ഈ ‘ഗെയിമി’ൽ കളിയല്ല ; ജീവിതമാണ്..

743


സമൂഹത്തിൽ അപകടകരമാം വണ്ണം പകർന്നു പിടിക്കുന്ന അഡിക്ഷൻ ( അഥവാ മാനസികമായ അടിമത്തം ) ഇന്നേറെ ബാധിക്കുന്നതു നമ്മുടെ കൗമാരക്കാരെയാണ് . ഇതിൽനിന്നും നമ്മുടെ യുവ തലമുറയെ രക്ഷപ്പെടുത്താൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ബോധവത്കരണം ആവശ്യമാണ്. വളരെ വേഗം പടരുന്ന മയക്കു മരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗത്തിനെതിരെ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ബോധവത്കരണ പരിപാടികൾ കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസർസ് അസോസിയേഷൻ, കോട്ടയം ഘടകം 2016ൽ ആരംഭിച്ച ഒരു പൊതു പരിപാടിയായിരുന്നു. എന്നാൽ മയക്കു മരുന്നിനേക്കാൾ ഏറെ യുവതയെ ഗ്രസിച്ചിരിക്കുന്ന ഒരു സാമൂഹിക പ്രശ്നമാണ് മൊബൈൽ ഫോണിനോടുള്ള അടിമത്വം. ഇത് അവരുടെ സർഗ്ഗശേഷിയെ ശുഷ്കമാക്കി തീർക്കുന്നു. എന്ന് മാത്രമല്ല സമൂഹ നിർമ്മിതിയിൽ നിന്നും നിസ്സംഗതയുടെ മാറിനിൽക്കുന്നതിനും ഇടയായിത്തീർക്കുന്നു. ഓൺലൈൻ ഗെയിമുകളിലൂടെയും ചാറ്റുകളിലൂടെയും പല അപകടങ്ങളിലും അവർചെന്ന് വീഴുന്നു. മയക്കു മരുന്ന്- സെക്സ് മാഫിയാകൾ കുട്ടികളുടെ മൊബൈൽ അടിമത്വം ഉപയോഗപ്പെടുത്തി അവരെ കെണിയിൽ വീഴ്‌ത്തുന്ന കാലം വിദൂരമല്ല. വിവര സാങ്കേതിക വിദ്യയുടെ പുരോഗതി മാതാ പിതാക്കളും കുട്ടികളും തമ്മിലുള്ള തലമുറകളുടെ വിടവിനെ ഏറെ വലുതാക്കിയിരിക്കുന്നു. കുട്ടികളുടെ വികാസ പരിണാമങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാൻ പലപ്പോഴും മാതാപിതാക്കൾക്ക് കഴിയുന്നില്ല. ഈ ഒരു വർത്തമാനകാല യാഥാർഥ്യം മാതാപിതാക്കൾക്ക് മുന്നിൽ തുറന്നു കാട്ടാനും കുട്ടികളെ അവർക്കു മുന്നിലുള്ള ചതിക്കുഴികളെ ബാധവൽക്കരിക്കാനും ഉള്ള ഒരു ശ്രമം എന്ന നിലയിലാണ് കെ ജി എം ഒ എ കോട്ടയം ഈ ഹ്രസ്വ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. വൈക്കം താലൂക്ക് ആശിപത്രിയിലെ ഫിസിഷ്യൻ ആയ ഡോക്ടർ വിനോദ് പീ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ, തെലുങ്ക് സിനിമാ ഛായാ ഗ്രാഹകൻ ആയ സാബു ജെയിംസ് , ക്രീയേറ്റീവ് ഡയറക്ടർ രാജേഷ്.സി എം എന്നിവരും വലിയ പങ്കു വഹിച്ചിട്ടുണ്ട് . രാജേഷ് പാണാവള്ളി, ദീപ്തി എന്നിവർക്ക് പുറമെ ഡോ . വിനോദ് , ബാല താരങ്ങളായ മാധവ് , സൗരവ് , ദേവാഞ്ജലി , ദേവശ്രീ തുടങ്ങിയവരുടെ അഭിനയവും ചിത്രത്തെ മിഴിവുറ്റതാക്കുന്നു .