എന്തുകൊണ്ട് നന്മ ഇന്നും നിലനില്‍ക്കുന്നു?

ആരെങ്കിലും ഇതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ? നമുക്കെല്ലാം ചിലപ്പോഴെങ്കിലും ഈ ചിന്ത തോന്നിയിരിക്കണം. ചിലര്‍ കരുതും ഇക്കാലത്ത് നന്മയൊന്നും ഇല്ല. അതൊക്കെ പണ്ട്, മാവേലി ഭരിച്ചിരുന്ന കാലത്തോ മറ്റോ ഉണ്ടായിരുന്നിരിക്കാം. ഇപ്പോള്‍ എങ്ങിനെയെങ്കിലും ആരെയും ചതിച്ചാലും വഞ്ചിച്ചാലും വേണ്ടില്ല പത്തു തുട്ടുണ്ടാക്കണം.അല്ലാതെ നന്മ, കുന്ത്രാണ്ടം എന്നൊക്കെ പറഞ്ഞു നടന്നാല്‍ വെറുതെ സമയം പോയിക്കിട്ടും.അല്ലാതെന്താ?
പക്ഷെ എന്ത് പറഞ്ഞാലും നന്മ എന്ന ഒരു കാര്യം, അല്ലെങ്കില്‍ അന്യ ആളുകളെ സഹായിക്കുക എന്ന മനോഗതി ഇപ്പോഴും ലോകത്ത് നില നില്‍ക്കുന്നുണ്ട്. ഇനി നമ്മള്‍ എത്രകണ്ട് കമ്പോളവല്ക്കരിക്കപ്പെട്ടാലും, ഇന്ത്യ എത്ര വലിയ കൈക്കൂലി രാജ്യമായി മാറി ലോകത്ത് അഴിമതിയിലെ സൂപ്പര്‍ പ്ലേയര്‍ ആയി മാറിയാലും, നന്മയും പരോപകാരവും നമ്മുടെ രാജ്യത്തും നിലനില്‍ക്കും. ആര്‍ക്കും അതില്‍ ഒരു സംശയവും വേണ്ട.

നന്മ എന്ത് കൊണ്ടാണ് നിലനില്‍ക്കും എന്ന് പറയുന്നത്?
അതിനു കാരണം ഇതാണ്. നന്മ എന്നതും മനുഷ്യരില്‍ ജന്മനാ ഉണ്ടാവുന്ന ഒരു കാര്യമാണ്. അത് ഒരു ജീനിലൂടെ നമ്മില്‍ നിലനില്‍ക്കുന്നു. ഈ ജീന്‍ ഉള്ളവര്‍ ഭീഷണിയില്‍ അകപ്പെട്ടാലും നന്മ മനസ്സില്‍ കൊണ്ട് നടക്കും. ജീവിത സാഹചര്യങ്ങള്‍ മാത്രമല്ല മനുഷ്യരില്‍ നന്മ നില നിര്‍ത്തുന്നത്. ഈയിടെ നടന്ന പഠനങ്ങളാണ് ഇത് കണ്ടെത്തിയത്. ആളുകള്‍ക്ക് ചോദ്യാവലികള്‍ നല്‍കിയും അവരുടെ ഡി.എന്‍.എ യുടെ ഘടന നോക്കിയും ആണ് ഈ കണ്ടെത്തലുകള്‍ നടത്തിയത് .

ലോകത്ത് ആരെയും വിശ്വസിക്കാന്‍ കഴിയില്ല അല്ലെങ്കില്‍ ഇന്ന് നാട്ടില്‍ നന്മകള്‍ നിലവിലില്ല എന്ന് പറയുന്ന ആളുകള്‍ മറ്റുള്ളവര്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന് സാധ്യത കുറവാണെന്ന് ഈ പഠനങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. അന്യരെ സംശയ ദൃഷ്ടിയോടെ കാണുന്നവര്‍ക്ക് മറ്റുള്ളവരില്‍ വിശ്വാസം കുറവായിരിക്കും. ലോകത്ത് കള്ളവും ചതിയുമാണ് നിലനില്‍ക്കുന്നത് എന്ന് ഇവര്‍ വിശ്വസിക്കും. എവിടെ നോക്കിയാലും ഈ വിശ്വാസത്തെ ബലപ്പെടുത്തുന്ന കണ്ടെത്തലുകള്‍ ഇവര്‍ നടത്തുക. അതവരുടെ കുറ്റമല്ല.

മറ്റുള്ളവരെ വിശ്വസിക്കുകയും ആരോഗ്യകരമായ ബന്ധങ്ങളിലും കൂട്ടായ്മകളിലും ഏര്‍പ്പെടുകയും ചെയ്യുക വഴി മനുഷ്യന് മാനസികവും ശാരീരികവുമായ ആരോഗ്യം കൈവരിക്കുവാന്‍ കഴിയും. അനാരോഗ്യകരമായ അവസ്ഥകളിലൂടെ കടന്നു പോകുന്നവന് മറ്റുള്ളവരെ എന്നും സംശയ ദൃഷ്ടിയിലൂടെ മാത്രമേ വീക്ഷിക്കുവാന്‍ കഴിയുകയുള്ളൂ. നന്മയുടെ ജീനുകളുടെ വാഹകര്‍ക്ക് പൊതുവായി ആളുകളെ ഭയം ഉണ്ടാകില്ല. മറ്റുള്ളവര്‍ ദുഷ്ടന്മാരായിരുന്നാലും അവരിലെ അല്പമാത്രമായി കണ്ടേക്കാവുന്ന നന്മയെ തൊട്ടുണര്‍ത്തി അവരെയും നന്മയുള്ളവര്‍ ആക്കി മാറ്റുവാന്‍ ഇക്കൂട്ടര്‍ക്ക് കഴിയുന്നു. മറ്റുള്ളവരെ സംശയിക്കുന്നവരാകട്ടെ, സ്വയം തീര്‍ക്കുന്ന കുമിളകളില്‍ ചുരുണ്ട് കൂടി ആകാംഷയോടെ പുറം ലോകത്തെ വീക്ഷിക്കുന്നു. കുമിളക്ക് പുറത്തു കടക്കാന്‍ വിമുഖത കാട്ടുക വഴി ആകാംഷയുടെയും സംശയത്തിന്റെയും അടിമകളായി ജീവിതം കഴിച്ചു കൂട്ടുകയും ചെയ്യുന്നു.