Featured
എന്റെ ആദ്യത്തെ ഉംറ
April-11-2012 ബുധനാഴ്ച്ച 1:35നു ഓഫീസില്‍ നിന്ന് ഞാനും എന്റെ സുഹൃത്ത് സനൂപും കൂടി ഉംറക്കായി പുറപ്പെട്ടു. പരമകാരുണികനായ സൃഷ്ടാവിന്റെ അനുഗ്രഹത്താലും, ഞങ്ങളുടെ കമ്പനി MD Mr. Abdul Samad Thachangodan ന്റെ വിശാല മനസ്സും കാരണം ഞങ്ങള്‍ക്ക് ഉംറ നിര്‍വഹിക്കുവാനുള്ള ഒരു അവസരം ലഭിച്ചു. ഇവിടെ റിയാദില്‍ ബത്ത എന്ന സ്ഥലത്ത് നിന്നാണ് ബസ് പുറപ്പെടുന്നത്. ഞങ്ങളെ ഓഫീസിലെ അക്കൌന്ടന്റും ഞങ്ങളുടെ സുഹൃത്തുമായ ഈജിപ്ത്കാരന് മുഹമ്മദ് മുറൂജ് വരെ കൊണ്ടുവിട്ടു. അവിടുന്ന് ഞങ്ങള്‍ ബസ്സില്‍ ബത്തയിലേക്ക് പുറപ്പെട്ടു. ഇടയ്ക്കുവെച്ച് ഉംറ ഗ്രൂപ്പിന്റെ ഓഫീസിലേക് ഫോണ്‍ ചെയ്തപോള്‍ ബസ് ബത്തയില്നിന്നും യാത്ര തിരിച്ചെന്നും ഇനി അവിടെ അടുത്തുള്ള അസ്സീസ്സിയ എന്ന സ്ഥലത്തുള്ള SAPTCO BUS Standല്‍ എത്തുവാനും പറഞ്ഞു. അതുപ്രകാരം ഞങ്ങള്‍ ബത്തയില്‍ ഇറങ്ങി ഒരു ടാക്സിയില്‍ bus standല്‍ എത്തി. ബസ് അവിടെ എത്തിയിട്ടുണ്ടായിരുന്നില്ല. ആ സമയംകൊണ്ട് ഞങ്ങള്‍ ചെറുതായി സ്നാക്ക്സ് കഴിച്ചിട്ട് അസര്‍ നമസ്കരിച്ചു. അല്പസമയത്തിനകം ബസ് വന്നു.
108 total views
April-11-2012 ബുധനാഴ്ച്ച 1:35നു ഓഫീസില്‍ നിന്ന് ഞാനും എന്റെ സുഹൃത്ത് സനൂപും കൂടി ഉംറക്കായി പുറപ്പെട്ടു. പരമകാരുണികനായ സൃഷ്ടാവിന്റെ അനുഗ്രഹത്താലും, ഞങ്ങളുടെ കമ്പനി MD Mr. Abdul Samad Thachangodan ന്റെ വിശാല മനസ്സും കാരണം ഞങ്ങള്‍ക്ക് ഉംറ നിര്‍വഹിക്കുവാനുള്ള ഒരു അവസരം ലഭിച്ചു. ഇവിടെ റിയാദില്‍ ബത്ത എന്ന സ്ഥലത്ത് നിന്നാണ് ബസ് പുറപ്പെടുന്നത്. ഞങ്ങളെ ഓഫീസിലെ അക്കൌന്ടന്റും ഞങ്ങളുടെ സുഹൃത്തുമായ ഈജിപ്ത്കാരന് മുഹമ്മദ് മുറൂജ് വരെ കൊണ്ടുവിട്ടു. അവിടുന്ന് ഞങ്ങള്‍ ബസ്സില്‍ ബത്തയിലേക്ക് പുറപ്പെട്ടു. ഇടയ്ക്കുവെച്ച് ഉംറ ഗ്രൂപ്പിന്റെ ഓഫീസിലേക് ഫോണ്‍ ചെയ്തപോള്‍ ബസ് ബത്തയില്നിന്നും യാത്ര തിരിച്ചെന്നും ഇനി അവിടെ അടുത്തുള്ള അസ്സീസ്സിയ എന്ന സ്ഥലത്തുള്ള SAPTCO BUS Standല്‍ എത്തുവാനും പറഞ്ഞു. അതുപ്രകാരം ഞങ്ങള്‍ ബത്തയില്‍ ഇറങ്ങി ഒരു ടാക്സിയില്‍ bus standല്‍ എത്തി. ബസ് അവിടെ എത്തിയിട്ടുണ്ടായിരുന്നില്ല. ആ സമയംകൊണ്ട് ഞങ്ങള്‍ ചെറുതായി സ്നാക്ക്സ് കഴിച്ചിട്ട് അസര്‍ നമസ്കരിച്ചു. അല്പസമയത്തിനകം ബസ് വന്നു.
ഞങ്ങള്‍ 5 മണിയോടെ മുത്ത്നബി(സ) യുടെ നാടായ മദീനയെന്ന പുണ്ണ്യനഗരിയിലേക് യാത്ര തിരിച്ചു. ബസ്സിന്റെ ഡ്രൈവര്‍ ഒരു സിറിയക്കാരനായിരുന്നു. അല്‍-മുനവ്വര്‍ ഗ്രൂപ്പിന്റെ കൂടെയാണ് ഞങ്ങള്‍ യാത്ര തുടങ്ങുന്നത്. കുറച്ചു ദൂരം യാത്ര ചെയ്തപോള്‍ മഗരിബ് നമസ്കാരത്തിനായി ബസ് നിര്‍ത്തി. അവിടെ നമസ്കാരശേഷം ഒരു ബക്കാലയില്‍ നിന്ന് സ്നാക്ക്സും വെള്ളവും വാങ്ങിച്ചു ബസില്‍ കയറി.
പിന്നീട് ഉസ്താദിന്റെ ക്ലാസ്സുകള്‍ ആരംഭിച്ചു. തുടക്കത്തില്‍ത്തന്നെ യാത്ര നല്ല രസകരമായി തോന്നി. പുറത്തു നല്ല പൊടിക്കാറ്റും മഴയും ഉണ്ടായിരുന്നു. രാത്രി ഭക്ഷണത്തിനായി ബസ് ഒരു വിശ്രമകേന്ദ്രത്തില്‍ നിര്‍ത്തി. അവിടെ ഇറങ്ങുമ്പോള്‍ സൗദിയിലെ ശക്തമായ തണുത്ത പോടികാറ്റ് എന്താണെന്ന് ശരിക്കും അറിഞ്ഞു. ചെറിയൊരു ഭക്ഷണശാലയില്‍ എല്ലാവരും ഭക്ഷണത്തിനായി തടിച്ചുകൂടി നില്കുന്നുണ്ടായിരുന്നു. ഞങ്ങളെപോലെ മദീനയിലേക്ക് പുറപെട്ട വേറെയും ബസ്സിലെ ആള്ക്കാര് ഉണ്ടായിരുന്നു. അവിടെ വെച്ച് പരിചയപെട്ട 2 പേരുടെ അടുത്ത് ഭക്ഷണത്തിനുള്ള തുക ഏല്പിച്ചു. ഒരുവിധത്തില്‍ ടോക്കണ്‍ കിട്ടി. പിന്നെ ഞാന്‍ അതുമായി ഭക്ഷണത്തിനുള്ള സ്ഥലത്തുചെന്നു. കുറച്ചുസമയത്തിനു ശേഷം എങ്ങിനെയൊക്കെയോ 2 നുസ് കബ്സ്സ വാങ്ങിച്ചു വന്നു. ഞങ്ങള്‍ ഒരുമിച്ചിരുന്നു കഴിച്ചശേഷം തിരിച്ചു ബസ്സില്‍ കയറി.
ബസ്സ് അവിടുന്നും പുറപെട്ടു, ഉസ്താദ് ക്ലാസ്സുകള്‍ തുടങ്ങി. മദീനയെ കുറിച്ചായിരുന്നു ക്ലാസ്സ്. കണ്ണീരണിയിക്കുന്ന ക്ലാസ്സുകള്‍ ആയിരുന്നു അവയെല്ലാം. ഉസ്താദിന് അന്ന്യഭാഷക്കാരനായ ഡ്രൈവറെ ശല്ല്യപെടുത്തരുതെന്നു പ്രത്യേക ശ്രദ്ധ ഉണ്ടായിരുന്നു. ബസ്സില്‍ ഉണ്ടായിരുന്നവരെലാം പരസ്പരം വളരെ സ്നേഹത്തിലും സഹാനുഭൂതിയിലുമാണ് പെരുമാറിയിരുന്നത്. രാത്രി 11 മണിയായപോള് ക്ലാസുകള്‍ നിര്‍ത്തി ഞങ്ങളെ ഉറങ്ങാന്‍ അദ്ദേഹം അനുവദിച്ചു. ഉസ്താദ് ബസ്സിലുള്ള എല്ലാവരുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. പിന്നീട് രാത്രിയില്‍ എപ്പോഴോ അറിയാതെ ഉറങ്ങിപോയി.
April-12 വ്യാഴാഴ്ച, രാവിലെ 3:45നു ഉസ്താദ് വിളിച്ചു പറഞ്ഞു ഞങ്ങളുടെ ബസ്സ് മദീന പട്ടണത്തില്‍ പ്രവേശിച്ചുവെന്ന്. എന്നിട്ട് “ത്വലഅല്‍ ബദറൂ അലൈന…” എന്ന ഗാനം വച്ചു. ഇതെല്ലാം കേട്ടപ്പോള്‍ മനസ്സില്‍ ഒരു പ്രത്യേകതരം വികാരമായിരുന്നു. മനസ്സും കണ്ണും വിങ്ങി നിറഞ്ഞു. ബസ്സ് മസ്ജിദുന്നബവിയുടെ അടുത്തുള്ള ഒരു സ്ട്രീറ്റില്‍ നിര്‍ത്തി. ഞങ്ങള്‍ എല്ലാവരും സോപ്പും, മിസ്വാക്കും എടുത്തു പള്ളി ലക്ഷ്യം വെച്ച് നീങ്ങി.
അങ്ങിനെ ഞങ്ങള്‍ മസ്ജിദുന്നബവിയിലെത്തി. സമയം പുലര്‍ച്ച 4:00 വിശാലമായ പള്ളി പ്രകാശപൂരിതമായിരുന്നു. മുത്ത്നബി വഫാത്തായ സ്ഥലമെത്തിയപോള് കരഞ്ഞുപോയി. പഴയ ചരിത്രങ്ങള്‍ മനസ്സില്‍ ഓടിയെത്തി. പിന്നെ ഉസ്താദ് നിര്‍ദേശിച്ച സ്ഥലത്തുചെന്നു മിസുവാക്ക് ചെയ്തു, വൃത്തിയായി, വുളു എടുത്ത് പള്ളിയില്‍ കയറി. റൌളയുടെ അടുതെല്ലാം അപോഴേക്കും ആളുകളെകൊണ്ട് നിറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് അങ്ങോട്ട് അടുക്കാന്‍ കഴിഞ്ഞില്ല. പുറത്തുനിന്നു നബി(സ)ക്കും,അബൂബക്കര്‍ സിദ്ധീക്(റ), ഉമര്‍(റ) എന്നിവര്‍ക്ക് സലാം പറഞ്ഞു. മസ്ജിദുന്നബവിയില്‍ ഒരു റക്ക്അതിനു ആയിരം റക്ക്അത്തിന്റെ പ്രതിഫലമാണ്. ഞങ്ങള്‍ സുബഹി വരെ നമസ്കാരവും, ദുആയും നിര്‍വഹിച്ചു. സുബഹി നമസ്കാരാനന്തരം ഒരിക്കല്‍ക്കൂടി റസൂലുള്ളക്കു സലാം പറഞ്ഞു ഞങ്ങള്‍ പള്ളിയില്നിന്നുമിറങ്ങി. അവിടെമാകെ നാനാരാജ്യത്തുനിന്നു വന്ന ആളുകള്‍ ഉണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ നേരെ അവിടെയുള്ള ഖബര്‍സ്ഥാനില്‍ ചെന്നു. അവിടെയാണ് നബി(സ)യുടെ ഭാര്യമാരെയും മക്കളെയും ഖബറടക്കിയിട്ടുള്ളത്. അവിടെ ചെന്നു അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചശേഷം ഞങ്ങള്‍ പുറത്തേക്കു നടന്നു. പോവുന്ന വഴിക്ക് ബുഹാരി(റ) ഹദീസ് ക്രോഡീകരിച്ച സ്ഥലത്തുള്ള പള്ളി കണ്ടു. പിന്നെ അവിടെ ഒരു മലയാളി ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ചശേഷം ഞങ്ങള്‍ നേരെ ഉഹുദ് യുദ്ധം നടന്ന സ്ഥലത്തുപോയി.
ഹംസ(റ) ശഹീദായ മണ്ണ് ഉഹുദ്. അവിടെ ചുറ്റുമതില്‍ ഉണ്ട് അതിനകത്താണ് ഉഹുദില്‍ ശഹീദായ സഹാബികളുടെ ഖബറുകള്‍ ഉള്ളത്. ഉഹുദ് താഴ്വാരം മലകള്‍ കൊണ്ട് ചുറ്റപെട്ടിരിക്കുന്നു. ധാരാളം സഞ്ചാരികള്‍ ഉണ്ടായിരുന്നു അവിടെ. അവിടുന്ന് ഞങ്ങള്‍ മസ്ജിദുല്‍ ഖിബ്ലത്തൈനിയിലേക്കാണ് പോയത്. ആ പള്ളിയില്‍ വെച്ചാണ് ഖിബ്ല മസ്ജിദുല്‍ മുക്കദിസില്നിന്നു മസ്ജിദുല്‍ ഹറമിലേക്ക് മാറുവാനുള്ള വഹ്യ് നബി(സ) ക്ക് കിട്ടിയത്. നമസ്കരിച്ചുകൊണ്ടിരികുമ്പോള്ത്തന്നെ ഖിബ്ല മാറിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ ഉള്ളത്. മസ്ജിദില്‍ 2 റക്അത്ത് നമസ്കരിച്ചു. അവിടുന്ന് നേരെ പോയത് മസ്ജിദുല്‍ ഖുബയിലേക്കായിരുന്നു. നബി(സ) ആദ്യമായി നിര്‍മിച്ച പള്ളി. അവിടെയും 2 റക്അത്ത് നമസ്കരിച്ചു. ഖുബയില്‍ 2 റക്അത്ത് നമസ്കരിച്ചാല്‍ ഒരു ഉംറ ചെയ്യുന്നതിന്റെ പ്രതിഫലം ഉണ്ടെന്ന് നബി(സ) പറഞ്ഞതായി റിപ്പോര്‍ട്ട് ഉണ്ട്. രണ്ടു പള്ളിയുടെ ചുറ്റിലും വഴിവാണിഭക്കാര്‍ ഉണ്ടായിരുന്നു.
പിന്നെ മദീനക്കാര്‍ ഇഹ്റാം കെട്ടുന്ന മീക്കാത്തില്ചെന്നു. കുളിച്ചു, സുഗന്ധംപൂശി ഇഹ്റാം വസ്ത്രം ചുറ്റി. അവിടുത്തെ പള്ളിയില്‍ ഇഹ്രാമിന്റെ സുന്നത്ത് 2 റക്അത്ത് നമസ്കരിച്ചു. അവിടെനിന്നു ഞങ്ങള്‍ മക്ക ലക്ഷ്യംവെച്ച് യാത്ര തുടങ്ങി. ഉച്ചയ്ക്ക് 1 മണിയോടടുത്തപ്പോള്‍ ബസ് ഒരു ഇസ്തിരാഹ (വിശ്രമസ്ഥലം) യില്‍ നിര്‍ത്തി. അവിടെ ഇറങ്ങുമ്പോള്‍ ശക്തമായ കാറ്റ് വീശുന്നുണ്ടായിരുന്നു. അവിടുന്ന് ഭക്ഷണംകഴിച്ച ശേഷം വീണ്ടും യാത്ര തുടര്‍ന്നു. ഇടയ്ക് ഒരുപാട് ചെക്ക്പോസ്റ്റുകള്‍ ഉണ്ടായിരുന്നു.
മഗരിബ് സമയത്ത് ഞങ്ങള്‍ മക്കയിലെത്തി. നേരെ ഹോട്ടലില്‍ ചെന്ന് വുളു എടുത്തു കഅബയിലേക്ക് നടന്നു. പോവുന്ന വഴിയില്‍ വേറെയും തീര്‍ഥാടകര്‍ ഉണ്ടായിരുന്നു. എല്ലാവരും ഒരേ സ്വരത്തില്‍ ശ്രിഷ്ട്ടാവിന്റെ വിളിക്കുത്തരം നല്‍കികൊണ്ട് ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്…’ചൊല്ലിയാണ് നടന്നുനീങ്ങിയത്. ഞങ്ങള്‍ പള്ളിക്കകത്തേക്ക് ഡോര്‍ ചീ: 45ലൂടെയാണ് കയറിയത്. പള്ളിക്കകം വളരെ സുന്ദരമാണ്. എല്ലായിടത്തും ഇബാദത്തും, പ്രാര്തനകളുമായി കണ്ണീരണിഞ്ഞ മുഖങ്ങള്‍ മാത്രം. പടവുകള്‍ ഇറങ്ങിച്ചെന്നു തലയുയര്‍ത്തി നോക്കുമ്പോള്‍ മുന്നില്‍ കാണുന്നു പരിശുദ്ധകഅബ. ഇബ്രാഹിം നബി(അ), മകന് ഇസ്മയില്‍(അ)യുമൊത്ത് സൃഷ്ടാവിനെ ആരാധിക്കുവാനായി നിര്‍മിച്ച ഭവനം. എന്റെ കണ്ണുകള്‍ നിറഞ്ഞു, മനസ്സുതേങ്ങി വിദുമ്പുകയായിരുന്നു. സൃഷ്ടാവ് നല്കിയ അപാരമായ അനുഗ്രഹം പുണ്ണ്യകഅബ നേരിട്ടു കാണുവാനുള്ള അവസരം. ചെയ്തുപോയ തെറ്റുകള്‍ ഓര്‍ത്തു പശ്ചാത്തലത്തപിച്ചു കരഞ്ഞു. ലഭിച്ച അനുഗ്രഹങ്ങള്ക് നന്ദി പറഞ്ഞു. കഅബ കണ്‍നിറയെ നോക്കിനിന്നു. ശ്രിഷ്ട്ടികളെല്ലാം ലക്ഷ്യംവെച്ച് ആരാധന ചെയ്യുന്ന സ്ഥലം.
കഅബ കണ്ടു മതിവരാതെ അങ്ങിനെത്തന്നെ കുറേനേരം നോക്കിനിന്നു. പലരും പ്രര്‍ത്തിക്കുവാന്‍ ഏല്‍പ്പിച്ചിരുന്നു. എന്റെയും പ്രാര്‍ഥനകള്‍ ഉണ്ടായിരുന്നു. പക്ഷെ കഅബ നേരില്‍ കണ്ടപ്പോള്‍ അല്‍പ്പസമയം മനസ്സാകെ ശൂന്യമായതു പോലെ അനുഭവപെട്ടു. കഅബക്കുചുറ്റും ആളുകള്‍ ത്വവാഫ് ചെയ്യുന്നുണ്ടായിരുന്നു. ആ തിരക്കിനിടയിലും എങ്ങിനെയൊക്കെയോ ഹജറുല്‍ അസ്-വദിന്റെ അടുത്തെത്താന്‍ കഴിഞ്ഞു. ഹജറുല്‍ അസ്-വദ് തൊട്ടുമുത്തിയ ശേഷം ഞാന്‍ ത്വവാഫ് ആരംഭിക്കുമ്പോഴേക്കും ഇഷാബാങ്ക് വിളിച്ചു. നമസ്കാര സമയമായപ്പോള്‍ ത്വവാഫ് ചെയ്തുകൊണ്ടിരുന്ന സ്ത്രീകള്‍ പിന്നിലേക്ക് പോവുന്നുണ്ടായിരുന്നു പുരുഷന്മാര്ക്ക് നമ്സ്കരിക്കുവനായിട്ടു. അങ്ങിനെ കഅബ നേരെ മുന്നിലാക്കി എന്റെ ആദ്യത്തെ ഫര്‍ള് നമസ്കാരം അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ആ ഇഷാ നമസ്കാരത്തിലൂടെ നിര്‍വഹിക്കുവാന്‍ എനിക്ക് കഴിഞ്ഞു.
വീണ്ടും ഞാന്‍ ഹജറുല്‍ അസ്-വദില്‍ നിന്ന് ത്വവാഫ് ആരംഭിച്ചു. ഏഴു ചുറ്റിലും എല്ലാ ശ്രിഷ്ട്ടികള്‍ക്ക് വേണ്ടിയും മനമുരുകി പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. ത്വവാഫ് കഴിഞ്ഞ് മക്കാമു ഇബ്രാഹീമിന്റെ പുറകില്‍ ചെന്ന് 2 റക്ക്അത്ത് നമസ്കരിച്ചു. ഒരു ഹജ്ജിന്റെ പ്രതീതി ഉണ്ടായിരുന്നു. അവിടെ അത്രയ്ക്ക് തിരക്കായിരുന്നു. കഅബയുടെ ഭംഗിയ്ക്കു മോടി കൂട്ടുന്നതുപോലെതോന്നി അവിടുത്തെ ക്ലോക്ക്-ടവര്‍ കണ്ടപ്പോള്‍. മക്കയുടെ എത്രയോ അകലെ നിന്ന് തന്നെ ആ ക്ലോക്ക്-ടവര്‍ തെളിഞ്ഞു കാണാമായിരുന്നു. ലക്ഷോപലക്ഷം ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്ന ആ വ്യാഴാഴ്ച രാവില്‍. ഇടയ്ക്കിടയ്ക്കു കഅബയുടെ പരിസരം വൃത്തിയാക്കികൊണ്ടിരിക്കുന്നു, എല്ലായിടത്തും സുഗന്ധം പരിമണം പൂശുന്നു. മനസ്സിന് വളരെ ശാന്തമായ അവസ്ഥ.
പിന്നെ നേരെ സ്വഫാ-മര്‍വയിലേക്ക് പോയി. സ്വഫയില്‍ നിന്ന് പ്രാര്‍ഥനയോടെ സഅയ് ആരംഭിച്ചു. അതുവരെ പറഞ്ഞുകേട്ടതും, അറിഞ്ഞതുമായ സ്ഥലമായിരുന്നില്ല അത്, അത്യാവശ്യം ദൂരമുണ്ടായിരുന്നു സ്വഫാ-മര്‍വയ്ക്കിടയില്‍. ഈ അകലത്തിനിടയിലല്ലേ ഹാജറ ബീവി തന്റെ പൊന്നോമനമകന് ഇസ്മയിലിനുവേണ്ടി ഒരുത്തുള്ളി ദാഹജലത്തിനായി ഓടിയാതെന്നോര്ത്തപോള് ഹൃദയം തേങ്ങികരഞ്ഞു. ആരോഗ്യമില്ലാത്ത ആളുകളെ വീല്‍ -ചെയറില്‍ ഇരുത്തി സഅയ് ചെയ്യിക്കുന്നുണ്ടായിരുന്നു. സഅയ് കഴിഞ്ഞപ്പോള്‍ സംസം കുടിക്കാനായി പോയി. മതിയാവോളം കുടിച്ചു. അവിടെ വയസ്സായ ഒരു ഉമ്മുമ്മക്കും സംസം എടുത്തുകൊടുത്തു. അവര്‍ക്ക് വളരെ സന്തോഷമായി, അവര്‍ എനിക്കറിയാത്ത ഭാഷയില്‍ അല്ലാഹു അനുഗ്രഹിക്കട്ടെയെന്നു പറഞ്ഞു. മര്‍വയുടെ അടുത്ത് സഅയ് കഴിഞ്ഞവര്‍ പരസ്പ്പരം മുടി മുറിച്ചു ഇഹ്രാമില്നിന്നു ഒഴിവാകുന്നുണ്ടായിരുന്നു. പിന്നെ പള്ളിയില്‍നിന്ന് പുറത്തിറങ്ങി. അവിടെ ചെറിയുപ്പയും, കുഞ്ഞുമ്മയും വന്നിരുന്നു. അവര്‍ മക്കയിലാണ് ജോലി ചെയ്യുന്നത്. അതിനുശേഷം മുടി മുറിക്കാനായി പാകിസ്ഥാനികളുടെ കടയില്‍ പോയി. മുടി പൂര്‍ണ്ണമായും കളഞ്ഞു. റൂമില്‍ചെന്ന് ഇഹ്രാമില്നിന്ന് വിരമിച്ചു. അങ്ങിനെ ഞാനെന്റെ ജീവിതത്തിലെ ആദ്യത്തെ ഉംറ നിര്‍വഹിച്ചു.
ഏപ്രില്‍-13 വെള്ളിയാഴ്ച , രാവിലെ 3:30നു എഴുന്നേറ്റ് കുളിച്ചു, വുളു എടുത്തു കഅബയിലേക്ക് പോയി. ആ സമയത്തും കഅബയെ ആളുകള്‍ ത്വവാഫ് ചെയ്യുന്നുണ്ടായിരുന്നു. കഅബയുടെ അടുത്തു ചെന്ന് കരഞ്ഞു പ്രാര്‍ത്തിച്ചു. പിന്നീട് സുബഹി നമസ്കാരാനന്തരം ഞങ്ങള്‍ വേറൊരു ബസ്സില്‍ മക്ക കാണുവാനായി പുറപ്പെട്ടു. ആ യാത്രയില്‍ സൗര്‍, ഹിറ, അറഫ, മിന, മുസ്ദലിഫ, ജംറകള്‍ എല്ലാം കണ്ടു. പിന്നെ തിരിച്ചുവന്ന് കഅബയില്‍ പോയി വിടവാങ്ങല്‍ ത്വവാഫിന്റെ 5 ത്വവാഫ് ചെയ്തു അതിനു ശേഷം ജുമാ നമസ്കാരം ആയിരുന്നു. ആ ചുട്ടുപൊള്ളുന്ന വെയിലിലും ചൂട് അറിയുന്നുണ്ടായിരുന്നില്ല. ജുമുഅക്കു ശേഷം ബാക്കി 2 ത്വവാഫ് കൂടി പൂര്‍ത്തിയാക്കിയ ശേഷം ഞങ്ങള്‍ അവിടെനിന്നു റിയാദിലേക്ക് പുറപെട്ടു. ഇനിയും ഇതുപോലെ ഉംറയും, ഹജ്ജും നിര്‍വഹിക്കുവാനായി കഅബയിലേക് തിരികെ വരാന്‍ സൃഷ്ടാവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ട്…
109 total views, 1 views today