ഇന്നലെ രാത്രിയില്‍ തീവണ്ടിയില്‍ ടിക്കറ്റ് കിട്ടിയത് രണ്ട് ബര്‍ത്തുള്ള എസി കോച്ചില്‍ ആയിരുന്നു. ഇവിടെ ഓടുന്ന എസി കോച്ചുകള്‍ പഴഞ്ചനാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ കാഷ്വാലിറ്റികളെക്കാള്‍ കഷ്ടമാണ് പലതും. എന്‍റെ E ടിക്കറ്റില്‍ കുറിച്ചിരിക്കുന്ന കിടക്കപ്പലകയുടെ നമ്പര്‍ 15. പതിനഞ്ചില്‍ ഞാന്‍ ചെല്ലുമ്പോള്‍ അതില്‍ മദ്ധ്യവയസ്സുള്ള പാന്‍റ് ഉം ഷര്‍ട്ടും ധരിച്ച ഒരാള്‍ സങ്കടത്തോടെ ഇരിക്കുന്നു. തൊട്ടുമുന്നിലെ 13 ല്‍ കുറച്ചുകൂടി മദ്ധ്യവയയസ്സു കഴിഞ്ഞ മുണ്ടും ഷര്‍ട്ടും ധരിച്ച മറ്റൊരാള്‍ പകുതി ചുരുണ്ട് കിടക്കുന്നു. ഞാന്‍ ബാഗ് വെച്ചതും പാന്റ് ധാരി വിഷമത്തോടെ ചോദിച്ചു.
ഈ സീറ്റ് നിങ്ങളുടെതാ…?

അതെയെന്നറിഞ്ഞതും അദ്ദേഹം 13ല്‍ കിടക്കുന്ന മുണ്ട് ധാരിയുടെ കാല്‍ക്കലേക്ക് ചന്തി മാറ്റി. അപ്പോഴും മുണ്ടുധാരി കിടത്തം തന്നെ.

ഇത്തിരി ക്ഷീണം ഉള്ളതുകൊണ്ട് കിടക്കാനായി ഞാന്‍ 15 ല്‍ വിരി വെയ്‌ക്കേ 13 ല്‍ ഇരിക്കന്ന പാന്റ് ധാരി വീണ്ടും ചോദിച്ചു. നിങ്ങള്‍ തനിച്ചാണോ..?
അതേയെന്ന് പറഞ്ഞതും അദ്ദേഹം മറ്റൊരു സങ്കടം പറഞ്ഞു.
ഞാന്‍ 13 ലും ഭാര്യ 31 ലും ആണ്…

അതിന്നര്‍ത്ഥം അദ്ദേഹത്തിന് ഈ 15 കിട്ടിയാല്‍ ഭാര്യക്ക് ഇവിടെയും 13 ല്‍ അദ്ദേഹത്തിനും കിടക്കാം എന്നുമാണ്. 15 അദ്ദേഹത്തിന് കൊടുക്കാന്‍ എനിക്ക് സമ്മതം.
ഞാന്‍ ചോദിച്ചു. താങ്കള്‍ എവിടംവരെ ഉണ്ട്..?
ഞാന്‍ വേളാങ്കണ്ണിക്കാ…
വേളാങ്കണ്ണിക്ക് ഈ വണ്ടി പോകുമോ..?
ഇല്ല. നാഗപട്ടണത്ത് ഇറങ്ങും.
നാഗപട്ടണത്ത് എപ്പോള്‍ എത്തും.?
നാളെ പകല്‍ പതിനൊന്നു മണിക്ക്.
ഞാന്‍ പറഞ്ഞു. ഞാന്‍ കോയമ്പത്തൂരില്‍ ഇറങ്ങും. അപ്പോള്‍ സമയം ഏതാണ്ട് മൂന്നു മണി ആയിരിക്കും. താങ്കളോ ഭാര്യയോ ഇവിടെ കിടന്നാലും അടുത്ത ആള്‍ ഈറോഡില്‍ നിന്നും കയറും. അപ്പോള്‍ ടിടിഇ മറ്റൊരാള്‍ ആയിരിക്കും. രാത്രി നേരത്ത് ഈറോഡില്‍ നിന്നും കയറുന്ന ആള്‍ ഇത് അയാളുടെ 15 ആണെന്നും പറഞ്ഞ് ഉണര്‍ത്തും. ചിലപ്പോള്‍ ഇത് തന്നെ കിട്ടണമെന്ന് പറഞ്ഞ് വാശി പിടിക്കും.
പാന്റ് ധാരി പെട്ടെന്ന് പറഞ്ഞു.
അയ്യോ വേണ്ട.. ഞാന്‍ ഇവിടേം ഭാര്യ 31 ലും കിടന്നോളാം..

ഞാന്‍ വിരിച്ചു. കിടന്നു. പിന്നെ 13 ല്‍ എന്നെ നോക്കി ഇളം ചിരിയോടെ ചുരുണ്ടു കിടക്കുന്ന മുണ്ട് ധാരിയെയും അയാളുടെ കാല്‍ക്കല്‍ സങ്കടത്തോടെ ഇരിക്കുന്ന പാന്റ് ധാരിയെയും നോക്കി. അപ്പോള്‍ പാന്റ് ധാരി പെട്ടെന്ന് വിലാപംപോലെ പറഞ്ഞു.
ഈ 13 എന്‍റെതാണ്..

അപ്പോള്‍ ചുരുണ്ടു കിടക്കുന്ന മുണ്ട്ധാരിയും പുഞ്ചിരിയോടെ എന്നോട് പറഞ്ഞു.
ഇത് എന്‍റെതാണ്..

ഞാന്‍ എഴുന്നേറ്റ് ഇരുന്നു.
എന്തേ ഇങ്ങിനെ…. എന്ന് രണ്ട് 13 കാരോടുമായി ചോദിച്ചു. പാന്റ്ധാരി ടിക്കറ്റ് എന്നെ കാണിച്ചു.
നോക്കൂ.. ഈ 13 എന്റെതാണ്.. ശരിയാണ്. കോച്ച് 2എ. എന്നു വെച്ചാല്‍ ടു ടയര്‍ എ. ബര്‍ത്ത് നമ്പര്‍ 13.
അപ്പോള്‍ മുണ്ടുധാരി പുഞ്ചിരിയോടെ സ്വമനസ്സാലെ ടിക്കറ്റ് എനിക്ക് നീട്ടി. നോക്കുമ്പോള്‍ അത് 3എ. വെയ്റ്റിങ്ങ് ലിസ്റ്റ് 8. എന്നുവെച്ചാല്‍ ത്രീ ടയര്‍ കോച്ചില്‍ കാത്തിരിപ്പാണ്. ബര്‍ത്ത് കിട്ടിയാല്‍ കിട്ടി. ഞാന്‍ മുണ്ടുധാരിയോട് പറഞ്ഞു.

നിങ്ങള്‍ക്ക് കോച്ച് മാറി. ഇത് 2 ടയര്‍ ആണ്. നിങ്ങളുടേത് ത്രീ ടയര്‍ ആണ്. ഒരു ടയര്‍ കൂടുതലുണ്ട്. അപ്പോള്‍ പാന്റ് ധാരിയും ഉഷാറായി. ഞാന്‍ പറഞ്ഞില്ലേ. പെട്ടി മാറിയതാണ്. അപ്പുറത്തെ പെട്ടിയാണ് നിങ്ങളുടെത്. നിങ്ങള്‍ അവിടേക്ക് പോ. ഈ 13 എന്റേതാണ്.
അപ്പോള്‍ മുണ്ടുധാരി പുഞ്ചിരിയോടെ പറഞ്ഞു.
എന്നോട് ടിടിആറ് പറഞ്ഞു ഇവിടിരിക്കാന്‍.
പാന്റ് ധാരി സങ്കടത്തോടെ വീണ്ടും എന്നെ നോക്കി.
അതെങ്ങിനാ ടിടിആറ് പറയുന്നത്. അയാള് പെട്ടി നോക്കീട്ടുണ്ടാവില്ല. ഇതെന്‍റെ 13 അല്ലേ. ശരിയാണെന്ന് എനിക്കും തോന്നി. പാന്‍റ് സങ്കടം തന്നെ.
ഇതെന്‍റെതാണ്. ഭാര്യ 31 ലാണ്.

അതെങ്ങിനെ രണ്ടാളും രണ്ടിടത്തായി എന്നു ഞാന്‍..?
വേളാങ്കണ്ണിക്ക് ഒറ്റയ്ക്ക് പോവാനാ ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. പിന്നെ അവളും വരുംന്ന് പറഞ്ഞപ്പോ രണ്ടാമത് ബുക്ക് ചെയ്തു. അത് 31 ആയിപ്പോയി. എന്നാലും ഇതെന്‍റെ 13 ആണ്. ഞാനിപ്പോ എന്ത് ചെയ്യും.
മുണ്ടുധാരി തന്‍റെ സങ്കടം പറഞ്ഞു.
എന്നോട് ടിടിആറ് ഇവിടിരിക്കാന്‍ പറഞ്ഞു. ഈ 13 ആണെന്ന് പറഞ്ഞു. പെട്ടിമാറിയതാണെന്ന് പാന്‍റ് ധാരി. നിങ്ങള് അവിടെ പോയി ഇരിക്ക് ഹേ..

അപ്പോള്‍ മുണ്ടുധാരി എന്നോട് സങ്കടം പറഞ്ഞു.
എനിക്ക് വായിക്കാനും എഴുതാനും ഒന്നും അറിയില്ല. ഞാന്‍ പഠിച്ചിട്ടൊന്നും ഇല്ല. നമ്മള് സൈക്കിളില് മീന്‍ വില്‍ക്കണ ആളാണ്. അത് സാരമില്ലെന്ന് ഞാന്‍. പഠിക്കാന്‍… ആരും ഒന്നും പഠിച്ചിട്ടില്ല. പിന്നെ സൈക്കിളിലെ മീന്‍ വില്‍പ്പന. അതെങ്കിലും നേരാംവണ്ണം ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ ജീവിച്ചു പോകാമായിരുന്നു എന്നാണെന്‍റെ ചിന്തയെന്നും
പറഞ്ഞതോടെ മുണ്ടുധാരി ചിരിച്ചു. ഉഷാറായി.

പാന്‍റ് ധാരിയെ വിട്ട് ഞാനും മുണ്ടുധാരിയുമായി പിന്നെ സംസാരം. എവിടേയ്ക്ക് പോണെന്ന് ഞാന്‍..
നാഗൂരെന്ന് അദ്ദേഹം.
അപ്പോ ഒരാള് വെളാങ്കണ്ണിക്കും മറ്റൊരാള് നാഗൂരേയ്ക്കും. രണ്ടും ഈശ്വര ദര്‍ശനമാണ്. എന്നാല്‍ രണ്ടാള്‍ക്കും കിടക്കാന്‍ കിട്ടിയത് ഒരേ 13. കെട്ടിപ്പിടിച്ചങ്ങ് കിടന്നാല്‍ പോരേ..
ഇതെന്റെ 13 എന്ന് വേളാങ്കണ്ണി.. ടിടിആറ് ഇവിടിക്കാന്‍ പറഞ്ഞെന്ന് നാഗൂരും.
ഞാന്‍ നാഗൂരോട് ചോദിച്ചു.

മീനൊക്കെ ഇപ്പോ എന്താ വില..?
നാഗൂര് ഫുള്‍ ഫോമിലായി. കാല് കയറ്റി മടക്കി വെച്ച് ഓടുന്ന സൈക്കിള് നിര്‍ത്തി ത്രാസെടുത്തു. നെയ്മീന് അഞ്ഞൂറ്. കഷ്ണിച്ച് വില്‍ക്കുമ്പോള്‍ അറുനൂറ് വരും. ആവോലിക്ക് മുന്നൂറ്….
പെട്ടെന്ന് ഓര്‍മ്മയില്‍ ഒരു ആവോലി പ്രാന്തന്‍ വന്നതും ഞാന്‍ ചോദിച്ചു.
വെള്ള ആവോലിയ്‌ക്കോ..

അതിനു കൂടും.. അയല ഇന്നലെ കൊടുത്തത് നൂറ്റമ്പതിന്. ചെമ്മീന്‍ തരംപോലെ. ചാളക്ക്…
കച്ചവടം തുടരവേ ഞാന്‍ കൈ നീട്ടി..
എന്താ പേര്..
നാഗൂര് കൈ പിടിച്ചു.

സൈനു.. ഈ ടിക്കറ്റ് മോന്‍ എടുത്തതാ. ആകെ ഒരു മോനേ ഉള്ളൂ. നാഗൂര് പേഴ്‌സ് തുറന്ന് മോനെ കാണിച്ചു. നല്ല ഒരു മോന്‍. ബാപ്പയുടെ കൊട്ടയിലെ പിടക്കണ മീന്‍പോലെ ഉഷാറുള്ള മുഖം. സൈനു തുടര്‍ന്നു.
എനിക്ക് എഴുതാനും വായിക്കാനും അറിഞ്ഞൂട. മോന്‍ തന്ന ടിക്കറ്റും പിടിച്ച് ഞാനിതില് കയറി. ടിടിആറെ കാണിച്ചപ്പോ ഇതാണ് സീറ്റെന്ന് പറഞ്ഞു. അത്രയും കേട്ടതും വേളാങ്കണ്ണി അതിലൊരു ഈശ്വര ദര്‍ശനം കണ്ടു.
അഛന്‍ നല്ലപോലെ പോയ്‌ക്കോട്ടെ എന്നു വിചാരിച്ച് മോന്‍ എസിയില് ബൂക്ക് പെയ്തതാ. അത് എന്‍റെ സീറ്റിന്‍റെ മോളിലായിപ്പോയി. അതാണെങ്കിലോ ആ ടിടിആറി.. ന് മനസ്സിലായിട്ടില്ല. പെട്ടി മാറിയതാ..

ഞാന്‍ കച്ചവടം നിര്‍ത്തി
നിങ്ങളൊരു കാര്യം ചെയ്യ് സൈനൂക്കാ. ടിടിഇ അപ്പുറത്തെ മുറിയില്‍ ഉണ്ട്, നേരെ ചെന്ന് അദ്ദേഹത്തെ കണ്ട് കാര്യം പറഞ്ഞ്. സംഗതി സബൂറാക്ക്. ഇത് സബൂറാക്കാന്‍ വായിക്കാനും എഴുതാനും ഒന്നും അറിയണ്ട. വായിലെ നാവ് മതി.

സൈനു എഴുന്നേറ്റു. സീറ്റുകള്‍ക്കിടയില്‍ മറഞ്ഞു.
പ്രത്യാശയോടെ വേളാങ്കണ്ണി പറഞ്ഞു. പെട്ടി മാറിയതാ. ആള് തിരിച്ചു വരും.

എന്നാല്‍ സൈനു ആവേശത്തോടെ തിരിച്ചു വന്നു. ഒപ്പം ടിടിഇ യും. 13 ചൂണ്ടിക്കാണിച്ച് ടിടിഇ സൈനുവിനോട് പറഞ്ഞു. ഇത് താന്‍ ഉങ്ക സീറ്റ്..

വേളാങ്കണ്ണിക്ക് ആദ്യമായി കോപം വന്നു.
അപ്പോ എന്‍റെ സീറ്റ്..?
പാക്കട്ടും.. എന്ന് ടിടിഇ..
കയ്യില്‍ കിട്ടിയ ടിക്കറ്റ് നോക്കി ടിടിഇ എന്‍റെ 15 ല്‍ ഇരുന്നു. പിന്നെ ചാര്‍ട്ട് നോക്കി വേളാങ്കണ്ണിയോട് കാര്യം പറഞ്ഞു. ഉങ്കളുക്ക് അപ്‌ഗ്രേഡായിരിക്ക്. ഫസ്റ്റ് എസി. സി യില് 3.

വേളാങ്കണ്ണിക്ക് ഒന്നും മനസ്സിലായില്ല.
അപ്പോ ഭാര്യയ്ക്ക്..?
ടിടിഇ മിഴിച്ചു.
യാര് ഭാര്യയ്ക്ക്…?
എന്‍റെ ഭാര്യയ്ക്ക്. അവള് 31ലാണ്.
അവര്‍ ടിക്കറ്റ് എങ്കേ..?
അത് അവര്‌ടെ കയ്യില്ണ്ട്..
ഇത് ഉങ്ക ടിക്കറ്റ് താനേ..?
അതേ..
അപ്പോ ഇന്ത ടിക്കറ്റേ പറ്റി ശൊല്ലുങ്കോ. അന്ത ടിക്കറ്റ് അപ്പുറം പാര്‍ക്കലാം. ഇന്ത ടിക്കറ്റ്ക്ക് സീറ്റ് ഇങ്കെയല്ലേ. ഫസ്റ്റ് എസി. അപ്‌ഗ്രേഡായിരിക്ക്.
വേളാങ്കണ്ണിക്ക് ഒന്നും മനസ്സിലായില്ല. ഇതെന്ത് പരീക്ഷണം..
ഞാന്‍ ടിടിഇയോട് ചോദിച്ചു.
ഇതെന്താ അപ്ഗ്രഡേഷന്‍..?
ടിടിഇ വിശദീകരിച്ചു.
സാര്‍ അത് കോച്ചിലെ വേക്കന്‍സി ഇരുന്താ ഇപ്പോ അപ്ഗ്രഡേഷന്‍ കൊടുക്കും. ഫസ്റ്റ് എസിയിലെ രണ്ട് ബര്‍ത്ത് കാലി. അതനാലെ ഇങ്കേയിരുന്ത് രണ്ട് പേരെ അപ്‌ഗ്രേഡ് പണ്ണിയാച്ച്. ടുടയറിലെ നാല് ബര്‍ത്ത് കാലി. അതനാലെ ത്രീ ടയറിലിരുന്ത് നാല് അപ്ഗ്രഡേഷന്‍ വന്തിരിക്ക്. അതിലൊന്ന് ഇവര്..

ഞാന്‍ വേളാങ്കണ്ണിക്ക് വിശദീരിച്ചു.
ഈ 13 നിങ്ങളുടെത് തന്നെയാണ്. പക്ഷെ സര്‍ക്കാര് നിങ്ങള്‍ക്ക് ഫസ്റ്റ് എസിയിലെ ഒരു 3 ലേക്ക് പ്രമോഷന്‍ തന്നിരിക്കുന്നു. പിന്നെ സൈനുവോട് പറഞ്ഞു. ഈ 13 ഉം നിങ്ങളുടെത് തന്നെ ആണ്. നിങ്ങളെ സര്‍ക്കാര് ഈ 13 തന്ന് ആദരിച്ചിരിക്കുന്നു.

ആമാ.. എന്ന് സന്തോഷത്തോടെ ടിടിഇ.

ഫസ്റ്റ് എസിയില് എന്താ പ്രത്യേകത എന്ന് വേളാങ്കണ്ണി ചോദിച്ചു. ടിടിഇ സത്യം പറഞ്ഞു. അതൊരു പെട്ടി മാതിരി ഇരിക്കും. ഇന്ത പെട്ടിയോടെ കൊഞ്ചം കൂടി സ്‌പെഷലാണ പൂച്ചികളും ഇരുക്കും..

അത് ശരിയാണെന്ന് ഞാനും. ഇവിടെ ഓടുന്ന എസി കോച്ചുകള്‍ നിറയെ പാറ്റകള്‍ ആണ്.
വേളാങ്കണ്ണി വീണ്ടും ചോദിച്ചു.
അപ്പോ എന്റെ ഭാര്യക്ക്..?
അവര്‍ക്ക് 31 താന്‍. പ്രമോഷന്‍ ഇല്ലൈ..
ഞാന്‍ ടിടിഇയോട് ചോദിച്ചു.
താങ്കള്‍ക്ക് പ്രമോഷന്‍ ഒന്നും ഇല്ലേ..
ഇല്ല. ഇനി വരാത്. ഇന്ത കോട്ട് താന്‍ എന്നുടെ ലാസ്റ്റ് സ്റ്റേഷന്‍.. അതും പറഞ്ഞ് ടിടിഇ സൈനുവോട് പറഞ്ഞു.
നീങ്കെ തൊള്ളായിരിത്തി പത്ത് രൂപ അടക്കണം.
സൈനുവിന്റെ കണ്ണു തള്ളി.

അതെന്തിനെന്ന് ഞാന്‍.
ടിടിഇ സങ്കടത്തോടെ പറഞ്ഞു.
ഇവര്‍ കയ്യിലെ ഐഡന്‍ടിറ്റി കാര്‍ഡ് ഇല്ലേ. ഇപ്പോ എസി കോച്ചിലെ യാര് ഏറുമ്പോഴും ഐഡി വേണം. ഇല്ലേനാ ടിക്കറ്റ് ഇരുന്താലും ടിക്കറ്റ്‌ലസ്സ്. പുതു ടിക്കറ്റ് എടുക്കവേണം. ഐഡി ഇരുന്താ അഴകാ ഇവര്ക്ക് അപഗ്രഡേഷന്‍ എന്‍ജോയ് ശെയ്ത് യാത്രയാഹലാം.
ഇല്ലേനാ ടിക്കറ്റ് ശാര്‍ജ് ഫുള്ളാ കെട്ടണം.

ഇതെപ്പോ വന്ന നിയമം…?!!
ഇപ്പോ വന്തത് സാര്‍. യാര്ക്കും തെരിയാത്. നിറയെ പേര്‍ കഷ്ടപ്പെടറ്ത്…

ചുരുക്കി പറഞ്ഞാല്‍ സൈനുവിന്‍റെ മകന്‍ അഛന്‍റെ യാത്രാ സുഖത്തിനായി എസി ത്രീടയറില്‍ ബുക്ക് ചെയ്തു. സൈനുവിനോട് സേനേഹം തോന്നി സര്‍ക്കാര് അയാളെ അപ്‌ഗ്രേഡ് ചെയ്ത് ടു ടയറാക്കി. എന്നിട്ട് അതേ സര്‍ക്കാര് തന്നെ ഐഡി കയ്യില്‍ ഇല്ലാ എന്നും പറഞ്ഞ് ടിക്കറ്റില്ലാതെ സഞ്ചരിക്കുന്നവനാക്കി ഫുള്‍ പൈസ വീണ്ടും തട്ടിയെടുക്കുന്നു. വല്ലാത്ത ചതിവാണല്ലൊ ഇത്…?!

ഈ നിയമം ജനങ്ങള്‍ക്കറിയോ..?
ഇല്ല സര്‍

നെറ്റില്‍ എടുക്കുന്ന ടിക്കറ്റിനല്ലേ ഐഡി വേണ്ടൂ..?
അല്ല സര്‍. ഇപ്പോള്‍ എസിയില്‍ എടുക്കുന്ന എല്ലാ ടിക്കറ്റിനും ഐഡി വേണം.

…………………………….

മുണ്ട് പൊക്കി ട്രൗസറിന്‍റെ കീശയില്‍ നിന്നും ഒരു ചെറിയ പൊതി എടുത്ത് സൈനു 910 രൂപ ടിടിഇ ക്ക് കൊടുത്തു. ടിടിഇ പുതു ടിക്കറ്റ് എഴുതി കൊടുത്തു. ടിക്കറ്റ് വാങ്ങി സൈനു പറഞ്ഞു. എന്‍റെ കയ്യില് ഇനി ചിലവിന് പൈസയില്ല.

അപ്പോഴാണ് ഞാന്‍ സൈനുവിന്‍റെ തിരിച്ചു വരുന്ന ടിക്കറ്റിന്‍റെ കാര്യം ഓര്‍ത്തത്. ആ ടിക്കറ്റ് ഇനി എന്തു ചെയ്യും. അതിനും ഐഡി വേണ്ടേ..? വേണം എന്ന് ടിടിഇ.. അപ്പോ എന്തു ചെയ്യും. ടിടിഇ സൈനുവിനു വഴി പറഞ്ഞു കൊടുത്തു. ആ ടിക്കറ്റ് കാന്‍സല്‍ പണ്ണുങ്കോ. ഇരുനൂറ് രൂഫാ പോകും. തിരുമ്പി ബസ്സിനു വന്തിടുങ്കോ…

ഞാന്‍ സൈനുവിനോട് പണം വേണോ എന്നു ചോദിച്ചു.
അയാള്‍ രണ്ടു കൈയ്യും പിടിച്ച് നെറ്റിയില്‍ മുട്ടിച്ച് വേണ്ടെന്ന് പറഞ്ഞു. ഈ പറഞ്ഞത് തന്നെ നെഞ്ചത്ത്ന്ന് പോവൂല. നാഗൂര് കുറച്ച് പൈസ സൂക്ഷിച്ചിട്ടുണ്ട്.
അതീന്ന് എടുക്കാം.

സൈനു പണം കൊടുക്കുന്നത് കണ്ട വേളാങ്കണ്ണി 3 ലേക്ക് പോയോ 31 ലേക്ക് പോയോ എന്ന് എനിക്കും ടിടിഇ ക്കും അറിയില്ല. രണ്ടേമുക്കാലിന് ഞാന്‍ കോയമ്പത്തൂര്‍ ഇറങ്ങുമ്പോ സൈനു നല്ല ഉറക്കത്തിലാണ്. ഇതെഴുതുന്ന സമയം രണ്ട് പേരും ഇപ്പോള്‍ നാഗൂരും വേളാങ്കണ്ണിയും എങ്ങിനെയോ എത്തിയിരിക്കും. ഇനി അവര്‍ ഭദ്രമായി തിരിച്ചെത്തിയേ പറ്റൂ..

………………..

ഒരു നിയമം ഉണ്ടാക്കുകയും അത് ജനങ്ങളൈ വൃത്തിയായി അറിയിക്കാതിരിക്കയും ചെയ്യുക എന്നതാണ് നമ്മുടെ റെയില്‍വേയുടെ നയം. എന്നാലല്ലേ അവര്‍ക്ക് ജനങ്ങളെ പിടുങ്ങാന്‍ പറ്റൂ… പിടുത്തം വീഴാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കുക. കാരണം റെയില്‍വേക്ക് വായിക്കാനും എഴുതാനും അറിയില്ല. അതുകൊണ്ട് വായിക്കാനും എഴുതാനും അറിയുന്ന നമ്മളിലെ നിഷ്‌ക്കളങ്കത നമ്മളില്‍ തന്നെ അറിയാതെ ക്രോധമായും താപമായും നിസ്സഹായതായായും മാറും. അങ്ങിനെ വരാതിരിക്കാന്‍ ഏത് പെട്ടിയില്‍ കയറുമ്പോഴും ഐഡി കരുതുക.

മോക്ഷം ലഭിക്കും. ഷുവര്‍….

ഉയര്‍ന്ന ക്ലാസില്‍ സഞ്ചരിക്കുന്നവന്‍റെ പെടാപാട് ആരറിയുന്നു…. 🙂

You May Also Like

ഉഭയചരന്‍

മുറിയിലെ ഒരുമൂലയില്‍ അവനെന്നെയും നോക്കിയിരിപ്പാണ്. ലിംഗമേതെന്ന് നിശ്ചയമില്ലെങ്കിലും തല്‍ക്കാലം അവന്‍ എന്നുതന്നെ വിളിക്കാം. ദൈന്യതയൊ പകയൊ ഉല്‍ക്ക്ണ്ഠയൊ അവന്റെ മുഖത്ത് ദ്രിശ്യമാകുന്ന ഭാവമേതെന്നറിയില്ല. ദൈവസ്രുഷ്ടിയായ അവനും വികാരങ്ങളുണ്ടാകും. വേദനയറിയുന്നവന് വിശപ്പറിയുന്നവന് ശത്രുവിനെ തിരിച്ചറിയുന്നവന് മനസ്സുണ്ട് വികാരമുണ്ട്. എന്നെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്ന ആ മണ്ഡൂകത്തിന്റെ മനസ്സിലെ വികാരമെന്തായിരിക്കും? അവനെന്റെ കണ്ണിലേക്ക് തന്നെയല്ലെ തുറിച്ചുനോക്കുന്നത്. കാപട്യമുള്ളവര്‍ കണ്ണില്‍നോക്കില്ലല്ലൊ. ഞാനും അവന്റെ കണ്ണിലേക്കുതന്നെ തുറിച്ചുനോക്കിയാലോ. അറിയാമല്ലൊ അവനെന്ത് ചെയ്യുമെന്ന്. എന്റെ തുറിച്ചുനോട്ടം അവനിഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു, അവന്‍ മുഖംതിരിച്ച് അവിടെനിന്നും മാറിക്കളഞ്ഞു.

ആറരക്കാലിയുടെ ജാതി

‘അമ്മേ… അവിടൊരെട്ടുകാലി ഇരിക്കുന്നു..’ ‘ചെരുപ്പ് വച്ചടിച്ചു കൊല്ലടാ അതിനെ ‘ ‘അമ്മ കൊല്ല്…’ ‘ചേട്ടാ.. ബാത്രൂമില്‍ ഒരെട്ടുകാലി ഇരിക്കുന്നെന്ന്.. ഒന്നടിച്ചു കൊന്നേ.. എന്റെ കയ്യില്‍ മാവ് പറ്റിയിരിക്കുവാ..’

പാപ്പീറസ് കോപ്റ്റിക് കുതന്ത്രം

നരജന്മങ്ങള്‍ ഭൂമിയില്‍ അധിവസിക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കേ, അവരുടെ സൃഷ്ടിയുടെ തായ് വേരുകള്‍ താണ്ടി അവരുടെ യാത്രകളും ആരംഭിച്ചു. എന്നാല്‍ ഒരിടത്തും ചെന്നെത്തുവാന്‍ ഇതുവരെയും ആ യാത്രകള്‍ക്ക് സാധിച്ചിട്ടില്ല, നമ്മുടെ ഈ വര്‍ത്തമാനകാലത്താണെങ്കില്‍ ശാസ്ത്രവും സാങ്കേതിക വിദ്യകളും അതിന്റെ പാരമ്യത്തില്‍ എത്തിയെങ്കില്‍ തന്നെയും ജീവജാലങ്ങളും, മറ്റു പലതരമായ സൃഷ്ടികളും എവിടെ നിന്നും ആരാല്‍ അല്ലെങ്കില്‍ ഏതിനാല്‍ നിര്‍മ്മിക്കപ്പെട്ടെന്നു ശരിക്കും ആര്‍ക്കും കണ്ടുപിടിക്കുവാനും സാധിച്ചിട്ടില്ല. നമ്മള്‍ക്കാണെങ്കില്‍ ഇക്കാര്യത്തില്‍ ആശ്രയിക്കാന്‍ പറ്റുന്ന ഏക മാര്‍ഗ്ഗം, നമ്മള്‍ക്ക് സുപരിചിതമായ പുരാഗ്രന്ഥങ്ങള്‍ തന്നെ.

മമ്മൂട്ടി കൈപിടിച്ചുയർത്തിയ മാർത്താണ്ഡൻ നാട്ടുകാരുടെയും കുടുംബക്കാരുടേയും അവഗണനയും പരിഹാസവും അത്രമാത്രം അനുഭവിച്ചിരുന്നു

മമ്മൂട്ടിയുടെ ജന്മ ദിനത്തിൽ അദ്ദേഹം കൈപിടിച്ചുയർത്തിയ സംവിധായകരുമായുള്ള അഭിമുഖം കണ്ടിരുന്നു. അതിൽ സംവിധായകൻ ജി മാർത്താണ്ഡൻ