Untitled-2

7 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു തൃശൂര്‍ – കോട്ടയം ബസ്‌ യാത്രയില്‍ ഒരു സഹയാത്രികന്‍ എന്നോട് പറഞ്ഞ കഥ. കഥ കേട്ടപ്പോള്‍ തന്നെ മനസ്സില്‍ ഞാന്‍ അതിന്റെ പേര് എന്റെ ബ്ലോഗ്ഗില്‍ കുറിച്ചിട്ടിരുന്നു. അവന്റെ ജീവിതത്തില്‍ പല ഘട്ടങ്ങളിലായി കടന്നു പോയ നാല് പെണ്‍കുട്ടികളെ കുറിച്ചുള്ള കഥ. ആ കഥ മൂന്നര മണിക്കൂര്‍ നീണ്ട ആ യാത്ര പോലെ വലുതായിരുന്നതിനാല്‍ എഴുത്ത് നീണ്ടു നീണ്ടു പോയി. പക്ഷെ അവിചാരിതമായി നാളുകള്‍ക്കു ശേഷം എന്റെ മനസ്സില്‍ ആ കഥ കടന്നു വന്നു, അത് എഴുതാന്‍ ഞാന്‍ ഒടുവില്‍ തീരുമാനിച്ചു.

“എന്‍റെ പ്രണയാന്വേഷണ പരീക്ഷണങ്ങള്‍.”

(സാങ്കേതിക മുന്നറിപ്പ് : ഈ കഥയ്ക്കോ കഥാപാത്രങ്ങള്‍ക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി സാദൃശ്യം തോന്നുന്നു എങ്കില്‍ അതിനു കഥാകൃത്ത് ഉത്തരവാദി അല്ല. അത് തികച്ചും യാദ്രിശ്ചികം മാത്രം.)

2014 മാര്‍ച്ച്‌ 25. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാന താവളത്തിലെ T-3 ടെര്‍മിനലില്‍ വെളുപ്പിന് 12:55നു ബാങ്കോക്കിലേക്കുള്ള തായ്‌ എയര്‍ലൈന്‍സ് വിമാനവും കാത്തിരിക്കുവായിരുന്നു ഞാന്‍. അപ്പോളാണ് എന്‍റെ പഴയ കേരള നമ്പറില്‍ ഒരു കാള്‍ വന്നത്. പഴയ സഹപാഠികള്‍ ആരെങ്കിലും ആകും എന്ന് കരുതി ഞാന്‍ ഫോണ്‍ എടുത്തു.

“ഹലോ, ജോഷി അല്ലേ?”

“അതെ.”

“ഞാന്‍ ജെയിംസ്‌ ആന്റണി. ഓര്‍മ്മയുണ്ടോ?”

പരിചിതമായ മുഖങ്ങളില്‍ കൂടി ഒരു ഓട്ടപ്രദിക്ഷണം നടത്തി. ഇല്ല, ജെയിംസ്‌ ആന്റണി എന്ന പേര് അവിടെയൊന്നുമില്ല.

“ഓര്‍മ വരുന്നില്ല.”

“നമ്മള്‍ ഒരിക്കെല്‍ കണ്ടു മുട്ടിയിരുന്നു. 2007 ജനുവരിയില്‍. ഒരു സൂപ്പര്‍ഫാസ്റ്റില്‍. അന്ന് ഞാന്‍ ജോഷിയോട് രണ്ടു കഥകള്‍ പറഞ്ഞിരുന്നു. എന്‍റെ പ്രണയ കഥകള്‍…”

ഉവ്വ്. ഓര്‍മ വന്നു. ജെയിംസ്‌ ആന്റണി. ബംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒറ്റപ്പാലത്ത് ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ സംവിധായകനെ കണ്ടു തന്റെ കഥ പറയാനായി പോയി നിരാശനായി മടങ്ങിയ ചെറുപ്പക്കാരന്‍. മൂവാറ്റുപുഴയിലേക്കുള്ള തന്‍റെ മടക്ക യാത്രയിലാണ്, തൃശ്ശൂരില്‍ സംസ്ഥാന ഇന്‍റര്‍പോളി കലോത്സവത്തില്‍ പങ്കെടുത്തു മടങ്ങുന്ന ഞങ്ങള്‍ കണ്ടു മുട്ടിയത്‌.

“ഉവ്വ്, ഓര്‍മയുണ്ട്. വാട്ട്‌ എ പ്ലസന്റ് സര്‍പ്രൈസ്. ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷം…”  ഞാന്‍ അമ്പരന്നു പോയിരുന്നു.

“ജോഷി ഇപ്പോള്‍ എവിടെയാണ്? ഈ നമ്പര്‍ എന്‍റെ കൈയില്‍ നിന്നും കളഞ്ഞു പോയിരുന്നു. കഴിഞ്ഞ ദിവസമാണ് എന്‍റെ പഴയ ആ ഡയറി തപ്പിയെടുത്തത്. അന്നത്തെ ആ യാത്രയാണ് എന്‍റെ ജീവിതം മാറ്റി മറിച്ചത്. സൊ ഒന്ന് വിളിക്കണം എന്ന് തോന്നി.” ജെയിംസ്‌.

“ഞാന്‍ ഇപ്പോള്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ആണ്. 1 മണിക്ക് എന്‍റെ ഫ്ലൈറ്റ് ആണ്. ഒരു ടു വീക്സ്‌ തായ്‌ലാന്‍ഡ്‌ ട്രിപ്പ്‌. യുറേഷ്യ മീഡിയ കോണ്‍ഫെറന്‍സില്‍ പങ്കെടുക്കാന്‍. ജെയിംസ്‌ ഇപ്പോള്‍ എന്തെടുക്കുന്നു?”

“കഴിഞ്ഞ മാസം ഏഴാം തിയതി എന്‍റെ സിനിമ റിലീസ് ആയി. സൂപ്പര്‍ഹിറ്റ്‌. ഏഴു വര്ഷം നീണ്ട കാത്തിരിപ്പ്‌. അന്ന് നമ്മുടെ കൂടികാഴ്ചയുടെ അവസാനം മൂവാറ്റുപുഴ സ്റ്റാന്‍ഡില്‍ ഞാന്‍ ഇറങ്ങുമ്പോള്‍ ജോഷി പറഞ്ഞ വാചകമില്ലേ – ചെയ്സ് യുവര്‍ ഡ്രീംസ്‌. അത് ഞാന്‍ അങ്ങ് പ്രാവര്‍ത്തികമാക്കി. അടുത്ത മാസം ജോലി രാജി വെച്ച്, കഥ എഴുതാന്‍ തുടങ്ങി. ജോഷിയോട് അന്ന് പറഞ്ഞ പോലെ ഞാന്‍ ആ പടം അവളുമാരുടെ പേര്‍ക്കാണ് ഡെഡിക്കേറ്റ് ചെയ്തത് :- എന്‍റെ പൂര്‍വ കാമുകിമാര്‍ക്ക്.”

ജെയിംസ്‌ കഥ എഴുതുമെന്നും, ആ കഥ കൊണ്ട് സിനിമ പിടിക്കുമെന്നും അന്നെ എനിക്കറിയാമായിരുന്നു. പക്ഷേ അത് ഇത്ര വേഗം സംഭവിക്കും എന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല.

“ഏതാ പടം?”

പടത്തിന്റെ പേര് കേട്ടതും ഞാന്‍ വീണ്ടും ഞെട്ടി. സൂപ്പര്‍ഹിറ്റ് ആയി ഓടി കൊണ്ടിരിക്കുന്ന ആ പടത്തിന്റെ പേര് ഞാന്‍ ഗൂഗിളില്‍ അപ്പോള്‍ തന്നെ സെര്‍ച്ച്‌ ചെയ്തു. അതെ സത്യമാണ് :- സംവിധാനം : ജെയിംസ്‌ ആന്റണി. ഒപ്പം ഞാന്‍ മറക്കാന്‍ തുടങ്ങിയ ആ ചെറുപ്പക്കാരന്റെ ചിരിക്കുന്ന മുഖവും.

“അന്ന് നമ്മള്‍ പിരിഞ്ഞപ്പോള്‍ ജോഷി എനിക്കൊരു വാക്ക് തന്നിരുന്നു. ഞാന്‍ പറഞ്ഞ രണ്ടു കഥകളില്‍ ആദ്യത്തെ കഥ – ‘എന്‍റെ പ്രണയാന്വേഷണ പരീക്ഷണങ്ങള്‍’ ജോഷി എഴുതുമെന്നു. രണ്ടാമത്തെ കഥ, ‘ഒടുവില്‍ ഞാന്‍ പ്രണയത്തെ കണ്ടെത്തിയപ്പോള്‍’ ഞാന്‍ എഴുതി, വീണ്ടും വീണ്ടും തിരുത്തിയെഴുതി, ഒടുവില്‍ അത് സിനിമയും ആക്കി.”

അതെ, ആദ്യത്തെ കഥയ്ക്ക് സിനിമ ആക്കാന്‍ ഉള്ള കാമ്പില്ല എന്ന് പറഞ്ഞു മടക്കിയ സംവിധായകന്‍റെ അഭിപ്രായം ആയിരുന്നു എന്റെയും. എന്നാല്‍ സംവിധായകനോട് പറയാതെ ബാക്കി വെച്ച ആ രണ്ടാമത്തെ കഥ ഒരു ഒന്നൊന്നര കഥ തന്നെ ആയിരുന്നു.

“ഞാന്‍ ഇപ്പോള്‍ ജോഷിയെ വിളിച്ചത് എന്‍റെ പ്രണയാന്വേഷണ പരീക്ഷണങ്ങളെ കുറിച്ച് ചോദിക്കാനാണ്.”

“ജെയിംസച്ചായാ, ഇത് വരെ ഞാന്‍ അത് എഴുതിയില്ല. പക്ഷെ അന്ന് അച്ചായന്‍ എന്നോട് ആ കഥ പറഞ്ഞതിന് പിറ്റേന്ന് തന്നെ ഞാന്‍ ബ്ലോഗ്ഗറില്‍ ആ പേരില്‍ ഒരു ബ്ലോഗ്‌ രജിസ്റ്റര്‍ ചെയ്തിട്ടിരുന്നു. എന്നെങ്കിലും ആ കഥ എഴുതി തുടങ്ങണം എന്നാ ആഗ്രഹത്തോടെ… പക്ഷെ ഇത് വരെ അതിനു സമയം കിട്ടിയില്ല. കൂടാതെ ആ കഥയ്ക്ക് ഒരു മുഖവുര വേണമായിരുന്നു. അത് ഇപ്പോള്‍ അല്ലെ കിട്ടിയത്. ചേട്ടന്റെ ആഗ്രഹം മാനിച്ചു ഞാന്‍ ആ കഥ എഴുതാം.”

സ്പീക്കറില്‍ ഞങ്ങളുടെ ഫ്ലൈറ്റ് അനൌണ്സ്മെന്റ്. കൂടെ യാത്ര ചെയ്യുന്ന സതിഷ്‌ വന്നു വിളിച്ചു – “ആ ജാവോ യാര്‍, ഫ്ലൈറ്റ് തോ അനൌണ്‍സ് ഹോ ഗയി.”

“ജെയിംസ്‌ച്ചായാ, ഫ്ലൈറ്റിനു സമയമായി. ഞാന്‍ കേറട്ടെ. നാട്ടില്‍ മടങ്ങി വന്നിട്ട് ഞാന്‍ വിളിക്കാം. എന്‍റെ ഇമെയില്‍ ഐഡിയും, ഫേസ്ബുക്ക്‌ ലിങ്കും ഞാന്‍ മെസ്സേജ് ചെയ്തു തരാം. മടങ്ങി വന്നാല്‍ ഉടന്‍ തന്നെ ഞാന്‍ ഈ കഥ എഴുതാന്‍ തുടങ്ങിയിരിക്കും. ഉറപ്പ്.”

“ശരി മോനെ, വന്നിട്ട് കാണാം. ബോണ്‍ വോയേജ്.!” മറുതലക്കല്‍ ഫോണ്‍ കട്ട്‌ ആയി.

“സവാത്‌-ഡീ-ക്രാപ്പ്. വെല്‍ക്കം ടൂ തായ്‌ എയര്‍വെസ്‌.” കൂപ്പുകൈകളോടെ തായ്‌ എയര്‍ഹോസ്റെസ്സുമാര്‍ ഞങ്ങള്‍ക്ക് സ്വാഗതമരുളി. സീറ്റില്‍ ചെന്നിരുന്ന ഞാന്‍ എന്‍റെ ഇമെയില്‍ ഐഡിയും, ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്കും ജെയിംസിനു മെസ്സേജ് ചെയ്തു. എന്നിട്ട് വീട്ടിലേക്കു ഒരു മെസ്സേജ് അയച്ചു. ‘ജസ്റ്റ്‌ ബോര്‍ഡഡ് ഫ്ലൈറ്റ്.’ ഫോണ്‍ ഓഫ്‌ ചെയ്തു ഞാന്‍ സീറ്റിലേക്ക് അമര്‍ന്നു.

മനസ്സ് ഏഴു വര്ഷം പുറകിലേക്ക് പോയി. 2007 ജനുവരി മാസം. സ്ഥലം മഹാരാജ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശൂര്‍. സംസ്ഥാന ഇന്‍റര്‍പോളി കലോത്സവ വേദി. തൃശൂര്‍ ടൌണ്‍ഹാളിലും, വൈ.എം.സി.എ-യിലും ജവഹര്‍ ബാലഭവനിലുമായി നടക്കുന്ന മത്സരങ്ങള്‍.

അടുത്ത രംഗം തൃശൂര്‍ ബസ്‌ സ്റ്റാന്റ് ആണ്. മത്സരത്തിന് ശേഷം കോട്ടയത്തിനുള്ള ബസ്‌ കാത്തു നില്‍ക്കുന്ന ആറംഗ സംഘം – ഞാന്‍, എബിന്‍, ജയകുമാര്‍, ദീപു, അജിത്‌, ശ്യാം. ബാഗ്‌ കൂടാതെ എന്‍റെ കൈയില്‍ കുറച്ചു സാധനങ്ങള്‍ കൂടി ഉണ്ടായിരുന്നു. ബാഗില്‍ കേറാന്‍ കൂട്ടാക്കാത്ത ഒരു വലിയ ട്രോഫി, ഒരു സര്‍ട്ടിഫിക്കറ്റ്, പിന്നെ അന്നത്തെ മനോരമ പത്രം :- പത്രത്തിന്റെ 9-ആം പേജില്‍ മറ്റു കുട്ടികളുടെ കൂടെ ചിരിക്കുന്ന എന്‍റെ മുഖവും, താഴെ അടികുറിപ്പും – ജോഷി കുര്യന്‍ (കടുത്തുരുത്തി, കോട്ടയം) കഥാരചന ഫസ്റ്റ് എ ഗ്രേഡ്.

സമയം രാത്രി 10 കഴിഞ്ഞിരുന്നു. ഒരു ഫാസ്റ്റ്‌ പാസ്സഞ്ചര്‍ ആടിയുലഞ്ഞു വന്നു നിന്നു. ഞങ്ങള്‍ ഒരു വിധത്തില്‍ ബസ്സിനുള്ളില്‍ കയറി പറ്റി. പിന്നില്‍ കാലിയായി കിടന്ന ഒരു സീറ്റില്‍ ഇരിപ്പുറപ്പിച്ചു. സീറ്റിന്റെ മറുപാതി കൈയടക്കിയ ചെറുപ്പക്കാരന്‍ ഉറക്കം മുറിഞ്ഞ ഈര്‍ഷ്യയോടെ എന്നെ തുറിച്ചു നോക്കി.

“എന്താ ഗഡി, നിങ്ങള്‍ മനുഷോന്മാരെ കണ്ടിട്ടില്ലാത്ത പോലെ നോക്കണത്?” മൂന്നു ദോസത്തെ തൃശ്ശൂര്‍ വാസം എന്‍റെ ഭാഷയില്‍ ചില്ലറ ചേഞ്ച്‌ വരുത്തിയിരുന്നു. “എന്താ മച്ചാ, കലിപ്പാണോ? ഞങ്ങള്‍ ഇടപെടണോ?” പിന്നില്‍ നിന്നു അജിത്‌ ആണ്. “മുട്ടുചിറ പിള്ളാരോട് മുട്ടിയവരാരും കുടുംബം കണ്ടു മരിച്ചിട്ടില്ല.” ഒറ്റ ബുദ്ധിയായ ശ്യാം മുന്നില്‍ നിന്നും തല പൊക്കി. “ഒന്നുമില്ല അളിയാ,  വെറുതെ സീന്‍ പിടിക്കണ്ട.” ഞാന്‍ ഇരുവരെയും സമാശ്വസിപ്പിച്ചു.

“എവിടുന്നാ?” ഞാന്‍ സഹയാത്രികനോട് ചോദിച്ചു. “ഒറ്റപ്പാലം. ഷൂട്ടിംഗ് ലൊക്കേഷന്‍ വരെ പോയതാ. നിങ്ങള്‍ എന്ത് ചെയ്യുന്നു?” പുള്ളിക്കാരന്റെ മറുപടി. “ഞങ്ങള്‍ സംസ്ഥാന ഇന്‍റര്‍പോളി കലോത്സവത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്ത്‌ നിന്നു വന്നതാ.” ദീപു പറഞ്ഞു. “ഏതാ ബ്രാഞ്ച്?” പുള്ളിക്കാരന്റെ ചോദ്യം വീണ്ടും. “സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ്.” ജയകുമാര്‍ മുന്‍സീറ്റില്‍ നിന്നും തിരിഞ്ഞിരുന്നു. “ചേട്ടന്‍ എന്തെടുക്കുന്നു?”

“ഞാന്‍ ബംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ്, ഇന്‍ഫോസിസില്‍. ഇപ്പോള്‍ സിനിമ ഭ്രാന്ത്‌ തലയ്ക്കു പിടിച്ചു സംവിധായകന്മാരെ കണ്ടു കഥ പറഞ്ഞു നടക്കുന്നു. പേര് ജെയിംസ്‌ ആന്റണി.” “കഷ്ടം തന്നെ. പറ്റിയ കൂട്ടാണ് ചേട്ടന് കിട്ടിയത്, സംസ്ഥാന കലോത്സവത്തില്‍ കഥാരചനയ്ക്ക് ഒന്നാം സമ്മാനം അടിച്ചെടുത്ത മുതല്‍ ആണ് കൂടെ ഇരിക്കുന്നത്.” ദീപുവിന്റെ വക കമന്റ്‌. “അപ്പോള്‍ നിങ്ങള്‍ രണ്ടും കഥ പറഞ്ഞു ഇരിക്ക്. ഞങ്ങള്‍ ഒന്ന് മയങ്ങട്ടെ, രാവിലെ തുടങ്ങിയ ഓട്ടമാണ്.” അവര്‍ സീറ്റിലേക്ക് മറിഞ്ഞു.

“ഓ, ഗ്രേറ്റ്‌. അപ്പോള്‍ എഴുത്തുകാരന്‍ ആണല്ലേ. എന്തായിരുന്നു വിഷയം?” ജെയിംസിന്‍റെ ചോദ്യം. “ജീവിതം മറന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍.” ഞാന്‍ മറുപടി പറഞ്ഞു. “നമ്മള്‍ ഇന്നലെ കണ്ടു മുട്ടിയിരുന്നെങ്കില്‍ ജോഷിക്കു എന്‍റെ ജീവിത കഥ തന്നെ എഴുതാമായിരുന്നു. എന്താ എഴുതിയ കഥ?” ഞാന്‍ എഴുതിയ കഥ പറഞ്ഞു.

“കൊള്ളാം. ഇനി ഞാന്‍ എന്‍റെ കഥ പറയാം. ഈ കഥ ഇന്ന് …. (സംവിധായകനെ) പറഞ്ഞു കേള്‍പ്പിക്കാന്‍ പോയതായിരുന്നു. ബട്ട്‌ പുള്ളിക്ക് ഇഷ്ടമായില്ല. സാരമില്ല, നിങ്ങള്ക്ക് എന്തെങ്കിലും മത്സരത്തിന് എഴുതാന്‍ ഉപകരിക്കും.” ജെയിംസ്‌ പറഞ്ഞു.

“എനിക്ക് ഏറ്റുമാനൂര്‍ ഇറങ്ങെണ്ടാതാണ്. അതിനു മുന്‍പ് ഈ കഥ തീരുമോ?” ഞാന്‍ ചോദിച്ചു. “പേടിക്കേണ്ട, ഞാന്‍ മൂവാറ്റുപുഴ ഇറങ്ങും. അതിനു മുന്‍പ് ഞാന്‍ കഥ പറഞ്ഞു തീര്‍ക്കാം. ഈ കഥയ്ക്ക് ആമുഖം ഒന്നും ഞാന്‍ പറയില്ല. എന്‍റെ ജീവിതത്തില്‍ പല ഘട്ടങ്ങളിലായി വന്ന നാല് പെണ്‍കുട്ടികളെ കുറിച്ചുള്ളതാണ് ആദ്യത്തെ കഥ. അവര്‍ ആരും തന്നെ എന്നോടൊപ്പമില്ല. ആദ്യത്തെ കഥ ഞാന്‍ 3 സംവിധായകന്മാരോട് പറഞ്ഞു, അവര്‍ എല്ലാവരും തന്നെ ആ കഥ തിരസ്കരിച്ചു. അത് കൊണ്ട് കഥ കേള്‍ക്കും മുന്‍പ് ജോഷി എനിക്ക് ഒരു വാക്ക് തരണം – ആ കഥ ജോഷി എഴുതണം. എങ്കില്‍ മാത്രമേ ഞാന്‍ ഈ കഥ പറയൂ. എന്നോട് ഒപ്പമുള്ളവളുടെ കഥയാണ് രണ്ടാമത്തേത്. ആ കഥ ഞാന്‍ തന്നെ എഴുതും, ഒരു നിര്‍മാതാവിനെ കിട്ടിയാല്‍ ഞാന്‍ തന്നെ ആ കഥ സിനിമ ആക്കും, ഇനി ആരോടും ഞാന്‍ കഥ പറയാന്‍ പോകില്ല.”

ഞാന്‍ വാക്ക് കൊടുത്തു. ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്ന ഒരു  സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അവധി എടുത്തു കഥ പറഞ്ഞു നടക്കുന്നെങ്കില്‍ ആ കഥയില്‍ എന്തെങ്കിലും കാണും. ജെയിംസ്‌ കഥ പറയാന്‍ ആരംഭിച്ചു. ഞാന്‍ ആ കഥ കേള്‍ക്കാനും…

(തുടരും…)

You May Also Like

ലൈംഗിക തൊഴിലാളിയുടെ ശരീരവും മനസും !

വിശാഖപട്ടണത്തിനടുത്തുള്ള രാജമന്ദ്രിയില്‍ ലൈംഗിക തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച അനുഭവമാണ് ഡോ. ജയശ്രീ പങ്കിടുന്നത്

പഴഞ്ചൊല്ലില്‍

‘അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കുമോ’അണ്ണാന്‍ എന്തിനു മരംകേറ്റം മറക്കണം ?? അതിനു പിന്നെ നീന്തി ജീവിക്കാന്‍ പറ്റുമോ ??

ഒരു ലിവിങ് ടുഗെദർ ജീവിത ദുരന്തം, സംഭവകഥ !

ശിവ 1  ‘ഉത്തരാഖണ്ഡിലെ പ്രളയം’ എന്നൊരു കവിത ഒരിക്കൽ ഞാൻ എഫ്ബിയിൽ പോസ്റ്റ് ചെയ്തപ്പോൾ അതുമായി…

നീര്‍മിഴിപ്പൂക്കള്‍

ഉറക്കം നഷ്ടപ്പെട്ട ക്രിസ്റ്റി സിസ്റ്റം സ്റ്റാര്‍ട്ട് ചെയ്ത് നാളെ സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ട പ്രോഗ്രാമിനായി