എന്തുകൊണ്ട് ശ്രീ.വിടി ബല്‍റാം കോണ്‍ഗ്രസില്‍ തന്നെ തുടരണം ?

140

01

പ്രമുഖ ശാസ്ത്ര ലേഖകന്‍ ശ്രീ. വൈശാഖന്‍ തമ്പി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വാക്കുകളാണ് ചുവടെ

ശ്രീമാന്‍ വിടി ബല്‍റാം ഒരു എം.എല്‍.ഏ. എന്നതിനോടൊപ്പം ഒരു ഫെയ്‌സ്ബുക്ക് സെലിബ്രിറ്റി കൂടിയാണ്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ യാതൊരു ദയയുമില്ലാതെ കൊട്ടുന്ന പോസ്റ്റുകളാകണം അദ്ദേഹത്തിനെ ഏറ്റവും പോപ്പുലറാക്കിയത്. ഓരോ തവണ അത് ചെയ്യുമ്പോഴും അദ്ദേഹം നേരിടുന്ന എതിര്‍വാദം, കോണ്‍ഗ്രസ്സിനെപ്പോലെ അഴിമതിയില്‍ കുളിച്ച്, അതില്‍ മുങ്ങാങ്കുഴിയിട്ട് കളിക്കുന്ന ഒരു പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന ഒരാള്‍ക്ക് ബീ.ജെ.പി.യെ വിമര്‍ശിക്കാന്‍ എന്ത് വോയ്‌സാണ് ഉള്ളത് എന്നാണ്.

വളരെ പ്രസക്തമായ ഈ പോയിന്റിനോട് അദ്ദേഹം എങ്ങും പ്രതികരിച്ച് കണ്ടിട്ടില്ലെങ്കിലും ഓരോ തവണ ഈ വാദം കാണുമ്പോഴും എന്റെ മനസില്‍ വരുന്ന ഒരു മറുവാദമുണ്ട് പിന്നെ എന്താണ് അദ്ദേഹത്തിന് മുന്നിലുള്ള മാര്‍ഗം?

കോണ്‍ഗ്രസിന്റെ അഴിമതിയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ഒന്നുകില്‍ ഒരു സ്വതന്ത്രജനപ്രതിനിധിയാവാന്‍ ശ്രമിക്കുക, അല്ലെങ്കില്‍ ഒരു പ്രമുഖ ഇടതുപക്ഷപ്പാര്‍ട്ടിയുടെ ഭാഗമായി ജനപ്രാതിനിധ്യം തേടുക എന്നിവയാണ് ഒരു രാഷ്ട്രീയക്കാരന് മുന്നിലുള്ള പ്രധാന ഓപ്ഷനുകള്‍. ഇതില്‍ ആദ്യത്തേത് ഫലപ്രദമാകുമെന്നോ ആയാല്‍ത്തന്നെ എത്രനാള്‍ നടക്കുമെന്നോ യാതൊരു ഗാരന്റീയും ഇല്ല. മറിച്ച് ഇടതുപക്ഷപ്പാര്‍ട്ടിയുടെ ഭാഗമായാല്‍, മിക്കവാറും സ്വന്തം വായിലിരിപ്പിന്റെ പേരില്‍ അച്ചടക്കനടപടി വാങ്ങുകയോ പുറത്താക്കപ്പെടുകയോ വരെ ചെയ്യാം.

കോണ്‍ഗ്രസ് എന്ന ചോദിക്കാനും പറയാനും ആരുമില്ലാത്ത ആള്‍ക്കൂട്ടപ്പാര്‍ട്ടിയുടെ ഭാഗമായതുകൊണ്ട് മാത്രമാണ്, ഒരു ജനപ്രതിനിധി ആയിരുന്നുകൊണ്ട് അദ്ദേഹത്തിന് ഇപ്പോഴും സ്വന്തം നിലപാടുകള്‍ പരസ്യമായി വിളിച്ചുപറയാന്‍ കഴിയുന്നത്. അതാണ് അദ്ദേഹത്തെ ഇത്രയധികം ജനസമ്മതനാക്കുന്നതും. എന്തുകൊണ്ടും അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയ്ക്ക് നല്ലത് കോണ്‍ഗ്രസ്സില്‍ തുടരുക തന്നെയാണ് എന്നതാണ് എന്റെ തോന്നല്‍.