളപ്പുരയില്‍ കൂട്ടിവയ്ക്കുന്നതുമില്ല. നാളേക്കുവേണ്ടി യാതൊന്നും കരുതിവയ്ക്കുന്നുമില്ല. അന്നന്നത്തേക്കുള്ളത് മാത്രം അന്വേക്ഷിക്കുന്ന, കിട്ടുന്നതില്‍ സന്തോഷിക്കുന്ന, ഏറ്റവും സംതൃപ്തമായ സന്തുഷ്ട ജീവിതം നയിക്കുന്ന കുരങ്ങന്മാരെ കണ്ടാല്‍ ആര്‍ക്കാണ് അങ്ങനെ തോന്നതിരിക്കുക
തുണിയും തോലാടയും ഒന്നും അവയ്ക്ക് വേണ്ട, ചെരിപ്പും വേണ്ട അതുകൊണ്ടവയ്ക്ക് വസ്ത്രങ്ങള്‍ കഴുകേണ്ട, ഉണക്കണ്ട തേയ്ക്കണ്ട സൂക്ഷിച്ച് വയ്ക്കണ്ട ഷൂ പോളിഷ് ചെയ്യണ്ട. അതുകൊണ്ടുതന്നെ അവയ്ക്ക് വസ്ത്രാഭരണ ഭ്രമവുമില്ല. വീടുവേണ്ട സ്ഥലം വേണ്ട വാഹനം വേണ്ട ആഢംബരങ്ങളായതൊന്നും വേണ്ട. സ്റ്റാറ്റസ് നോക്കണ്ട കുടുംബ മഹിമയും ഒന്നു നോക്കേണ്ട ഗതിയും ഗതികേടും ലോകത്ത് ഒരു കുരങ്ങിനും ഉണ്ടായിട്ടില്ല. സാമൂഹ്യ-സംസ്കാര നിയമ ഭയവും അവയ്ക്കില്ല. അവയ്ക്കെവിടെയും പോകാം ഒരു പോലീസും അറസ്റ്റുചെയ്യുകയോ ഒരു കോടതിയും വിചാരണചെയ്യുകയോ ശിക്ഷിക്കുകയോ ഇല്ല സംസ്കാരമില്ലെന്നും സദാചാരമില്ലെന്നുമൊക്കെ ചിലര്‍ പറഞ്ഞാലും ആര്‍ക്കുവേണം ഈ സംസ്കാരവും സദാചാരവുമെന്ന് നാവുണ്ടായിരുന്നെങ്കില്‍ അവ ചോദിക്കുമായിരുന്നു.
അവയ്ക്ക് കാശ് വേണ്ട സ്വര്‍ണ്ണം വേണ്ട സമ്പത്ത് ഒന്നും വേണ്ട. കാശില്ലാത്തതിന്റെ പേരില്‍ ദുഖിക്കുകയോ സമ്പത്ത് അധികമായതിന്റെ പേരില്‍ ടെന്‍ഷനടിച്ച് മരിക്കുകയോ ചെയ്യേണ്ട പ്രയാസങ്ങള്‍ കുരങ്ങുകള്ക്കില്ല. നാളിതുവരെ കാശിനോ സമ്പത്തിനോ, മണ്ണിനോ പെണ്ണിനോ വേണ്ടി ഒരു കുരങ്ങനും മറ്റൊരു കുരങ്ങിനേയോ മനുഷ്യനേയോ മറ്റേതെങ്കിലും ജീവിയേയോ കൊല്ലുകയോ പിടിച്ചുപറിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല.
കണവനെക്കാത്ത് വീട്ടുപടിക്കലിരിക്കേണ്ട ഗതികേട് ഒരു കുരങ്ങിക്കും ഒരിക്കലും ഉണ്ടായിട്ടില്ല ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി കഞ്ഞീം കറീം ഉണ്ടാക്കിക്കളിക്കുന്ന, അടുക്കളയുടെ കോണില്‍ പൂട്ടിയിടപ്പെട്ട ഒരു കുരങ്ങിയെപ്പോലും ആരും ഒരിക്കലും കണ്ടില്ല. സ്ത്രീധനം കൊണ്ടുവരാന്‍ പറഞ്ഞ് ഒരു കുരങ്ങനും ഒരു കുരങ്ങിയേയും വീട്ടില്‍ നിന്ന് ഇറക്കിവിട്ടില്ല. കാമുകിയോടൊപ്പം പോകാന്‍ ഒരു കുരങ്ങനും ഭാര്യയെ മാണ്ണെണ്ണയൊഴിച്ച് കത്തിക്കുകയോ ഗ്യാസ് ചേമ്പറില്‍ തന്തൂരിയടിക്കുകയോ ചെയ്തിട്ടില്ല. ഒരു കുരങ്ങിയും ഗാര്‍ഹീക പീഡനത്തിന്റെ പേരില്‍ ഒരു കോടതിയിലും പോയിട്ടില്ല. സംശയമുള്ളവര്‍ വിവരാവക്കശം ഉപയോഗിച്ച് അന്വേഷിച്ചുനോക്കൂ.
ഭാര്യക്കും മക്കള്‍ക്കും ചെലവിന് കൊടുക്കാന്‍ പകലന്തിയോളം കഷ്ടപ്പെട്ട് ജോലി ചെയ്ത് കുടുംബം പുലര്‍ത്തേണ്ട അവസ്ഥയും അതിനുവേണ്ടി ഭാരപ്പെട്ടും വ്യാകുലപ്പെട്ടും ഓടിനടക്കേണ്ട ബാദ്ധ്യത ഒരു കുരങ്ങനും ഇന്നുവരെ ഉണ്ടായിട്ടില്ല. ഇതൊന്നും കൊടുത്തില്ലെങ്കില്‍ ജീവനാംശംകൊടുക്കാന് ഒരു കോടതിയും ഒരു കുരങ്ങനോടും പറഞ്ഞീട്ടില്ല. കാമുകനൊപ്പം പോകാന്‍ ഒരു കുരങ്ങിയും കണവനെ ചുറ്റികയ്ക്ക് അടിച്ചുകൊല്ലുകയോ തല്ലിക്കൊന്ന് കീറിമുറിച്ച് പ്ലാസ്റ്റിക് ബാഗിലാക്കി ഇനിയൊരിക്കലും മുറികൂടാതവണ്ണം വിദൂരതയിലെറിയുകയോ ചെയ്തിട്ടില്ല. ലോകത്ത് ഒരു കുരങ്ങനും മനസമാധാനം ഇല്ലെന്ന് പറഞ്ഞ് ആത്മഹത്യ ചെയ്യുകയോ, ‘ആത്മഹത്യ ചെയ്യിക്കുകയോ’ ഉണ്ടായിട്ടില്ല.
വിവാഹമോചനം വേണമെന്ന് പറഞ്ഞ് ആയുഷ്കാലം കോടതി വരാന്തയില്‍ ചെലവഴിക്കുന്ന ഒരു കുരങ്ങിനേക്കുറിച്ചും ആരും പരാമര്‍ശിച്ചിട്ടില്ല. കുടുംബക്കോടതിയിലെ വഴക്കും കുരങ്ങാവകാശ കമ്മിഷനും ഒക്കെ അവയ്ക്ക് അന്യമാണ് കുരങ്ങി വിമോചന പ്രസ്ഥാനങ്ങളോ കുരങ്ങന് വിമോചന പ്രസ്ഥാനങ്ങളോ അവര്‍ക്കിടയിലില്ല. ജീവിത നൈരാശ്യം മൂത്ത് മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട കുരങ്ങന്മാരേയും കാണ്മാനില്ല. ‘കഥയല്ലാത്ത ജീവിതവും’ ‘വെറുതേയല്ലാത്ത ഭാര്യയും’ പോലുള്ള കലാപപരിപാടികളും അവയ്ക്ക് ആവശ്യമില്ല. മാനസീക നിലവിട്ട് ഭ്രാന്തുപിടിച്ച ഒരു കുരങ്ങനേയും കുരങ്ങീയേയും ആരും ഒരിക്കലും കണ്ടിട്ടില്ല
സ്കൂളില്‍ പോയി കഷ്ടപ്പെട്ട് പഠിച്ച് ജോലി നേടേണ്ട ആവശ്യവും അവയ്ക്കില്ല. അതുകൊണ്ടുതന്നെ പഠിപ്പുകൂടിപ്പോയതിന്റെ പേരില്‍ ജോലികിട്ടാതെ വിഷമിച്ച് അലഞ്ഞുതിരിഞ്ഞ് നടക്കേണ്ട ദുരിതവും കുരങ്ങുകള്ക്കില്ല. ഓഫീസില്‍ ജോലിക്ക് പോയി ഒരേയിരിപ്പിരുന്ന് ഗ്യാസും മറ്റ് അസുഖങ്ങളും ഉണ്ടാക്കുകയോ വല്ലവന്റേയും വായിലിരിക്കുന്നത് കേള്‍ക്കുകയോ ചെയ്യേണ്ട ആവശ്യവും ഈ കുരങ്ങുകള്ക്കില്ല. പാടത്തും പറമ്പിലും വെയിലത്തുനിന്ന് കിളയ്ക്കണ്ട, വാഴ നടണ്ട ചേന പറിയ്കണ്ട, നെല്ല് വിതയ്ക്കണ്ട, ചീനിയ്ക്ക് വളമിടണ്ട, കൃഷിയൊന്നും വേണ്ട കിട്ടുന്നത് തിന്ന് ഇരുളുന്നിടത്ത് കിടന്നുറങ്ങുക. പിറ്റേന്ന് എഴുന്നേറ്റെങ്കില്‍ മാത്രം ഓടുക, അത്രതന്നെ.
മനുഷ്യനെ ഏറവും അസൂയപ്പെടുത്തിക്കൊണ്ടിരിക്കുന് ന കാര്യം അവയുടെ ലൈംഗീക സ്വാതന്ത്ര്യമാണ്. അവയ്ക്ക് സദാചാര ബോധമില്ലെന്ന് ആരോ പറയുന്നത് കേട്ടു. അവ പരസ്പരം കാണുന്നു. ഇഷ്ടപ്പെടുന്നു ഇണചേരുന്നു പോകുന്നു. അതാണ് പ്രകൃതിദത്തമായ ലൈംഗീകത. ഒരു കുരങ്ങനും കുരങ്ങിയും അതിന്റെ പേരില്‍ ആരോടും പരിഭവിക്കുന്നത് ആരും ഇതുവരെ കണ്ടിട്ടില്ല. ലൈംഗീകതയിലെ ആസ്വാദന വൈവിദ്ധ്യം ബാദ്ധ്യതകളില്ലാതെ സ്വതന്ത്രമായി ആസ്വദിക്കാന്‍ അവയ്ക്കാകുന്നു എന്നതാണ് പ്രധാനം. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഏക വ്യത്യാസവും ഇതാണ് എന്ന് തോന്നുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഒരു മാറ്റത്തിനുവേണ്ടി മനുഷ്യനുണ്ടക്കിയ ഒരു മാറ്റം.
കുരങ്ങന്റെ സ്വാതന്ത്ര്യം എന്നും മനുഷ്യനെ അസൂയപ്പെടുത്തുകതന്നെ ചെയ്യും. മനുഷ്യനുള്ള അത്രയും നിയമങ്ങളോന്നും ഇല്ലെങ്കിലും പ്രകൃതിദത്തമായ നിയമങ്ങള്‍ മാത്രമേയുള്ളു എങ്കിലും നിയമങ്ങളുടെ കൂമ്പാരത്തില്‍ ജീവിക്കുന്ന മനുഷ്യനോളം പ്രതിസന്ധികള്‍ കുരങ്ങുകളിലില്ല എന്നതാണ് പരമാര്‍ത്ഥം. അങ്ങനെയാകുമ്പോള്‍ ഈശ്വരാ ഒരു കുരങ്ങയി ജനിച്ചാല്‍ മതിയായിരുന്നു എന്ന് ആരും മനമുരുകി പ്രാര്‍ത്ഥിച്ചുപോകും. എങ്കില്‍ നമുക്കും ഒന്ന് പ്രാര്‍ത്ഥിക്കാം…ഈശ്വരാ… ഇനിയൊരു ജന്മമുണ്ടെങ്കില് ഒരു തെരുവുനായായി ജനിച്ചാലും ഈയുള്ളവന് പരാതിയില്ല പുരുഷനായും പശുവായും ജനിപ്പിക്കാതെ നോക്കണേ എന്ന പ്രാര്‍ത്ഥനയോടെ…..
കുറിപ്പ്:- ഇതിലെ കുരങ്ങ് മനുഷ്യനൊഴികെ എല്ലാ മൃഗങ്ങളുടേയും പ്രതിനിധിയാണ്. ഇത് വായിച്ചുകഴിഞ്ഞെങ്കില്‍ ഒന്ന് ആലോചിക്കൂ ആരാണ് സംസ്കാര സമ്പന്നര്‍? മനുഷ്യരോ മൃഗങ്ങളോ? അതുകൊണ്ട് ഒരു അഭ്യര്‍ത്ഥന ഇനിയാരും മനുഷ്യരാകാന്‍ നോക്കരുതേ. ഒരു മൃഗമാകാനെങ്കിലും ശ്രമിക്കൂ. കുറഞ്ഞപക്ഷം ഒരു തെരുവ് നായുടെ മര്യാദയെങ്കിലും അഭ്യസിക്കൂ….
ലോകത്ത് മനുഷ്യനൊഴികെ മറ്റെല്ലാ ജീവികളുടേയും സ്വതന്ത്രമായ ജീവിതവും മനുഷ്യന് അനുഭവിക്കുന്ന ദുരിതവും തമ്മിലൊന്ന് താരതമ്യം ചെയ്യുക മാത്രമേ ഞാന്‍ ചെയ്തുള്ളു. അതില്‍ അതിലധികമായി എന്തെങ്കിലും നന്മ നിങ്ങള്‍ കണ്ടെങ്കില്‍ അത് നിങ്ങളുടെ മനസിന്റെ നന്മ, മറിച്ച് തിന്മയാണ് കണ്ടതെങ്കില്‍ അതും നിങ്ങളുടെ മനസിന്റെ ഭാവം മാത്രം. അതിന് ഞാന്‍ ഉത്തരവാദിയല്ല. സ്നേഹപൂര്‍വ്വം ക്ഷമ.
139 total views, 1 views today

Continue Reading