ഉല്‍കണ്‌ഠകളെ കുറിച്ചുള്ള ഉല്‍കണ്‌ഠകള്‍

367

01

ഏഴാം ക്ലാസില്‍ പഠിക്കുന്ന സഫ്‌വാന് ഒരാഴ്ചയായി നീണ്ടു നില്‍ക്കുന്ന അസഹ്യമായതലവേദന. ഡോക്ടര്‍മാര്‍ പരിശോധിച്ച് വേദനാ സംഹാരികളും ഇന്‍ജക്ഷനുംകൊടുത്തിട്ടും വേദന മാറുന്നില്ല. ഈ അവസ്ഥയിലാണ് സഫ്‌വാനെ മനഃശാസ്ത്രജ്ഞന്റെ അടുക്കല്‍ കൊണ്ടുവരുന്നത്. കടുത്ത ഉത്കണ്ഠയുടെ ഫലമായിരുന്നു സഫ്‌വാന്റെ അസുഖം. ഏറ്റവുംബുദ്ധിമുട്ടുള്ള കണക്കിനു മാര്‍ക്ക് കുറഞ്ഞു പോകുമോ എന്ന ഭയം.റിലാക്‌സേഷന്‍ തെറാപ്പിവഴി പിരിമുറുക്കം മാറ്റിയതോടെ തലവേദന പൂര്‍ണ്ണമായുംമാറി.

അമിതമായ ഉത്കണ്ഠയുടെ ഭയമോ, സങ്കടമോ ഉണ്ടായാല്‍ തലച്ചോറിലെരാസപ്രവര്‍ത്തനങ്ങളില്‍ വ്യതിയാനം സംഭവിക്കുകയും അത് ശാരീരിക രോഗമായിമാറുകയും ചെയ്യുന്നു. ഇത്തരം അസുഖങ്ങളെ മനഃശാസ്ത്രജ്ഞരുടെ ഭാഷയില്‍
സൈക്കോ സൊമാറ്റിക് ഡിസോര്‍ഡര്‍ എന്നാണ് പറയുന്നത്. യഥാര്‍ത്ഥ ശാരീരികവേദനയും രോഗാനുഭവങ്ങളും ഇതോടൊപ്പം ഉണ്ടാകുന്നുണ്ട് എന്നതാണ് വാസ്തവം.ഉത്കണ്ഠ വരുമ്പോള്‍ ഇരുപത്തിയഞ്ച് ശതമാനം കുട്ടികള്‍ക്കും ഈ അസുഖംഉണ്ടാകാറുണ്ട്.

തലവേദന, വയറുവേദന, നെഞ്ചുവേദന, കൈകാല്‍ വേദന തുടങ്ങി ശരീരത്തിന്റെ ഏതുഭാഗത്തും അസഹ്യമായ വേദനയുണ്ടാകാം. ചിലപ്പോള്‍ ഛര്‍ദ്ദി, വയറിളക്കം,ശ്വാസതടസ്സം, മൂത്രക്കടച്ചില്‍, ഇടക്കിടെ മൂത്രം ഒഴിക്കാന്‍ തോന്നുക എന്നീലക്ഷണങ്ങളും കാണാം. അമിത ഉത്കണ്ഠയുള്ള കുട്ടികളില്‍ ഞരമ്പു രോഗത്തിന്റെ ലക്ഷണങ്ങളായവിറയല്‍, തളര്‍ച്ച, ബോധക്ഷയം, അപസ്മാരം എന്നിവയും കണ്ടു വരാറുണ്ട്.

പഠനത്തിലെ പിന്നാക്കാവസ്ഥയും പഠന വൈകല്യങ്ങളും കുട്ടികളില്‍ ഉത്കണ്ഠജനിപ്പിക്കുന്ന ഘടകങ്ങളാണ്. പ്രശ്‌നങ്ങളെ ക്ഷമയോടെ നേരിടാന്‍ കഴിയാത്തകുട്ടികളിലാണ് ഉത്കണ്ഠ ഏറെയും കണ്ടുവരുന്നത്. കുടുംബപരമായും സാമൂഹികപരമായും വിദ്യാലയ സംബന്ധമായും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുട്ടികളില്‍പിരിമുറുക്കം ഉണ്ടാക്കുന്നു. തല്‍ഫലമായി പഠനത്തില്‍ ഏകാഗ്രതയുംതാല്‍പര്യവും കുറയുകയും നിഷേധാത്മക ചിന്തകള്‍ രൂപ്പപെടുകയും ചെയ്യും.കൗമാര പ്രായത്തില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചു തുടങ്ങാനുംകാരണമായേക്കും.

കുട്ടികളുടെ ഈ പ്രശ്‌നങ്ങള്‍ വളരെ ഫലപ്രദമായി ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. മനസ്സിനെ അലട്ടുന്ന നിഷേധ വികാരങ്ങളെ പാടേ തുടച്ചു കളയാനും ആത്മവിശ്വാസം നിറക്കുവാനും മനഃശാസ്ത്രജ്ഞന്റെ സഹായം തേടുക തന്നെ വേണം.

ഇനി മറ്റൊരു സംഭവം പറയാം. രണ്ടാം ക്ലാസില്‍ പഠിക്കുന്ന ജുനൈസിന്റെ വിചിത്ര സ്വഭാവം കണ്ട് മിഴിച്ചു നില്‍ക്കുകയാണ് വീട്ടുകാര്‍. അവന്‍ സ്‌കൂളില്‍ നിന്നും വരുന്ന വഴി ചവറു പെറുക്കി സ്‌കൂള്‍ ബാഗില്‍ നിറക്കുന്നു. വീട്ടിലെത്തിയാല്‍ ചവറുകള്‍ പുറത്തെടുത്ത് കൈയില്‍ വെച്ചും മണത്തും അങ്ങനെ ഇരിക്കും. മനഃശാസ്ത്രജ്ഞന്റെ പരിശോധനയില്‍ വെളിവായ വസ്തുത ഇവയാണ്. ജുനൈസിന് പനി വന്ന സമയം ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു അവന് ബിസ്‌ക്കറ്റ്, ചോക്ലേറ്റ് തുടങ്ങിയവ മേലില്‍ വാങ്ങി കൊടുക്കരുതെന്ന്. അതിനുശേഷം വീട്ടുകാര്‍ ഒരു പലഹാരങ്ങളും നല്‍കാറില്ല. ജുനൈസ് പെറുക്കിയെടുക്കുന്ന കവറുകളാണെങ്കിലോ ബിസ്‌ക്കറ്റ്, ചിപ്‌സ്, ചോക്ലേറ്റ് തുടങ്ങിയവയുടേതായിരുന്നു.

കുട്ടികളില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ കരുതലോടെ കാണേണ്ടതുണ്ട്. തലച്ചോറിലുണ്ടാകുന്ന രാസമാറ്റങ്ങളാവാം ഇതിനു കാരണം. വളരെ പ്രസരിപ്പുണ്ടായിരുന്ന കുട്ടി കൂട്ടുകാരില്‍ നിന്നും വീട്ടുകാരില്‍ നിന്നും അകന്ന് എപ്പോഴും ഒറ്റക്കിരിക്കുക. സംസാരം കുറയുക. ചോദിച്ചാല്‍ മാത്രം ഒന്നു രണ്ടു വാക്കു മാത്രം പറയുക, ശാന്തമായി അടങ്ങിയിരുന്ന കുട്ടി പെട്ടെന്നൊരു ദിനം അമിതാഹ്ലാദത്തില്‍ തുള്ളിച്ചാടുക, ബഹളം കൂട്ടുക, സ്വയം സംസാരിക്കുക, അശരീരി കേള്‍ക്കുന്നതായി പറയുക തുടങ്ങിയവ മാനസിക വൈകല്യങ്ങളുടെ ലക്ഷണങ്ങളാണ്. ഒരു പക്ഷേ ആത്മഹത്യയിലേക്കു വരെ നയിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ വഷളാകും മുമ്പേ രോഗാവസ്ഥ മനസ്സിലാക്കി മനഃശാസ്ത്രജ്ഞന്റെ അടുത്തെത്തിക്കണം.

“തത്ത പറന്നു പോയി, സങ്കടം സഹിക്ക വയ്യാതെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു” അടുത്ത കാലത്തെ പത്രവാര്‍ത്തയാണിത്. അനു എന്ന നാലാം ക്ലാസുകാരിയാണ് ജീവന്‍ വെടിഞ്ഞത്. അനുവിന്റെ മാതാപിതാക്കള്‍ ഉയര്‍ന്ന ജോലിത്തിരക്കുള്ളവരാണ്. അനുവിനെ ശ്രദ്ധിക്കാനോ സംസാരിക്കാനോ സമയമില്ലാത്ത തിരക്ക്. അച്ഛന്‍ അനുവിന് സമ്മാനങ്ങള്‍ കൊടുത്തയക്കും. അമ്മ ആവശ്യത്തിലധികം പണം നല്‍കും. അവളുടെ കാര്യങ്ങള്‍ നോക്കാന്‍
വീട്ടുജോലിക്കാരിയുണ്ട്. പക്ഷേ അവളുടെ കൂട്ട് വീട്ടിലെ പുന്നാര തത്തയുമായിട്ടാണ്. ഒഴിവു സമയങ്ങളിലെല്ലാം അവള്‍ തത്തയോട് വര്‍ത്തമാനം പറഞ്ഞിരിക്കും. തത്തക്ക് തീറ്റ കൊടുക്കും. ഒരു ദിനം അനുവിനെ തനിച്ചാക്കി
തത്ത പറന്നു പോയി. സങ്കടം താങ്ങാനാവാതെ അനു കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. പരീക്ഷയില്‍ മാര്‍ക്കു കുറഞ്ഞതിന് വീട്ടുമുറ്റത്തെ മാവിന്‍കൊമ്പില്‍ കെട്ടിത്തൂങ്ങിയ നിയാസിന്റെ കഥയും ഓണത്തിന് പട്ടുപാവാടക്കു പകരം ചുരിദാറു വാങ്ങിക്കൊടുത്തതിന് ജീവനൊടുക്കിയ ശ്യാമയുടെ കഥയും ഇതിനോട് ചേര്‍ത്തു വായിക്കാം.

കുഞ്ഞുങ്ങളുടെ ലോകം വളരെ വിചിത്രങ്ങളാണ്. നിസാര കാര്യത്തിനുപോലും ആത്മഹത്യ പരിഹാരമായി കാണുന്ന കുട്ടികളുടെ എണ്ണം ഏറിവരികയാണ്. ഇതവരുടെ കുറ്റമല്ല. സമൂഹത്തില്‍ പൊതുവേ വന്ന മാറ്റങ്ങള്‍ അവരെയും ഇങ്ങനെയൊക്കെ ആക്കുന്നതാണ്. അവര്‍ക്ക് ആശയവിനിമയത്തിനു കൂട്ടു ടിവിയും കമ്പ്യൂട്ടറും പിന്നെ വീട്ടിലെ ഓമന മൃഗങ്ങളും മാത്രം. അച്ഛനും അമ്മക്കും ഒന്നിനും സമയമില്ല. ഇങ്ങനെയായാല്‍ എങ്ങനെ കാര്യങ്ങള്‍ എളുപ്പമാകും? അല്ലെങ്കില്‍ എത്ര നാള്‍ ഇനിയും ഇങ്ങനെ തുടരാനാകും നമുക്ക്?