“..എന്താ ഈ മല്ലൂസ് ഇങ്ങനെ..?” – ഷാനു കണ്ണവം എഴുതുന്നു..

0
207

Untitled-1

കുറച്ചു നാള്‍ മുന്‍പ് ഞാന്‍ ഒരു ബംഗാളിയുടെ ചോദ്യത്തിന് മുന്നില്‍ തല കുനിച്ചിരുന്നു പോയി!!…

മലയാളിയുടെ ശുചിത്യ ബോധത്തെ കുറിച്ചുള്ള എന്റെ ധാരണ തിരുത്തി കുറിക്കാന്‍ പോന്നവ ആയിരുന്നു ആ വാക്കുകള്‍…

ഇനി കാര്യം പറയാം

ഇപ്പോള്‍ നാട്ടിലെങ്ങും ബംഗാളി മയമാണല്ലോ .. അന്യ സംസ്ഥാന തൊഴിലാളികളില്‍ ചെറിയൊരു ശതമാനം മാത്രമേ ബംഗാളില്‍ നിന്നുള്ളവരായിട്ടുള്ളൂ.. ബീഹാര്‍. ജാര്‍ഖണ്ഡ്, യു. പി തുടങ്ങിയ സംസ്ഥാനക്കാരാണ് എണ്ണത്തില്‍ കൂടുതല്‍ .. എന്നാലും മലയാളിക്ക് എല്ലാവരും ബംഗാളികള്‍ ആണ്.. ഇന്ന് പല കച്ചവടക്കാരും കഞ്ഞി കുടിക്കുന്നത് ഈ ബംഗാളികള്‍ ഉള്ളത് കൊണ്ടാണെന്ന് നമുക്ക് നിസ്സംശയം പറയാം …അത് കൊണ്ട് തന്നെയാണ് നാട്ടിലൂടെ തലങ്ങും വിലങ്ങും ചീറി പായുന്ന പല പ്രൈവറ്റ് ബസ്സിന്റെയും സ്ഥല നാമങ്ങള്‍ ഹിന്ദിയിലേക്കും ബന്ഗാളിയിലെക്കുമൊക്കെ മാറ്റിയെഴുതാന്‍ ജീവനക്കാരെ പ്രേരിപ്പിച്ചത് … എന്തിനു പറയണം നിര്‍മ്മാണപ്രക്രിയ പുരോഗമിക്കുന്ന എന്റെ സഹോദരങ്ങളുടെ വീട് പണിക്കു മേല്‌നോട്ടം വഹിക്കുന്ന എന്റെ ബാപ്പ പോലും ഇപ്പോള്‍ ഹിന്ദി പഠിച്ചിരിക്കുന്നു!! അത്രയ്ക്കുണ്ട് ഈ ഹിന്ദി മയം.

പണിക്കാര്‍ക്കുള്ള ചായയും എടുത്തു ബാപ്പാന്റെ കൂടെ പണി സ്ഥലത്ത് പോയപ്പോളാണ് ജാര്‍ഘണ്ട് സ്വദേശിയെ കണ്ടത്. അവന്റെയാ കൈസാ ഹൈ ബായ്.. കേട്ടപ്പോള്‍ വെറുതെ കൈയ്യില്‍ ഇരിക്കുന്ന കുറച്ചു ഹിന്ദി എടുത്തു ഒന്ന് പയറ്റാം എന്ന് തോന്നി.

ലാത്തിയടി അതിര്‍വരമ്പുകള്‍ ഭേദിച്ച് മുന്നേറുമ്പോള്‍ കുറച്ചു നാള്‍ മുന്പ് വായിച്ച പത്ര വാര്‍ത്ത എന്റെ മനസ്സിലേക്ക് ഓടിയെത്തി. ജാര്‍ഖണ്ഡ് ഉള്ള വീടുകളില തൊണ്ണൂറു ശതമാനത്തിനും കരണ്ട് , കേബിള്‍ ടിവി, ലാന്‍ഡ് ഫോണ്‍, ആളോഹരി വീതം മൊബൈല്‍ ഫോണ്‍ എന്നിവയെല്ലാം ഉണ്ടെങ്കിലും വീടുകളില്‍ കക്കൂസ് ഉള്ളവര വെറും ഇരുപത് ശതമാനം മാത്രമേ കാണൂ … സംഭവം ശരിയാണോ എന്നറിയാന്‍ ഞാന്‍ ഈ കാര്യങ്ങള്‍ അവനോടു ചോദിച്ചു. വാര്‍ത്തയില്‍ പറഞ്ഞത് പോലെ തന്നെ കക്കൂസ് ഒഴികെ മറ്റുള്ളവയെല്ലാം അവന്റെ വീട്ടിലും ഉണ്ട്. കാര്യം സാധിച്ചെടുക്കാന്‍ എന്ത് ചെയ്യുമെന്ന എന്റെ ചോദ്യത്തിനു അവന്‍ പറഞ്ഞ മറുപടി വിശാലമായി പരന്നു കിടക്കുന്ന പൊതു സ്ഥലം അതിനു കൂടിയുള്ളതാണെന്നാണ്.

അങ്ങനെ ചെയ്യുമ്പോളുണ്ടാവുന്ന ദൂഷ്യ ഫലങ്ങളെ കുറിച്ച് ഞാനവനോട് പറഞ്ഞപ്പോള്‍ അവന്‍ എന്റെ നേരെ ഒരു മറു ചോദ്യം എറിഞ്ഞു

‘ ഭായീ.. ഭായ് ആദ്യം നിങ്ങളുടെ നാട്ടുകാരെ നന്നാക്കൂ ..ഭായ് ഞങ്ങളുടെ നാട്ടില വന്നു അവിടെ ഒഴുകുന്ന ചെറിയ പുഴകളിലും തോടുകളിലും ഒന്ന് നോക്ക് എന്തെങ്കിലും ഒരു മാലിന്യ വസ്തുക്കള അവിടെ നിങ്ങള്ക്ക് കാണാന്‍ സാധിക്കില്ല .. മറിച്ച് നിങ്ങളുടെ നാട്ടില ഭായുടെ വീടിനു താഴെ കൂടി ഒഴുകി പോകുന്ന ആ നദി ഭായി കണ്ടോ? അതിലെ കച്ചറകള്‍ കണ്ടിട്ട് ഞങ്ങള്‍ക്ക് പോലും കുളിക്കാന്‍ മടിയാവുന്നു..വേറെ ഒരു മാര്‍ഗ്ഗവും ഇല്ലാത്തതോണ്ടാ ഞങ്ങളവിടെ നിന്നും നീന്തുന്നത്..

എനിക്ക് ഉത്തരം ഇല്ലായിരുന്നു…

ഞാന്‍ ഓര്‍ത്തു. … ഒരു അഞ്ചു കൊല്ലം മുന്‍പ് വരെ ഞാനും എന്റെ സുഹൃത്തുക്കളും പതിവായി നീന്തിയിരുന്ന പുഴ!!ഇന്നതിന്റെ അവസ്ഥ എന്താ ?… കല്യാണ വീടുകളിലെ മാലിന്യങ്ങള്‍ മുതല്‍ നാപ്കിന്‍ വേസ്റ്റുകളും അടുക്കള മാലിന്യവും ഒഴുക്കി വിടാനുള്ള ഇടമായി മാറിയിരിക്കുന്നു…

ആരോട് പറയാന്‍ !!…ആരെ ബോധവല്‍ക്കരിക്കാന്‍!!!!…

ഇങ്ങനെ പോയാല്‍ നാട്ടിലെ ജല സ്രോതസ്സുകള്‍ എല്ലാം അകാല ചരമം പ്രാപിക്കുന്ന കാലം വിദൂരമല്ല.