എന്തുകൊണ്ട് കേജ്‌രിവാള്‍ ഇപ്പോഴും മോദിക്ക് ഭീഷണിയായി തുടരുന്നു ? – ഏഴ് കാരണങ്ങള്‍

180

Modi-vs-Kejriwal

തിങ്കളാഴ്ച ദില്ലിയില്‍ ഇലക്ഷന്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ രാഷ്ട്രീയ സമൂഹത്തിന്റെ ചൂടുയര്ന്നു കഴിഞ്ഞു. എഴുപതംഗ ദില്ലി നിയമസഭയിലേക്ക് ഫെബ്രുവരി 7 നാണ് വോട്ടെടുപ്പ്. ഇത്തവണത്തെ തിരഞ്ഞെടുപ്പ് കേജ്‌രിവാള്‍ നയിക്കുന്ന എഎപിയും മോദി നയിക്കുന്ന ബിജെപിയും തമ്മിലുള്ള നേരിട്ട മത്സരമായാണ് വിലയിരുത്തുന്നത്.

ഇത്തവണ കേജ്‌രിവാള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെ ബിജെപി കാര്യമായി തന്നെ കാണുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആം ആദ്മിയെ വിലകുറച്ച് കണ്ടത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും പ്രതിപക്ഷത്തിരിക്കേണ്ട ഗതികേടില്‍ ബിജെപിയെ എത്തിച്ചിരുന്നു.

എന്തുകൊണ്ട് ഇപ്പോഴും ദില്ലിയില്‌ മോദിക്ക് വില്ലനായി കേജ്‌രിവാള്‍ തുടരുന്നു ?

1 ഇത്തവണയും നല്ലൊരു മുഖത്തോട് തന്നെയാണ് അം ആദ്മി ദില്ലിയിലെ ജനങ്ങള്‍ക്ക് മുമ്പില്‍ എത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ കേജ്‌രിവാളിനെ ഇപ്പോഴും മാറ്റത്തിന്റെ പ്രതിനിധിയായാണ് ജനങ്ങള്‍ വിലയിരുത്തുന്നത്. കഴിഞ്ഞ തവണ അവസാന നിമിഷം ഹര്‍ഷ വര്‍ദ്ധനെ പ്രഖ്യാപിച്ചെങ്കിലും ഇത്തവണ ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്ല. കേജ്‌രിവാളിന് ഒപ്പമുള്ള ഒരു നേതാവ് പോലും ബിജെപി പാളയത്തില്‍ ഇല്ലെന്നതാണ് സത്യം.

2 ദില്ലി തിരഞ്ഞെടുപ്പിനായി ആം ആദ്മി കൂടുതലൊരുക്കങ്ങള്‍ നടത്തിയിരിക്കുന്നു. ദില്ലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം നടന്ന ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മത്സരിച്ചിരുന്നില്ല. മറ്റേത് സംഘടനയേക്കാളും കെട്ടുറപ്പോടെയും, ഒറ്റ മനസ്സോടെയുമാണ് ആം ആദ്മി തിരഞ്ഞെടുപ്പ് നേരിടുന്നത്. ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പേ 70 സീറ്റുകളിലേക്കും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കഴിയാതെ ഉഴറുകയാണ്

3 ദില്ലിയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം കരസ്ഥമാക്കിയിട്ടും ബിജെപിക്ക് ആം ആദ്മിയെ ചെറുതായി കാണാന്‍ കഴിയില്ല. എല്ലാ സീറ്റുകളിലും രണ്ടാമതെത്തിയത് ആം ആദ്മിയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനെ എഎപി -ബിജെപി പോരാട്ടമാക്കാന്‍ കഴിഞ്ഞതും ആം ആദ്മിയുടെ നേട്ടമാണ്.

4 49 ദിവസത്തെ ഭരണത്തിന് ശേഷം കേജരിവാള്‍ ഗവണ്മെന്റ് രാജി വെച്ചെങ്കിലും, പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വോട്ട് ശതമാനം വര്‍ദ്ധിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ 29 ശതമാനത്തില്‍ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 33 ശതമാനം വോട്ട് പിടിക്കാന്‍ ആം അദ്മിക്കായി

5 ചേരി നിവാസികളും യുവാക്കളും ഇപ്പോഴും ആം ആദ്മിക്കൊപ്പമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 28 സീറ്റുകളില്വിജയിച്ച പാര്‍ട്ടി 19 സീറ്റുകളില്‍ രണ്ടാമതെത്തിയിരുന്നു.

6 മോദിക്കും കേജ്‌രിവാളിനും പല കാര്യങ്ങളിലും സാമ്യങ്ങളുണ്ട്. ഇരുവരും ശക്തമായി പ്രസംഗിക്കുന്നവര്‍. പ്രസംഗങ്ങള്‍കൊണ്ട് ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കുന്നവര്‍. ഇരുവരും സംസാരിക്കുന്നത് അഴിമതിയേയും , സാധാരണക്കാരനേയും കുറിച്ച്. ഇരുവരും പ്രയത്‌നശാലികളും ,ക്ലീന്‍ ഇമേജ് ഉള്ളവരും. ഇത് ബിജെപിക്ക് ബുദ്ധിമുട്ടാകും,മോദിക്ക് വോട്ട് ചെയ്തവര്‍ കേജ്‌വാളിനും ഇക്കാര്യങ്ങള്‍ കൊണ്ട് തന്നെ വോട്ട് ചെയ്യാം.

7 സോഷ്യല്‍ മീഡിയകളില്‍ ഉറക്കമില്ലാത്ത രാത്രികളാണ് ആം ആദ്മി , ബ്‌ജെപിക്ക് സമ്മാനിക്കുന്നത്. മോദിയെ പോലെ തന്നെ, ഫേസ്ബുക്കിലും ട്വിറ്ററിലും കേജ്‌രിവാള്‍ സജീവമാണ്. ഡിജിറ്റല്‍ ലോകത്ത് മേല്‌ക്കൈ നേടുവാന്‍ ഇരുപാര്‍ട്ടികളുടേയും സോഷ്യല്‍ മീഡിയ സെല്ലുകള്‍ സജീവ ശ്രമത്തിലാണ്.