ENM
‘എന്ന് നിന്റെ മൊയ്തീന്‍’ കേരളത്തിലെ ജനങ്ങളുടെ മനസ് കവര്‍ന്നുകഴിഞ്ഞു. മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയം ഹൃദയസ്പര്‍ശിയായി വരച്ചുകാട്ടിത്തന്ന സംവിധായകന് ഒരായിരം നന്ദി. എല്ലായിടത്ത് നിന്നും മികച്ച പ്രതികരണങ്ങള്‍ നേടി വലിയ വിജയത്തിലേയ്ക്ക് ‘എന്ന് നിന്റെ മൊയ്തീന്‍’ കുതിക്കുമ്പോള്‍ ഇനിയും ഈ മനോഹരമായ ചിത്രം കാണാത്തവര്‍ക്കായി ചിത്രത്തെക്കുറിച്ച് ചില വിലയിരുത്തലുകള്‍ ചുവടെ ചേര്‍ക്കുന്നു.

  • ജീവിതഗന്ധിയായ കഥപറച്ചില്‍


ഒരു സംഭവകഥയെ കൊമേഴ്‌സ്യല്‍ സിനിമയാക്കുമ്പോള്‍ ഉണ്ടാവുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് അവിശ്വസനീയതകള്‍ അനാവശ്യമായി തിരുകികയറ്റാതെ സൂക്ഷിക്കുക എന്നതാണ്. ആ അര്‍ത്ഥത്തില്‍ സംവിധായകന്‍ ആര്‍.എസ്.വിമലിന് അഭിമാനിക്കാം. മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയകഥ പറയുമ്പോഴും അവര്‍ക്ക് ചുറ്റുമുണ്ടായിരുന്നവരുടെ കഥാപാത്രസൃഷ്ടിയില്‍ പോലും കാണിച്ച സൂക്ഷ്മത സംവിധായകനും തിരക്കഥാകൃത്തുമായ ആര്‍.എസ്. വിമല്‍ ഈ വിഷയത്തില്‍ നടത്തിയ ഗവേഷണം എത്രത്തോളം ആഴത്തില്‍ ഉള്ളതാണ് എന്നത് വെളിപ്പെടുത്തുന്നു.

  • മികച്ച കഥാപാത്ര തിരഞ്ഞെടുപ്പ്


പ്രിത്വിരാജ് എന്ന നടന്‍ മൊയ്തീനെ മനോഹരമാക്കുക തന്നെ ചെയ്യും എന്നതില്‍ ആര്‍ക്കും വിശ്വാസക്കുറവുണ്ടായിരുന്നില്ല. മൊയ്തീനെ വളരെ സൂക്ഷ്മതയോടെ തന്നെ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു. കാഞ്ചനമാലയായി പാര്‍വതിയും ഗംഭീരമാക്കി. മാരിയാന്‍, ബാംഗ്ലൂര്‍ ഡേയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍. പാര്‍വതി വളരെ പക്വതയുള്ള ഒരു അഭിനേത്രിയായി വളര്‍ന്നു കഴിഞ്ഞു. അപ്പുവായി ടോവിനോയും സേതുവായി ബാലയും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ഇവരുടെയൊപ്പം സായികുമാറും ലെനയും ശശി കുമാറും സുധീര്‍ കരമനയും തകര്‍ത്തഭിനയിച്ചപ്പോള്‍ എന്ന് നിന്റെ മൊയ്തീന്‍ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ആവാത്തവിധം സുന്ദരമായിത്തീര്‍ന്നു.

  • അതിമനോഹരമായ ഫ്രെയിമുകള്‍

ജോമോന്‍ ടി. ജോണ്‍ ഇതിനു മുന്‍പും ഒരുപാട് അവസരങ്ങളില്‍ നമ്മെ ക്യാമറ കൊണ്ട് മായാജാലം തീര്‍ത്ത് വിസ്മയിപ്പിച്ചിട്ടുണ്ട്. ഈ പ്രണയകാവ്യം അതിന്റെ ശരിയായ വൈകാരിക തീവ്രതയോടെ പ്രേക്ഷകരില്‍ എത്തിക്കുന്നതില്‍ ജോമോന്റെ ക്യാമറ വളരെ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.

  • പിടിച്ചിരുത്തുന്ന പശ്ചാത്തലസംഗീതം


ഗോപി സുന്ദര്‍ അമ്പരപ്പിച്ചുകളഞ്ഞു. ഓരോ ഫ്രെയിമും ജോമോന്റെ ക്യാമറ മനോഹരമാക്കിയപ്പോള്‍ അതില്‍ പൂര്‍ണതയുടെ കയ്യൊപ്പ് ചാര്‍ത്തിയത് ഗോപിയുടെ പശ്ചാത്തലസംഗീതത്തിന്റെ മികവാണ്. മൊയ്തീനൊപ്പം സിനിമ കാണുന്ന ഓരോരുത്തരും കാഞ്ചനയെ പ്രണയിക്കുന്നതും ആ മാന്ത്രികസംഗീതത്തിന്റെ ശക്തിയാലാണ്.

  • മനംകവരുന്ന ഗാനങ്ങള്‍


‘എന്നിലെ എല്ലിനാല്‍ പടച്ച പെണ്ണേ,
മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണേ,
എന്നിലെ റൂഹിലെ പകുതിയല്ലേ,
എന്നിലെ നൂറായ് നീ നിറഞ്ഞതല്ലേ.

എന്നിലെ വെളിച്ചവും നീയേ,
മുത്തായ് നീ മിന്നണ മാലയല്ലേ.
എന്നിലെ ഇഷ്‌ക്കിന്റെ നൂറേ,
ആരും കാണാ ഒളിയും നീയേ.

എന്റെ കിത്താബിലെ പെണ്ണേ.
എന്റെ കിത്താബിലെ പെണ്ണേ……….’

ഇതിലപ്പുറം പാട്ടുകളെപ്പറ്റി എന്താണ് പറയേണ്ടത്?

ജീവിതഗന്ധിയായ ഈ പ്രണയകഥ തിയേറ്ററുകളില്‍ തന്നെ പോയി കാണുക. ആസ്വദിക്കുക. തിരികെ വരുമ്പോള്‍ നിങ്ങളുടെയുള്ളില്‍ മൊയ്തീനെപ്പറ്റി ഒരു വിങ്ങല്‍ ഉണ്ടാവും. കാഞ്ചനമാലയോട് മനം നിറയെ പ്രണയവും.

Advertisements