നവാഗതന്റെ ആദ്യ സിനിമ

1

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാഴ്‌സില്‍ അതിഥിയായെത്തിയ മമ്മൂക്ക പറഞ്ഞത് ചെറുപ്പക്കാരായ പുതിയ സംവിധായകര്‍ക്ക് താന്‍ അവസരം കൊടുക്കുന്നതിലുള്ള ദുരുദ്ദേശം അവരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണെന്നാണ്. നടനെന്ന നിലയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ചാന്‍സ് താനൊരിക്കലും പാഴാക്കില്ലെന്ന് അദ്ദേഹം പറയുന്നതില്‍ കാര്യമുണ്ട്. അതിന് മമ്മൂക്ക പറയുന്ന വിശദീകരണം സംവിധായകനാകാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ എത്രയോ വര്‍ഷം മനസ്സില്‍ തേച്ചുമിനുക്കിയ കഥയുമായിട്ടായിരിക്കും തന്നെ കാണാന്‍ വരുന്നത് എന്നാണ്. തനിക്ക് ചെയ്യാന്‍ മികച്ചൊരു കഥാപാത്രവും മികച്ചൊരു സിനിമയും കിട്ടും. അയാളുടെ ആദ്യ സിനിമ ആയതുകൊണ്ട് പുതുമയും, വിജയവും ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. പക്ഷെ അയാളുടെ രണ്ടാമത്തെ സിനിമ മിക്കപ്പോഴും സമയക്കുറവ് കൊണ്ട് സംഭവിക്കുന്നതിനാല്‍ മികച്ചതാവുമെന്ന് ഉറപ്പുമില്ല. അപ്പോള്‍ ആദ്യ പടവുമായി വരുന്ന ഒരാളെ താന്‍ കൈവിടില്ല എന്ന് മമ്മൂക്ക പയുന്നതില്‍ സത്യമുണ്ട്. പക്ഷെ ആ ഒരു ധാരണ പലപ്പോഴും ശരിയല്ലെന്ന് ഞാന്‍ പറയും.

2
സുനില്‍ വി. പണിക്കര്‍

കാരണമിതാണ്, പലപ്പോഴും വര്‍ഷങ്ങളോളം തന്റെ സിനിമയ്ക്ക് വേണ്ടി അലയുന്ന ഒരു നവാഗതന്‍ ഒരുപക്ഷെ ഗതികേടുകൊണ്ട് താന്‍ സ്വപ്നം കണ്ട സിനിമയാവില്ല ചെയ്യപ്പെടേണ്ടിവരുന്നത്. ഒരുപാട് വിട്ടുവീഴ്ചകള്‍ക്കൊരുങ്ങി അവസാനം മറ്റൊരു സിനിമ ചെയ്യേണ്ടി വരികയോ, സ്വപ്ന സിനിമയെ പൊളിച്ചടുക്കി വികൃതമാക്കപ്പെട്ട അവിയലാക്കി മാറ്റാന്‍ നിര്‍ബന്ധിതനാക്കപ്പെടേണ്ടി വരുകയോ ചെയ്യുന്നു. അങ്ങനെ സംഭവിച്ച കുറെയേറെ ആളുകളെ എനിക്ക് നേരിട്ടറിയാം. ഫലത്തില്‍ നവാഗതന്റെ ആദ്യ സിനിമ കൂതറയായി ജനങ്ങള്‍ വിധിയെഴുതുന്നു. അയാള്‍ക്ക് പിന്നെ രണ്ടാമതൊരു അവസരം കൂടി നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. വിട്ടുവീഴ്ചയ്‌ക്കൊരുങ്ങാത്തവര്‍ അവരുടെ ഭാഗ്യം കൊണ്ട് മോഹിച്ച പ്രമേയം തന്നെ മനോഹരമായി പുറത്തിറക്കിയിട്ടുമുണ്ട്. അങ്ങനെയുള്ളവരേയും എനിക്കറിയാം.

3

ഉദാഹരണം ബോബന്‍ സാമുവലിന്റെ ജനപ്രിയന്‍ തുടക്കക്കാരനെന്ന നിലയില്‍ നല്ല സിനിമ തന്നെയായിരുന്നു. ജോയ് മാത്യുവിന്റെ ഷട്ടര്‍ തുടക്കക്കാരനെന്ന നിലയില്‍ ഏറ്റവും മികച്ച സിനിമ തന്നെയായിരുന്നു. അങ്ങനെ അങ്ങനെ നിരവധി ഉദാഹരണങ്ങള്‍.. പക്ഷെ ആദ്യ സിനിമ പ്രമേയം കൊണ്ടും നിര്‍മ്മിതി കൊണ്ടും മോശമായതിലൂടെ നിഷ്പ്രഭരായിത്തീര്‍ന്ന സംവിധായകനെ പിന്നീട് ആരും ഓര്‍ക്കാറുപോലുമില്ല. അപ്പോള്‍ മമ്മൂക്ക പറയുന്ന ചില കാര്യങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ട്. ഏറ്റവും വലിയ ഉദാഹരണം എന്റെ ആദ്യ സിനിമയായ വണ്‍ഡേ തന്നെയാണ്. ഞാന്‍ സ്വപ്നം കണ്ട സിനിമയല്ല വണ്‍ഡേ. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞാനും തിരക്കഥാകൃത്ത് ജെയിംസ് അണ്ണനും മനസ്സില്‍ കൊണ്ടു നടന്ന പ്രമേയവും ഇതല്ല. സാഹചര്യങ്ങള്‍ ഒത്തുവന്നപ്പോള്‍, ഏറ്റവും ലോ ബജറ്റില്‍ ഒരു സിനിമയെടുക്കേണ്ടി വന്നപ്പോള്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്ത പല പ്രോജക്ടുകളേയും മാറ്റി വയ്‌ക്കേണ്ടി വന്നു. കാരണം ബഡ്ജറ്റ് തന്നെ.

ചുരുങ്ങിയ ചിലവില്‍ ഒരു സിനിമയെടുക്കാന്‍ ഞങ്ങള്‍ ഉണ്ടാക്കിയ ഒരു കുറുക്കു വഴിയായിരുന്നു ഒറ്റ ദിവസം എന്ന ഐഡിയ. എല്ലാത്തരത്തിലും പരമാവധി കോസ്റ്റ് കുറയ്ക്കും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ്.എല്‍. പ്രദീപേട്ടന്‍ പെട്ട പാട് ചില്ലറയൊന്നുമല്ല. നിര്‍മ്മാതാവ് ഡോ.മോഹന്‍ ചേട്ടന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ വേട്ടയാടപ്പെട്ട ഒരു മനോരോഗിയുടെ റിയല്‍ ക്യാരക്ടര്‍ കൂടി ഇതില്‍ ആഡ് ചെയ്യണമെന്നത് പുള്ളിയുടെ ആഗ്രഹമായിരുന്നു. അല്‍പം അതിഭാവുകത്വം നിറഞ്ഞ, ഒരു ക്ലീഷേ പോലെ തോന്നിച്ച ആ കഥാപാത്രത്തിന്റെ സഞ്ചാരത്തിലൂടെയാണ് വണ്‍ഡേ എന്ന സിനിമയ്ക്ക് ഡോ. ജെയിംസ് ബ്രൈറ്റ് കഥയും തിരക്കഥയും ഒരുക്കിയത്. ദുര്‍ബലമായ കഥാപരിസരവും, കേട്ടുമറന്ന സാഹചര്യങ്ങളും വണ്ഡേയില്‍ സംഭവിക്കുന്നുണ്ടെങ്കിലും അത് ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ അതിശയിപ്പിക്കുന്ന യഥാര്‍ത്ഥ സംഭവങ്ങളാണല്ലോയെന്നോര്‍ത്ത് ഞങ്ങള്‍ സമാധാനിക്കുകയായിരുന്നു. ചുരുക്കി പറഞ്ഞാല്‍ വണ്‍ഡേബോറടിപ്പിക്കില്ലെങ്കിലും  ഞങ്ങളുടെ മികച്ച സിനിമയല്ല, പക്ഷെ വരാനിരിക്കുന്ന ഞങ്ങളുടെ അടുത്ത സിനിമ നിങ്ങളെ ഞെട്ടിക്കുക തന്നെ ചെയ്യും.. ഞാന്‍ മുകളില്‍ സൂചിപ്പിച്ച, മമ്മൂക്ക പറഞ്ഞ വൈരുദ്ധ്യം അവിടെയാണ്. ഒരു നവാഗതനെന്ന നിലയില്‍ എന്റെ ആദ്യ സിനിമയല്ല, എന്റെ രണ്ടാമത്തെ സിനിമയാകും മികച്ചതാവുക.