Untitled-1

ആമുഖം വായിക്കാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക. എന്റെ പ്രണയാന്വേഷണ പരീക്ഷണങ്ങള്‍

 ആദ്യാനുരാഗം

 “എന്തൊരു മോഞ്ചാടാ.. കല്യാണം കഴിക്കുവാണേല്‍ ഇത് പോലൊരു പെണ്ണിനെ കഴിക്കണം…”

“..കല്യാണോ? ഇഞ്ഞി ഇപ്പ അതിനെ കുറിച്ചൊന്നും ആലോചിക്കല്ലേ.. വലുതാകുമ്പോ അവള്‍ക്കു ഈ മൊഞ്ച് ഒന്നുമില്ലെങ്കിലോ..”

“..ഉമ്മച്ചികുട്ട്യോള്‍ടെ മൊഞ്ച് ഒന്നും പോയ്‌പോവൂല്ല…”

                                                                                                              ~~ തട്ടത്തിന്‍ മറയത്ത്, വിനീത് ശ്രീനിവാസന്‍.

വര്ഷം 1991. സെന്റ് ജോര്‍ജ് ഇംഗ്ലീഷ് മീഡിയം കോണ്‍വെന്റ് സ്‌കൂള്‍, പൈപ്പ് ലൈന്‍ റോഡ്, മാവൂര്‍, കോഴിക്കോട്. എന്റെ ആദ്യാനുരാഗം മൊട്ടിടുന്നത് കോയിക്കോടാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അച്ഛനും, സ്‌കൂള്‍ ടീച്ചറായ അമ്മയും, പത്തു വയസ്സുള്ള ചേച്ചി ജാനിസും, പിന്നെ ഈ എട്ടു വയസ്സുകാരന്‍ ജെയിംസും അടങ്ങുന്ന ചെറിയ കുടുംബം സാമുതിരിയുടെ നാട്ടില്‍ എത്തുന്നത് ’91ലാണ്.

മൂന്നാം ക്ലാസ്സിലെ ആദ്യ ദിനം. എബിനും, നിധീഷിനും, അമലിനും, നീതുവിനും, ഡിസ്‌നിക്കും, ഷബീറിനും, കിട്ടുവിനും, ജോബിക്കും, വൈശാഖിനും, വീണക്കും, ഒപ്പം എന്റെ പുതിയ സ്‌കൂള്‍ ദിനങ്ങള്‍. 3B ക്ലാസ്സിലേക്ക് പുതുതായി ഒരു ദിവസം ഒരാള്‍ കടന്നു വന്നു, തട്ടമിട്ട ഒരു മൊഞ്ചത്തികുട്ടി – ഷെഹന പരീദ്.

‘കുട്ട്യെന്താ ആരോടും മിണ്ടാത്തെ?’ ഒരു ദിവസം അവള്‍ എന്നോട് ചോദിച്ചു. ‘എന്നോടാരും മിണ്ടാന്‍ വരില്ല.’ ഞാന്‍ സത്യം പറഞ്ഞു. ഒരു പക്ഷെ മൂവാറ്റുപുഴക്കാരന്റെ ഭാഷ കോയിക്കോട്ടെ സായവന്മാര്‍ക്ക് പിടികിട്ട്യുണ്ടാവൂല… പക്ഷെ കോട്ടയത്തു നിന്ന് തടി കച്ചവടത്തിന് മാവൂരെത്തിയ പരീദിക്കാന്റെ മോള്‍ക്ക് എന്റെ ഭാഷ മനസ്സിലാക്കാന്‍ അധികം പാട് പെടേണ്ടി വന്നില്ല. അങ്ങനെ ’91ലെ ഏതോ ഒരു തിയതി ഓര്‍മ്മയില്ലാത്ത ഒരു വെള്ളിയാഴ്ച നാളില്‍ ഞാനും ഷെഹനയും കൂട്ടുകാരായി.

അങ്ങനെ ഇരിക്കെയാണ് ഒരു അവധി ദിവസം പരീദിക്ക വീട്ടില്‍ വന്നത്. ‘ആന്റണി സാറേ, ഇന്ന് ഇസ്‌കൂളിന് അവധിയല്ലോ? പിള്ളേരെ ഞങ്ങടെ കൂടെ സിനിമക്ക് വിട്ടൂടെ?’ സ്വതവെ പരുക്കനായ അച്ചാച്ചന്‍ അത് സമ്മതിച്ചു. അങ്ങനെ പരീദിക്കാന്റെം, ഭാര്യ ഖയറുന്നിസ്സാന്റെം, മക്കള്‍ ഷഹനയുടെയും, ഷാഫിയുടെം കൂടെ ഞാനും ജാനിസും കോഴിക്കോട് അപ്‌സരയില്‍ പത്മരാജന്റെ ‘ഞാന്‍ ഗന്ധര്‍വന്‍’ കാണാന്‍ പോയത്.

‘ഞാന്‍ ഗന്ധര്‍വന്‍. ചിത്രശലഭമാകാനും, മേഘമാലകളാകാനും, മാനാകാനും, മനുഷ്യനാകാനും, പറവയാകാനും, നിന്റെ ചുണ്ടിന്റെ മുത്തമാകാനും, നിമിഷാര്‍ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി, ഞാന്‍ ഗന്ധര്‍വന്‍.’

സിനിമ കാണുമ്പോള്‍ ഞാന്‍ ഏതോ സ്വപ്നലോകത്തായിരുന്നു. പടത്തിനു ശേഷം പുറത്തിറങ്ങിയ ഞങ്ങള്‍ക്ക് അതിലും വലിയ കാഴ്ചയായിരുന്നു പുറത്തു കാത്തിരുന്നത്. പടത്തിന്റെ പ്രചാരണത്തിനായി തിയറ്ററുകള്‍ സന്ദര്‍ശിക്കുന്ന സംവിധായകന്‍ പത്മരാജനും, നടന്‍ നിധീഷ് ഭരദ്വാജും. ആളുകള്‍ അടക്കം പറഞ്ഞു: അതാണ് നായകനും, സംവിധായകനും. തിക്കിനും തിരക്കിനുമിടയില്‍ ഞങ്ങളും അവരുടെ അരികിലെത്തി. നിധീഷിന്റെ കൈയില്‍ ഞാന്‍ തൊട്ടു നോക്കിയിട്ട് ചോദിച്ചു : ‘ഒന്ന് കൂടി ആ മാഞ്ഞു പോകുന്ന വിദ്യ ഒന്ന് കാണിക്കാമോ?’ ആളുകള്‍ ചിരിച്ചു. പദ്മരാജന്‍ സര്‍ എന്നെ ചേര്‍ത്ത് പിടിച്ചു കൊണ്ട് പറഞ്ഞു : ‘അത് സിനിമ അല്ലെ മോനെ, ഇത് ജീവിതവും.’ സിനിമയും, ജീവിതവും രണ്ടും രണ്ടാണ് എന്ന് എനിക്ക് തിരിച്ചറിവ് നല്‍കിയത് പദ്മരാജന്‍ സാര്‍ ആണ്.

പക്ഷെ ആ സിനിമയ്ക്ക് ശേഷം ഞങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടായി. ‘ഗന്ധര്‍വന്‍’ കളി ആയിരുന്നു അതിലൊന്നു. ഞാന്‍ ഗന്ധര്‍വന്‍. ഇന്നത്തെ സൂപ്പര്‍ ഹീറോ സ്‌പൈഡര്‍മാനെയും, സൂപ്പര്‍മാനെയും ഒക്കെ പോലെയുള്ള ഒരു സൂപ്പര്‍ ഹീറോ. അപകടത്തില്‍ പെടുന്ന നായികയെ രക്ഷിക്കാന്‍ പാഞ്ഞെത്തുന്ന സൂപ്പര്‍ ഹീറോ.

അങ്ങനെ രണ്ടു വര്‍ഷങ്ങള്‍ കടന്നു പോയി. 1993 വന്നെത്തി. അക്കൊല്ലം ഒടുവില്‍ അച്ചാച്ചന് തിരുവനന്തപുരത്തെക്ക് ട്രാന്‍സ്ഫര്‍ ആയി. അങ്ങനെ ഞങ്ങള്‍ ബാഗ് പാക്ക് ചെയ്തു തിരുവനന്തപുരം പോകാന്‍ തയ്യാറായി നില്‍ക്കുന്നു.

അങ്ങിനിരിക്കെ സ്‌കൂള്‍ ആനിവേര്‌സരി വന്നു. ഞങ്ങള്‍ 5ആം ക്ലാസ്സ് വിദ്യാര്‍ഥികള്‍ അതില്‍ ഒരു നാടകം അവതരിപ്പിച്ചു. സ്‌നോവൈറ്റും ഏഴു കുള്ളന്മാരും. എനിക്ക് പ്രത്യേകിച്ച് റോള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഷെഹന ആയിരുന്നു സ്‌നോവൈറ്റ്. ജോബി രാജകുമാരന്റെ റോളിലും. മരിച്ചു കിടക്കുന്ന സ്‌നോവൈറ്റിനെ രാജകുമാരന്‍ ജോബി കൈയ്ക്ക് പിടിച്ചു എഴുന്നെല്‍പ്പിക്കുന്ന സീന്‍ കണ്ടപ്പോളേ എന്റെ നിയന്ത്രണം വിട്ടു.

നാടകം കഴിഞ്ഞു കര്‍ട്ടന് പിന്നില്‍ എത്തിയ ജോബിയെ കുനിച്ചു നിര്‍ത്തി ഞാന്‍ ഇടിക്കുന്നത് കണ്ടു ഓടി വന്നു രക്ഷപ്പെടുത്തിയത് ഫൈസലും ജിജുവും കൂടിയാണ്. ‘എന്തിനെട നീ ഓനിട്ടു ചാര്‍ത്യേ?’ ഫൈസലിന് ഒന്നും പിടികിട്ടിയില്ല. ‘അവന്‍ നാടകത്തില്‍ രാജകുമാരന്‍ ഒക്കെ ആയിരിക്കും, എന്ന് വെച്ച് ഷഹനാനെ കൈക്ക് കേറി പിടിക്കണോ?’ എന്റെ കലിപ്പ് അപ്പോളും മാറിയിരുന്നില്ല. ഞാന്‍ ഷെഹനാനെ അത്രയ്ക്ക് ഇഷ്ടപ്പെട്ടു തുടങ്ങിയെന്ന് തിരിച്ചറിഞ്ഞത് അപ്പോളായിരുന്നു.

‘എന്താ ജെയിംസ്‌കുട്ടി?’ ഷെഹനയാണ്.

രാജകുമാരിയുടെ വേഷത്തില്‍ അവളെ മുന്നില്‍ കണ്ട ഞാന്‍ ഒരു നിമിഷം പകച്ചു നിന്ന് പോയി.

‘ഏയ്, ഒന്നൂല്ല..’ ഞാന്‍ പറഞ്ഞു.

‘നിങ്ങള്‍ നാളെ കഴിഞ്ഞു പോകുവാണല്ലേ?’ വീണ്ടും അവള്‍.

‘ഉം.’

‘ഇനി എന്നാ കാണുന്നേ? ജെയിംസ്‌കുട്ടി എന്നെ ഓര്‍ക്കുമോ?’

മൌനം.

അതായിരുന്നു ഞങ്ങളുടെ അവസാന കൂടിക്കാഴ്ച.

മറക്കാന്‍ മടിയാണെങ്കില്‍ മാപ്പ്, ജന്മാന്തരങ്ങളില്‍ സ്വപ്നാടകരെ പോലെ എന്ത് പറഞ്ഞാണ് കൂട്ട് കൂടിയെന്ന് ഓര്‍മ്മയില്ല… എങ്കിലും ഞാന്‍ പറയാതെ നീയെന്നെ അറിഞ്ഞിരുന്നു. ഏറെ സംസാരിച്ചിരുന്നുവെങ്കിലും ഒരാത്മനിര്‍വൃതി. ദിവ്യ സങ്കല്പങ്ങളിലൂടെ നിന്നിലെന്നും ഞാനുണരുന്നു. നിര്‍വചിക്കാന്‍ അറിയില്ലല്ലോ, ഈ സൌഹൃദത്തെ…!!

(തുടരും)

അടുത്ത അദ്ധ്യായം : പത്തില്‍ പതിഞ്ഞ പ്രണയം

 

 

You May Also Like

തൊഴില്‍ തേടി – മോഹന്‍ പൂവത്തിങ്കല്‍..

അതാ ഒരു ദുശ്ശകുനം നേരെ വരുന്നു. അച്ഛന്റെ സ്വപനം തകര്‍ന്നു. എന്നാലും മകന്‍ മാനേജരായി കമ്പനിയില്‍ കയറണം. 3 മാസത്തെ ട്രൈനിംഗ് കഴിഞ്ഞാല്‍ മകന്‍ ഉദ്യോഗസ്ഥനായി. അച്ഛന്‍ ആശ്വാസം കൊണ്ടു.

ജീവിതത്തോട് ഒരു യുദ്ധം – ബൈജു ജോര്‍ജ്ജ്

ഞാന്‍ പോയ കാര്യമെല്ലാം കഴിഞ്ഞു .., ഏകദേശം രണ്ടു മണിക്കൂറുകള്‍ക്കു ശേഷം .., ഞാന്‍ തിരിച്ച് ടി . നഗറിന്റെ മറ്റൊരു ഭാഗത്തു കൂടി എന്റെ താമസസ്ഥലത്തേക്ക് വരുകയായിരുന്നു …! പെട്ടന്നാണ് മുന്നില്‍ ഒരാള്‍ക്കൂട്ടം കണ്ടത് ..!,ആരെങ്കിലും ആക്‌സിഡന്റില്‍ പെട്ടതാണോ …? തിരക്കിനിടയിലൂടെ .., ഞാനാ കാഴ്ചയിലേക്ക് എത്തിനോക്കി ..!

A REVENGE, OF A SOLDIER (4 ) – ബൈജു ജോര്‍ജ്ജ്

ദയവായി നിങ്ങള്‍ എല്ലാവരും എന്റെ ആജ്ഞയെ മാനിച്ച് തിരിച്ചു പോയിക്കൊള്ളുക…!, അതിനു മുന്‍പായി നിങ്ങള്‍ ശേഖരിച്ചിട്ടുള്ള ആഹാരവും .., ശുദ്ധ ജലവും എന്റെ പായ് വഞ്ചിയിലേക്ക് മാറ്റുക ….”!

വൈശാഖപൌര്‍ണമി – ഭാഗം ഒന്‍പത് (കഥ)

വിശാഖം കാമാഠിപുരയിലേയ്ക്കു മടങ്ങിപ്പോകുന്നെന്നു കേട്ട് സദാനന്ദ് നടുങ്ങി. അവളുടെ പാസ്‌പോര്‍ട്ടും വിസയും ശരിയായിക്കഴിഞ്ഞ ഉടനെ അവളെ അമേരിക്കയിലേയ്ക്കു കൊണ്ടുപോകണമെന്നായിരുന്നു, സദാനന്ദ് ഉദ്ദേശിച്ചിരുന്നത്. വിസയ്ക്കു വേണ്ടി അപേക്ഷിയ്ക്കുന്നതിനു മുന്‍പ്, അവളെ വിവാഹം കഴിച്ചിരിയ്ക്കണം, അതു കഴിയുന്നത്ര നേരത്തേ തന്നെ നടത്തിയിരിയ്ക്കുകയും വേണം. പിന്നെ ജീവിതം മുഴുവനും വിശാഖവുമൊത്ത് അമേരിക്കയില്‍. അമേരിക്കയില്‍ വച്ച് തങ്ങള്‍ക്ക് കുഞ്ഞുങ്ങളുമുണ്ടാകണം. വിശാഖം പ്രസവിച്ചായാലും പ്രസവിയ്ക്കാതെയായാലും അവളെ ഒരമ്മയാക്കണം.