എന്തുകൊണ്ട് എഞ്ചിനീയറിംഗ് തിരഞ്ഞെടുക്കണം? 6 കാരണങ്ങള്‍

0
449

why_engineering_boolokam
എല്ലാവരും എഞ്ചിനീയറിംഗ് എന്ന് പറഞ്ഞു പായുന്ന കാലമാണ് ഇപ്പോഴത്തേത് എന്ന് എല്ലാവരും സമ്മതിക്കും. എന്നാല്‍ നല്ല എഞ്ചിനീയര്‍മാരെ സൃഷ്ടിക്കുവാനുള്ള സൗകര്യങ്ങളുടെ അഭാവവും അതുപോലെതന്നെ കൃത്യമായ ലക്ഷ്യബോധം പകര്‍ന്നു കൊടുക്കാന്‍ കഴിയാത്തതിന്റെ പ്രശ്‌നങ്ങളും മൂലം ‘എഞ്ചിനീയറിംഗ് വേണ്ട, പകരം എന്ത്?’ എന്ന് ചിന്തിക്കുവാന്‍ എല്ലാവരും പയ്യെ നിര്‍ബന്ധിതരാക്കപ്പെടുകയും ചെയ്യുന്നു. എല്ലാവരും എഞ്ചിനീയറും ഡോക്ടറും ഒന്നും ആവുന്നത് സമൂഹത്തിനു നല്ലതല്ലെങ്കിലും ഇനിയും ഒരുപാട് കഴിവുള്ള എഞ്ചിനീയര്‍മാരെ നമ്മുടെ സമൂഹത്തിനു ആവശ്യമുണ്ട്. അനേകം ജോലി ഒഴിവുകള്‍ കിടക്കുമ്പോഴും മറ്റു ജോലികള്‍ ചെയ്യാന്‍ എഞ്ചിനീയര്‍മാര്‍ നിര്‍ബന്ധിതര്‍ ആകുന്നതു പലപ്പോഴും ശരിയായ രീതിയില്‍ പഠിച്ച കാര്യങ്ങള്‍ പ്രയോഗിക്കുവാനുള്ള പരിശീലനവും ഒരു എഞ്ചിനീയര്‍ ആകുക എന്നതിന്റെ ശരിയായ അര്‍ത്ഥം എന്താണെനുള്ള അറിവും അവര്‍ക്ക് നല്‍കപ്പെടുന്നില്ല എന്നത് കൊണ്ടാണ്. അതുകൊണ്ടാണ് ആദ്യം തന്നെ എഞ്ചിനീയറിംഗ് മേഖലയ്ക്കു പകരം ലഭ്യമായ പഠനസാദ്ധ്യതകള്‍ വിവരിക്കുന്നതിന് മുന്‍പ് എന്തുകൊണ്ട് എഞ്ചിനീയറിംഗ് തിരഞ്ഞെടുക്കണം എന്നതിനെപറ്റി അല്പം വിശദീകരിക്കണം എന്ന് തോന്നിയത്.

ഏതു മേഖല തിരഞ്ഞെടുത്താലും അതില്‍ ഏറ്റവും മികച്ച നിലയില്‍ എത്തുക എന്നതാവണം നമ്മുടെ ലക്ഷ്യം. അതിനു പകരം ഒരു പ്രൊഫെഷണല്‍ ഡിഗ്രി പഠിച്ചതുകൊണ്ട് മാത്രം ജോലി കിട്ടും എന്ന് വിചാരിചിരിക്കുന്നതാണ് ഇപ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നം. എന്തുകൊണ്ട് എഞ്ചിനീയറിംഗ് തിരഞ്ഞെടുത്തു എന്ന് ചോദിച്ചാല്‍ പലരും വെള്ളം കുടിക്കുന്നത് കാണാം. ശരിയായ അവബോധം ഇല്ലാതെ തിരഞ്ഞെടുപ്പ് നടത്തുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുക. നമ്മള്‍ തിരഞ്ഞെടുക്കാന്‍ പോകുന്ന മേഖലയില്‍ ഇപ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ഭാവിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരാമെന്നും അത് ജോലിസാധ്യതകളെ എങ്ങനെ സ്വാധീനിക്കുമെന്നും ഒക്കെ അനുഭവസ്ഥരോട് സംസാരിച്ചും വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചും അറിഞ്ഞുവെക്കണം. എന്തുകൊണ്ട് എഞ്ചിനീയറിംഗ് ഒരു നല്ല പഠനതൊഴില്‍ മേഖല ആണ് എന്നതിനെക്കുറിച്ച് ഏതാനും കാര്യങ്ങള്‍ നമ്മുക്ക് കാണാം. എല്ലാ കാര്യങ്ങള്‍ക്കും നല്ല വശവും മോശം വശവും ഉണ്ടാവാം. (എഞ്ചിനീയറിംഗ് മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുക ഈ ലേഖനത്തിന്റെ ഉദേശം ആല്ലതതിനാല്‍ അതിനു മുതിരുന്നില്ല.)

1. ആധുനിക ലോകം നിര്‍മിക്കപ്പെട്ടിരിക്കുന്നത് യന്ത്രങ്ങള്‍ കൊണ്ടാണ്.

ചെറുതും വലുതുമായ അനേകം യന്ത്രങ്ങളുടെ സഹായം കൊണ്ട് മാത്രമേ ഇന്ന് നമ്മുടെ അനുദിനജീവിതം സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, ടിവി,ലാപ്‌ടോപ്,പ്രിന്റര്‍,സ്‌കാനര്‍, മൈക്രോവേവ് അവന്‍, വാഹനങ്ങള്‍, റോക്കറ്റുകള്‍, 3D പ്രിന്റര്‍, ഡ്രോണ്‍, റോബോട്ടുകള്‍, ചികിത്സാ ഉപകരണങ്ങള്‍ അങ്ങനെ എല്ലാം യന്ത്രങ്ങളാണ്. ഇവ എല്ലാവരുടെയും ആവശ്യാനുസരണം ഉണ്ടാക്കണം. ആവശ്യമെങ്കില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണം. പുതിയ ആശയങ്ങള്‍ കണ്ടെത്തണം. അവ ഡിസൈന്‍ ചെയ്യണം. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് അവ പ്രവര്‍ത്തിപ്പിക്കുവാനുള്ള വഴികള്‍ കണ്ടെത്തണം. ഇത് ക്രിയാത്മകതയും അര്‍പ്പണബോധവും ഒത്തിണങ്ങിയ ആളുകളെ നമ്മുക്ക് ധാരാളമായി ആവശ്യം ഉണ്ട്.

2. യന്ത്രങ്ങള്‍ ഭൂരിഭാഗവും കമ്പ്യൂട്ടര്‍ കോഡുകള്‍ കൊണ്ടാണ് പ്രവര്‍ത്തിപ്പിക്കുന്നത്.

മനുഷ്യന്റെ കാവിക ശക്തി കൊണ്ട് പ്രവര്‍ത്തിപ്പികുന്ന യന്ത്രങ്ങള്‍ ഇന്ന് പഴങ്കഥയാണ്. എല്ലായിടത്തും കമ്പ്യൂട്ടര്‍ ഭാഷകളില്‍ എഴുതപെട്ട നിര്‍ദേശങ്ങള്‍ക്ക് അനുസരണം പ്രവര്‍ത്തിപ്പിക്കാന്‍ ആവുന്ന യന്ത്രങ്ങള്‍ക്കു ആണ് ആവശ്യക്കാര്‍ ഏറെയും. ഈ സാഹചര്യത്തില്‍ ലോകത്ത് ഉണ്ടാക്കപ്പെടുന്ന യന്ത്രങ്ങള്‍ക്കൊക്കെയും ആവശ്യമായ പ്രോഗ്രാമുകള്‍ എഴുതുവാനും അവ പരീക്ഷിച്ചു നോക്കുവാനും തെറ്റുകള്‍ വരുമ്പോള്‍ അത് കണ്ടെത്തുവാനും പ്രോഗ്രാമര്‍മാരെ ധാരാളമായി ആവശ്യമുണ്ട്.

3. ലോകത്ത് വൃദ്ധരുടെ എണ്ണം കൂടി വരുന്നു.

ലോകത്ത് വയസായവരുടെ എണ്ണം കൂടുന്നതും എഞ്ചിനീയര്‍ ആവുന്നതും തന്നില്‍ എന്ത് ബന്ധം എന്നാവും ഇപ്പൊ നിങ്ങളുടെ സംശയം. ബന്ധമുണ്ട്. തൊഴില്‍ അവസരങ്ങളുടെ കാര്യത്തില്‍ ആണ് ഈ ബന്ധം പ്രകമാവുക. വയസായവരുടെ എണ്ണം കൂടുമ്പോള്‍ അവരുടെ സംരക്ഷണത്തിനും ആരോഗ്യപരിപാലനത്തിനും വേണ്ട കാര്യങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടും. രോഗനിര്‍ണയത്ത്തിനും ചികിത്സയ്ക്കും ആരോഗ്യപരിപാലനത്തിനും വേണ്ട കാര്യങ്ങള്‍ നിര്‍മിക്കുവാന്‍ കൂടുതല്‍ ആളുകള്‍ ആവശ്യമായി വരും. അതുപോലെ എന്തെങ്കിലും പോരായ്മകള്‍ വന്ന ശരീര ഭാഗങ്ങള്‍ക്ക് പകരം യന്ത്ര ഭാഗങ്ങള്‍ വയ്ക്കുന്നതും പ്രായമായവര്‍ക്ക് ഭക്ഷണം കഴിക്കുവാനും സഞ്ചരിക്കുവാനും ഒക്കെ സഹായിക്കുന്ന യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതും ഇന്ന് പതിയെ പ്രചാരം നേടി വരികയാണ്. ഈ മേഖലകളിലും ധാരാളം ജോലിസാധ്യതകള്‍ ഉണ്ടാകും.

4. ലോക ജനസംഖ്യ അനുദിനം വര്‍ധിക്കുന്നു.

7.1 ബില്ല്യണ്‍ ആണ് ഇപ്പോളത്തെ ലോകജനസംഖ്യ. വരുംവര്‍ഷങ്ങളിലും ഇത് കൂടുക തന്നെ ചെയ്യും. അപ്പോള്‍ ഇത്രയും ആളുകളുടെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ കൂടുതല്‍ സൌകര്യങ്ങള്‍ വേണ്ടി വരും. ജനസംഖ്യ കൂടുമ്പോള്‍ കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ ചിലവില്‍ കൂടുതല്‍ ആളുകള്‍ക്ക് താമസിക്കുവാന്‍ ഒരു പുതിയ വഴി കണ്ടെത്തുന്ന ആള്‍ക്കുപോലും ഏറെ ഉയരുവാന്‍ സാധിക്കും. ഇതിനൊക്കെ ധാരാളം എഞ്ചിനീയര്‍മാരെ നമ്മുക്കിന്നു ആവശ്യമുണ്ട്.

5. അന്താരാഷ്ട്ര വിപണിയില്‍ മത്സരം കൂടുന്നു.

പണ്ടുകാലത്ത് ഉണ്ടായിരുന്നതുപോലെ ചിലരുടെ മാത്രം കുത്തകയല്ല ഇന്നത്തെ വിപണി. കഴിവുള്ളവര്‍ക്ക് തങ്ങളുടെ ആശയങ്ങളുമായി മുന്നോട്ടു വരുവാന്‍ ഇന്ന് ധാരാളം അവസരങ്ങള്‍ ഉണ്ട്. നമ്മുടെ നാട്ടില്‍ തന്നെ സ്റ്റാര്‍ട്ട് അപ്പ് വില്ലേജുകള്‍ വഴി എത്ര പുതിയ സംരംഭങ്ങള്‍ ആണ് ജന്മം കൊണ്ടത്. പലപ്പോഴും എഞ്ചിനീയറിംഗ് പഠിക്കുന്നവര്‍ അടിമകളെപ്പോലെ പണിയെടുക്കേണ്ടി വരും എന്ന് ചിന്തിച്ചു ആഗ്രഹമുണ്ടെങ്കിലും എഞ്ചിനീയറിംഗ് വേണ്ട എന്ന് വെക്കുന്നവര്‍ ഉണ്ട്. എന്നാല്‍ പുതിയ ആശയങ്ങള്‍ കണ്ടെത്തുവാനും അവ കൃത്യമായി വിപണിയില്‍ എത്തിക്കുവാനും സാധിച്ചാല്‍ ആരുടേയും കീഴില്‍ ആയിപ്പോകാതെ സ്വന്തം സംരംഭവുമായി വിജയിച്ചു കാണിക്കുവാന്‍ ആര്‍ക്കും കഴിയും.

6. കൂടുതല്‍ നിക്ഷേപകരെ നമ്മുക്കാവശ്യമുണ്ട്.

പല സംരംഭങ്ങളുടെയും പ്രധാന പ്രശ്‌നം അതില്‍ പണം മുടക്കുന്നവര്‍ക്ക് അവര്‍ ചെയ്യുന്ന കാര്യങ്ങളെപ്പറ്റി കൃത്യമായ ധാരണ ഇല്ല എന്നതാണ്. എന്നാല്‍ ഏതു സംരംഭവും തുടങ്ങുന്നവര്‍ക്ക് അതില്‍ നല്ല അറിവ് ഉണ്ടെങ്കില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ വേറെ ആരുടേയും സഹായം വേണ്ടിവരില്ല എന്നുമാത്രമല്ല, പുതിയ ആശയങ്ങള്‍ നടപ്പിലാക്കുവാനും കഴിയും.

എഞ്ചിനീയറിംഗ് പഠിക്കുവാന്‍ ആദ്യം വേണ്ടത് എന്ത് കാര്യവും എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അറിയുവാനും കണ്ടെത്തുവാനും ഉള്ള അടങ്ങാത്ത ആഗ്രഹമാണ്. ഒരിക്കലും അടങ്ങിയൊതുങ്ങി ഇരിക്കുവാന്‍ ഇക്കൂട്ടര്‍ക്ക് പറ്റുകയില്ല. ഇപ്പോഴും അവരുടെ കൈകള്‍ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കും. നിങ്ങളും അങ്ങനെ ഒരാളാണോ? എന്ത് സാധനം കണ്ടാലും അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയാന്‍ നിങ്ങള്ക്ക് ആഗ്രഹമുണ്ടോ? സ്വന്തമായി ചെറിയ യന്ത്രങ്ങളും പ്രോഗ്രാമുകളും ഒക്കെ നിര്‍മിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ എഞ്ചിനീയറിംഗ് നിങ്ങള്‍ക്ക് ഒരുപക്ഷെ യോഗിക്കുന്ന ഒരു മേഖലയാണ്. നന്ദി അധ്വാനിച്ചാല്‍ നിങ്ങള്ക്ക് ഉയരങ്ങളില്‍ എത്താം. എല്ലാ ആശംസകളും.

Advertisements