എക്കോ ടെററിസം – വിനോദ്.പി.

0
240
1
വിനോദ് പിള്ള

പല്ലി ചിലക്കുന്നത് കേട്ടാണ് രാമന്‍കുട്ടി ഉറക്കമുണര്‍ന്നത്. കണ്ണ് തുറന്നപ്പോള്‍ തലയ്ക്കു മുകളില്‍ ഒരു പല്ലി നാക്കുനീട്ടി നില്‍ക്കുന്നു. മണിയാറായി, എഴുന്നേറ്റ് കൂടെ എന്നൊരു കളിയാക്കിചിരി. പുതപ്പു മാറിയാണ് കിടക്കുന്നത്. ദേഹത്ത് പറ്റിനില്‍ക്കുന്ന തണുപ്പിന്റെ കണികകളെ തുടച്ചുമാറ്റാന്‍ ഇനിയും സമയമില്ല. ഒരു ഞെട്ടലോടെ സ്പ്രിങ്ങ് പോലെ കട്ടിലില്‍ നിന്നും ചാടി എഴുന്നേല്‍ക്കും. അഴിഞ്ഞുപോയ മുണ്ട് വാരിച്ചുറ്റി ക്ലോക്കിലേക്കുനോക്കും. ആറു മണി കഴിഞ്ഞുകാണും. ബ്രെഷില്‍ പേസ്‌റ്റെടുത്തു ചടപടാന്ന് ബ്രഷ്‌ചെയ്യുന്നതിനോടൊപ്പം തന്നെ മൂത്രമൊഴിപ്പും നടക്കും. ഒരേ സമയം രണ്ടുകാര്യങ്ങള്‍ ചെയ്താല്‍ സമയമെത്ര ലാഭം. പിന്നെ മരുന്നിനൊരു കസര്‍ത്തി. രണ്ടു മിനിറ്റ് ധ്യാനം. അതിനിടയില്‍ പത്തുപ്രവിശ്യമെങ്കിലും മനസ്സ് കൈവിട്ടു പോകും. സാരമില്ല നാളെപ്പിടിക്കാം

എന്നും രാവിലെ അടുക്കള ജോലികള്‍ ചെയ്യുമ്പോള്‍ രാമന്‍കുട്ടിയുടെ മനസ്സ് പലവിധ ചിന്തകളാല്‍ മുഖരിതമായിരിക്കും. നേരം പുലര്‍ന്നു, വെളിച്ചക്കീറു വീട്ടില്‍ കയറി വരുമ്പോള്‍, താഴെചെന്ന് ഫ്രീസറിലെ പാലെടുക്കുമ്പോള്‍ അത് കട്ട. എന്നത്തേയും പോലെ ഇന്നലയും ഒരു കവര്‍ പാല്‍ താഴെ എടുത്തു വൈക്കുവാന്‍ മറന്നു. വട്ടപ്പാത്രത്തില്‍ വെള്ളം പിടിച്ചതില്‍പാല്‍ കവറിടും. അപ്പൊഴേക്കും പണ്ട് വീട്ടില്‍ പുറം പണിക്കു വന്നിരുന്ന രാമനെ ഓര്‍മ്മവരും. അച്ഛനും അമ്മയ്ക്കും ഇടാനായിക്കണ്ട ഒരു പേര് രാമന്‍കുട്ടി. ആധുനിക – ആധുനികോത്തരമായ എത്രെയോ പേരുകള്‍ ഉണ്ടായിരുന്നു കൃഷ്ണനുണ്ണി, അഭയചന്ദ്രന്‍, കൃഷ്‌ണേന്ദു, നവനീത്, അഭിനവ്, ആദര്‍ശ് … പേരിന്ന്‌റ്റെ പേരില്‍ അച്ഛനമ്മമാരെ പഴിക്കും. പിന്നെ സ്വയം പഴിക്കും.

ഏഴ്മണിയാകുമ്പോഴേക്കും രാവിലെത്തെ കാപ്പിക്കുള്ള ഇഡ്ഡലി അല്ലങ്കില്‍ ദോശ അല്ലങ്കില്‍ ഉപ്പുമാവ് റെഡിയാക്കണം. അപ്പോഴേക്കും തയ്യാറാക്കി വച്ച ചായ തണുത്തിരിക്കും. പതമൂടിയ ചൂട്ചായ മൊത്തിക്കുടിക്കുന്നതിന്റെ രസം അനുഭവിച്ചിട്ടെത്ര നാളായി. ചായ മൊത്തി, പത്രം വായിച്ചിരുന്ന കാലം മറന്നു. പത്രത്തിന്റ്‌റെ തലവാചകം ഓടിക്കുന്നതിനോടൊപ്പം കുട്ടികളെ ഉണര്‍ത്തണം. 13 വയസ്സുകാരി മീനാക്ഷിയും 8 വയസ്സുകാരന്‍ അഭിജിത്തും. രണ്ടും തലവഴി മൂടിപ്പുതച്ചുറക്കമാവും. മൃദുവായി, ഉച്ചത്തില്‍ അലറി, തലോടി കുലുക്കി, ചിലപ്പോള്‍ അടിച്ചു അവറ്റകളെ ഉണര്‍ത്തണം. വലിച്ചു പിടിച്ചു രണ്ടിനെയും ബാത്രൂമിലെത്തിച്ചു തിരിച്ച് അടുക്കളയിലേക്ക് ഓടണം. രണ്ടിനുമുള്ള പാല് റെഡിയാക്കല്‍, ഉച്ചഭക്ഷണം തയ്യാറാക്കല്‍, എന്നിവയാണ് അടുത്ത കര്‍മ്മം. ഒക്കെ ഒപ്പിച്ചു തിരിച്ചു ഡൈനിങ്ങ് ഹാളില്‍ എത്തുമ്പോളതാ അഭിജിത്ത് മൊബൈല്‍ ഫോണില്‍ ഗയിം തുടങ്ങിയിരിക്കുന്നു. പിന്നെ ഒരലര്‍ച്ചയാണ്. അത്മനിയന്ത്രണത്തിന്റെ കെട്ടുകള്‍ ഒന്നൊന്നായി അഴിഞ്ഞു വീഴുന്ന നിമിഷങ്ങള്‍. ബുക്കുകള്‍ വാരിയെടുത്തു ബാഗിലാക്കി, ചെറുതും വലുതുമായ സോക്‌സുകള്‍ ഇരു കാലിലുമായി ഇടീച്ച്, ഉന്തിത്തള്ളി റോഡിലെത്തുമ്പോഴേക്കും സ്‌കൂള്‍ ബസ് വന്നെത്തിക്കഴിയും.

ദിവസ്സത്തിന്റെ പാതി ഊര്‍ജ്ജം കത്തി തീര്‍ന്ന തളര്‍ച്ചയില്‍ സെറ്റിയില്‍ പത്രവുമായി ഇരിക്കുമ്പോള്‍ അകത്തുനിന്ന് അടുത്ത വിളി ‘ഏട്ടാ, ഒന്നിങ്ങു വരൂ. ഓടി പവിത്രയുടെ അടുത്തെത്തുമ്പോള്‍ നിഷ്‌കളങ്കച്ചിരിയുമായി ഒരു ചോദ്യം. ‘മാങ്ങാ പഴുക്കാറായോ.’ നാശം എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഉത്തരം നല്‍കും, ‘ഇല്ല, പവീ, വൈക്കോലില് വച്ചിട്ടെ ഉള്ളു.’ പിന്നെ നെടുനിശ്വാസം വിട്ടു പവിത്രയെ കൈപ്പിടിച്ച് എഴുന്നെല്പ്പിക്കും. ബാത്രൂമിലേക്കാനയിക്കും. ബ്രെഷില്‍ പേസ്‌റ്റെടുത്തു നല്‍കും. ചിരിച്ചുകൊണ്ടവള്‍ പല്ല് തേക്കുന്നതും പേസ്റ്റ്തിന്നുന്നതും കണ്ടു നില്കും. പേസ്‌റ്റൊലിക്കുന്ന കടവായുമായി ബ്രെഷ് നീട്ടുന്ന പവിത്രയെ വീണ്ടും മുഖം കഴുവിക്കും.

‘അയ്യോ പല്ലീ അല്ലങ്കില്‍ പാററ, അല്ലങ്കില്‍ എട്ടുകാലി എന്നലറി മാറത്തുചായും. ‘ഏയ്, ഒന്നുമില്ല, ഒക്കെപ്പോയി എന്നാശ്വസിപ്പിച്ചു ഡൈനിങ്ങ് ഹാളിലേക്കാനയിച്ച് ചായ പകര്‍ന്നു നല്‍കും. നുണഞ്ഞുകുടിച്ചും ചിറിതുടച്ചും പവിത്ര ചായ കുടിക്കുന്നത് കണ്ടു ഇരു കൈയ്യാല്‍ താടി താങ്ങി ഇരിക്കുമ്പോള്‍ അയാള്‍ ആലോചിക്കും.

ഒക്കെ ഒരു എട്ടുകാലി വരുത്തിവച്ച വിനയാണ്. പുതിയ കോണ്‍ക്രീറ്റു വീട് വൈക്കുമ്പോള്‍ അവിടേക്കും എട്ടുകാലിയും പാററയും പല്ലിയും പേരറിയുന്നതും പേരറിയാത്തതുമായ ചെറുതും വലുതുമായ ഒട്ടനവധി ക്ഷുദ്രജീവികള്‍ അവിടെ പാര്‍പ്പാക്കുമെന്നോ അവ തന്റെ ജീവിതത്തെയാകെ മാറ്റി മാറിക്കുമെന്നോ അയാള്‍ ഒരിക്കലും കരുതിയിരിന്നില്ല. വീട് തികഞ്ഞ ഒരു എക്കോ സിസ്റ്റമായി മാറുന്നതിനെ ആദ്യം അയാള്‍ ഇഷ്ട്‌പെടാന്‍ ശ്രമിച്ചു. പാററ സുവോളജി ലാബില്‍ പരീക്ഷണത്തിനുള്ള ഉപകരണം മാത്രമായിരുന്നു. അടയ്ക്കാത്ത ഭക്ഷണം നക്കിത്തിന്നും ഊണുമേശമേലെ എച്ചില് തിന്നും അടുക്കള സാധനങ്ങളില്‍ കാട്ടമിട്ടും അവറ്റകള്‍ സ്വതന്ത്രമായി വിഹരിച്ചു. പല്ലികള്‍ വെളിച്ചക്കീറുകള്‍ക്ക് ചുറ്റിലും ഓടി ചെറു പ്രാണികളെ നാക്കുനീട്ടിപ്പിടിച്ചും തറയിലും തലയിലും അരിസാമാനങ്ങളിലും എന്ന വ്യത്യാസമില്ലാതെ കാട്ടമിട്ടും ഇടയ്ക്കിടെ വാലുമുറിച്ചും ഉത്സവപ്രതീതി സൃഷ്ട്ടിച്ചു. എട്ടുകാലിയെ പണ്ടേ പേടിയാണ്. എങ്കിലും ഇഷ്ട്‌പെടാന്‍ ശ്രമിച്ചു. എട്ടുകാലി വലകള്‍ മൂലയിലും ജനാലയിലും ഷെല്‍ഫിലും ഏടാകൂടങ്ങളിലൊക്കയും പുഷ്പിച്ചു നിന്നു. വേട്ടാവളിയന്റെ കൂടുകള്‍ ഗുഹാദ്വാരങ്ങളുമായി ഭിത്തിയില്‍ നിറഞ്ഞു. ഇവയൊക്കെ യഥാകാലങ്ങളില്‍ അടിച്ചു വൃത്തിയാക്കാത്ത പവിത്രയെ തലങ്ങും വിലങ്ങും ശകാരിച്ചു. ഗുണദോഷിച്ചു. ഓഫീസിലെ പൊടിപിടിച്ച ശതകോടി ഫയലുകളുമായി മല്ലടിക്കുന്ന തനിക്കും സ്‌കൂളിലെ പുസ്തകക്കെട്ടു ചുമന്നും ഹോംവര്‍ക്ക് ചെയ്യ്തും തളരുന്ന കുട്ടികള്‍ക്കും ഇതിനൊന്നും ഒട്ടും സമയം കിട്ടില്ല. ഇത് ഞങ്ങളുടെ ജോലിയുമല്ല. വീട്ടുഭാര്യക്ക് വീട്ടുപണിയും വലയടിക്കലുമല്ലാതെ എന്തുപണി.

രാവിലെ പുതപ്പിനടിയില്‍ നിന്നും ഉണര്‍ന്നെഴുന്നേല്‍ക്കണം എന്നതാണ് വാശി. ഉണരുമ്പോള്‍ പുതപ്പില്ലെങ്കില്‍ ദേഹത്ത് പററി നില്‍ക്കുന്ന തണുപ്പുകളയാന്‍ പത്തുപതിനഞ്ചു മിനിട്ട് വീണ്ടും പുതപ്പിനടിയില്‍. പിന്നെ കുട്ടികളെ വിശാലമായി വീണ്ടും പുതപ്പണിയിക്കും. ബാത്‌റൂമില്‍ കയറി വിശാലമായ പല്ലുതേപ്പ്. അരക്കെട്ട് പലതലത്തില്‍ ഇളക്കിയും കഴുത്തു പല ദിശകളില്‍ തിരിച്ചും പുഷപ്‌സെടുത്തും സ്‌ട്രെച്ചു ചെയ്തും സൂര്യനമസ്‌കാരം ചെയ്തും ഒടുവില്‍ മെഡിടേറ്റ് ചെയ്തും കഴിയുമ്പോള്‍, പത്രത്തിന്റെ നേരമായി. ഗെയിറ്റിനിടയില്‍ കോര്‍ത്തുവച്ചിരിക്കുന്ന പത്രങ്ങളെടുത്തു ഡൈനിങ്ങ് ടേബിളിലെ കസേരയില്‍ ഇരിക്കുമ്പോള്‍ മുന്‍പില്‍ ആവി പറക്കുന്ന, പത നിറഞ്ഞ ചായ റെഡിയാവണം.

‘എന്ത് ചെയ്യുകയായിരുന്നു നീ ഇതുവരെ?’

‘ഫ്രീസറില്‍ ഇരുന്ന പാല് കട്ടയായിരുന്നു. പാത്രത്തിലെ വെള്ളത്തില്‍ ഇട്ടരിക്കുന്നു. ഒരഞ്ചു മിനിറ്റു വെയിറ്റ് ചെയ്യൂ, ചായ ഇപ്പോള്‍ തരാം.’

‘നിനക്ക് ഒരു കവര്‍ പാലെങ്കിലും രാത്രി താഴെത്തെടുത്തു വച്ചു കൂടെ.’ മെഡിറ്റെഷന് ശേഷമുള്ള ആദ്യത്തെ ഈര്‍ച്ച പുറത്തുചാടും.

‘ഓ, യോഗയും ചെയ്തു റിലാക്‌സായി നിങ്ങള്‍ക്കിരുന്നാല്‍ മതിയല്ലോ.’ പിന്നെ തോറ്റങ്ങള്‍ തുടങ്ങുകയായി. രാവിലത്തെ കാപ്പിക്കുള്ള പലഹാരങ്ങള്‍, അച്ഛനും മക്കള്‍ക്കുമുള്ള ഉച്ചയൂണ്, കുട്ടികളുടെ യൂണിഫോം, ബാഗ്, ബുക്ക് ഇവയുടെ തിരക്കുകള്‍ ഓരോന്നായി തിക്കിതിക്കി വരും. ചായ തിളയ്ക്കുന്ന സമയമത്രയും തോറ്റങ്ങള്‍ തിമിര്‍ത്താടും.

‘ഓ,രാവിലെ സംസാരിച്ചും വെപ്രാളപ്പെട്ടും ഉള്ള ഊര്‍ജ്ജം കളയാതെ. എന്തു ജോലി ചെയ്താലും അതാസ്വദിച്ച് ചെയ്യണം.’ ഉപദേശം ഒട്ടും കുറയ്ക്കില്ല.

‘ഓ, നിങ്ങള്‍ക്ക് ആസ്വദിച്ച് പത്രം വായിച്ചിരുന്നാല്‍ മതിയല്ലോ. ഞാനൊരുത്തി ഒരു കവിള്‍ വെള്ളം പോലും ഇതുവരെ കുടിച്ചില്ല. അഞ്ചുമണിക്ക് എഴുന്നേറ്റതാ.’ തൊണ്ട പൊള്ളി ക്കുന്ന ഒരു മുഴു കവിള്‍ ചായ ഇറക്കികൊണ്ട് പവിത്ര മൊഴിയും.

‘നീയാ പിള്ളേരെ വിളിച്ചുണ്ണര്‍ത്ത്. അവററകളെ നീ മടി പിടിപ്പിക്കുവാ.’ ഒരു ദിവസ്സത്തേക്കുള്ള കുറ്റാരോപണങ്ങളുടെ ഉരുക്കഴിച്ച് കൊണ്ട് രാമന്‍കുട്ടി പത്രം മറിക്കും. ചായ രസിച്ചു മൊത്തും. അതും കേട്ട് പിറുപിറുത്തു അവള്‍ ബെഡ്‌റൂമിലേക്കോടും. അകത്തു കുട്ടികളെ ഉണര്‍ത്തുന്നതിന്റെ അലര്‍ച്ചയും ആക്രോശവും.

‘രാവിലെ കുഞ്ഞുങ്ങളെ വഴക്ക് പറയാതെ. മര്യാദക്ക് പറഞ്ഞാല്‍ അവര്‍ കേള്‍ക്കും.’ ഉപദേശ സ്വരത്തില്‍ കുറ്റാരോപണം. അപ്പോഴാവും അടുക്കളയില്‍ നിന്നും കരിഞ്ഞ മണ0.

‘എടീ, അടുപ്പത്തെന്താ, ഇന്നും കരിഞ്ഞത് തന്നെ നീ തീറ്റിക്കും.’

‘നിങ്ങള്‍ക്ക് ആ ഗ്യാസൊന്നു ഓഫു ചെയ്തു കൂടെ.’

കഴിഞ്ഞ ദിവസ്സം നടന്ന കൂട്ടബലാല്‍സംഗത്തിന്റെ കഥ രസം പിടിച്ചു വായിക്കുന്നതിനിടയില്‍ നിന്നും നിലത്താഞ്ഞു ചിവിട്ടി, കൈകള്‍ കൂട്ടിത്തിരുമ്മി, ഗ്യാസ് ഓഫ് ചെയ്യണം.

കുട്ടികള്‍ വെപ്രാളപ്പെട്ടു വാരിത്തിന്നും ബാഗില്‍ ബുക്കുകള്‍ വലിച്ചു വാരിയിട്ടും ചെറുതും വലുതുമായ സോക്‌സുകള്‍ ഇരു കാലിലും വലിച്ചു കയറ്റിയും ഉന്തിത്തള്ളി കൊണ്ടുപോകുമ്പോള്‍ ചോദിച്ചു പോകും, ‘ഇതൊക്കെ നേരത്തെ എടുത്തു വച്ച്കൂടെ? കുട്ടികളെ ഡിസിപ്ലിന്‍ ആയിട്ട് വളര്‍ത്തണം. ഒക്കെയും കുത്തഴിഞ്ഞു കിടക്കുവാ.’

‘കുട്ടികള്‍ എന്റെ മാത്രമല്ലലോ? രാവിലെ പത്രം തിന്നുന്ന നേരത്ത് കുട്ടികളെ ഒരുക്കിയാല്‍ ആകാശമൊന്നും ഇടിഞ്ഞു വീഴില്ല.’ ഓട്ടത്തിനിടയില്‍ അകന്നു പോകുന്ന പല്ലവികള്‍.

ഇടിഞ്ഞു വീഴുന്നതും ഇടിഞ്ഞു വീഴാത്തതുമായ ചിന്തകള്‍ക്ക് വിരാമമിട്ടു വീണ്ടും പത്രത്താളില്‍ മുങ്ങും. സ്‌പോട്‌സ് പേജില്‍ തുടങ്ങി എഡിറ്റോറിയലില്‍ എത്തുമ്പോള്‍ അടുത്ത ചോദ്യം,

‘ഇങ്ങനെ ഇരുന്നാല്‍ മതിയോ, ഓഫീസ്സില്‍ പോകേണ്ടേ? ധൃതിയില്ലെങ്കില്‍ എന്നെ സഹായിക്കു.’ അപ്പോഴാണ് പരിസ്സര ബോധം വരിക. ക്ലോക്കില്‍ നോക്കുമ്പോള്‍ സമയം എട്ടര. വേഗം ലോക്കല്‍ ന്യുസ് പേജ് ഓടിച്ചു തീര്‍ത്തു ബാത്ത്‌റൂമിലേക്ക് ഒരോട്ടം. എണ്ണതേച്ചു കുതിച്ചു ചാടുന്ന ഷവറിനടിയില്‍ മേലോട്ട് നോക്കി നില്‍ക്കും. കണ്ണില്‍ വെള്ളം വീണാലേ ഫ്രെഷ്‌നെസ് വരൂ. തോര്‍ത്താന്‍ തോര്‍ത്ത്തപ്പുമ്പോള്‍ ഒരു കച്ചത്തുണി പോലും ബാത്ത്‌റൂമിലില്ല. ‘എടി പവിത്രേ, തോര്‍ത്തെവിടെ? നിന്നോട് ഞാന്‍ പറഞ്ഞിട്ടുള്ളതാ ബാത്ത്‌റൂമില്‍ എപ്പൊഴുമൊരു തോര്‍ത്തുകാണണമെന്ന്.’ ഉത്തരമില്ലാതെ വരുമ്പോള്‍ നനഞ്ഞ ദേഹത്ത് ഉണങ്ങിയ മുണ്ട് ചുറ്റി ചെല്ലുമ്പോള്‍ കട്ടിലില്‍ ചുരുട്ടിക്കൂട്ടിയ നിലയില്‍ തോര്‍ത്തുകള്‍.

പവിത്രയുടെ ഇടക്കിടെയുള്ള കുട്ടിത്തം നിറഞ്ഞ വിഡ്ഢിച്ചോദ്യ ങ്ങള്‍ക്കിടയില്‍ പലതവണ പത്രത്തില്‍ നിന്നും തലയെടുക്കണം. അതിനിടയില്‍ അടുക്കളയില്‍ നിന്നും കരിഞ്ഞമണം വരുമ്പോള്‍ അങ്ങോട്ടോടണ0. ഒക്കെ ഒതുക്കി വിയര്‍ത്തു കുളിച്ചു ക്ലോക്കില്‍ നോക്കുമ്പോള്‍ സമയം എട്ടര കഴിഞ്ഞുകാണും. ഓടി ബാത്ത്‌റൂമില്‍ കയറി ഷവര്‍ തുറക്കുമ്പോള്‍ വെള്ളമില്ല. മോട്ടര്‍ ഓണ്‍ ചെയ്തു വീണ്ടും ഷവറിനടിയില്‍ ചെന്ന് തല മേല്‍പോട്ടുയര്‍ത്തി കുളിച്ചു കഴിയുമ്പോള്‍ തോര്‍ത്താന്‍ തോര്‍ത്തില്ല. നനഞ്ഞ ദേഹത്ത്, അടുക്കളയിലെ വെള്ളം വീണു നനഞ്ഞ മുണ്ടെടുത്തു ചുറ്റി, കുട്ടികള്‍ ചുരുട്ടിക്കൂട്ടിയ തോര്‍ത്തെടുത്ത് തോര്‍ത്തി പുറത്തു വരുമ്പോള്‍ ടാങ്ക് ഓവര്‍ഫ്‌ലോ. തല ചീവാതെ വീണ്ടും അടുക്കളയിലേക്ക്. അപ്പോഴും പവിത്ര മറ്റൊരു ലോകത്തിരുന്നു പാററയോടും പല്ലിയോടും വര്‍ത്തമാനംപറഞ്ഞും വഴക്കിട്ടും ഇരിക്കുന്നു.

ഷര്‍ട്ടും പാന്‍സും ആകെ ചുളുങ്ങിക്കൂടി. എടുത്തു ഇസ്തിരിയിടുമ്പോള്‍ ഷര്‍ട്ടിന്റെ കൈയ്യ് അല്ലങ്കില്‍ പാന്‍സിന്റെ കാല്‍ അല്പം കരിയും. ഡൈനിംഗ് ഹാളിലെത്തുമ്പോള്‍ പവിത്ര കത്രിക കൈയ്യിലെടുത്തു അന്നത്തെ പത്രം വെട്ടിക്കളിക്കുന്നുണ്ടാവും. പതഞ്ഞു പൊന്തുന്ന ദേഷ്യം അടക്കി പത്രം ബലമായി വാങ്ങുമ്പോള്‍ അവള്‍ ചിണുങ്ങും. രാവിലത്തെ ഭക്ഷണം മേശമേല്‍ എത്തിക്കുമ്പോഴും അവള്‍ പരിഭവത്തിലാവും. പതിയെ സോറി പറഞ്ഞവളെ അനുനയിപ്പിക്കണം. പ്രഭാത ഭക്ഷണം വേഗം തള്ളി വായില്‍കയറ്റുമ്പോള്‍ അവള്‍ ഭക്ഷണത്തില്‍ കുത്തിക്കളിച്ച് തോണ്ടിതോണ്ടി തുണ്ടുകള്‍ നുണഞ്ഞു രസ്സിച്ചിരിക്കുന്നുണ്ടാവും.

നാണിയമ്മ ഇതുവരെ എത്തിയില്ലല്ലോ എന്നാലോചിക്കുമ്പോള്‍ കൂട്ടിരുപ്പുകാരി നാണിയമ്മ താമസിച്ചതിനുള്ള സ്ഥിരം കാരണങ്ങളുമായി എത്തും.

‘നല്ല കുട്ടിയായിരിക്കണം. വികൃതിയൊന്നും കാട്ടരുത്.’ പവിത്രയോടു ഇത് പറയുമ്പോഴേക്കും നാണിയമ്മ ഇടപെടും. ‘ഇവിടുത്തെ കാര്യങ്ങളൊക്കെ ഞാന്‍ നോക്കിക്കൊള്ളാ0. സാറ് വേഗം പോയി വന്നാട്ടെ.’

തിരക്കുപിടിച്ച ബസ്സില്‍ അഭ്യാസിയെപ്പോലെ തൂങ്ങിയാടി വിയര്‍ത്തൊലിച്ചു ഓഫീസ്സില്‍ എത്തുമ്പോള്‍ സമയം പതിനൊന്നു മണി. നേരത്തെ തന്നെ ഓഫീസ്സില്‍ എത്തിയ എല്ലാവരോടും ഒരു ഇളിഭ്യച്ചിരി പാസ്സാക്കി ആരോടെന്നില്ലാതെ എല്ലാവരോടുമായി താമസ്സിച്ചതിന്റെ കാരണങ്ങള്‍ നിരത്തും. സ്ഥിരം പല്ലവികള്‍.

ഓഫീസിലെ മല്ലു കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ നാണിയമ്മ അക്ഷമയായിട്ടിരിപ്പുണ്ടാവും.

‘സാറിന്നു0 താമസ്സിച്ചു. എന്നും ഇങ്ങനെയായാല്‍, വേറെ ആളെ നോക്കേണ്ടി വരും.’ എന്നാലങ്ങനെയാവട്ടെ പോ തള്ളെ എന്ന് പറയേണ്ടതിന്നു പകരം, ‘ഓഫീസ്സിലിത്തിരി തിരക്കായിരുന്നു, നാളെ നേരത്തെയെത്താം’ എന്ന് പറയും.

ടി.വിക്കു മുന്നില്‍ ഇഷ്ടചാനലുകള്‍ക്കായി വഴക്കടിക്കുന്ന സന്താനങ്ങളെ ചാടിക്കടിക്കുമ്പോള്‍ ദിവസ്സത്തിന്റെ മൂന്നാമദ്ധ്യായ ത്തിന് തുടക്കം.

വൈകിട്ട് ഓഫീസ്സില്‍ നിന്നെത്തി ആവി പറക്കുന്ന ചായ കുടിക്കുമ്പോഴാണ് വീടിന്റെ പരിസ്ഥിതിയിലെക്കെത്തി നോക്കുന്നത്. ഫാനില്‍ നിറച്ചു പൊടി. ഷാന്‍ലിയറില്‍ എട്ടുകാലിവല കമ്പി വേലി പോലെ. തലങ്ങും വിലങ്ങും കിടക്കുന്ന കുട്ടികളുടെ പുസ്തകങ്ങളും പത്രമാസികകളും. ‘ഓ, വീടെത്ര വൃത്തികേടായിട്ടാണ് ഇട്ടിരിക്കുന്നത്. പകല് ടി.വി.കണ്ടിരിക്കാതെ നിനക്കീ വീടൊന്നു വൃത്തിയാക്കിക്കൂടെ.’

പവിത്ര അപ്പോള്‍ തന്നെ തോറ്റങ്ങള്‍ തുടങ്ങുകയായി. വീട് അടിച്ചു വാരിയത്, മിറ്റമടിച്ചത്, അച്ഛനും മക്കളും അവിടെയും ഇവിടെയുമായി ഉരിഞ്ഞിട്ടുട്ടു പോയ വസ്ത്രങ്ങള്‍ അടിവസ്ത്രമുള്‍പ്പെടെ – തപ്പിയെടുത്തു അലക്കിയത്, ഗ്യാസ് തീര്‍ന്നപ്പോള്‍ ഗ്യാസ്സിന്റെ ഓഫീസ്സില്‍ വിളിച്ചു അത് ബുക്ക് ചെയ്തത്, കരാകരാ കരയുന്ന ഗേറ്റില്‍ എണ്ണയിട്ടത്. ഉ?ണ് കഴിച്ചത് രണ്ടരക്ക്. കുളിക്കാന്‍ പറ്റിയത് മൂന്നരക്ക്. ക്ഷീണിച്ചൊന്നു കണ്ണടച്ചപ്പോള്‍ സ്‌കൂള്‍ വാന്‍ ഹോണടിച്ചുണര്‍ത്തിയത്. പിന്നെ യൂണിഫോം പോലും മാറാതെ ടി.വി.ക്ക് മുന്നില്‍ കുറ്റിയടിച്ച കുട്ടികളുമായുള്ള വഴക്കുകള്‍…

‘ഒന്നും വേണ്ട ഈ കുട്ടികളുടെ പഠനകാര്യങ്ങളെങ്കിലും നിങ്ങള്‍ക്കൊന്നു ശ്രദ്ധിച്ചു കൂടെ? എപ്പൊഴു0 പത്രങ്ങളും വലിയ വലിയ പുസ്തകങ്ങളുമായി ഇരുന്നാല്‍ മതിയല്ലോ?’ ഈ അക്ഷര വിരോധിയോടു തര്‍ക്കിച്ചിട്ട് കാര്യമില്ലാത്തതിനാല്‍ വായനയില്‍ ലയിക്കും.

അപ്പോഴേക്കും അമ്മയും കുട്ടികളും തമ്മിലുള്ള പഠന യുദ്ധം ആരംഭിക്കും. ഒരുത്തന് ഹോംവര്‍ക്ക് ചെയ്യാന്‍ മടി. മൂത്തവള്‍ക്കു വായിക്കാന്‍ മടി. ഉപദേശവും വഴക്കും കഴിഞ്ഞു അടികലാശ മെത്തുമ്പോള്‍, അമ്മ ചുമ്മാ അടിച്ചു എന്ന പരാതിയുമായി ഇളയവന്‍ എത്തും. വായന മുറിഞ്ഞതിലെ അലോസരം പുറത്തു കാണിക്കാതെ മകനെ സ്വാന്തനിപ്പിക്കുമ്പോള്‍ വീണ്ടും പവിത്ര രംഗത്തെത്തും. ‘മതിയല്ലോ കുട്ടികളെ കൊഞ്ചിച്ച്‌ലാളിച്ചിരുന്നോ. ഒന്നും അറിയത്തുമില്ല, പഠിക്കാനും കഴിയില്ല. വലിയ ബുദ്ധിമാന്‍ന്മാരല്ലേ, തന്നത്താന്‍ രണ്ടാം അടുക്കള യുദ്ധം ആരംഭിക്കുകയായി. അഭിജിത്തിന് ചപ്പാത്തി. മീനാക്ഷിക്ക് ചോറ്. ചോറിനു മീന്‍ പൊരിച്ചത് തന്നെ വേണം. ഭര്‍ത്താവിനു ദോശ. സാമ്പാര്‍ ചൂടാക്കണം. ദോശക്കു ഉള്ളിച്ഛമ്മന്തിയുണ്ടാക്കണം. അച്ഛനും മക്കളും ഫോണില്‍ ഗയിം കളിക്കുമ്പോള്‍ അല്ലെങ്കില്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കാണുമ്പോള്‍ അടുക്കളയില്‍ നിന്നും അടുത്ത ആക്രോശമെത്തും. അച്ഛനും മക്കളും അടുക്കളയിലേക്കൊന്നു തിരിഞ്ഞുനോക്കുക പോലുമില്ല. സമയത്തിനു തിന്നാനെങ്കിലും വന്നു കൂടെ. ഈ ടി.വി.ഞാന്‍ തല്ലിപ്പൊളിക്കും.’ കണ്ണിറുക്കി കാണിക്കുന്ന മകളോട് ചൂണ്ടു വിരല്‍ ചുണ്ടത്തു വച്ച്, ‘ശ് ശ്’ എന്ന് പറഞ്ഞു കഴിക്കാനെഴുന്നെല്ക്കും. ഭക്ഷണം കഴിക്കുന്നതിനിടയില്‍ ടി.വി.യിലേക്ക് കണ്ണ് ചായുമ്പോള്‍ ഓടി ചെന്നവള്‍ ടി.വി.ഓഫു ചെയ്യും.

ഭക്ഷണം കഴിഞ്ഞു കൈകഴുകി അച്ഛനും മക്കളും കൂടി വീണ്ടും ടി.വി.ക്ക് മുന്‍പില്‍ ഇരിക്കുമ്പോള്‍ അടുക്കളയില്‍ പാത്രയുദ്ധം ആരംഭിക്കും. തിന്ന പാത്രങ്ങള്‍ എടുത്തു വൈക്കാനെങ്കിലും സാഹായിച്ചു കൂടെ?’ അടുക്കളയില്‍ നിന്നും പിറുപിറുപ്പും പാത്ര സംഘട്ടനത്തിന്റെ ശബ്ദവും ഇടകലര്‍ന്നു കേള്‍ക്കാം. ഞാനൊന്നു കിടപ്പിലാകുമ്പോള്‍ അച്ഛനും മക്കളും പാഠം പഠിച്ചുകൊള്ളും. കഴുകി അടുക്കള പാത്രങ്ങള്‍ കഴുകി കമഴ്ത്തി, കൈതുടച്ച് അടുക്കള രാജ്യത്തുനിന്നും രാജ്ജ്ഞ്ഞി പാതിയടഞ്ഞ മിഴികളുമായി ഇറങ്ങി വരും.

‘പിള്ളേരെ, വന്നു കിടക്കാന്‍ നോക്ക്. രാവിലെ എഴുന്നേറ്റ് സ്‌കൂളില്‍ പോകേണ്ടതാ.’

കുട്ടികളെ മുറിയിലേക്ക് വിട്ടു, ഗയിറ്റ് പൂട്ടി, വാതിലുകള്‍ അടച്ചു കുറ്റിയിട്ടു, അത് പലവുരു ഉറപ്പാക്കി, മുറിയിലെത്തുമ്പോള്‍ എല്ലാവരും ഉറക്കം പിടിക്കും. ‘ഓ,അവള്‍ക്കു കട്ടിലു കാണും പോഴെ ഉറക്കം വരും.’ ദേഷ്യത്തോടെ മൂടിപ്പുതച്ചു കിടക്കും.

ഓഫീസ്സില്‍ നിന്നെത്തുംപോഴേ വൈകുന്നേരത്തെ വീട്ടു ജോലിയെക്കുറിച്ചാലോചിക്കുംപോഴേ ആകപ്പാടെ ഒരു തളര്‍ച്ച ബാധിക്കും. കുട്ടികളെ പഠിപ്പിക്കണം, ഒന്നിലും ശ്രദ്ധയില്ലാതെ യിരിക്കുന്ന പവിത്രയോടു വിശേഷങ്ങള്‍ പറയണം, അഭിജിത്തിന് ചപ്പാത്തിയുണ്ടാക്കണം, മീനാക്ഷിക്ക് ചോറ് ചൂടാക്കണം. ദോശ താന്‍ വെറുതെ കഴിക്കാം. പക്ഷെ പവിത്രക്ക് ഉള്ളിച്ചമ്മന്തി തന്നെ വേണം. ഭക്ഷണശേഷം കുന്നുപോലെ കൂടിക്കിടക്കുന്ന പാത്രങ്ങള്‍ കഴുകി കമിഴ്ത്തണം. ഒരു ചെറിയ കുടുംബത്തില്‍ ഇത്രയധികം അടുക്കള പാത്രങ്ങളോ. എല്ലാം ഒരു എട്ടുകാലിയുടെ വികൃതിയുടെ ഫലമാണ്.

കഴിഞ്ഞ ഫെബ്രുവരി 11 നാണ്. ഓഫീസ്സ് വിട്ടുവന്ന് ചായ കുടിച്ചു, പരിസ്ഥിതി നിരീക്ഷണം നടത്തുമ്പോള്‍, ഗാംഭീര്യത്തോടെ യിരിക്കുന്ന അപ്പൂപ്പന്റെ ഫോട്ടോയില്‍ ചിലന്തിവല. അമാന്തിച്ചില്ല. ഉടന്‍തന്നെ ഉത്തരവ് പുറപ്പെടുവിച്ചു.

അടുക്കളയില്‍ ചപ്പാത്തി കുഴച്ചു കൊണ്ടുനില്‍ക്കുകയായിരുന്ന പവിത്ര പിറുപിറുത്തുകൊണ്ട് ഓടിയെത്തി. ഒന്നും മിണ്ടാതെ കോണി കൊണ്ടുവന്നു ഭിത്തിയില്‍ ചാരി. വലം കൈയ്യില്‍ ചൂലുപിടിച്ചു, ഇടം കൈയ്യില്‍ ചൂലിന്റെ മൂട് പല പ്രാവിശ്യം കുത്തി ലെവലുചെയ്തു. പിന്നെ വലംകൈയ്യില്‍ ചൂലുപിടിച്ചു ഇടം കൈകൊണ്ടു കോണിയില്‍ പിടിച്ചു കയറി. ഫോട്ടോയുടെ മുന്‍ഭാഗത്തെ ചുക്കിലി വല ആദ്യം അടിച്ചു. ശേഷം കൈയ്യെത്തി, ചെരിച്ചു വച്ച ഫോട്ടോയുടെ പുറകിലെ വല അടിച്ചു തുടങ്ങി. അപ്പോളാണ് ഫോട്ടോക്ക്പിന്നില്‍ ഒളിച്ചിരുന്ന ഒരു തടിയന്‍ ചിലന്തി അവളുടെ ദേഹത്തേക്ക് ചാടി വീണത്. അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ പവിത്രയുടെയും കോണിയുടെയും അടിതെറ്റി. അലര്‍ച്ചയോടെ അവള്‍നിലത്തു വീണു. മുകളില്‍ കോണിയും. ഒരു നിമിഷം പകച്ചു നിന്ന ചിലന്തി ഭീകരന്‍ ഓടി സോഫയുടെ പിന്നിലൊളിച്ചു.

ബോധരഹിതയായി രക്തത്തില്‍ കുളിച്ചു കിടന്ന പവിത്രയെ വേഗം ആശുപത്രിയിലാക്കി. ഒരാഴ്ചയോളം അബോധാവസ്ഥയില്‍ ആശുപത്രിയില്‍ ഐസിയുവില്‍. എട്ടാം പക്കം അവള്‍ കണ്ണ് തുറന്നത് ഓര്‍മ്മകളും കാലത്തിന്റെ അനുഭവങ്ങളുമൊക്കെ എവിടെയോ നഷ്ടപ്പെടുത്തിയാണ്. നീണ്ട രണ്ടു മാസത്തെ പരിചരണം കൊണ്ട് ചിരിക്കാനും പിച്ച വയ്ക്കാനും തന്നത്താന്‍ ഭക്ഷണം കഴിക്കാനുമൊക്കെ ശീലിച്ചു. കുട്ടിക്കാലത്തിന്റെ നിഷ്‌കളങ്കത യിലൂടെ ഒഴുകുകയാണിപ്പോള്‍. ഇടയ്ക്കിടെ അവളുടെ മനസ്സു എങ്ങോട്ടോ പോകുന്ന പോലെ നിശബ്ദ്ദമാവും. കളഞ്ഞു പോയ അനുഭവത്തിന്റെ നിധികുംഭങ്ങള്‍ തേടുകയാണോ.

രാത്രി ഊണ് മേശയിലാണ് കുടുംബജീവിതത്തിന്റെ ഇഴയടുപ്പവും സ്‌നിഗ്ദ്ധതയും ചേര്‍ന്ന അമൂര്‍ത്തമായ ഒരു ഭാവം വീടിനു കൈവരുന്നത്. ഊണ് മേശമേല്‍ ഇരിക്കുന്നതിന്നും മുന്‍പേ ടി.വി.ഓഫു ചെയ്യും. പിന്നെ കഴിക്കുന്നതിനിടയില്‍ ഓരോരുത്തരായി അന്നത്തെ വിശേഷങ്ങള്‍ അമ്മയോടായി പറയും. ആദ്യം ഇളയ മകന്‍. മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ അടുത്തു നിന്ന കുട്ടിയുടെ കാലിലേക്ക് മൂത്രമൊഴിച്ചത്, അതിനു മിസ്സ് അടിച്ചത്. വൈഷ്ണവിയോട് വര്‍ത്തമാനം പറഞ്ഞതിന്, വൈശാഖിനോട് വഴക്കിട്ടത്. അന്നത്തെ ടി.പി.ക്ക് ഫുള്‍മാര്‍ക്കു കിട്ടിയത്. ചന്തുവിനെ അര്‍ജ്ജുന്‍ ഉന്തിയിട്ടപ്പോള്‍ ചന്തുവിന്റെ മുട്ടുപൊട്ടിയത്. പിന്നെ മൂത്തമകളുടെ ഊഴമായി. അവളുടെ വിശേഷങ്ങള്‍ വേഗം തീരും. മലയാളം മിസ്സ് വന്നില്ല, അതുകൊണ്ട് ഗ്രൗണ്ടില്‍ പോയി. ഇംഗ്ലീഷ് മിസ്സ് വായിപ്പിച്ചതെ ഉള്ളൂ. സ്മാര്‍ട്ട് ക്ലാസ്സില്‍ കറണ്ടില്ലായിരുന്നു. പിന്നെ തന്റെ ഊഴം. രാവിലത്തെ വീട്ടിലെ ഓട്ടവും, ഓഫീസ്സില്‍ താമസ്സിച്ചെത്തിയതും കാര്യസാധ്യത്തിനായി ഓഫീസ്സില്‍ എത്തിയവരോട് അനാവശ്യമായി കയര്‍ത്തതും വൈകിട്ട് താമസ്സിച്ചെത്തിയതിനു നാണിയമ്മ മുഞ്ഞി വീര്‍പ്പിച്ചിതും ഒക്കെ വള്ളിപുള്ളി വിടാതെ പറയും. ഒക്കെ കേട്ടോ എന്നുപോലുമുള്ള സംശയം നിര്‍ത്തി, വിരല്‍ തുമ്പ്‌കൊണ്ട് ചോറ് നുണയും. ഇടക്കെപ്പോഴെങ്കിലുമൊക്കെ മുഖത്തൊരു അത്ഭുതം, ഔല്‌സക്യം വിടരുന്നുണ്ടോ എന്ന് അച്ഛനും മക്കളും ആര്‍ത്തിയോടെ ഉറ്റുനോക്കും. തീന്‍ മേശയിലെ മുപ്പതു നിമിഷങ്ങളുടെ സ്‌നിഗ്ദ്ധലോലതയില്‍ നിന്നാവാം ജീവിതത്തിന്റെ രാസഭാവങ്ങളിലേക്ക് നാമെത്തുക.

 

Advertisements