എന്റെ പുതിയ പ്രാര്‍ത്ഥനകള്‍: ഓഹരിക്കമ്പോളത്തില്‍ പയറ്റല്‍

406

01

പുതിയ എന്തെങ്കിലും കാര്യങ്ങളില്‍ പര്യവേഷണം നടത്തുക കൂട്ടത്തില്‍ നാല് കാശും ഉണ്ടാക്കുക അങ്ങെനെയൊരു ചിന്തയുടെ ഭാഗമായിട്ടാണ് ‘ഓഹരിക്കമ്പോളത്തില്‍ പയറ്റിയാലോ എന്ന ആശയം ഉടലെടുത്തത്. ഇന്ന് ഈ വക കാര്യങ്ങളൊക്കെ ‘ഓണ്‍ലൈന്‍’ ചെയ്യാവുന്നതുകൊണ്ട് പഴയകാലങ്ങളിലെ പോലെയുള്ള കഷ്ടപ്പാടുകള്‍ ഒന്നുമില്ല. പിന്നീടുള്ള ദിവസങ്ങള്‍ അതൊക്കെ നടപ്പിലാക്കാനുള്ള തന്ത്രപ്പാടില്ലായിരുന്നു.

കാശിന്റെ കളി ആയ കാരണം,ഈ വ്യവഹാരം തനിച്ച് ചെയ്യാനൊരുപേടി. ധൈര്യത്തിനായി മകനെയും കൂട്ടിനു വിളിച്ചു. മടികൂടാതെ എന്റെ ആവശ്യം അംഗീകരിച്ചെങ്കിലും അവന്റെ ഡിമാന്റ് അനുസരിച്ച് ലാഭത്തിന്റെ 50%-50% ആയിരിക്കണം അതായത് ഞാന്‍ പൈസ ഇറക്കണം അവന്‍, വിലയേറിയ നിര്‍ദ്ദേശങ്ങളായ ഏത് കമ്പനിയുടെ ഓഹരികള്‍മേടിക്കണം എപ്പോള്‍ മേടിക്കണം അല്ലെങ്കില്‍ എപ്പോള്‍ വില്‍ക്കണം എന്നുള്ള ടിപ്‌സ് തരും.അതെങ്ങനെ ശരിയാകും കാശ് ഇറക്കുന്ന എനിക്കും യാതൊരു ചെലവുമില്ലാതെ ഉപദേശം തരുന്നവനും ഒരേ ലാഭവിഹിതമോ ? എന്തായാലും ചില വിലപേശലിന്റെ അവസാനത്തില്‍ 60%40% യില്‍ ധാരണയായി.

എങ്ങെനെയാണ്, ഓണ്‍ലൈനായി ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യേണ്ടതെന്ന് അതിന്റെ ഉദ്യോഗസ്ഥന്‍ കാണിച്ചു തന്നു.അദ്ദേഹത്തിന്റെ വകയായും ചില ടിപ്‌സുകള്‍. അങ്ങനെ മൊത്തം ഉപദേശങ്ങളുടെ ധൈര്യത്തില്‍ മേടിക്കേണ്ടവയുടെ വിവരങ്ങള്‍ എല്ലാം ടൈപ്പ് ചെയ്തു, പിന്നെയും എല്ലാം നല്ലതിനായിരിക്കുമോ എന്ന പേടിയില്‍ ക്ലിക്ക് (enter) ചെയ്യാനുള്ള ഭയം കാരണം ആ ജോലി മകനെ ഏല്‍പ്പിച്ചു ‘ദാ എന്റെ പൈസ ദേ പോയി എന്ന വികാരത്തോടെ ഞാനും ഇതില്‍ എന്താണ് പേടിക്കാന്‍ എന്ന മട്ടില്‍ അവന്‍ ക്ലിക്ക് ചെയ്തതോടെ ഓഹരിക്കമ്പോളമെന്ന ഗോദയിലേക്ക് ഞാനും ഇറങ്ങി!

നിക്ഷേപകര്‍ക്ക് ലക്ഷങ്ങളും ആയിരങ്ങളും സമ്പാദിക്കുകയും അതുപോലെ തന്നെ നഷ്ടത്തിലായി പാപ്പരാവുന്നതിനും സാധ്യതയുള്ള ഒരു വേദിയാണ് ഓഹരിവിപണി. അധികം ലാഭം പ്രതീക്ഷിക്കാതെയുള്ള ക്രയവിക്രയം ആയതു കൊണ്ടായിരിക്കാം തുടക്കനാളുകള്‍ വലിയ കുഴപ്പമില്ലാതെ മുന്നോട്ട് പോയി. എന്തേ ഈ ബുദ്ധി എനിക്ക് നേരത്തേ തോന്നിയില്ല എന്ന് ഓര്‍ത്ത് പോയ നിമിഷങ്ങള്‍…… നാടോടിക്കാറ്റ് സിനിമയില്‍ ശ്രീനിവാസന്‍ പറയുന്നതു പോലെ ‘എല്ലാത്തിനും ഒരു സമയമുണ്ടല്ലോ സ്വയം സമാധാനിച്ച നിമിഷങ്ങള്‍ !

ആത്മവിശ്വാസം കൂടിയതോടെ കൂടുതല്‍ പൈസ നിക്ഷേപിക്കാന്‍ തുടങ്ങി. ആത്മവിശ്വാസം കൂടിയതോടെയാണോ എന്നറിയില്ല പലതിന്റെയും വില കുത്തനെ താഴോട്ടായിരുന്നു. പുതിയ തലമുറയുടെ സദുപദേശമായി മകനെത്തി.

‘മേടിച്ച ഓഹരികള്‍ നഷ്ടത്തില്‍ വില്‍ക്കുക പുതിയ ഓഹരികള്‍ മേടിച്ചിട്ട് അവ വില്‍ക്കുമ്പോള്‍ ഈ നഷ്ടം നികത്താം’

ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കും എന്നതു പോലെയായിട്ടുണ്ട് എനിക്ക് ഓഹരികള്‍, ആ എന്നോടാണ് പുതിയ ഉപദേശങ്ങള്‍! അവനെ ഞാന്‍ വഴക്ക് പറഞ്ഞു ഓടിച്ചു. അവന്‍ പറയുന്നതുപോലെ കേട്ടില്ലെങ്കില്‍ ഭാവിയില്‍, അവനില്‍ നിന്നും ഒരു ടിപ്‌സും പ്രതീക്ഷിക്കണ്ട എന്ന മട്ടിലായിരുന്നു അവന്‍. അല്ലെങ്കിലും 40% ലാഭവിഹിതം എന്നുള്ളത് വെറും ഒരു മോഹന വാഗ്ദാനമാണെന്നുള്ളത് എനിക്കും അവനും അറിയാം അതുകാരണം ‘രക്ഷപ്പെട്ടു’ എന്ന മനോഭാവത്തോടെ പിണങ്ങി പോയി.

ഞാനാണെങ്കില്‍ മുട്ട കച്ചവടത്തിന് നഷ്ടം വന്നപോലെ താടിക്ക് കൈകൊടുത്ത് കംപ്യൂട്ടറിന്റെ മുന്‍പില്‍ ഇരിപ്പായി. ഓഹരിക്കമ്പോളത്തിലെഅത്ഭുതകൃത്യങ്ങള്‍ ആര്വിവരിക്കും എന്നറിയാനായിട്ട്..പിന്നെയുള്ള ആശ്രയം ഗൂഗിള്‍ ആണ്. എഴുതി ക്ലിക്ക് ചെയ്തതും, ലോകത്തിലുള്ളവരെല്ലാവരും എനിക്ക് ഒരു പരിഹാരമായിട്ട് ഇരിക്കുന്നവരോ എന്ന് തോന്നിപോയി, ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും അറിവുകളുമായി ഒരു നിര തന്നെയുണ്ട്. ചിലര്‍ സത്യസന്ധമായി കാര്യങ്ങള്‍പറഞ്ഞു മറ്റു ചിലര്‍ വളഞ്ഞു മൂക്കിനെ തൊടുന്നതു പോലെ കാര്യങ്ങളെ വളച്ചൊടിച്ചു പറഞ്ഞു. എന്തായാലും കാര്യങ്ങളെല്ലാം എല്ലാം ഒരു പോലെ തന്നെ!

അതിനിടയ്ക്ക് ഓഹരിയുടെ വിലകള്‍ കൂടി.എന്തിനാണ് അങ്ങനെ വിലകൂടിയത് എനിക്കറിയില്ല. മകന്‍ പറഞ്ഞു, RBI,അതിന്റെ ലോണ്‍ റേറ്റ് കുറച്ചു അതുകാരണമാണ് വില കൂടിയതെന്ന്. ഓഹരിക്കമ്പോളത്തിലെ ചാഞ്ചാട്ടങ്ങളുടെ പിന്നില്‍ ഇങ്ങനെയും ചില ചെപ്പടിവിദ്യകള്‍ ഒളിച്ചിരിപ്പുണ്ടെന്നുള്ളത് എനിക്ക് പുതിയ അറിവുകളായിരുന്നു. എന്തിനും ഏന്തിനും ഒരാശ്വാസം പിന്നെ ഭക്തിയുടെ മാര്‍ഗ്ഗമാണല്ലോ, അതോടെ എന്റെ പ്രാര്‍ത്ഥനകളില്‍ സ്ഥിരം ആവലാതികളോടപ്പം നല്ല സമ്പദ്ഘടനക്കും എണ്ണയുടെ വില വ്യത്യാസത്തിനായും നല്ല ബജറ്റിനായും, നേതാക്കന്മാരുടെ ഭാവിയില്‍ വലിയ നേട്ടങ്ങളുണ്ടാകുമെന്ന വാഗ്ദാനങ്ങളേയും ലോണ്‍ റേറ്റി നെക്കുറിച്ചും … …….. അതേ, ഏത് തരം സാഹചര്യമാണ് ഓഹരി കബോളത്തെ മാറ്റി മറിക്കുക അല്ലെങ്കില്‍ എന്നെ നഷ്ടങ്ങളില്‍ നിന്ന്! കര കയറ്റുക എന്നറിയാത്തതു കൊണ്ട് ഞാന്‍ എന്റെ പുതിയ പ്രാര്‍ത്ഥനകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.!!!!