എണ്ണ വില എത്ര താഴ്ന്നാലും ഉത്പാദനം കുറയ്ക്കില്ലെന്ന് പ്രമുഖ ഉല്പാദകരായ സൗദി അറേബ്യ . ബാരലിന് 20 ഡോളര്‍ വരെ വില എത്തിയാലും എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) ഉല്പാദനം കുറയ്ക്കുമെന്നു കരുതുന്നത് ശരിയല്ല. സൗദി എണ്ണ മന്ത്രി അലി അല്‍ നുഐമി മിഡില്‍ ഈസ്റ്റ് ഇക്കണോമിക് സര്‍വേക്കു നല്കിയ അഭിമുഖത്തില്‍ പറയുന്നു. ഉല്പാദനം കഴിഞ്ഞ മാസം പ്രതിദിനം മൂന്നു കോടി ബാരലാക്കി നിയന്ത്രിക്കണമെന്ന ഒപെക്കിന്റെ നിര്‍ദേശം സൗദി മുമ്പ് തള്ളിയിരുന്നു.
ഇതിനെ തുടര്‍ന്ന് എണ്ണ വില കുത്തനെ താഴുകയും ചെയ്തിരുന്നു . ജൂണിനു ശേഷം വിലയില്‍ 50% ഇടിവാണ് ഉണ്ടായത്. ഒപെക് രാജ്യങ്ങളില്‍ ആവശ്യത്തില്‍ കൂടുതല്‍ ഉല്പാദനം നടത്താന്‍ കഴിയുന്ന ഏക രാജ്യമാണ് സൗദി. രാജ്യാന്തര വിപണിയിലെ ആവശ്യത്തിനൊപ്പം, ഉല്പാദനം ക്രമീകരിക്കാന്‍ സൗദി മുന്‍പ് ശ്രമിച്ചിരുന്നതായി രാജ്യാന്തര നാണ്യനിധി പറയുന്നു. സൗദിയുടെ ഉല്പാദനം പ്രതിദിനം 96 ലക്ഷം ബാരലാണ്. ഇത് കുറയ്ക്കണമെന്നു പറയുന്നത് ചാണക്യ തന്ത്രമാണ്. വിപണി വിഹിതം നഷ്ടപ്പെടാന്‍ ഇതു വഴിയൊരുക്കും. ഒപെക്കിന് പുറത്തുള്ള രാജ്യങ്ങളുമായി മല്‍സരക്ഷമത കുറയും. നുഐമി പറയുന്നു.
2006 നും ശേഷം യുഎസില്‍ എണ്ണ ഉല്പാദനത്തില് 40% വര്‍ധനയാണ് ഉണ്ടായത്. എന്നാല്‍, ഉല്പാദനച്ചെലവില് ഗണ്യമായ വര്‍ധനയും ഉണ്ടായി. ഉല്പാദനത്തില് മുന്നില്‍ നില്ക്കുന്ന സൗദിയോട് ഉല്പാദനം കുറയ്ക്കാന്‍ ആവശ്യപ്പെടുന്നു; അതേ സമയം, മറ്റു രാജ്യങ്ങള്‍ ഉല്പാദനം അതേ രീതിയില്‍ നിലനിര്‍ത്തുകയാണെന്നും മന്ത്രി പറഞ്ഞു.