ഉമ്മന്‍ ചാണ്ടി അഥവാ എന്തും “പിന്‍വലിക്കുന്ന” മനുഷ്യന്‍.!

167

ksu--oil--001_0_0_0_0_0

കേരളത്തിന്റെ മുഖ്യമന്ത്രി. കേരളത്തില്‍ എന്തും ചെയ്യാന്‍ ഏറ്റവും കൂടുതല്‍ അവകാശമുള്ള മനുഷ്യന്‍.! അതാണ് ശ്രീമാന്‍ ഉമ്മന്‍ ചാണ്ടി. അദ്ദേഹം ആളൊരു പരസഹായി കൂടിയാണ്. ആര് ചെന്ന് എന്ത് ഉപകാരം ചോദിച്ചാലും പറ്റുന്നത് ഒക്കെ കക്ഷി ചെയ്ത് കൊടുക്കും. ഇങ്ങനെ ഒരു ഉപകാരം ചെയ്ത് കൊടുത്ത ശേഷം നാട്ടുകാരോട് ചെയ്ത ഉപകാരത്തെ പറ്റി ഒരു പ്രസ്താവനയിറക്കിയപ്പോള്‍ ആണ് ചാണ്ടി സാറിനു ഒരു ഉഗ്രന്‍ പണി കിട്ടിയത്.!

പറഞ്ഞു വരുന്നത് കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് നടന്ന കരിഓയില്‍ പ്രയോഗത്തെ പറ്റിയാണ്. എട്ടും പൊട്ടും തിരിയാത്ത ബുദ്ധി തീരെ മുളയ്ക്കാത്ത ചില പാവം പാര്‍ട്ടി പിള്ളേര്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥന് നേരെ കരിഓയില്‍ പ്രയോഗം നടത്തി.! വെറുതെ ചുമ്മാതെ ഇരുന്നപ്പോള്‍ ഒരു ഇഫക്റ്റ് ഉണ്ടാക്കാന്‍ അവര്‍ കുറച്ചു കരി ഓയില്‍ ഒഴിച്ചുവെന്ന് കരുതി അവരെ ഇങ്ങനെ ക്രൂശിക്കുന്നത് ശരിയാണോ ? പച്ചവെള്ളം ഒഴിക്കാന്‍ പ്ലാന്‍ ചെയ്ത അവരെ, പച്ചവെള്ളം ഒഴിച്ചാല്‍ ടിവിയില്‍ കാണുമ്പോള്‍ ഒരു ചന്തമുണ്ടാകില്ലയെന്നു പറഞ്ഞു ആരോ തെറ്റിധരിപ്പിച്ചു കരി ഓയില്‍ ഒഴുപ്പിക്കുകയായിരുന്നുവത്രെ.!

ഈ കാരണങ്ങള്‍ മനസ്സില്‍ കണ്ടാകും ആദ്യം കേസ് എടുത്ത സര്‍ക്കാര്‍ “സത്യാവസ്ഥ” മനസിലാക്കി പിന്നീട് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. പാവം പാര്‍ട്ടിപിള്ളേര്‍ കുറ്റം ചെയ്‌താല്‍ അവരെ ശിക്ഷിക്കുകയല്ല മറിച്ചു ഉപദേശിച്ചു ദൈവ മാര്‍ഗത്തില്‍ കൊണ്ട് വരികയല്ലേ ആ പാര്‍ട്ടിയുടെ നേതാവ് ചെയ്യേണ്ടത്? അതിനു വേണ്ടിയാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് (ഒരിക്കലും ഈ കാര്യത്തില്‍ സര്‍ക്കാരിനെ തെറ്റ് പറയാന്‍ സാധിക്കില്ല)

സ്വന്തം പാര്‍ട്ടിയിലെ കുട്ടികള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു മുഖ്യമന്ത്രിയല്ല ഉമ്മന്‍ ചാണ്ടി സാര്‍. അതുകൊണ്ട് തന്നെയാണ് തിരുവനന്തപുരം എംജി കോളേജില്‍ എസ്ഐക്ക് നേരെ ബോംബ്‌ എറിഞ്ഞ കേസിലെ പ്രതിക്ക് പോലീസില്‍ ജോലി ഒക്കെയായപ്പോള്‍ കേസ് പിന്‍വലിച്ആ പാവത്തിന് ജോലി ഉറപ്പിച്ചു കൊടുത്തത്. ഒരു പോലീസ് ഉദ്യോഗസ്ഥനെ ബോംബ്‌ എറിഞ്ഞ കുട്ടിയുടെ ചങ്കുറപ്പ് കേരള പോലീസിന് വേണം എന്ന് അദ്ദേഹം ആഗ്രഹിച്ചതില്‍ തെറ്റുണ്ടോ ?

കരി ഓയിലിന്റെ കാര്യം പറയുകയാണെങ്കില്‍, പാവം കുട്ടികള്‍ എന്ന് കരുതി അദ്ദേഹം കേസ് പിന്‍വലിച്ചു.! പക്ഷെ കുട്ടികളെ കാര്യം പറഞ്ഞു മനസിലാക്കിയാല്‍ മാത്രം പോരായെന്ന്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ വാശി പിടിച്ചപ്പോള്‍ കേസ് പിന്‍വലിച്ച നടപടി അദ്ദേഹത്തിന് വീണ്ടും പിന്‍വലിക്കേണ്ടി വന്നു.!

നേതാക്കന്മാര്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത പാര്‍ട്ടിയുടെ തലപ്പത്ത് ഒരു കസേരയുമിട്ടു മുറുക്കി തുപ്പി ഒരു കാരണവരെ പോലെ ചമഞ്ഞു ഇരിക്കണമെങ്കില്‍ ചിലപ്പോള്‍ ചിലത് പിന്‍വലിക്കണം, പിന്നെ ഈ പിന്‍വലിച്ചതിന്റെ പിന്‍വലിക്കണം..!!! കേരള മുഖ്യമന്ത്രിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കല്ലേ സാറന്മാരെ..പേടിക്കില്ല.!