ലോകത്തെ ഏറ്റവും പ്രശസ്ത ഓപ്പറേറ്റിംഗ് സിസ്റ്റം ആയ മൈക്രോസോഫ്റ്റ് വിന്‍ഡോസ് അതിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ആയ വിന്‍ഡോസ് 10 പുറത്തിറക്കുകയാണ്. തീര്‍ച്ചയായും ഇപ്പോഴത്തെ വിന്‍ഡോസ് വേര്‍ഷന്‍ ആയ 8.1 തന്നെ ഉപയോഗിക്കണോ അതോ വിന്‍ഡോസ് 10ലേയ്ക്ക് അപ്ഗ്രേഡ് ചെയ്യണോ എന്ന സംശയം നിങ്ങള്‍ക്ക് ഉണ്ടാവുക സ്വാഭാവികം. എന്നാല്‍, ഈ ലേഖനം നിങ്ങളുടെ സംശയങ്ങള്‍ എല്ലാം മറികടക്കാന്‍ നിങ്ങളെ സഹായിക്കുക തന്നെ ചെയ്യും.
- വിന്‍ഡോസ് ഫോണിലൂടെ പ്രശസ്തമായ വിര്‍ച്ച്വല്‍ അസിസ്റ്റന്റ്റ് കോര്‍ട്ടാന ഡസ്ക്ടോപ്പിലും എത്തുന്നു
വിന്‍ഡോസ് ഫോണുകളില്‍ ഏറെ ആകര്‍ഷകമായ കോര്‍ട്ടാന എന്ന ശബ്ദഅധിഷ്ടിത വിര്‍ച്ച്വല്‍ അസിസ്റ്റന്റ്റ് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും പരിചയം ഉണ്ടാവും. ഒരു യഥാര്‍ത്ഥ അസിസ്റ്റന്റ്റ് പോലെ തന്നെ നിങ്ങള്‍ക്ക് വിശ്വാസം അര്‍പ്പിക്കാം എന്നതാണ് കോര്‍ട്ടാനയെ വ്യത്യസ്തമാക്കുന്നത്. ഇന്റര്‍നെറ്റ് സേര്‍ച്ച് ചെയ്യുവാനും റിമൈന്‍ഡറുകള്‍ നല്കുവാനും എല്ലാം ഈ സൗകര്യം ഏറെ ഗുണം ചെയ്യും.
എന്നാല്‍ ഇതിലൊക്കെ ഉപരിയായി കീബോര്‍ഡില്‍ സ്പര്‍ശിക്കാതെ തന്നെ മെയിലുകള്‍ അയക്കുവാനും കോര്‍ട്ടാന ഉപയോഗിക്കാം എന്നതാണ് ഇതിനെ സവിശേഷമാക്കുന്നത്. മെയിലിന്റെ ഉള്ളടക്കവും മെയില്‍ സ്വീകരിക്കേണ്ട ആളുടെ മെയില്ഐഡിയും എല്ലാം തന്നെ ശബ്ദം ഉപയോഗിച്ച് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും. അതുപോലെ വിന്‍ഡോസ് ഫോണ ഉള്ളവര്‍ക്ക് മാത്രമേ കോര്‍ട്ടാന ഉപയോഗിക്കാന്‍ പറ്റൂ എന്ന സ്ഥിതിയും മാറുകയാണ്. കോര്‍ട്ടാനയുടെ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്. വേര്‍ഷനുകള്‍ ഉടന്‍ തന്നെ പുറത്തിറങ്ങും.
- സ്റ്റാര്‍ട്ട് മെനു തിരിച്ചെത്തുന്നു
ടച്ച് സ്ക്രീന്‍ ഡിവൈസുകളെ ലക്ഷ്യമിട്ടാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8ല്‍ സ്റ്റാര്‍ട്ട് മെനു മാറ്റി സ്റ്റാര്‍ട്ട് സ്ക്രീന്‍ കൊണ്ടുവന്നത്. എന്നാല്‍, ആദ്യം മുതല്‍ തന്നെ ഇത് ഉപഭോക്താക്കളുടെ ഇടയില്‍ വലിയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇത് കണക്കിലെടുത്ത്, വിന്‍ഡോസ് 10ല്‍ സ്റ്റാര്‍ട്ട് മെനു തിരികെ എത്തും എന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു.
പുതിയ സ്റ്റാര്‍ട്ട് മെനു നമ്മുടെ ഇഷ്ടം അനുസരിച്ച് വലിപ്പം വ്യത്യാസപ്പെടുത്താന്‍ ഉള്ള സൗകര്യം ഉള്ളതാണ്. അതുപോലെ തന്നെ ലൈവ് ടൈലുകളും പുതിയ സ്റ്റാര്‍ട്ട് മെനുവില്‍ സ്ഥാനം കണ്ടെത്തും.
- കൂടുതല്‍ ശക്തമായ സെക്യൂരിറ്റി
മുന്‍ഗാമികളെപ്പോലെ തന്നെ ഏറ്റവും പുതിയതും ശക്തവുമായ സുരക്ഷാസന്നാഹങ്ങളുമായി ആണ് വിന്‍ഡോസ് 10 എത്തുന്നത്. പുതുതായി ചേര്‍ത്തിട്ടുള്ള ഫേഷ്യല്‍ റെക്കഗ്നീഷന്‍ സൗകര്യം ഇതില്‍ എടുത്തുപറയേണ്ട ഒന്നാണ്. ഇനി പാസ്വേര്ഡ് ടൈപ്പ് ചെയ്യാതെ തന്നെ എളുപ്പത്തില്‍ നിങ്ങളുടെ വിന്‍ഡോസ് ലോഗിന്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.
അതിനോടൊപ്പം കമ്പനികള്‍ക്ക് മാല്‍വെയറുകളെ തടയുവാന്‍ ഉള്ള ഡിവൈസ് ഗാര്‍ഡ്, ഏറ്റവും സുരക്ഷിതമായ ലോഗിന്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന മൈക്രോസോഫ്റ്റ് പാസ്പോര്‍ട്ട് എന്നിവയും വിന്‍ഡോസ് 10ല്‍ ഉണ്ട്.
- എക്സ്ബോക്സ് ഗെയ്മിംഗ്
നിങ്ങളുടെ എക്സ്ബോക്സില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഗെയിമുകള്‍ കമ്പ്യൂട്ടറില്‍ തുടരുവാന്‍ അനുവദിക്കുന്ന പുതിയ സൌകര്യവും വിന്‍ഡോസ് 10ല്‍ എത്തുന്നുണ്ട്. ഗെയിം പ്രേമികള്‍ക്ക് തീര്‍ച്ചയായും ഇതൊരു സന്തോഷവാര്‍ത്ത തന്നെയാവും.
- മൈക്രോസോഫ്റ്റ് എഡ്ജ്
ഏറെ നാളായി പഴികേട്ടുകൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് എക്സ്പ്ലോററിനെ മാറ്റി പകരം മൈക്രോസോഫ്റ്റ് കൊണ്ടുവരുന്ന അതി നൂതന ബ്രൌസര്‍ ആണ് മൈക്രോസോഫ്റ്റ് എഡ്ജ്. ക്രോമിനേക്കാള് വേഗതയേറിയത് എന്ന അവകാശവാദവുമായി ആണ് മൈക്രോസോഫ്റ്റ് എഡ്ജ് രംഗപ്രവേശനം ചെയ്യുന്നത്. കോര്ട്ടാനയുമായി എളുപ്പത്തില്‍ സിങ്ക് ചെയ്യാനാവുമെന്ന സൌകര്യവും എഡ്ജിനുണ്ട്.
- ടാബ്ലെറ്റ്/ഡസ്ക്ക്ടോപ് മോഡുകള്‍
ടുഇന്‍വണ്‍ ഡിവൈസുകള്‍ അതിവേഗം ജനപ്രീതി നേടിക്കൊണ്ടിരിക്കുമ്പോള്‍ അതിനൊപ്പിച്ച് ചുവടുവയ്ക്കുകയാണ് മൈക്രോസോഫ്റ്റും. പുതിയ വിന്‍ഡോസ്10ല്‍ ഉള്ള കണ്ടിന്വം ഫീച്ചര്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ടാബ്ലറ്റ്ഡസ്ക്ടോപ് മോഡുകള്‍ തന്നില്‍ മാറ്റുവാന്‍ സാധിക്കും.
- വിന്‍ഡോസ് 10 തികച്ചും സൗജന്യമാണ്
ഇത്രയും ഫീച്ചറുകള്‍ ഉണ്ടായിട്ടും നിങ്ങള്‍ക്ക് തീരുമാനം എടുക്കുവാന്‍ സാധിക്കുന്നില്ലേ? എന്നാല്‍, ഇത് കൂടി കേട്ടോളൂ. വിന്‍ഡോസ് 10 തികച്ചും സൗജന്യമാണ്. വിന്‍ഡോസ് 7 മുതല്‍ 8.1 വരെയുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ വിന്‍ഡോസ് 10ലേയ്ക്ക് അപ്ഗ്രേഡ് ചെയ്യുവാന്‍ കഴിയും. അപ്പോള്‍ എത്രയും പെട്ടെന്ന് വിന്‍ഡോസ് 10 സ്വന്തമാക്കുകയല്ലേ?