ഈ ഭ്രാന്തിനെ മനുഷ്യവംശം എങ്ങിനെ നേരിടും? – വള്ളിക്കുന്ന്

01

ഇരുപത്തിയൊന്ന് ക്രൈസ്തവരെ കഴുത്തറുത്ത് കൊന്നതിന്റെ ദൃശ്യങ്ങളാണ് ഐ എസ് ഭീകരരുടെ ഭ്രാന്തില്‍ നിന്ന് പുറത്ത് വന്ന ഏറ്റവും പുതിയത്. ഇതുവരെയുള്ള ഐ എസ് കൂട്ടക്കൊലകള്‍ ഇറാഖില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ ലിബിയയില്‍ നിന്നാണ് പുതിയ കഴുത്തറുക്കലുകളുടെ വീഡിയോ വന്നിട്ടുള്ളത്. ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളെ വിശ്വസിക്കാമെങ്കില്‍ ഐ എസ് അവരുടെ ഓപ്പറേഷനുകള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്കും രാഷ്ട്രങ്ങളിലേക്കും വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നര്‍ത്ഥം. വാക്കുകളും അക്ഷരങ്ങളും മരവിച്ചു നില്ക്കുന്ന സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. അത്തരമൊരു സന്ദര്‍ഭം കൂടി. എന്താണെഴുതുക?, മനുഷ്യ വംശത്തിന്റെ ഈ ശത്രുക്കളെ എന്തിനോടാണ് ഉപമിക്കുക?. ഏത് പദം പ്രയോഗിച്ചാണ് ഈ മൃഗങ്ങളെ വിശേഷിപ്പിക്കുക?. വാക്കുകളില്ല, വാചകങ്ങളില്ല, ഭയത്തിന്റെ ഇരുണ്ട കയങ്ങളില്‍ നിന്നുള്ള ഒരു ചെറിയ നെടുവീര്‍പ്പ് മാത്രം.

ഐ എസ്സിന് എതിരെ ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കന്‍ സഹായത്തോടെ സായുധ നീക്കം നടത്തുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്കെല്ലാം പറയാനുള്ളത് അമേരിക്കന്‍ സാമ്രാജ്യത്വവും അവരുടെ അജണ്ടകളും മാത്രം. ഐ എസ് എന്ന മനുഷ്യവംശത്തിന്റെ ശത്രുക്കളെ എങ്ങിനെ പ്രതിരോധിക്കുമെന്ന ചോദ്യത്തിന് മാത്രം മറുപടിയില്ല. പതിറ്റാണ്ടുകളായി ഉരുവിട്ട് പഠിച്ച സാമ്രാജ്യത്വ പ്രയോഗങ്ങള്‍ക്കപ്പുറം നിലവിലുള്ള അവസ്ഥകളെ മനസ്സിലാക്കി ബുദ്ധിപരമായ സമീപനം സ്വീകരിക്കേണ്ട സമയമെത്തിയിരിക്കുന്നു എന്ന് ഈ ലേഖകന്‍ പറഞ്ഞപ്പോള്‍ അത് വിലയിരുത്തപ്പെട്ടത് സാമ്രാജ്യത്വ വിധേയത്വമായിട്ടാണ്. വന്‍കിട രാഷ്ട്രങ്ങള്‍ക്ക് അവരുടെതായ താത്പര്യങ്ങള്‍ ഉണ്ട് എന്നത് നേരാണ്. നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യം തന്നെയാണത്. പക്ഷേ ഐ എസ് പോലൊരു വന്‍വിപത്ത് ഈ മേഖലയില്‍ കരുത്താര്‍ജിച്ചു വരുമ്പോള്‍, അവര്‍ ദിനേന പുതിയ പ്രദേശങ്ങള്‍ വെട്ടിപ്പിടിക്കുമ്പോള്‍, മനുഷ്യരാശിയുടെ ക്ഷമയെ നിരന്തരം ചോദ്യം ചെയ്ത് കൊണ്ട് ഇത്തരം ക്രൂരതകള്‍ ഒന്നിന് പിറകെ ഒന്നായി ആവര്‍ത്തിക്കുമ്പോള്‍, എന്ത് ചെയ്യണമെന്നതാണ് ചോദ്യം. എന്തുണ്ട് പരിഹാരം എന്നതാണ് വിഷയം. ലോക രാഷ്ട്രങ്ങള്‍ ഈ പൈശാചികതകളെ നിസ്സംഗരായി നോക്കി നില്‍ക്കണമോ?. ഒറ്റയ്ക്ക് എതിര്‍ത്ത് തോല്പിക്കാന്‍ പ്രയാസമാണെന്ന് സൈനിക സാങ്കേതികതയില്‍ പിറകില്‍ നില്ക്കുന്ന മേഖലയിലെ രാഷ്ട്രങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ മറ്റെന്തുണ്ട് പരിഹാരം?. ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. എവിടേയും കേള്‍ക്കുന്നത് പരമ്പരാഗതമായി പറഞ്ഞ് ശീലിച്ച പദപ്രയോഗങ്ങളുടെ ആവര്‍ത്തനങ്ങള്‍ മാത്രം.

ഐ എസ് ഭീകരര്‍ ജോര്‍ദാനിയന്‍ പൈലറ്റിനെ ജീവനോടെ ചുട്ടപ്പോള്‍ അവരെ പന്നികളെന്ന് വിളിച്ചതിന് ഉറഞ്ഞു തുള്ളിയവര്‍ നമുക്കിടയിലുണ്ട്. അത്തരമൊരു പൈശാചികതക്ക് സൈദ്ധാന്തിക ന്യായീകരണം നല്കി വായിട്ടലക്കുന്നവര്‍ നമ്മുടെ കൂടെയുണ്ട്. ജോര്‍ദാനിയന്‍ പൈലറ്റ് ബോംബ് വര്‍ഷിച്ചത് കൊണ്ടാണ് അദ്ദേഹത്തെ ക്രൂരമായി വധിച്ചത് എന്നാണ് അത്തരമാളുകളുടെ ന്യായീകരണം. ഒരു സൈനികന്‍ അയാളുടെ സ്വന്തം താത്പര്യങ്ങളല്ല യുദ്ധരംഗത്ത് നടപ്പിലാക്കുന്നത്. അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമായി എല്പിക്കപ്പെടുന്ന ഉത്തരവുകള്‍ അനുസരിക്കുകയാണ്. ഇന്ത്യാ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ പൊരുതുന്ന ഒരു പട്ടാളക്കാരന്‍ അയാളുടെ സ്വന്തം താത്പര്യമല്ല നടപ്പിലാക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ താത്പര്യമാണ്. അതുകൊണ്ട് തന്നെ ഒരു യുദ്ധത്തടവുകാരനെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നതിന് അന്താരാഷ്ട്ര നിയമങ്ങളുണ്ട്. അവരെ എങ്ങിനെ വിചാരണ ചെയ്യണമെന്നതിനു ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ച സമീപന രീതികളുണ്ട്. തീവ്രവാദം തലയ്ക്കു കയറി കാഴ്ച നഷ്ടപ്പെട്ട ഇവറ്റകള്‍ക്ക് എന്ത് ലോക നിയമങ്ങള്‍? എന്ത് അന്താരാഷ്ട്ര വ്യവസ്ഥകള്‍?. അവരുടെ തലക്കകത്തെ കളിമണ്ണില്‍ തിളച്ചു മറിയുന്നതെന്തോ അതാണ് അവരുടെ നിയമം. അതാണ് അവരുടെ നീതി. അത് തന്നെയാണ് അവരുടെ മതവും.

02

പൈലറ്റിനെ ചുട്ടു കൊന്നതിന് സൈനികനാണെന്ന മുട്ടുന്യായം ഒരു വാദത്തിന് വേണ്ടി അംഗീകരിച്ചു കൊടുക്കുക. വിദേശ പത്രപ്രവര്‍ത്തകരെ ബന്ദികളാക്കി തലയറുത്ത് കൊല്ലുന്ന വീഡിയോകളും നമ്മള്‍ കണ്ടിട്ടുണ്ട്. അതിനെന്തുണ്ട് ന്യായം?. അവര്‍ ആകാശത്ത് നിന്ന് ബോംബ് വര്‍ശിച്ചുവോ. ഫൈറ്റര്‍ ജറ്റുകള്‍ പറപ്പിച്ചുവോ?. പതിനാറ് ക്രൈസ്തവ വിശ്വാസികളെ നിരത്തി നിര്‍ത്തി തലയറുത്ത് കൊന്നതിന് എന്താണ് നിങ്ങളുടെ സൈദ്ധാന്തിക ന്യായീകരണം?.

ഐ എസ് ഭീകരുടെ നേതാവ് ഇസ്രാഈലിന്റെ ചാരനാണെന്നതാണ് ഈ മൃഗങ്ങളെ സൈദ്ധാന്തിക തലത്തില്‍ ന്യായീകരിക്കാന്‍ പാടുപെടുന്നവര്‍ ചില വേളകളില്‍ ഉയര്‍ത്തുന്ന വാദം. ഐ എസ് നടത്തുന്ന കൊലകള്‍ക്ക് ആശയപിന്തുണ കൊടുക്കുകയും അതേ സമയം അവരുടെ നേതാവ് ഇസ്രാഈല്‍ ചാരനാണെന്ന് പറയുകയും ചെയ്യുക. എങ്ങിനെയുണ്ട് സര്‍ക്കസ്?. അവര്‍ ഇസ്രായീലിന്റെ ചാരന്മാര്‍ ആണെങ്കില്‍ അവരെ ബോംബിട്ട് കൊല്ലാന്‍ അമേരിക്ക വരുന്നതില്‍ പിന്നെ എന്തിനാണ് നിങ്ങള്‍ക്കീ മാനസിക വിഷമം എന്ന് ചോദിച്ചു പോയാല്‍ അതിന് മറുപടിയില്ല.

ഒരു സമൂഹത്തിന്റെ സാംസ്‌കാരിക ഔന്നിത്യം വിലയിരുത്തേണ്ടത് അവര്‍ക്കിടയില്‍ ജീവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളോട് അവര്‍ എങ്ങിനെ പെരുമാറുന്നു എന്ന് കൂടി നോക്കിയിട്ടാണ്. അവര്‍ ഏത് മതത്തില്‍ പെട്ടവരകട്ടെ, ഏത് വിശ്വാസ ധാരയില്‍ ഉള്ളവരാകട്ടെ അവരോട് സ്വീകരിക്കുന്ന സമീപനങ്ങളില്‍ മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന സാംസ്‌കാരികത പ്രതിഫലിക്കണം. ഇത്തരം സമീപനങ്ങളുടെ പ്രാധാന്യം പെട്ടെന്ന് മനസ്സിലാകാന്‍ വേണ്ടി ഒരൊറ്റ ഉദാഹരണം പറയാം. ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകള്‍. ‘A Muslim minortiy who are so large in numbers that they cannot, even if they want, go anywhere else. That is a basic fact about which there can be no argument. Whatever the provocation from Pakistan and whatever the indignities and horrors inflicted on nonMuslims there, we have got to deal with this minortiy in a civilized manner. We must give them securtiy and the rights of citizens in a democratic state’. (‘ഇന്ത്യയില്‍ ഒരു വലിയ മുസ്‌ലിം ന്യൂനപക്ഷമുണ്ട്, അവര്‍ ആഗ്രഹിച്ചാല്‍ !പോലും മറ്റെവിടെയും പോകാന്‍ സാധിക്കാത്ത വിധം വലിയ സമൂഹമാണത്. ഒട്ടും തര്‍ക്കത്തിന് അവകാശമില്ലാത്ത ഒരടിസ്ഥാന യാഥാര്‍ത്ഥ്യമാണത്. പാക്കിസ്ഥാനില്‍ നിന്ന് എന്ത് പ്രകോപനമുണ്ടായാലും, അവിടെ അമുസ്‌ലിംകള്‍ എത്രതന്നെ പീഡിപ്പിക്കപ്പെട്ടാലും ഈ മത ന്യൂനപക്ഷത്തോട് ഒരു പരിഷ്‌കൃതരീതിയില്‍ നാം ഇടപഴകിയേ മതിയാവൂ. ഒരു ജനാധിപത്യരാഷ്ട്രത്തിലെ പൗരന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങളും സുരക്ഷിതത്വവും അവര്‍ക്ക് നാം നല്കണം’) 1947 ഒക്ടോബര്‍ മാസത്തില്‍ പ്രവിശ്യ മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തിലാണ് നെഹ്‌റു ഇത് പറഞ്ഞത്. ഇന്ത്യാ പാക്കിസ്ഥാന്‍ വിഭജനത്തിന്റെ ഘട്ടത്തില്‍ ഇരുപക്ഷത്തും രക്തപ്പുഴകള്‍ ഒഴുകിക്കൊണ്ടിരുന്ന ഒരു ചരിത്ര പാശ്ചാത്തലവും കൂടി ഇതിനോട് കൂട്ടിവായിക്കുക. മത ന്യൂനപക്ഷങ്ങളോട് സ്വീകരിക്കേണ്ട സമീപനത്തിന് ഒരുദാഹരണം പറഞ്ഞു എന്ന് മാത്രം.

ഇസ്രാഈലിന്റെ ക്രൂരതകളെ കണ്ടില്ലെന്ന് നടിക്കുന്നു. ഗോണ്ടനാമോ പീഡനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു എന്നൊക്കെയാണ് ഇത്തരം ക്രൂരതകളെ എതിര്‍ക്കുമ്പോള്‍ സ്ഥിരമായി കേള്‍ക്കാറുള്ളത്. ആരാണ് അത്തരം ക്രൂരതകളെ ന്യായീകരിച്ചിട്ടുള്ളത്. പ്രതികരണശേഷി നശിച്ചിട്ടില്ലാത്തവരൊക്കെ അത്തരം പൈശാചികതകളെ എതിര്‍ത്തിട്ടുണ്ട്. ഇപ്പോഴും എതിര്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഐ എസിന്റെ ഈ ക്രൂരതകളെയും എതിര്‍ക്കാനുള്ള ധാര്‍മിക അവകാശം ലഭിക്കുന്നത്. എന്നാല്‍ പറയേണ്ടത് നേരെ തിരിച്ചാണ്. ഐസിസ് ക്രൂരതകളെ ന്യായീകരിക്കാന്‍ അഭ്യാസം നടത്തുന്നവര്‍ക്കാണ് അത്തരം ക്രൂരതകളെ വിമര്‍ശിക്കാനുള്ള പ്രാഥമിക അവകാശം പോലും ഇല്ലാതാകുന്നത്.

അവസാനിപ്പിക്കാം, കഴുതകളോട് സംസാരിച്ചിട്ട് കാര്യമില്ല. അവരുടെ തലക്കകത്ത് തിളച്ചു മറിയുന്ന കളിമണ്ണിനോട് സംവദിച്ചിട്ട് നമുക്കൊന്നും നേടാനുമില്ല. സമയനഷ്ടവും മാനനഷ്ടവും മാത്രം ബാക്കിയാവും. അതുകൊണ്ട് നമുക്കവരെ വെറുതെ വിടാം. പക്ഷേ അത്തരം ആളുകളുടെ ആശയ പ്രചരണങ്ങളില്‍ നമ്മുടെ മക്കളും സഹോദരന്മാരും പെട്ട് പോകാതിരിക്കാന്‍ നിതാന്ത ജാഗ്രത കാണിക്കുക. നമുക്ക് ചെയ്യാന്‍ സാധിക്കുന്നത് മനുഷ്യനെ സ്‌നേഹിക്കുന്ന എല്ലാവരും ഒരു മനസ്സോടെ, ഒരു ഹൃദയത്തോടെ ഈ പിശാചുക്കള്‍ക്കെതിരെ കൈകോര്‍ത്ത് നില്ക്കുക എന്നതാണ്. ഹിന്ദുവോ, മുസ്ലിമോ, കൃസ്ത്യാനിയോ എന്നതല്ല, മനുഷ്യനാണോ എന്നാണ് ആത്യന്തികമായി നാം നോക്കേണ്ടത്.
മതത്തിന്റെ ലേബലില്‍ ചോര ചിന്തുവാനും കഴുത്തറുക്കുവാനും മുതിരുന്നവരോട് ആ മതം ഞങ്ങള്‍ക്ക് വേണ്ടെന്ന് തുറന്നു പറയുവാനുള്ള ചങ്കൂറ്റം നാമോരുത്തരും കാണിക്കുക. ഞങ്ങള്‍ പഠിച്ച മതമതല്ലെന്ന് സാധ്യമായ വേദികളിലൊക്കെ ഉച്ചത്തില്‍ വിളിച്ചു പറയുക. മനുഷ്യവംശത്തിന്റെ സമാധാനപരമായ നിലനില്പിന് നമുക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും ചെറിയ സംഭാവനയായിരിക്കും അത്.