എഞ്ചിനീയറിംഗ് പഠിക്കുന്നവരെല്ലാം എഞ്ചിനീയര്‍ ആകുന്നില്ല; ഡിഗ്രി പഠിക്കുന്നവര്‍ അദ്ധ്യാപകരും

0
421

engg_boolokam
കുറച്ചു വര്‍ഷങ്ങള്‍ മുന്‍പ് വരെ ആര്‍ട്‌സ് കോളേജുകളില്‍ ഡിഗ്രിക്ക് ചേരുന്നവര്‍ എല്ലാവരും അദ്ധ്യാപനത്തിലേയ്ക്കും ഗവേഷണത്തിലേയ്ക്കും തിരിയാന്‍ ഉള്ളവരാണെന്ന ഒരു പൊതുധാരണ സമൂഹത്തില്‍ ഉണ്ടായിരുന്നു. (അത് സത്യമല്ലായിരുന്നെങ്കിലും!). ഈ ധാരണ ഉണ്ടാക്കിയെടുക്കാന്‍ കാരണമായത് എന്താണെന്ന് വീണ്ടും കുറച്ചധികം ചരിത്രത്തിലൂടെ പിന്നോട്ട് പോകുമ്പോള്‍ കാണുവാന്‍ കഴിയും. ഉന്നതവിദ്യാഭ്യാസം വളരെ ചുരുക്കം ആളുകളിലേയ്ക്ക് മാത്രമായി പരിമിതപ്പെട്ടിരുന്ന സമയത്ത്, ഉന്നതവിദ്യാഭ്യാസം നേടുന്ന എല്ലാവര്ക്കും തന്നെ മേല്പറഞ്ഞ മേഖലകളിലേയ്ക്ക് തിരിയുവാന്‍ അവസരം ഉണ്ടായിരുന്നു. എന്നാല്‍ കാലക്രമേണ, കൂടുതല്‍ ആളുകള്‍ ഉന്നതവിദ്യാഭ്യാസം നേടുവാന്‍ തുടങ്ങുകയും എല്ലാവര്‍ക്കും ഇതേ മേഖലകളില്‍ ജോലി കണ്ടെത്തുവാന്‍ സാധിക്കാതെ വരികയും ചെയ്തു. (ഇതിനു ഒരു കാരണം ആളുകളുടെ എണ്ണം കൂടിയപ്പോള്‍, ഉന്നതവിദ്യാഭ്യാസം ഒരു ആഗ്രഹം എന്നതിനേക്കാള്‍ ഒരു ആവശ്യം എന്നതായി മാറിയതുമൂലം ഉണ്ടായ നിലവാരത്തകര്‍ച്ചയാണ്.) എങ്കിലും, ഉന്നത വിദ്യാഭ്യാസം നേടുന്നവര്‍ മറ്റു മേഖലകളിലേയ്ക്ക് തിരിഞ്ഞു. പക്ഷെ, ഉന്നതവിദ്യാഭ്യാസം നേടുന്നവരെക്കുറിച്ചുള്ള സമൂഹത്തിന്റെ പൊതുധാരണ മാറ്റമില്ലാതെ തുടര്‍ന്നു.

ഈ അവസ്ഥയാണ് ഇന്ന് എഞ്ചിനീയറിംഗ് മേഖലയിലും സംഭവിക്കുന്നത്. ലോകത്തില്‍ ഇനിയും ഒരുപാട് എഞ്ചിനീയര്‍മാരുടെ സേവനം ആവശ്യമുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, നമ്മുടെ പരിചയത്തില്‍ തന്നെ എഞ്ചിനീയറിംഗ് കഴിഞ്ഞു ജോലി ലഭിക്കാതെ നില്‍ക്കുന്ന ഒരുപാട് പേരെ നമ്മുക്ക് കണ്ടെത്തുവാന്‍ കഴിയും. മറ്റു ജോലികള്‍ക്ക് പ്രവേശിക്കുന്നവര്‍ വേറൊരു നല്ല ശതമാനമുണ്ട്. അപ്പോള്‍, ജോലിസാധ്യതകളുടെ കുറവല്ല കുഴപ്പം. നേരത്തെ സൂചിപ്പിച്ചത് പോലെ, എഞ്ചിനീയറിംഗ് പഠനവും ഒരു ആഗ്രഹം എന്നതിലുപരി ഒരു ആവശ്യമായി മാറിക്കഴിഞ്ഞു. എഞ്ചിനീയറിംഗ് കഴിഞ്ഞു എം.ബി.എ. ചെയ്യുക എന്നതൊരു ട്രെന്‍ഡ് തന്നെയായി മാറിയിട്ടുണ്ട്. ഇതിനോടൊപ്പം ശ്രദ്ധ അര്‍ഹിക്കുന്ന മറ്റൊരു കാര്യമുണ്ട്. എഞ്ചിനീയറിംഗ് പഠിച്ചവര്‍ മറ്റനേകം ജോലികള്‍ ചെയ്യുന്നു. എഞ്ചിനീയറിംഗ് പഠനകാലത്ത് അവര്‍ കേട്ടിട്ടുകൂടിയില്ലാത്ത കാര്യങ്ങളാണ് ഭൂരിഭാഗം പേരും ജോലിയില്‍ ചെയ്യുക. പലരുടെയും ജോലി ചെയ്യുന്ന മേഖലകള്‍ പഠിച്ചതില്‍ നിന്നും ഏറെ വേറിട്ട് നില്‍ക്കുന്നതുമാണ്. അവിടെയാണ് എഞ്ചിനീയറിംഗ് എന്ന പ്രൊഫെഷണല്‍ പഠന സമ്പ്രദായത്തിന്റെ ശക്തി വെളിവാകുന്നത്. പല ജോലികള്‍ക്കും മുന്‍പ് മൂന്നു മാസത്തെ ട്രെയിനിംഗ് ഉണ്ടാവും. നാല് വര്‍ഷം പ്രൊഫെഷണല്‍ വിദ്യാഭ്യാസത്തിന്റെ ശിക്ഷണങ്ങളിലൂടെ കടന്നുപോയ ഒരു ആളെ പുതിയ ഒരു കാര്യം പഠിപ്പിച്ചെടുക്കുവാന്‍ അധികം പ്രയാസപ്പെടേണ്ടി വരില്ല എന്ന് കമ്പനികള്‍ക്ക് അറിയാം. വളരെ എളുപ്പത്തില്‍ അവര്‍ ആ പുതിയ കാര്യം പഠിച്ചെടുക്കും.

നമ്മുടെ മാറിയ സാഹചര്യങ്ങളില്‍ എഞ്ചിനീയറിംഗ് ജോലിയെ ലക്ഷ്യമാക്കിയുള്ള ഒരു കോഴ്‌സ് എന്നതിനേക്കാള്‍ പ്രൊഫെഷണല്‍ ആയ ഒരു സമീപനം ഉണ്ടാക്കിയെടുക്കുന്ന ഒരു അടിസ്ഥാന യോഗ്യതായി കണക്കാക്കേണ്ടതുണ്ട്. എഞ്ചിനീയറിംഗ് പഠനം നല്‍കുന്നത് ജീവിതത്തോടുള്ള ഒരു പ്രൊഫെഷണല്‍ സമീപനമാണ്. അത്തരമൊരു സമീപനം എല്ലാ കോഴ്‌സുകളില്‍ നിന്നും ലഭിക്കേണ്ടതാണ്. എന്നാല്‍ നമ്മുടെ സാഹചര്യത്തില്‍ അത്തരമൊരു സ്ഥിതിവിശേഷം നിലവിലില്ല. അതുകൊണ്ട്, അത്തരമൊരു സമീപനം ലഭ്യമാക്കുന്നു എന്ന നിലയ്ക്ക് എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ അല്പം കൂടി വിശാലമായി കുട്ടികളും രക്ഷിതാക്കളും സമീപിക്കുന്നത് നന്നായിരിക്കും.

Advertisements