ഈ വിധി പറയുന്നു, വിധിയല്ല ജീവിതം !!

  ഡൽഹി പെണ്‍കുട്ടിയുടെ ദാരുണ അന്ത്യത്തിന് കാരണക്കാരായ ആറു പേരിൽ നാല് പേരെയും തൂക്കിലേറ്റാൻ ഡൽഹി സാകേത് കോടതി വിധിച്ചതോടെ ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം തുറക്കുകയാണ്. പീഡനം നടന്ന് ഒമ്പത് മാസം തികയുന്നതിന് മുമ്പ്, അതിവേഗ കോടതിക്ക് ലഭിച്ച നൂറ്റി മുപ്പത് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഇത്തരമൊരു സുപ്രധാന വിധി പുറത്തു വന്നു എന്നത് തികച്ചും പ്രശംസനീയമാണ്. പേരറിയാത്ത ഒരു പെണ്‍കുട്ടി അനുഭവിച്ച ഹൃദയം മരവിപ്പിക്കുന്ന പീഡനത്തിന്റെ വേദനയിൽ ഡൽഹിയിലെ റയ്സീന കുന്നിൽ നിന്നുമുയർന്ന പ്രതിഷേധക്കൊടുങ്കാറ്റ് രാജ്യമൊട്ടാകെ അലയടിച്ചപ്പോൾ സർക്കാറും കോടതികളും ഉണർന്നു. അത്തരമൊരു ഉണർവും ആവേശവും ഈ കേസിന്റെ വിധിയെ ത്വരിതഗതിയിലാക്കിയിട്ടുണ്ട് എന്നത് സത്യമാണ്. പക്ഷേ ഈ വിധി ഡൽഹി പെണ്‍കുട്ടിക്ക് വേണ്ടി മാത്രമുള്ള വിധിയല്ല,  രാജ്യമൊട്ടുക്ക് നാളിതുവരെ ലൈംഗിക പീഡനത്തിനിരയായ മുഴുവൻ പെണ്‍കുട്ടികൾക്കും വേണ്ടിയുള്ള വിധി കൂടിയാണ്. അവരനുഭവിച്ച ജീവിത ദുരന്തങ്ങളുടെ ഓർമകൾക്ക്‌ മേൽ തലോടുകയും സമാശ്വസിപ്പിക്കുകയും ചെയ്യുന്ന വിധിയാണ്.

  ഈ വിധിയെ പരിഹസിക്കുന്നവരുണ്ടാകാം. പൊതുജനവികാരത്തിന്റെ വേലിയേറ്റം സൃഷ്ടിച്ച വിധിയാണ് എന്ന് അപഹസിക്കുന്നവരും കാണും. ഒരു വിധിയോടെ സ്ത്രീ പീഡനങ്ങൾ ഇല്ലാതാകുമോ എന്ന് ചോദിക്കുന്നവരും ഉണ്ടായേക്കാം. എന്നാൽ ഒന്നോർക്കുക. രാജ്യം പ്രതിഷേധാഗ്നിയിൽ കത്തിയമർന്ന ഈ പീഡനത്തിലെ പ്രതികളെ വെറുതെ വിട്ടിരുന്നുവെങ്കിൽ അത് നല്കുന്ന സന്ദേശമെന്തായിരിക്കും.ഫേസ്ബുക്ക്‌ സ്റ്റാറ്റസുകളും ബ്ലോഗുകളുമെഴുതാൻ എളുപ്പമുണ്ട്. എന്നാൽ കഴുകന്മാരെപ്പോലെ കൊത്തിത്തിന്നാൻ നടക്കുന്ന മനുഷ്യപ്പിശാചുകൾക്കിടയിൽ നമ്മുടെ അമ്മമാർക്കും പെങ്ങന്മാർക്കും ജീവിച്ചു പോകുക അത്ര എളുപ്പമല്ല. അവരുടെ ജീവിതം തെല്ലെങ്കിലും സുരക്ഷിതമാകണമെങ്കിൽ കുറ്റവാളികൾക്കെതിരെയുള്ള നിയമങ്ങൾ കുറ്റമറ്റതും ശക്തവുമാകണം. തങ്ങളുടെ ജീവനും മാനവും വിലമതിക്കുന്ന ഒരു സമൂഹവും സർക്കാരും ചുറ്റുമുണ്ടെന്ന് അവരെക്കൂടി ബോധ്യപ്പെടുത്തണം. അത്തരമൊരു ബോധ്യപ്പെടുത്തലാണ് ഈ വിധി.

  പീഡനത്തിന് കീഴടങ്ങുക എന്നതാണ് തങ്ങളുടെ വിധിയെന്നും ജീവിതമെന്നും കരുതി കണ്ണീർ വാർക്കുന്ന പതിനായിരക്കണക്കിന് പെണ്‍കുട്ടികളോട് ഈ വിധിയിലൂടെ രാജ്യം ഉറക്കെ വിളിച്ചു പറയുന്നുണ്ട്. വിധിയല്ല ജീവിതം!!. അത്തരം വിധികളെ അതിജയിക്കേണ്ടതുണ്ട്‌, കീഴടക്കേണ്ടതുണ്ട്. ഒരു രാജ്യത്തിന്റെ മുഴുവൻ ആത്മാവും ശരീരവും തങ്ങളോട് ഒപ്പമുണ്ടെന്നും ഇത്തരം പീഡകരുടെ മൃഗീയതയോട് ഒരു ശതമാനം പോലും രാജിയാവാൻ അത് തയ്യാറല്ല എന്നും ഈ വിധി പ്രഖ്യാപിക്കുന്നു. പൊരുതാനും ചെറുത്തു നില്ക്കാനുമുളള ബാല്യം തിരിച്ചു പിടിക്കണമെന്നും ഈ വിധി സ്ത്രീ സമൂഹത്തോട് പറയുന്നുണ്ട്.

   

  ഡൽഹി പെണ്‍കുട്ടി പീഡനത്തിന് ഇരയായതിന്റെ നാളുകളിൽ ഞാനൊരു പോസ്റ്റ്‌ എഴുതിയിരുന്നു. ഇത്തരം പീഡകർക്കെതിരെ അതിശക്തമായ ശിക്ഷാവിധികൾ നടപ്പിലാക്കുന്നതോടൊപ്പം പൊതുസമൂഹത്തിൽ ഇത്തരം മനുഷ്യപ്പിശാചുക്കൾ വളർന്നു വരാനിടയാക്കുന്ന സാമൂഹ്യ ചുറ്റുപാടുകളെക്കൂടി തിരിച്ചറിയണം എന്നായിരുന്നു ആ പോസ്റ്റിന്റെ കാതൽ. പക്ഷേ ഡൽഹി പീഡനം സൃഷ്ടിച്ച വൈകാരികതയുടെ തള്ളിക്കയറ്റത്തിൽ ആ പോസ്റ്റ്‌ ഏറെ തെറ്റിദ്ധരിക്കപ്പെട്ടു. വിമർശിക്കപ്പെട്ടു. അതുകൊണ്ട് തന്നെ വീണ്ടും പറയട്ടെ, കുറ്റവാളികൾക്കെതിരെയുള്ള കർക്കശ നിയമങ്ങളോളം പ്രധാനമാണ് കുറ്റവാളികളെ സൃഷ്ടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാമൂഹ്യ ചുറ്റുപാടുകൾക്കെതിരെയുള്ള സമരവും. രണ്ടും സമാന്തരമായി നടക്കേണ്ടതുണ്ട്.

  സ്ത്രീകളെ പ്രദർശനവസ്തുവും പരസ്യ ഉരുപ്പടിയുമായി അവതരിപ്പിക്കുന്ന ദൃശ്യ-സിനിമാ-ടിവി-മാധ്യമ സംസ്കാരം, കൊച്ചു കുട്ടികൾക്ക് പോലും ലഭ്യമാകുന്ന രൂപത്തിലുള്ള മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം, തുറന്ന ലൈംഗികതയ്ക്കും അതിരുവിട്ട സുഖഭോഗ ജീവിത ക്രമത്തിനും വേണ്ടത്ര പ്രചാരണം കൊടുക്കുന്ന സിനിമകളും സീരിയലുകളും, അക്രമികളെയും ഗുണ്ടകളെയും നായകപരിവേഷം നല്കി അവതരിപ്പിക്കുന്ന ന്യൂ ജനറേഷൻ കലാവൈകൃതങ്ങൾ, ‘വരാന്തയും പുറമ്പോക്കും’ തുറന്നിട്ട്‌ ലൈംഗിക പ്രചോദനം സൃഷ്ടിക്കുന്ന വസ്ത്രധാരണ രീതികൾ.. അനിവാര്യമായ തിരിച്ചറിവുകളുടെ പട്ടിക നീളുകയാണ്‌. അവയെക്കൂടി ഇത്തിരി പരിഗണിക്കണമെന്ന് പറയുന്നത് സദാചാര പ്രസംഗമാണെങ്കിൽ അത്തരം ചില പ്രസംഗങ്ങൾ കൂടി ആധുനിക സമൂഹത്തിന് ആവശ്യമുണ്ട്. നമ്മുടെ അമ്മ പെങ്ങന്മാരുടെ പുഞ്ചിരിയാണ്, നിലവിളിയല്ല, നമ്മുടെ പ്രിയോരിറ്റിയിൽ സ്ഥാനം പിടിക്കുന്നതെങ്കിൽ.

  മനുഷ്യാവകാശപ്രശ്നങ്ങളും അന്താരാഷ്‌ട്ര വികാരങ്ങളുമൊക്കെയുയർത്തി വധശിക്ഷക്കെതിരെ ശക്തമായ എതിർപ്പുകൾ വരും നാളുകളിൽ ഉണ്ടാവാനിടയുണ്ട്. വിധിയോടുള്ള പൊതു തരംഗം അവസാനിച്ചു കഴിഞ്ഞാൽ അവ കൂടുതൽ ശക്തി പ്രാപിച്ചേക്കും. ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലുകൾ ഉയർന്ന കോടതികളിലെത്തും. കുറ്റവാളികളെക്കുറിച്ചുള്ള വൈകാരികമായ ഒരു റിപ്പോർട്ടോ സെൻസേഷൻ സൃഷ്ടിക്കുന്ന ഒരു ഫോട്ടോയോ വീഡിയോയോ മതി പൊതുവികാരം ചാഞ്ചാടാൻ. അത്തരമൊരു ചാഞ്ചാടൽ ഉണ്ടാകുന്ന പക്ഷം കോടതികളെ അത് സ്വാധീനിക്കുമോ എന്നും ഇപ്പോൾ പറയുക വയ്യ. എല്ലാം കാത്തിരുന്നു കാണുക തന്നെ വേണം. പക്ഷേ ഒരു കാര്യം ഉറപ്പാണ്. ഇത്തരം വിവാദമായ കേസുകളിൽ കാണിക്കുന്ന ഏത് വിട്ടുവീഴ്ചകളും സമൂഹത്തിന് നല്കുന്ന സന്ദേശം അപകടകരമായിരിക്കും. അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഈ നാല് പ്രതികളേയും എത്രയും പെട്ടെന്ന് പൊതുജനമധ്യത്തിൽ തൂക്കിലേറ്റുക എന്നത് തന്നെയാണ് ഇരകൾ ആവശ്യപ്പെടുന്നതും അർഹിക്കുന്നതുമായ സാമൂഹ്യനീതി.

  Recent Posts
  പ്രദീപേ, ഏപ്രിൽ ഫൂളിലെത്ര ഫൂളുണ്ട്?
  ടി പി വിധിയുടെ സാമ്പിൾ വെടിക്കെട്ട്