എങ്കിലും… മഴയെ എനിക്കിഷ്ട്ടമാണ്..(കഥ)
ശക്തമായി പെയ്യുന്ന മഴയെ നിര്‍വികാരമായി നോക്കിയിരിപ്പാണ് ആ വൃദ്ധ യാചകന് .. മഴ കാരണം തുറക്കാതിരുന്ന ഒരു കടയുടെ ഷട്ടറിനു കീഴെ ഇരിപ്പാനയാള് . നല്ല വിശപ്പുണ്ട്.. പക്ഷെ എങ്ങനെ പുറത്തു പോകും…?
”ടൌണില്‍ ഒറ്റ കുഞു പോലുമില്ല. എല്ലാരും കടകള്‍ നേരത്തെ പൂട്ടി..നാശം പിടിച്ച മഴ……തെണ്ടി ജീവിക്കാനും സമ്മതിക്കില്ല.”
പ്ലാസ്ടിക് ഷീറ്റില്‍ തല പൊതിഞ്ഞ്, ചക്ര വണ്ടിയില്‍ ഉന്തി വന്ന രണ്ടു കാലുമില്ലാത്ത യുവ യാചകന് പിറു പിറുത്തു..
വൃദ്ധന് മിണ്ടിയില്ല…
169 total views

ആ കോലായില്‍ ഒരു ചാരു കസേരയില്‍ ബര്മുടയും, ബനിയനും ഇട്ടു ഇരിപ്പാണ് യുവ കഥാകൃത്ത്… സഹായി സതീഷ് ലൈം ടീയുമായി വന്നു..അതും വാങ്ങിയിരിക്കവേ സതീഷ് പറഞ്ഞു..
” സര് , നല്ല മഴ വരുന്നുണ്ട്… ഇത്ര രാവിലെ തന്നെ..”
” ഭൂമിയോടുള്ള ആകാശത്തിന്റെ പ്രണയമാണ് മഴ..നന്നായി പെയ്യട്ടെ സതീഷേ..”
”സാറിന്റെ എഴുത്തെന്തായി..?”
” സതീഷിന്റെ ലൈം ടീ പോലെ…. എന്തോ ഒന്ന് മിസ്സിംഗ്…..”
”യ്യോ.. ഞാന്‍ പഞ്ചസാര ഇടാന്‍ മറന്നു..”
”സാരമില്ല”
”വേണ്ട സര് , ഇപ്പൊ ശരിയാക്കി തരാം..”
ഗ്ലാസ്സുമായി അവനകത്തേക്ക് പോയി… മഴ പെയ്യാന്‍ തുടങ്ങുകയാണ്… വെള്ളത്തുള്ളികള്‍ മണ്ണില്‍ പതിഞ്ഞപ്പോഴുണ്ടായ ഗന്ധം അയാള്‍ ആസ്വദിച്ചു. പിന്നെ തുരു തുരാ പെയ്യുന്ന മഴയെ നോക്കി നിന്നു. അപ്പോള്‍ അങ്ങകലെ മഴയെ നോക്കുന്ന രണ്ടു കണ്ണുകളെ അയാള്‍ കണ്ടു…..
********************* **************************** **********************
ശക്തമായി പെയ്യുന്ന മഴയെ നിര്‍വികാരമായി നോക്കിയിരിപ്പാണ് ആ വൃദ്ധ യാചകന് .. മഴ കാരണം തുറക്കാതിരുന്ന ഒരു കടയുടെ ഷട്ടറിനു കീഴെ ഇരിപ്പാനയാള് . നല്ല വിശപ്പുണ്ട്.. പക്ഷെ എങ്ങനെ പുറത്തു പോകും…?
”ടൌണില്‍ ഒറ്റ കുഞു പോലുമില്ല. എല്ലാരും കടകള്‍ നേരത്തെ പൂട്ടി..നാശം പിടിച്ച മഴ……തെണ്ടി ജീവിക്കാനും സമ്മതിക്കില്ല.”
പ്ലാസ്ടിക് ഷീറ്റില്‍ തല പൊതിഞ്ഞ്, ചക്ര വണ്ടിയില്‍ ഉന്തി വന്ന രണ്ടു കാലുമില്ലാത്ത യുവ യാചകന് പിറു പിറുത്തു..
വൃദ്ധന് മിണ്ടിയില്ല…
” കാലില്ലാത്ത സങ്കടം പറഞ്ഞപ്പോള്‍ ഒരാള്‍ ചോറ് വാങ്ങി ത്തന്നു… അതോണ്ട് ഇന്ന് ചത്തില്ല..”
രണ്ടു കാലും ഉണ്ടായതിന്റെ വിഷമം അന്നാദ്യമായി വൃദ്ധന് അറിഞ്ഞു..
”നാശം പിടിച്ച മഴ.. രണ്ടു ദിവസോം കൂടി പെയ്താല്‍ പട്ടിണി കിടന്നു മരിക്കാം..”
ന്യൂസ് പേപ്പര്‍ വിരിച്ചു യുവ യാചകന് കിടന്നു… വൃദ്ധന് മഴയെ നോക്കിയിരിപ്പാണ്… അയാളുടെ കണ്ണിലും ചെറുതായി മഴ പെയ്യാന്‍ തുടങ്ങി…
***************** *********************** ****************************
”ലത ചേച്ചീ , ഇത് ഹോട്ടല്‍ റാണിയില്‍ നിന്നു മനോജാ ”
”എന്താ മനോജേ..?”
” ഒരു സായിപ്പ് വന്നിട്ടുണ്ട്, നാടന്‍ പെണ്ണിനെ വേണമെന്ന് പറയുന്നു… ഞാന്‍ മൊത്തം പതിനയ്യായിരം പറഞ്ഞിട്ടുണ്ട്.. ഉടനെ എത്തുമോ..?”
”ദാ.. ഞാനിറങ്ങി…”
ലത ഫോണ്‍ കട്ട് ചെയ്തു.. പൊട്ടു ശരിയാക്കി.. സ്പ്രേ ഒന്നൂടെ അടിച്ചു…പിന്നെ മകനെ വിളിച്ചു..
”ഉണ്ണീ..”
”എന്താമ്മേ..?”
”അമ്മ പോയിട്ട് വരാം.. വൈകീട്ടോടെ അച്ഛനെ ഹോസ്പിറ്റലില്‍ കൊണ്ട് പോകാം.. ”
”കാശ് കിട്ടിയോ അമ്മെ..?”
” കിട്ടും, ഒരാള്‍ തരാമെന്നു പറഞ്ഞിട്ടുണ്ട്.. അച്ഛനെ ഉണര്‍ത്തണ്ട .. ചോര ചര്‍ദ്ദിച്ചാല്‍ അച്ഛന് തുടച്ചു കൊടുക്കണം… മോന് കരയരുത്…”
”ശരിയമ്മേ…”
ലത പുറത്തെക്കിറങ്ങവേ വീണ്ടും മൊബൈല്‍ അടിച്ചു..
”ലതേ, ഞാനാണ് സോമന് ”
ഏതു സോമന് എന്ത് സോമന് ..? എന്ന് ചോദിച്ചില്ല…. ഒരു പേരും മുഖവും ഓര്‍ക്കാറില്ല … ഓര്‍മ്മയുള്ളത് നോട്ടിലെ ഗാന്ധീടെ മുഖം മാത്രം…എന്നിട്ടും അഭിനയിച്ചു..
” ആ.. ആ.. സോമന് ..”
” നല്ല മഴ ലതേ… നല്ല മൂഡ് .. നീ എന്റെ റീഗല്‍ ഫ്ലാറ്റില്‍ വരുമോ..?”
” പിന്നെന്താ… ഒരു രണ്ടു മണിക്കൂര്‍ കഴിയും..”
”സാരമില്ല…ഞാന്‍ കാത്തിരിക്കാം…”
ഫോണ്‍ കട്ടായി… ആളെ പിടികിട്ടി.. തടിമാടന്‍ സ്വര്ണക്കടക്കാരന് … അപ്പൊ ഇന്ന് മൊത്തം ഹോട്ടലീന്ന് അയ്യായിരം കഴിച്ചു പതിനായിരം കിട്ടും, തടിയന് വക അയ്യായിരം.. മൊത്തം പതിനയ്യായിരം.. കൊള്ളാം…’
അവള് മെല്ലെ മഴയെ നോക്കി…പറഞ്ഞു..
”താങ്ക്സ്..”
നിറഞ്ഞു വന്ന കണ്ണും തുടച്ച് , കുട തുറന്നു മഴയിലേക്ക് അവള് ഇറങ്ങി നടന്നു…
******************** ************************** ********************
കുറെ നേരമായി ട്രാഫിക് ബ്ലോക്ക് .. മഴയത്ത് കുളിച്ചു നില്‍പ്പാണ് ഒരു
ബൈക്ക്കാരന് യുവാവ്.. അവിടേക്ക് കുടയും ചൂടി, കയ്യില്‍ മൈക്കുമായി പെണ്ണൊരുത്തി കുണുങ്ങി വന്നു…
” ഹായ് ചേട്ടാ.. ഞാന്‍ റേഡിയോ പൈനാപ്പിളില്‍ നിന്നാണ്…ഇത് ഞങളുടെ ലൈവ് പരിപാടിയായ ”കൊഞ്ചാം റോഡില്‍ കൊഞ്ചാം ” എന്ന പരിപാടിയാണ്.”
അയാളൊന്നും മിണ്ടിയില്ല..
”ചേട്ടന് മഴ വളരെ ഇഷ്ടടമാണെന്നു തോന്നുന്നല്ലോ… എങ്ങോട്ടാ മഴ നനഞു പോകുന്നത്..? കാമുകിയെ കാണാനാ?”
”പള്ളിയിലെക്കാ.. അച്ഛനെ കാണാന്‍..”
”എന്തിനാ… ഒരുപാട് നാളുകള്‍ക്കു ശേഷം നല്ലൊരു മഴ ലഭിച്ചതിനു കര്‍ത്താവിനു സ്തുതി പറയാനാ?
അയാള്‍ മിണ്ടിയില്ല ..
”പറയ് ചേട്ടാ…”
.റേഡിയോക്കാരി കൊഞ്ചി…
”അര മണിക്കൂറു മുന്‍പ് എന്റെ അപ്പന് മരിച്ചു… മിന്നലേറ്റ്…”’
”………..”’
ഇനി ഒരു അടിപൊളി പാട്ട് കേള്‍ക്കാം , .റേഡിയോ പൈനാപ്പിള്‍ .. നൈന്ടി പോയന്ട്…….
*********************** ****************************** *****************************
”ഡാ രാജീവേ.. ഇത് തീറ്റ മത്സരമല്ല , ഉണ്ണിക്കു ജോലി കിട്ടിയ വകേലെ പാര്‍ട്ടിയാ .. ഇത് സ്റ്റാര്‍ ഹോട്ടലാ അത് ഓര്മ വേണം..”
” എന്താന്നറിയില്ല അജീഷേ , മഴയത്ത് എനിക്ക് ഒടുക്കത്തെ വിശപ്പാ.. ഡാ ഉണ്ണീ നിനക്ക് പ്രശ്നമുണ്ടോ…?”
”ഇല്ലെട രാജീവേ… ഒരു ഇരുപത്തയ്യായിരം വരെ പൊളിക്കാന്‍ ഞാന്‍ റെഡി”
”താങ്ക് യു മച്ചാ..”
അവര്‍ തുരു തുരാ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു…
”ഇനി വല്ലോം വേണോ സര്..?” വെയ്റ്റര്‍ ചോദിച്ചു…
” നീ ഈ മൊബൈലില്‍ ഞങ്ങള്‍ മൂവരും ഫുഡ് അടിക്കുന്ന ഫോടോ എട്.. പുറത്തെ മഴയും കിട്ടണം..”
വെയ്റ്റര്‍ പയ്യന് ഫോട്ടോ എടുത്തു… അവര്‍ മൂവരും ഫോട്ടോക്ക് പോസ് ചെയ്തു.. അത് കണ്ടു ഹോട്ടല്‍ മാനേജര്‍ പുഞ്ചിരിച്ചു.. അയാളാ പുഞ്ചിരി പുറത്തെ മഴയ്ക്ക് കൈ മാറി…
അപ്പോള്‍ അങ്ങകലെ ശൂന്യമായ തന്റെ കൂള്‍ ബാര്‍ അടച്ചു പൂട്ടുകയായിരുന്നു ഒരു കടക്കാരന്………. അയാള്‍ മഴയെ നോക്കിയതേയില്ല….
****************** ********************************* *****************************
”പ്രിയ സാവിത്രി..
നിന്നെയും മക്കളെയും എനിക്ക് ജീവനാണ്… ഞാനിത്ര കാലം ജീവിച്ചത് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്… പക്ഷെ എനിക്കിനി വയ്യ.. സര്‍ക്കാരിനെ പോലെ ഈശ്വരനും എന്നെ ചതിച്ചു.. എന്റെ കൃഷിയെല്ലാം മഴ കൊണ്ട് പോയി.. ഞാന്‍ കടക്കാരനുമായി… ഒന്നും രണ്ടും രൂപയല്ല, ഇരുപത്തയ്യായിരം രൂപയാണ് കടം..! മരിക്കാന്‍ എനിക്ക് പേടിയാണ്.. പക്ഷെ ദൂരെ നാട്ടിലുള്ള ഈ ലോഡ്ജ് മുറിയും, പുറത്തെ പെരു മഴയും എനിക്ക് ധൈര്യം തരുന്നു. ഞാന്‍ ചത്താല്‍ ആരെങ്കിലും വല്ലതും തരും. അത് വാങ്ങി പറ്റുമെങ്കില്‍ നീ കടം വീട്ടണം.. മക്കളെ എങ്ങനേലും പഠിപ്പിച്ചു നല്ല നിലയിലെത്തിക്കണം.. ഒരിക്കലുമിനി കൃഷി ചെയ്യരുത്… മണ്ടനായ, ഭാഗ്യദോഷിയായ ഇവനോട് മാപ്പാക്കണം..”
അയാള്‍ മെല്ലെ എഴുന്നേറ്റു ചെന്ന് ശക്തിയായി പെയ്യുന്ന മഴയെ നോക്കി വാതിലടച്ചു.. പിന്നെ ഫാനില്‍ ഇട്ടു വെച്ചിരുന്ന കയറിന്റെ കുരുക്ക് കഴുത്തിലെക്കിട്ടു…
*********** ***************** *****************
കഥാകൃത്ത് പേന വെച്ചിട്ട് പുറത്തേക്കിറങ്ങി… ആ വെളുത്ത ശരീരത്ത് മഴത്തുള്ളികള്‍ വീണു ചിതറി… ഇരു കൈകളും വശങ്ങളിലേക്ക് വിടര്‍ത്തി വെച്ചു അയാള്‍ മുകളിലേക്ക് നോക്കി…
മഴത്തുള്ളികളും , അയാളുടെ കണ്ണുനീരും ഒന്നായി ചേര്‍ന്ന് ഒഴുകി…
പിന്നെ അയാള്‍ മന്ത്രിച്ചു
”എങ്കിലും… മഴയെ എനിക്കിഷ്ട്ടമാണ്…”
170 total views, 1 views today
