ഉല്‍പ്രേക്ഷയില്‍ തെറിവിളി, പണി പാളി; പ്രസിദ്ധ ബ്ലോഗ്ഗര്‍ ജയിലിലേക്ക്

  9
  481

  ഉല്‍പ്രേക്ഷയില്‍ തെറിവിളിക്കുന്ന ബ്ലോഗ്ഗെര്മാരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് കോടതി, ഉല്‍പ്രേക്ഷ തെറികളുടെ ‘പരിപ്രേക്ഷ്യം’ ബ്ലോഗ്ഗറെ ദംഭചാരിണനും ജഘന്യജാചാരപരനും നിസ്ത്രപനും ആയി കണക്കാക്കുവാന്‍ പര്യാപ്തമാണ് എന്ന് വിധി എഴുതിയിരിക്കുന്നു.

  ഉല്‍പ്രേക്ഷയില്‍ സംഭവം വിവരിച്ചാല്‍ നമ്മുടെ നാട്ടിലെ സാഹചര്യങ്ങളില്‍ ഇതായിരിക്കും സംഭവം.

  ”മലയാളത്തിലെ പ്രസിദ്ധ രാഷ്ട്രീയബ്ലോഗ്ഗറും ജനലക്ഷങ്ങളുടെ ആരാധനാ പാത്രവും ഓണ്‍ലൈന്‍ മലയാളി വായനക്കാരുടെ രോമാഞ്ചവും ആയ ചെറുപ്പകാരന്‍ ഫേസ്ബുക്കിലൂടെ തെറിവിളിച്ചതിന്റിനെ പേരില്‍ ജയിലിലേക്ക്. പൂഞ്ഞാര്‍ പഞ്ചായത്ത് അന്‍പത്തിനാലാം വാര്‍ഡ്‌ മെമ്പറും പ്രാദേശിക പാര്‍ട്ടിയുടെ വാര്‍ഡു പ്രസിഡണ്ടും ആയ തെക്കേക്കര കുട്ടിച്ചന്റെ വീടിന്റെ പടം ഫേസ്ബുക്കില്‍ ഇടുകയും അഴിമതിക്കാരനായ ഇയ്യാളുടെ വീട്ടുമുറ്റത്ത് അമേദ്യം വിതറണം എന്ന് കമന്റില്‍ എഴുതുകയും ചെയ്തതിനാണ് കോട്ടയം കുഞ്ഞച്ചന്‍ എന്ന പേരില്‍ ബ്ലോഗ്ഗെഴുതുന്ന പാലാ വെട്ടിക്കാട്ട് സാജന്‍ മത്തായി [32] യെ ഭരണങ്ങാനം മജിസ്ട്രേട്ട് കോടതി ആറുമാസത്തെ കഠിന തടവിനു ശിക്ഷിച്ചത്. താന്‍ മെമ്പര്‍ ആയിരിക്കുന്ന പഞ്ചായത്തിന്റെ പേരിനോട് സാമ്യമുള്ള  *** എന്ന ഒരു അശ്ലീല പദം ആണ് ബ്ലോഗ്ഗര്‍ തന്നെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചത് എന്ന് ശ്രീ കുട്ടിച്ചന്‍ കോടതിയില്‍ ബോധിപ്പിച്ചു” .

  ബ്രിട്ടനില്‍ സംഭവിച്ചത് ഇങ്ങനെ –

  ഉല്‍പ്രേക്ഷയില്‍ തെറിയെഴുതി രാഷ്ട്രീയക്കാരെയും പൊതുസമൂഹത്തിലെ മാന്യര്‍ എന്ന് ഭാവിക്കുന്നവരെയും തൊലിയുരിച്ചു കാണിച്ചു കയ്യടി വാങ്ങിയിരുന്ന പ്രസിദ്ധ ബ്രിട്ടീഷ് ബ്ലോഗ്ഗര്‍ ഒലി ക്രോംവേല്‍ എന്ന തൂലികാ നാമക്കാരന്‍ [യഥാര്‍ത്ഥ പേര് ജോണ്‍ കെര്‍ലന്‍] ട്വിറ്റെര്‍ എഴുത്തില്‍ ഒരു തദ്ദേശ സ്വയംഭരണ കൌണ്‍സില്‍ മെമ്പറെ ‘തന്നെ ആണോ എന്ന് വര്‍ണ്യത്തില്‍ ആശങ്ക വരുത്താവുന്ന വിധം’ സ്ത്രീകളുടെ പ്രത്യുല്‍പ്പാദന അവയവത്തെ ദ്യോതിപ്പിക്കുന്നതും, അശ്ലീലം എന്നവിധേന ഇംഗ്ലീഷ് ഭാഷയില്‍ ഉപയോഗിക്കുന്നതുമായ ഒരു വാക്ക് ഉപയോഗിച്ചു വിശേഷിപ്പിച്ചു എന്നതാണ് കേസ്. ഇതിനു പുറമേ ഈ കൌണ്‍സില്‍ മെമ്പറുടെ വീടിന്റെ പടം ബ്ലോഗ്ഗില്‍ കൊടുത്തുകൊണ്ട് ; സുരേഷ് ഗോപി എല്ലാ വാചകങ്ങളുടെയും അവസാനം പറയുന്ന ‘ഷി*’ എന്ന സാധനം ഇവിടെ പോസ്റ്റ് ചെയ്യൂ എന്നൊരു ആഹ്വാനവും.

  സംഗതി കോടതിയില്‍ എത്തിയപ്പോള്‍ പണി പാളി. വെറും ഉല്‍പ്രേക്ഷയായിരുന്നു, വായനക്കാര്‍ക്ക് ഭാവനയില്ലത്തത് കൊണ്ട് പറ്റിപ്പോയതാണ്, കയ്യടി കൂടുതല്‍ കിട്ടിയപ്പോള്‍ സംഗതി കയ്യില്‍നിന്നും അറിയാതെ വിട്ടുപോയതാണ് എന്നൊക്കെ കരഞ്ഞു പറഞ്ഞിട്ടും; ”പോയികഴിഞ്ഞിട്ടു ഇതല്ല മറ്റേതു ആയിരുന്നു” എന്ന് പറഞ്ഞിട്ടു എന്ത് കാര്യം എന്നായിരുന്നു കോടതിയുടെ ചോദ്യം. കെട്ടും ഭാണ്ടവുമായി ആറുമാസം ജയിലിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് ബ്ലോഗ്ഗര്‍.

  ശക്തമായി പ്രതിഷേധിക്കാന്‍ മലയാള ബ്ലോഗ്ഗര്‍മാര്‍ക്ക് ‘മ’ ഗ്രൂപ്പുള്ളതുപോലെ ബ്രിട്ടീഷ് ബ്ലോഗ്ഗെര്‍മാര്‍ക്കു ‘ബ്രാ’ ഗ്രൂപ്പൊന്നും ഇല്ലെങ്കിലും അവിടയും ഇവിടെയുമൊക്കെ ഒറ്റപ്പെട്ട പ്രതിഷേധം ഉയരുന്നുണ്ട്. കോടതിയലക്ഷ്യം ആകും എന്നതിന്നാല്‍ ആരും ഇതുവരെ ബ്ലോഗ്ഗെഴുതി കോടതിയുടെ തീരുമാനത്തെ വിമര്‍ശിച്ചിട്ടില്ല.

  ലോക വ്യാപകമായി ഓണ്‍ലൈന്‍ എഴുത്തിനും, ഫേസ് ബുക്ക് ട്വിറ്റെര്‍ തുടങ്ങിയ ഇലക്ട്രോണിക് സംവിധാനങ്ങള്‍ക്കും കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതും, അന്ത്രാരാഷ്ട്രതലത്തില്‍ ദൂരെ വ്യാപകമായ ചലനം സൃഷ്ട്ടിക്കുന്നതും ആണ് ഈ വിധി എന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. ലോകം എമ്പാടുമുള്ള നിയമ സംവിധാനങ്ങള്‍ സാകൂതം വീക്ഷിക്കുന്ന ബ്രിട്ടീഷ് നിയമവ്യവസ്ഥ ഉത്തരവാദിത്വപൂര്‍ണ്ണമായ ഓണ്‍ലൈന്‍ അഭിപ്രായ സ്വാതന്ത്രത്തിന്റെ പ്രാധാന്യം പൊതുജനം മനസ്സിലാക്കുവാന്‍ ആണ് ഇങ്ങനെ ഒരു വിധി പുറപ്പെടുവിച്ചത് എന്ന് നിരീക്ഷിക്കപ്പെടുന്നു.

  ഫ്രീ ഹിറ്റ് : എന്റമ്മോ, നമ്മുടെ രാജ്യത്തുള്ള രാഷ്ട്രീയക്കാര്‍ അക്ഷരം പഠിച്ചിരുന്നെങ്കില്‍ പല ബ്ലോഗ്ഗെര്‍മാര്‍ക്കും ജീവപര്യന്തം ഉറപ്പിക്കാമായിരുന്നു.

  Comments are closed.