Literature
എക്സ്പെർട്ട് ഒപ്പീനിയന് – മോനി കെ വിനോദ്
ചിത്രം തെളിഞ്ഞു . സാറിന്റെ നാട്ടിലെ ഓപ്പറേഷന് വിരുദ്ധന്മാരായ ആരോ ഡോക്ടര്‍ ആയിരിക്കും
ഉപജാപക ന് അഥവാ ഉപജാപിണി .
111 total views

ചങ്ങനാശ്ശേരിയില്‍ നിന്ന് അതിരാവിലെ ഇറങ്ങിക്കാണണം . ഒന്‍പതു മണിക്ക് ഓ പി തുടങ്ങിയപ്പോള്‍ തന്നെ രോഗി ഫാള്‍ ഇന്‍ ആയിരുന്നു .. റിട്ടയര്‍ ചെയ്ത കോളേജ് പ്രൊഫസര്‍ ..നടുവ് വേദന കാരണം മുട്ടില്‍ ഇഴഞ്ഞായിരുന്നു പ്രവേശനം . ബാക്ക് ഗ്രൗണ്ടില്‍ ബിസ്മില്ലാ ഖാന് ഷഹനായി വായിച്ചു . അത്ര സങ്കട സീന്‍ ആയിരുന്നു .
ചങ്ങനാശ്ശേരിയിലും തിരുവല്ലാ കോട്ടയം ഭാഗങ്ങളിലും ഉള്ള ഒരു പത്ത് പതിനഞ്ചോളം ജനറല്‍ ഫിസിഷ്യന്ന്മാരും , ഓര്‍ത്തോ , ന്യൂറോ വിദഗ്ദ്ധന്മാരും കണ്ടു മതിയായ കേസുകെട്ടാണ്. എം ആര് ഐ സ്കാനില്‍ ഒരു ചക്കക്കുരുവോളം വരുന്ന ഡിസ്ക്, സര്‍ജനെ കാത്തു കിടക്കുന്നു . പാവം.. സ്പൈനല്‍ കനാലിനു അകത്തായതു കൊണ്ട് കണ്ണില്‍ ഒഴിക്കാന്‍ എണ്ണ കിട്ടാനും സാധ്യത ഇല്ല .
വേറെ വഴിയില്ല , കത്തി വെയ്ക്കുകയെ നിവൃത്തി ഉള്ളു എന്നാണ് കീഴ്ക്കോടതികള്‍ വിധിച്ചത്. ഒരു കശ്മലന് ഡോക്ടര്‍ എന്റെ പേരും പറഞ്ഞു വിട്ടിരിക്കയാണ് . ആലപ്പുഴയിലെ പഴയ സുഹൃത്ത് ആണ് . എനിക്ക് ഒരു നല്ല എട്ടിന്റെ പണിയുടെ കുറവുണ്ടെന്ന് അവനും തോന്നിക്കാണും .
സാധാരണ ടീച്ചര്‍മാരും ഡോക്ടര്‍മാരും വളരെ പ്രശ്നക്കാരായ രോഗികള്‍ ആണ് . ഒരിക്കലും സംശയം തീരാത്തവര്‍ . നിയമ സഭയിലെ പോലെ ചോദ്യവും ഉത്തരവും പറഞ്ഞ് കളിച്ച് സമയം വേസ്റ്റ് ആക്കും .പക്ഷെ ഇവിടെ നേരെ ഒന്ന് ഇരിക്കാനോ നില്‍ക്കാനോ പറ്റിയിട്ടു വേണ്ടേ സംശയം ചോദിക്കാന്‍ . ഞാന്‍ വായ തുറക്കുന്നതിന് മുന്‍പ് തന്നെ ആശാന് , സമ്മത പത്രം എന്റെ കയ്യില്‍ നിന്നും തട്ടിപ്പറിച്ചു വാങ്ങി ഒപ്പിട്ടു , ബ്ലഡ് ടെസ്റ്റ്, ഇ സൂ ചി , ആ സൂചി ,എക്സ് റെ വഴി അനസ്തിസിയ ചെക്ക് അപ്പും കഴിഞ്ഞു , തടഞ്ഞ സെക്ക്യൂരിറ്റി സ്റ്റാഫിനെ അടിച്ചു വീഴ്ത്തി ,ഓപ്പറേഷന് തീയേറ്ററില്‍ ഓടിക്കയറി , ടേബിളില്‍ എന്നെയും കാത്തു കമിഴ്ന്നു കിടപ്പായി . ഓ പി ക്യാന്‍സല്‍ ചെയ്തു ഞാന്‍ പിറകെ ഓടി . അല്ലെങ്കില്‍ രോഗി തനിയെ തന്നെ സര്‍ജറി ചെയ്തു കളയും എന്ന സ്ഥിതിയായിരുന്നു .
സിനിമാ ഭാഷയില്‍ പറഞ്ഞാല്‍ ഓപ്പെറേഷന് സക്സസ്.. ദുര്‍നടത്ത മാറി സാറിന് ശരിക്ക് നടക്കാം എന്നായി.
രണ്ട് ദിവസം കഴിഞ്ഞ് ഓടാനും തയ്യാര്‍ ആയി . ബില്ല് കൊടുത്ത് തീര്‍ക്കാതെ ഓടിയാല്‍ പിറകെ ഓടാന്‍ ആശുപത്രിയുടെ ഉടയവന് ആയ തമ്പുരാന് ഒരാളിനെയും ഏര്‍പ്പാട് ചെയ്തു. മൊതലാളി ആരാ മൊതല് !!
റൌണ്ട്സിനു ചെന്നപ്പോള്‍ മുറിയില്‍ വെളിച്ചം കുറവായത് കൊണ്ട് രോഗി, കയ്യില്‍ ഇരുന്ന ടോര്‍ച് എടുത്ത് നന്ദി പ്രകാശിപ്പിച്ചു കാണിച്ചു തന്നു . കെട്ടിപ്പിടിച്ചു , ഉമ്മ വച്ചു, ഡോക്ടര്‍ ആണ് എന്റെ ദൈവം എന്ന് കരഞ്ഞു പറഞ്ഞു . വീട്ടില്‍ ചെന്നാല്‍ ഉടന്‍ ‘ഡോക്ടര്‍ ഈ വീട്ടിന്റെ നാഥന്’ എന്ന ബോര്‍ഡ് വെയ്ക്കും എന്ന് പ്രഖ്യാപിച്ചു . ഇപ്പോള്‍ അവിടെ നിലവില്‍ ഇരിക്കുന്ന ബോര്‍ഡ് എടുത്തു തോട്ടില്‍ വലിച്ചെറിയും എന്ന് അടുത്ത് നിന്ന സിസ്റ്റര്‍ കൊച്ചിന്റെ തലയില്‍ കൈ വച്ച് ആണയിട്ടു പറഞ്ഞു .
പത്തു ദിവസം തിരുവനന്തപുരത്തെ ഒരു ബന്ധു വീട്ടില്‍ താമസിച്ച ശേഷം തയ്യല്‍ എടുക്കാന്‍ വന്ന പ്രൊഫസര്‍ അതിലും സന്തോഷവാന്‍ ആയിരുന്നു . മാരുതി വാന്‍ പോലെ .
നടക്കാന്‍ ഒക്കെ പറ്റുന്നുണ്ടോ എന്ന എന്റെ ചോദ്യം ഒരു വെല്ലുവിളി ആയി ആണ് അതിയാന് എടുത്തത് .
നിന്ന നില്പ്പില് മൂന്നടി പൊക്കത്തില്‍ ചാടി , ജാക്കി ചാനിന്റെ ഒരു പീസ് സൊയമ്പന്‍ കസര്‍ത്തും കാട്ടി മൈക്കിള്‍ ജാക്ക്സണ് ചേട്ടന്റെ ഡയ്ഞ്ചറസ് മൂണ്‍ വാക്കും നടത്തിയ ശേഷം ആണ്, എന്റെ അഭ്യര്‍ത്ഥന മാനിച്ചു പ്രകടനം അവസാനിപ്പിച്ചത്. എനിക്ക് ഒരു പ്രോത്സാഹനവും ആത്മ വിശ്വാസവും ആകട്ടെ എന്നും കരുതിക്കാണും മഹാനുഭാവന് ..
കഥ ആകെ മാറിയത് ആശാന് അടുത്ത മാസം റിവ്യൂ ചെക്ക് അപ്പിന് വന്നപ്പോള്‍ ആണ് .
ആള് ആകെ മാറിയിരിക്കുന്നു . ചാനലിലെ അവതാരകയുടെ ബാഷയില്‍ പറഞ്ഞാല്‍ ‘ജിഞ്ചര്‍ ബൈറ്റ് ചെയ്ത മങ്കിയുടെ ഫേഷിയല്‍ എക്സ്പ്രഷന്‍ ‘. അതിക്രൂരമായി വഞ്ചിക്കപ്പെട്ടവന്റെ മുഖ ഭാവം .
ഞാന്‍ ഞെട്ടി . വേദന തിരികെ വന്നു കാണും , കാല് തളര്‍ന്നു പോയി കാണും , ഇനി വയസ്സ് കാലത്ത് ധ്വജഭംഗം ( ഇമ്പൊട്ടന്‍സ് ) വന്ന് കാണും എന്നൊക്കെ കരുതി . ഇനി അതല്ല ഒരു ഓപ്പെറെഷന്‍ ശേഷം നാട്ടില്‍ വെള്ളപ്പൊക്കം ഉണ്ടായാലും ചില വിരുതന്മാര്ക്കു അത് ഓപ്പറേഷന്റെ കോമ്പ്ലികേഷന്‍ തന്നെ ആണ് എന്ന കാര്യത്തില്‍ സംശയം ഇല്ല . ചിലപ്പോള്‍ അതും ആകാം പ്രശ്നം .
‘എന്ത് പറ്റി സാറേ ?’ ഞാന്‍ വളരെ ഭയ ഭക്തി ബഹുമാനങ്ങള്‍ അഭിനയിച്ച് , മേല്‍പ്പറഞ്ഞ സാദ്ധ്യതകള്‍ , വെള്ളപ്പൊക്കം ഒഴികെ വല്ലതും സംഭവിച്ചോ എന്ന് ചോദിച്ചു .
‘ ഓ . അതൊന്നും ഇല്ല .’ എനിക്ക് സമാധാനമായി . പക്ഷേ , സന്തോഷം നീണ്ടു നിന്നില്ല , പിറകെ വന്നു ഗുരുവിന്റെ കോപത്തിന് കാരണം ..’ പക്ഷെ ഈ ഓപ്പറേഷന് ആവശ്യം ഇല്ലായിരുന്നു എന്നാണ് ഒരാള്‍ എന്നോട് പറഞ്ഞത് .’
നാല് കാലില്‍ ഇഴഞ്ഞു വന്നു ,രണ്ടു കാലില്‍ ചാടി ചാടി പോയ , ഇപ്പോഴും മരങ്ങളില്‍ നിന്നും മരങ്ങളിലേക്ക് ചാടുന്ന ജീവി പറഞ്ഞു .
ചിത്രം തെളിഞ്ഞു . സാറിന്റെ നാട്ടിലെ ഓപ്പറേഷന് വിരുദ്ധന്മാരായ ആരോ ഡോക്ടര്‍ ആയിരിക്കും
ഉപജാപക ന് അഥവാ ഉപജാപിണി . ഒരു പെണ്ണിന് മറ്റൊരു പെണ്ണ് ശത്രു എന്ന പോലെയാണ് അപ്പോത്തിക്കിരികളും . ഒരുത്തനു മറ്റൊരുത്തന് പാരയാണ് . ഉപജാപ വൃന്ദങ്ങളും ഉണ്ട് , ലോബികള്‍, സിണ്ടിക്കേട്ടുകള് . ചീഞ്ഞ ചെമ്മീന്‍ കെട്ടുകള്‍ .
ഇവിടെ വില്ലന്‍ ആര് ആണെന്നറിയണമല്ലോ . ചോദിച്ചു ‘ ആരാണ് അങ്ങനെ പറഞ്ഞത് സാര്‍ ? ‘
ഉത്തരം ഉടന്‍ വന്നു, ഒരു കിലോ പുച്ഛ ത്തില്‍ ചാലിച്ച് , ‘ ഞങ്ങളുടെ വീട്ടില്‍ തേങ്ങ ഇടാന്‍ വരുന്ന ഒരു പരവന്‍ . അവന് ഇതുപോലെ നടു വേദന വന്നപ്പോള്‍ അന്‍പതു രൂപയ്ക്കു ചവണ തൈലം വാങ്ങി രണ്ട് താറാമുട്ടയും ചേര്‍ത്ത് തേച്ചപ്പോള്‍ വേദന ചാലക്കയം വഴി പമ്പ കടന്നു എന്നാണ് അവന് പറഞ്ഞത് ‘
കസേരയില്‍ നിന്ന് എഴുന്നേറ്റു ആ കസേര തന്നെ പൊക്കിയെടുത്ത് ഗുരു വര്യന്റെ തല തകര്‍ക്കണോ ,( നട്ടെല്ല് അല്ലെങ്ങില്‍ തല ആണല്ലോ നമ്മുടെ പ്രവര്‍ത്തന മേഖലകള്‍ ) അതോ ഈ ശുംഭനെ ചികിത്സിച്ചു എന്ന കുറ്റം ചെയ്ത എന്നെ തന്നെ തല്‍ക്ഷണം മരണം വരെ തൂക്കി കൊല്ലണോ എന്നായി കണ്ഫ്യൂഷന് .
അഞ്ചാം ക്ലാസ് പോലും പഠിച്ചിട്ടില്ലാത്ത അന്തസ്സായി ജോലി ചെയ്തു ജീവിക്കുന്ന ആ സാധു മനുഷ്യനില്‍ നിന്നും ഒരു വിദഗ്ധ അഭിപ്രായം സ്വീകരിക്കാന്‍ ഉളുപ്പില്ലാതിരുന്ന നമ്മുടെ കഥാ നായകന് , പക്ഷെ ആ വിവരണത്തില്‍ പോലും അവന്റ പണിയെയും ജാതിയെയും കുറിച്ചുള്ള അവജ്ജ തിരുകാനും മറന്നില്ല എന്നതാണ് ..യുവര്‍ ഓണര്‍ ‘ നോട്ട് ദി പോയിന്റ് ‘ .
ആ വിദഗ്ധ ഉപദേശം വന്നു എന്നോട് എഴുന്നള്ളിക്കാന്‍ ആ ദേഹത്തതിനുണ്ടായിരുന്ന തൊലിക്കട്ടി ഓര്‍ത്തപ്പോള്‍ അത്ഭുതം എന്ന് പറയട്ടേ ,എന്റെ ദേഷ്യം അദ്ദേഹത്തോടുള്ള ബഹുമാനവും അസൂയയും ആയി മാറി ..താങ്കളുടെ ആ ഉളുപ്പ് ഇല്ലായ്മയും തൊലിക്കട്ടിയും ഉണ്ടായിരുന്നെങ്ങില്‍ ഗുരുവേ ഞാന്‍ ഇന്ന് ഏത് നിലയില്‍ എത്തേണ്ടതായിരുന്നു എന്നും തോന്നി ….ഗുരുവിന് നമസ്കാരം….
[divider]
എഴുതിയത് : മോനി കെ വിനോദ്
[divider]
112 total views, 1 views today