എഴുതിയത്: ഷഫീക് മുസ്തഫ
ഉമ്മന്‍ ചാണ്ടിയുടെ കുമ്പിടി വേഷങ്ങള്‍ കണ്ടെത്തിയ മലയാളിയെ സമ്മതിക്കണം. മലയാളിക്ക് എവിടെച്ചെന്നാലും ഇങ്ങനെ ചില രസമുള്ള സൂക്കെടുകള് ഉണ്ട്. പണ്ട് കുവൈറ്റില്‍ ഒരു രാജകുമാരന് ഉണ്ടായിരുന്നു. കാഴ്ചയില്‍ ശ്രീനിവാസനെപ്പോലെയിരിക്കുന്നതുകൊണ്ട് ‘ഷേഖ് ശ്രീനിവാസന്’ എന്നായിരുന്നു മലയാളികള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. ആ രാജകുമാരന് പ്രായാധിക്യം മൂലം ആറേഴു വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തരിച്ചു.
ദുബായില്‍ നിന്ന് അബുദാബിയിലേക്ക് പോകുന്ന വഴി അല്‍ റാഹയില്‍ ഒരു ഡ്രം ഷേപ്പ് ഉള്ള ബില്‍ഡിംഗ് ഉണ്ട്. ‘പപ്പടം ബില്‍ഡിംഗ്’ എന്നാണ് മലയാളി അതിനെ വിളിക്കുന്നത്. ‘ഹലോ, ഡാ.. എവിടെവരെയായി?’
‘ഇതാ ഞങ്ങള്‍ ‘പപ്പടം ബില്‍ഡിംഗ്’ കഴിഞ്ഞതേയുള്ളൂ’
എങ്ങനെയുണ്ട്? പറഞ്ഞിട്ട് കാര്യമില്ല. നന്നാവില്ല!
സൌദിയില്‍ നിന്ന് വന്ന സുഹൃത്ത് പറഞ്ഞു, അവിടെ ഒരു പാലം ഉണ്ടത്രേ. അതിലേക്ക് കയറിയാല്‍ പിന്നെ ആകെ ദിക്ക് തെറ്റും. എക്സിറ്റുകളും തെറ്റിപ്പോകും. പിന്നെ കുഴഞ്ഞതു തന്നെ. ആ പാലം ഉത്ഘാടനം ചെയ്തു ഇരുപത്തെട്ടു കെട്ടിന്റന്നു മലയാളി അറിഞ്ഞൊരു പേരങ്ങിട്ടു: ‘പിരാന്തന് പാലം’. സംഗതി കയറി ക്ലിക്കായി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അപ്പത്തന്നെ വന്ന് മലയാളിക്ക് ഒരു അവാര്‍ഡ് കൊടുത്തിട്ട് ആ പേര് അറബിയിലേക്കങ്ങ് മൊഴിമാറ്റി. ‘മജ്നൂന്‍ കുബ്രി’!! ഇപ്പോള്‍ അറബികള്‍ അടക്കം ആ പേര് ഏറ്റെടുത്തത്രേ.
ആ മെഷിനില്‍ കിടന്നു മൊരിയുന്ന കോഴിയെ ‘നരകത്തിലെ കോഴി’ എന്ന് ആദ്യമായി വിളിച്ചത് മലയാളി തന്നെ ആവാനാണ് സാധ്യത. ഒരു സംശയം ബാക്കി നില്ക്കുന്നു. ദുബായിലെ ക്വിസൈസ് മുഹൈസിനയിലെ ലേബര്‍ ക്യാമ്പുകള്‍ നില്ക്കുന്ന സ്ഥലത്തിനു ‘സോനാപ്പൂര്‍’ എന്ന് പേര് കൊടുത്തതാരാണ്? നമ്മളോ അതോ വടക്കേ ഇന്ത്യക്കാരോ?