3തലക്കെട്ട് കണ്ട് നെറ്റി ചുളിഞ്ഞല്ലേ.. പേടിക്കണ്ട. ഗാന്ധിജിയുടെ പരീക്ഷണങ്ങള്‍ വായിച്ച ത്രില്ലില്‍ ഒരു ലേഖനം എഴുതുകയൊന്നുമല്ല. എന്റെ തന്നെ ചില പരീക്ഷണങ്ങള്‍ ഞാന്‍ ഓര്‍ത്തെടുക്കുകയാണ്. എല്ലാം എന്റെ ചോരത്തിളപ്പുള്ള പ്രായത്തില്‍ അഥവാ അഞ്ചിനും പതിനഞ്ചിനും ഇടയ്ക്കുള്ള പ്രായത്തില്‍.

ഞാന്‍ ആദ്യം പരീക്ഷിച്ചത് എന്റെ ടീച്ചറുടെ ക്ഷമയായിരുന്നു. അതും മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍. പെണ്‍കുട്ടികളില്‍ നല്ല വെളുപ്പും സൗന്ദര്യവും ഉണ്ടായിരുന്ന സുഫൈജക്ക് മുന്‍ബെഞ്ചിലിരുന്നിരുന്ന ഹക്കീമിന്റെ പേരില്‍ ഹക്കീമറിയാതെ കത്തെഴുതി നല്‍കിയാണ് ഞാന്‍ എന്റെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് തുടക്കമിടുന്നത്. കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് നന്നായി എഴുതാനും വായിക്കാനും അറിയാമായിരുന്ന എനിക്ക് ആ പണി ചെയ്യേണ്ടി വന്നത്. സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചിരുന്നതിനാല്‍ ബെഞ്ച്‌മേറ്റുകള്‍ക്ക് മലയാളം നല്ല വശമില്ലായിരുന്നു. (ഓ ഇത് തമിള്‍ മീഡിയം ആയിരിക്കും എന്ന് വിചാരിക്കണ്ട, അ എന്നും അമ്മ എന്നും എഴുതാന്‍ ടീച്ചര്‍ ബോര്‍ഡിലേക്ക് തിരിഞ്ഞാല്‍ ‘ആ ടീച്ചറുടെ അമ്മയായിരിക്കും’ എന്ന് പിറുപിറുക്കുന്നവരായിരുന്നു അവര്‍.)

നല്ല ബഷീറിയന്‍ സാഹിത്യത്തില്‍ ഒന്നാന്തരം പ്രണയലേഖനം എഴുതി സുഫൈജയുടെ ബാഗില്‍ തിരുകി വെച്ച് അത് പൊട്ടുന്നതും കാത്ത് ഞങ്ങളിരുന്നു. അത് പൊട്ടി എന്ന് മാത്രമല്ല, കത്തെഴുതിയ എന്റെയും പിടിക്കപ്പെട്ടപ്പോള്‍ ഞാന്‍ ഒറ്റിക്കൊടുത്ത കൂട്ടുകാരുടെയും കൈ വെള്ളകളും പൊട്ടി. കിട്ടിയ കത്ത് സുഫൈജ നേരെ ടീച്ചര്‍ക്ക് കൈമാറിയതാണ് ബോംബ് പെട്ടെന്ന്! പൊട്ടിത്തെറിക്കാന്‍ കാരണമായത്. ഹക്കീമിന് തല്ലു കിട്ടുന്നതും കാത്തിരുന്ന ഞങ്ങള്‍ ആകെ വിഡ്ഢികളായത് ടീച്ചറുടെ ബുദ്ധിയുദിച്ചപ്പോഴാണ്. കാരണം, ആ തെണ്ടിക്ക് എഴുതാനും വായിക്കാനും അറിയില്ലായിരുന്നു (എന്നിട്ടാണ് മുന്‍ ബെഞ്ചില്‍ കേറി ഞെളിഞ്ഞിരിക്കുന്നത്). അവിടെയും തീര്‍ന്നില്ല. എനിക്ക് നന്നായി എഴുതാനും വായിക്കാനും അറിയാമെന്ന് മനസ്സിലാക്കിയ ടീച്ചര്‍ എന്നെ പിടിച്ചു മുന്‍ബെഞ്ചിലിരുത്തുക കൂടി ചെയ്തപ്പോഴാണ് ആ പ്രേമലേഖനം എഴുതിയത് വല്ലാത്തൊരു അബദ്ധമായിപ്പോയി എന്ന് മനസ്സിലായത്.

ആദ്യത്തെ പ്രേമലേഖനം ചീറ്റിപ്പോയ ഞങ്ങള്‍ പിന്നെയും പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ, ഷാഹിദ് ബെഞ്ചില്‍ നിന്നും താഴെ വീണ് തലപൊട്ടി. അതും എന്റെ തലയില്‍ തന്നെ ചാര്‍ത്തി കൂട്ടുകാര്‍ കൈയൊഴിഞ്ഞു. അവരായിരുന്നു കാലൊടിഞ്ഞ ബെഞ്ചിന്റെ ഒടിഞ്ഞ കാല്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ വെച്ച് ഷാഹിദിനെ അതില്‍ ക്ഷണിച്ചിരുത്തിയത്. മാനം നോക്കി ബെഞ്ചിലിരുന്ന ഷാഹിദ് മൂക്കും കുത്തി താഴെ വീണു. ഗോട്ടി(ഗോലി) കളിയ്ക്കാന്‍ വേണ്ടി താഴത്തെ സിമന്റ് കൂട്ടുകാര്‍ പണ്ടേ ഇളക്കിയിരുന്നതിനാല്‍ തറയിലുണ്ടായിരുന്ന കല്ലിലാണ് ഷാഹിദിന്റെ തല വെച്ച് കുത്തിയത്. ഷാഹിദ് അലമുറയിട്ടു തുടങ്ങിയപ്പോള്‍ കൂട്ടുകാര്‍ എല്ലാവരും എന്റെ നേരെ കൈ ചൂണ്ടി കുറ്റപ്പെടുത്താന്‍ തുടങ്ങി. അവരെ ആദ്യം അത് പഠിപ്പിച്ചത് ഞാനായത് കൊണ്ട് ഷാഹിദിനെ വീഴ്ത്താന്‍ അവര്‍ വെച്ച കെണിയുടെ ഉത്തരവാദിത്തം എനിക്കാണത്രെ. ഷാഹിദ് മരിച്ചു പോയാല്‍ നരകത്തില്‍ പോവേണ്ടി വരുമല്ലോ എന്നോര്‍ത്ത് ഞാന്‍ അന്നുച്ചക്ക് ഒരുപാടു കരഞ്ഞു. കണ്ടുകൊണ്ട് വന്ന മാഷ് കാര്യം എന്താണെന്ന് ചോദിച്ചു. ഞാന്‍ കാര്യം വിശദീകരിക്കുകയും എന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തുകയും ചെയ്തപ്പോള്‍ മാഷ് എന്നെ സാരമില്ല എന്നും പറഞ്ഞ് ആശ്വസിപ്പിച്ചു. പക്ഷെ, ആ ദുഃഖം അടുത്ത വര്‍ഷം ഉണ്ടായില്ല. മൂന്നാം ക്ലാസ്സില്‍ ചെയ്ത കലാപരിപാടി നാലാം ക്ലാസില്‍ ആവര്‍ത്തിച്ചപ്പോള്‍ തടിയനായ അര്‍ഷാദ് എന്നെ പിടിച്ചു തല്ലി. അര്‍ഷാദിനെ തിരിച്ചു തല്ലാനായി ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കുഞ്ഞുമോനിക്കാനെ പോയി വിളിച്ചോണ്ട് വന്നെങ്കിലും ഇക്ക അര്‍ഷാദിനെ വാര്‍ണിംഗ് കൊടുത്തു വിടുക മാത്രമാണ് ചെയ്തത്. ഇനി ആവര്‍ത്തിച്ചാല്‍ അടി കിട്ടുമെന്ന് പറഞ്ഞിട്ടാണ് പുള്ളി പോയത്. അര്‍ഷാദിനു രണ്ടു കിട്ടുന്നതും കാത്തിരുന്ന എനിക്ക് ആകെ നിരാശയായി. ഇക്ക അര്‍ഷാദിനെ തല്ലണമെങ്കില്‍ അര്‍ഷാദിനെ ഒന്നു കൂടി വീഴ്ത്തണം. അപ്പോള്‍ അര്‍ഷാദ് എന്നെ തല്ലും, എന്നെ തല്ലിയാല്‍ ഇക്ക അര്‍ഷാദിനെ തല്ലും. ഹാ അത് കൊള്ളാം. പക്ഷെ, പിന്നീട് അര്‍ഷാദ് ഞങ്ങളുടെ ബെഞ്ചില്‍ വന്നിരുന്നതേയില്ല. അങ്ങനെ അര്‍ഷാദിനെ തല്ലു കൊള്ളിക്കാനുള്ള വഴിയും അടഞ്ഞു.

പിന്നത്തെ പരീക്ഷണം ഞങ്ങളുടെ മൊല്ലാക്കയുടെ വീട്ടില്‍ നിന്നിരുന്ന കോഴിയുടെ മേല്‍ കല്ലെറിഞായിരുന്നു. പണ്ട് കൂട്ടുകാര്‍ പറ്റിച്ച ഷാഹിദ് തന്നെയായിരുന്നു ഈ പന്തയത്തിന്റെ സൂത്രധാരന്‍. ബെഞ്ചില്‍ നിന്നും കൂട്ടുകാര്‍ വീഴ്ത്തിയതിന്റെ കാരണവും ഇത് തന്നെയാണ്. ഷാഹിദിന് കുരുട്ടു ബുദ്ധിയാണ്. ആരെയാണ് എങ്ങനെയാണ് പറ്റിക്കുക എന്ന് പറയാന്‍ പറ്റില്ല. കിണറ്റിന്കരയില്‍ നില്‍ക്കുന്ന കോഴിയെ കല്ലെറിഞ്ഞ് കിണറ്റില്‍ ചാടിക്കുക എന്ന ഈ പന്തയവും ഞങ്ങളെ പറ്റിക്കാനുള്ള ഒരടവായിരുന്നു. മൊല്ലാക്കയുടെ കോഴിയെ കല്ലെറിഞ്ഞു കിണറ്റില്‍ ചാടിച്ചാല്‍ ഞങ്ങള്‍ക്ക് മദ്രസയില്‍ ചെന്നാല്‍ നല്ല അടികിട്ടും എന്ന് മനസ്സിലാക്കിയാണ് ഷാഹിദ് ഈ കുതന്ത്രം പ്രയോഗിച്ചത്. എല്ലാവരും നിരന്നു നിന്ന് കോഴിയെ കല്ലെറിയാന്‍ തുടങ്ങി. അങ്ങനെ എന്റെ ഏറില്‍ കോഴി കിണറ്റിലേക്ക് വീണു. ഞങ്ങള്‍ ആഹ്ലാദത്തോടെ ആര്‍പ്പുവിളി തുടങ്ങി.

ഇന്റര്‍വെല്‍ സമയമായിരുന്നതിനാല്‍ വീട്ടില്‍ ചായ കുടിക്കാന്‍ വന്നിരുന്ന മൊല്ലാക്ക ഇത് കണ്ടു കൊണ്ട് വന്നു. മൊല്ലാക്ക ഓടിവന്ന് കിണറ്റില്‍ നോക്കിയപ്പോള്‍ കൊഴിയതാ എന്റെയും ഷാഹിദിന്റെയും പേര് വിളിച്ചു പറയുന്നു. (ഞങ്ങള്‍ക്കങ്ങനെയാണ് തോന്നിയത്)

എങ്ങനെയാടാ കോഴി കിണറ്റില്‍ വീണത്. ഞങ്ങളോടാണ് ചോദ്യം.
അത് നാസര്‍ കല്ലെറിഞ്ഞിട്ടതാ..ഷാഹിദ് ഉടനെ മറുപടി കൊടുത്തു. എന്നിട്ട് കൊ ക്ക ക്കോ ക്കോ എന്നു ചിരിക്കുകയും ചെയ്തു.

‘ഞാനും വിട്ടില്ല. അതേയ് ഷാഹിദ് പറഞ്ഞിട്ടാ…’

‘ഷാഹിദ് പറഞ്ഞാല്‍ നീ കോഴിയെ കല്ലെറിയുമോ?’

‘ഇവനാണ് ആദ്യം എറിഞ്ഞത്. ആരുടെ ഏറിനാണ് കോഴി കിണറ്റില്‍ ചാടുക എന്ന് നോക്കിയതാ…’

എന്റെ കോഴിയെ വെച്ചാണോഡാ..നിന്റെയൊക്കെ പന്തയം.. ഹമുക്കീങ്ങളെ..മൊല്ലാക്ക നിന്ന് കിതച്ചു.
ആരൊക്കെയോ വന്ന് കോഴിക്ക് കയറി വരാന്‍ പാകത്തില്‍ ഒരു കുട്ടയും അതില്‍ കുറെ അരിയും ചോറും പലഹാരങ്ങളും ഇട്ടു കൊടുത്തു. കോഴി കുട്ടയില്‍ കയറും, കുറെ കൊത്തിത്തിന്നും, കുട്ട അനങ്ങുന്നത് കണ്ടാല്‍ കിണറ്റിലേക്ക് തന്നെ ഇറങ്ങും. ഇങ്ങനെ കുട്ടയിലെ തീറ്റ തീര്‍ന്നു പോയപ്പോള്‍ കോഴി പിന്നെ കുട്ടയില്‍ കയറാതെയായി. ക്ഷമകെട്ട് മൊല്ലാക്കയുടെ മക്കള്‍ കോഴിക്ക് ഒരേറ് വെച്ച് കൊടുത്തെങ്കിലും ഫലമുണ്ടായില്ല. ഇന്റര്‍വെല്‍ തീര്‍ന്നപ്പോള്‍ ഞങ്ങള്‍ ക്ലാസ്സിലേക്ക് വെച്ച് പിടിപ്പിച്ചു. ക്ലാസിലെത്തിയാല്‍ മൊല്ലാക്ക നിന്നെ തല്ലിക്കൊല്ലും എന്ന് പറഞ്ഞ് എല്ലാവരും എന്നെ പേടിപ്പിച്ചു കൊണ്ടിരുന്നു. ഞാന്‍ നെഞ്ചിടിപ്പോടെ മൊല്ലാക്ക വരുന്നതും കാത്തിരുന്നു. കോഴിയെ കിട്ടിയത് കൊണ്ടോ, ഞാന്‍ പഠിക്കാന്‍ മിടുക്കനായിരുന്നത് കൊണ്ടോ എന്തോ സ്വതവേ ചൂടനായിരുന്ന മൊല്ലാക്ക എന്നെ ഒന്നും ചെയ്തില്ല.

(തുടരും)

You May Also Like

ഒരു ‘വെളുക്കാന്‍’ കാലത്ത്..

ക്‌ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ.. അതേ.. അങ്ങനെയാണ് ഈ സ്‌റ്റോറി തുടങ്ങുന്നത്. കുടുംബത്തിലെ ബാക്കി എല്ലാവരും എക്‌സെപ്റ്റ് മൈ ഫാദര്‍ വെളുത്തു ഇരിക്കുമ്പോള്‍, നോം മാത്രം കറുത്ത് ഇരിക്കുന്നത് പീരിയോഡിക് ടേബിള്‍ ഓഫ് എലെമെന്റ്‌സില്‍ (periodic table of elements) ചേനയുടെ ഇംഗ്ലീഷ് നെയിം ചേര്‍ക്കുന്നത് പോലെ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിടുണ്ട്. ആയതു കൊണ്ട് പ്രായ പൂര്‍ത്തി ആകുന്നതിനു 34 വര്‍ഷം മുമ്പ് തന്നെ ഞാന്‍ വെളുക്കാനുള്ള എന്റെ യജ് ഞം തുടങ്ങി കഴിഞ്ഞിരുന്നു.

ചതിയന്‍ ചന്തു, ചതിക്കാത്ത ചന്തു!

ഒരാളെ പ്രേമിച്ചു തുടങ്ങുമ്പോള്‍ ഇതുവരെ ചെയ്യാത്ത പലതും ചെയ്യേണ്ടി വരും എന്ന് ഇതിനു മുമ്പ് പറഞ്ഞ മഹാന്‍ ആരായാലും പുള്ളിയെ ഒന്ന് നമിക്കണം. കാരണം പുള്ളി പറഞ്ഞതിന് ശേഷം മറ്റു പലരേം പോലെ ഞാനും അങ്ങനെയൊക്കെ ആയി തുടങ്ങുകയായിരുന്നു. കോളേജില്‍ ഒരു ഉദയെ സൂര്യനെ പോലെ വെളിച്ചം വിതറി നടന്ന ഞാന്‍ ഒരു കാര്‍മേഘമായി രൂപം കൊള്ളുകയായിരുന്നു. (ക്ഷമിക്കുക, പ്രണയിച്ചു തുടങ്ങുമ്പോള്‍ സാഹിത്യ ഉപയോഗവും വല്ലാതെ കൂടുമെന്ന് വേറേതോ മഹാന്‍ പറഞ്ഞിട്ടുണ്ട്!)

മാത്തപ്പന്റെ ബഡ്ജറ്റ്

കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ കേരളത്തില്‍ ബാറൈക്യ മുന്നണി മൂന്നില്‍ നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നു! അങ്ങനെ രണ്ടു ദിവസം മാത്രം (വര്‍ക്കിങ്ങ് ഡയ്‌സിലും ഹോളിഡെയ്‌സിലും)കുടിക്കാറുള്ള മാത്തപ്പന്‍ ധനകാര്യ മന്ത്രിയായി ! അദ്ദേഹം മദ്യത്തിനു വേണ്ടി നടത്താന്‍ പോകുന്ന ബൃഹതു പദ്ധതികളെ കുറിച്ചു ഇപ്പോള്‍ ബഡ്ജറ്റ് അവതരിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ വാക്കുകളിലേക്കു!

ബിരിയാണിയുടെ ‘ഫ’

ചെന്നൈയിലെ ഒരു മഴക്കാലം (പട്ടിണി കാലം എന്നും പറയാം) സഹമുറിയന്മാര്‍ക്ക് എല്ലാം ഓഫ് ആണ്. കൊല്ലംകാരന്‍ അജിത്ത് (പിള്ളേച്ചന്‍), കാസര്‌ഗോ്ഡ് നിന്ന് അരുണ്‍ (പറക്കാടന്‍), മലപ്പുറം കുഞ്ഞാപ്പു (സമീര്‍), കണ്ണൂര്ന്ന് ഞാനും സന്തോഷും, പിന്നെ തനി ‘തിരോന്തരംകാരന്‍’ഹരികൃഷ്ണന്‍. എല്ലാവരും ഹാപ്പിയാണ്, ഇന്നെങ്കിലും പാക്‌സും, വെബ്ഓട്ടയും നോര്‌ട്ടെ ലും ഇല്ലാതെ സമാധാനമായി ഇരിക്കാലോ! പിന്നെ രജനിചേട്ടന്റെ (ചേച്ചി അല്ല ചേട്ടന്‍ രജനി ജേകബ്) ‘കോള്‍ ക്ലോസ് ചെയ്യെടാ’ എന്ന വിളിയും കേള്‍ക്കേണ്ട.