ഈ നാട്ടില്‍ ഇനിയാരും സീരിയലിനെ വീട്ടില്‍ കയറ്റില്ല !

381

01

നേരം ഒന്നിരുണ്ട് തുടങ്ങിയാല്‍ ആരും അയല്‍പക്കത്തെ വീടുകളില്‍ പോകാന്‍ പറ്റില്ല. കാരണം അവിടെ പോയാല്‍ ആരെങ്കിലും തിരിഞ്ഞു നോക്കിയിട്ട് വേണ്ടേ? അയല്‍പക്കക്കാരുടെ മനസ്സുകളില്‍ അപ്പോള്‍ ‘അമ്മ’ സീരിയലിലെ മകളുടെ കരച്ചിലും സ്ത്രീധനം സീരിയലിലെ അമ്മായിയമ്മ – മരുമകള്‍ തര്‍ക്കവും ഭര്‍ത്താവിന്റെ(സീരിയലിലെ അവളുടെ) അവിഹിത ബന്ധങ്ങളുടെ കഥയും ആയിരിക്കും തിങ്ങി നിറയുന്നത്. ആ സമയത്ത് വീട്ടില്‍ പോയാല്‍ അവരെയും സീരിയല്‍ കാണാന്‍ ഇരുത്തുകയല്ലാതെ ഒരിറ്റു വെള്ളം പോലും കിട്ടില്ല. ഇത് കണ്ടുകൊണ്ടാണ് തിരുവനന്തപുരം നഗരത്തിലെ കുമാരപുരത്തുള്ള പൊതുജനം ലെയ്ന്‍ നിവാസികള്‍ ഒരുറച്ച തീരുമാനം കൈകൊണ്ടത്. തങ്ങളിനി മുതല്‍ കുടുംബ ജീവിതം കുട്ടിച്ചോറാക്കുന്ന സീരിയലുകള്‍ കാണില്ലെന്നതായിരുന്നു അവരെടുത്ത ആ തീരുമാനം.

പൊതുജനം ലെയ്ന്‍ നിവാസികളുടെ റസിഡന്‍സ് അസോസിയേഷന്‍ അനൗദ്യോഗികമായി കണ്ണീര്‍ പരമ്പരകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് വിജയകരമായി അവിടത്തെ നിവാസികള്‍ തുടരുകയാണ്. 3 വര്‍ഷങ്ങള്‍ക്ക് മുന്‍പെടുത്ത മറ്റൊരു തീരുമാനം വിജയകരമായി തുടര്‍ന്ന് പോരുന്ന പൊതുജനം ലെയ്ന്‍ നിവാസികള്‍ക്ക് ഇതിലും തീരുമാനം മാറ്റാന്‍ കഴിയില്ല എന്നാണ് അവിടത്തെ റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.സുരേഷ് പറയുന്നത്. മൂന്ന് വര്‍ഷം മുന്പ് മാലിന്യമുക്ത പ്രദേശമായി മാറിയ പൊതുജനം ലെയ്ന്‍ ഇപ്പോള്‍ അവിടത്തെ നിവാസികളുടെ മനസിലെ ‘സീരിയല്‍’ എന്ന മാലിന്യത്തെ നീക്കം ചെയ്യാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു

02

സീരിയലുകള്‍ എങ്ങിനെ ബന്ധങ്ങളെ ബാധിക്കുന്നു എന്നതിനെ സംബന്ധിച്ച് ഒരു മാസം നീണ്ട സര്‍വ്വേയാണ് നടത്തിയത്. കുട്ടികള്‍ മോശമായ സംസ്കാരങ്ങള്‍ പഠിക്കുന്നു എന്ന ഞെട്ടിക്കുന്ന സത്യമാണ് പഠനത്തിലൂടെ അവര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. കൂടാതെ ഭാര്യമാര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ സംശയിക്കുവാന്‍ മറ്റൊരു കാരണം വേണ്ട. രാത്രി ജോലി കഴിഞ്ഞു വരുന്ന ഭര്‍ത്താവിനോട് ഒരു നല്ല വാക്ക് പറയുവാനും സീരിയലില്‍ മുഴുകിയിരിക്കുന്ന ഭാര്യമാര്‍ക്ക് സാധിക്കുന്നില്ല എന്നും അവര്‍ പഠനത്തിലൂടെ മനസ്സിലാക്കി. അങ്ങിനെയാണ് ഒടുവില്‍ ആ തീരുമാനം കൈകൊണ്ടത്.

03

നിരോധനം ഏര്‍പ്പെടുത്തിയാല്‍ മാത്രം സീരിയല്‍ കാണുന്നത് നിര്‍ത്തില്ല എന്ന സത്യം മനസിലാക്കിയ അസോസിയേഷന്‍ അതിനെ ചെറുക്കുവാന്‍ പുതിയ മാര്‍ഗങ്ങളുമായാണ് വന്നത്. സീരിയലുകളോടുള്ള വീട്ടുകാരുടെ ആസക്തി മാറ്റുന്നതിന് അസോസിയേഷന്‍ ആദ്യം ചെയ്തത് വീടുകളില്‍ വിജ്ഞാനവും വിനോദവും നല്‍കുന്ന മാഗസിനുകള്‍ നല്‍കി. ഓരോ വീട്ടിലും അവ എത്തുന്നുണ്ടെന്ന് അവര്‍ ഉറപ്പു വരുത്തി. പിന്നീട് കുടുംബാംഗങ്ങള്‍ക്ക്, പ്രത്യേകിച്ചും കുട്ടികളുമായി സംസാരിക്കാന്‍ അവസരമൊരുക്കി. ഒരു കുടുംബത്തെയും ഇതിനായി ഭാരവാഹികള്‍ നിര്‍ബന്ധിച്ചില്ല. എന്നാല്‍ മുപ്പതോളം കുടുംബങ്ങള്‍ ആദ്യം തന്നെ ഈ ഉദ്യമത്തോട് സഹകരിക്കാന്‍ തയ്യാറായി. ഒരു മാസം കണ്ണീര്‍ സീരിയലുകള്‍ക്ക് അവധി കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. അതിനു ശേഷം അവരുടെ പൊതുവികാരം അറിയാനുള്ള അവസരവുമൊരുക്കി. അത്ഭുതപ്പെടുത്തുന്നതായിരുന്നു അതിന്റെ ഫലം. ഓരോരുത്തരും പതിയെ സീരിയലുകളോട് ഗുഡ് ബൈ പറഞ്ഞതായും സുരേഷ് പറയുന്നു.

04

സീരിയലില്‍ നിന്നും വിട പറഞ്ഞതോടെ തങ്ങള്‍ മുന്‍പ് കണ്ടു തീര്‍ത്ത കഥകള്‍ പറഞ്ഞു കൊണ്ട് വീട്ടമ്മമാര്‍ ചിരിക്കുകയാണ് ഇപ്പോള്‍. എല്ലാ സീരിയലിലും കഥകള്‍ ഒന്ന് തന്നെയായിരുന്നു എന്നതാണ് സത്യം. സ്ത്രീകള്‍ക്കിടയിലെ അസൂയ, കുശുമ്പ്, തുടങ്ങിയ കാര്യങ്ങള്‍. സ്വന്തം നേട്ടത്തിനായി മറ്റുള്ളവരെ നിഷ്‌കരുണം ചവിട്ടിത്തള്ളാന്‍ മടിയില്ലാത്ത മനസിന്റെ ഉടമകളായ സ്ത്രീകള്‍… അങ്ങനെ പോകുന്നു കഥാപാത്രങ്ങള്‍. ഇതില്‍ നിന്നെല്ലാം പ്രേക്ഷകര്‍ക്ക് എന്ത് നല്ല കാര്യമാണ് ജീവിതത്തില്‍ പഠിക്കാന്‍ കഴിയുന്നതെന്നാണ് ഇപ്പോള്‍ സത്യം മനസിലാക്കിയ വീട്ടമ്മമാര്‍ ചോദിക്കുന്നത്.

തമിഴ്‌നാട്ടില്‍ നിന്നടക്കം ഏതാണ്ട് 230 കുടുംബങ്ങളാണ് പൊതുജനം റെസിഡന്‍സ് അസോസിയേഷനിലുള്ളത്. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഈ പദ്ധതി ജനുവരി മുതല്‍ പൂര്‍ണ തോതില്‍ നടപ്പാക്കാനാണ് അസോസിയേഷന്‍ ഒരുങ്ങുന്നത്.